© JoZeph Immanuvel‎.

ഒരാൾക്ക് വാഹനങ്ങൾ ഓടിക്കുവാൻ ലൈസൻസ് ആവശ്യമാണ് എന്നുള്ള കാര്യം എല്ലാവര്ക്കും അറിയാവുന്ന ഒന്നാണല്ലോ. മോട്ടോർ വാഹന നിയമങ്ങളിൽ ഇടയ്ക്കിടെ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ഇപ്പോൾ നിലവിലുള്ള നിയമപ്രകാരം ചില നിയമലംഘനങ്ങൾക്ക് വെറും പിഴ മാത്രമായിരിക്കില്ല; ഡ്രൈവറുടെ ലൈസൻസ് വരെ നഷ്ടമായേക്കാവുന്ന അവസ്ഥയാണ്. അത്തരത്തിൽ നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെടാൻ (താൽക്കാലികമാണെങ്കിലും) കാരണമായേക്കാവുന്ന ചില കാര്യങ്ങൾ (നിയമലംഘനങ്ങൾ) അറിഞ്ഞിരിക്കാം.

1. വാഹനങ്ങളിൽ ഉച്ചത്തിൽ പാട്ട് വെക്കുന്നത് : കാർ, ടൂറിസ്റ്റ് ബസ് പോലുള്ള സ്വകാര്യ വാഹനങ്ങളിൽ എല്ലാവരും മ്യൂസിക് സിസ്റ്റം ഉപയോഗിക്കാറുണ്ടല്ലോ. എന്നാൽ കാതടപ്പിക്കുന്ന ശബ്ദത്തിൽ പാട്ടും വെച്ചുകൊണ്ട് വാഹനമോടിക്കുന്നത് ഗുരുതരമായ കുറ്റമാണ്. മുൻപ് വെറും 100 രൂപ പിഴയിൽ ഒതുക്കിത്തീർത്തിരുന്ന ഈ കേസ് ഇപ്പോൾ ഡ്രൈവിംഗ് ലൈസൻസ് വരെ നഷ്ടപ്പെടുത്തിയേക്കാം. ഇതിനു മുന്നോടിയായി ടൂറിസ്റ്റു ബസ്സുകളിൽ ഫിറ്റ് ചെയ്തിരുന്ന വലിയ സ്പീക്കറുകളെല്ലാം മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി നീക്കം ചെയ്യിച്ചിരുന്നു.

2. സ്‌കൂൾ പരിസരങ്ങളിലെ അമിതവേഗത : നാം സഞ്ചരിക്കുന്ന റോഡുകളിൽ ചിലയിടത്ത് വേഗതാ നിയന്ത്രണം ഉണ്ടായിരിക്കും. അത്തരത്തിൽ ഒരു സ്ഥലമാണ് സ്‌കൂളുകളുടെയും കോളേജുകളുടെയും മുന്നിലൂടെയുള്ള വഴികൾ. വിദ്യാർത്ഥികൾ കൂട്ടത്തോടെ റോഡ് മുറിച്ചു കടക്കുവാൻ സാധ്യതയുള്ളതിനാലാണ് ഇവിടങ്ങളിൽ വേഗതാ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച സൈൻ ബോർഡ് ആ പ്രദേശത്ത് വഴിവക്കിൽ സ്ഥാപിച്ചിട്ടുണ്ടാകും. കൂടാതെ അനാവശ്യമായി ഹോൺ മുഴക്കുവാനും ഇവിടെ പാടില്ലാത്തതാണ്. ഈ കാര്യങ്ങളൊന്നും കണക്കിലെടുക്കാതെ പായുന്നവർക്ക് പിഴയും അതോടൊപ്പം ലൈസൻസ് റദ്ദാക്കലും ശിക്ഷയായി ലഭിച്ചേക്കാം.

3. മൊബൈൽ ഫോൺ ഉപയോഗം : വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുവാൻ പാടില്ലെന്നത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. ചിലരുടെ വിചാരം മൊബൈൽ ഫോൺ ചെവിയിൽ വെക്കുന്നതു മാത്രമാണ് കുറ്റമെന്നാണ്. എന്നാൽ നിയമത്തിൽ പറയുന്നത് മൊബൈൽ ഫോൺ ഉപയോഗം എന്നാണ്. അതായത് ഹെഡ് ഫോൺ ഉപയോഗിച്ചാലും, ബ്‌ളൂടൂത്ത് വഴി സംസാരിച്ചാലും, കയ്യിൽ പിടിച്ചു വാട്സ് ആപ്പ് നോക്കിയാലും ഒക്കെ കുറ്റം തന്നെയാണ്. ഗൂഗിൾ മാപ്പ്, ജി.പി.എസ്. പോലുള്ള നാവിഗേഷൻ ഉപയോഗങ്ങൾക്ക് മാത്രമേ മൊബൈൽഫോൺ ഉപയോഗിക്കാവൂ. ഇത്തരം നിയമലംഘനത്തിനു പിടിക്കപ്പെട്ടാൽ നല്ല പിഴയും കിട്ടും ചിലപ്പോൾ ലൈസൻസ് റദ്ദാക്കുകയും ചെയ്യും.

4. കാൽനടക്കാരെ അവഗണിക്കൽ : ചിലയിടങ്ങളിൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാനായിട്ടുള്ള സീബ്രാ ക്രോസിംഗുകൾ കണ്ടിട്ടില്ലേ? ഇത്തരത്തിൽ ആളുകൾ റോഡ് ക്രോസ് ചെയ്യുന്നത് കണ്ടാൽ വാഹനങ്ങളിലെ ഡ്രൈവർമാർ അവർ മറികടക്കുന്നതു വരെ കടന്നുപോകുവാൻ പാടില്ല എന്നാണ്. ചിലർ ആളുകൾ സീബ്രാ ലൈനിൽക്കൂടി ക്രോസ്സ് ചെയ്യുന്നതിനിടയിലൂടെ വേഗത്തിൽ വാഹനമോടിച്ചു പോകുന്നതായി കണ്ടിട്ടുണ്ട്. ഇത്തരം കുറ്റങ്ങൾ ചെയ്ത് പിടിക്കപ്പെട്ടാൽ പിഴയോടൊപ്പം നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് കുറച്ചു മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുവാനും സാധ്യതയുണ്ട്.

5. ഫുട്പാത്തിലൂടെയുള്ള ഡ്രൈവിംഗ് : തിരക്കേറിയ റോഡുകളിൽ ട്രാഫിക് ബ്ലോക്കുകൾ ഉണ്ടാകുക സ്വാഭാവികമാണ്. ഇങ്ങനെ ബ്ലോക്കിൽപ്പെട്ടു കിടക്കുന്ന സമയത്ത് ചിലർ കാൽനട യാത്രക്കാർക്കായി തയ്യാറാക്കിയിട്ടുള്ള ഫുട്പാത്തിലൂടെ വണ്ടിയോടിച്ച് പരമാവധി മുന്നിലേക്ക് എത്തുവാൻ ശ്രമിക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് കുറ്റം തന്നെയാണ്. ഫുട്പാത്ത് കാൽനട യാത്രക്കാർക്ക് മാത്രമായിട്ടുള്ളതാണ്. അതിലൂടെ വാഹനമോടിക്കുന്നത് ആളുകളുടെ ജീവനു തന്നെ ആപത്താണ്. ഇങ്ങനെ ചെയ്തു പിടിക്കപ്പെട്ടാൽ പിഴയോടൊപ്പം നിങ്ങളുടെ ലൈസൻസ് റദ്ദു ചെയ്യപ്പെടാനും സാധ്യതയുണ്ട്.

6. ആംബുലൻസുകളുടെ വഴി മുടക്കിയാൽ : ഒരു ജീവൻ രക്ഷിക്കുവാൻ വേണ്ടി പാഞ്ഞു പോകുന്നവയാണ് ആംബുലൻസുകൾ. ഒരു ആംബുലൻസ് വരുന്നതു കണ്ടാൽ മറ്റു വാഹനങ്ങൾ അതിനു സുഗമമായി കടന്നു പോകുവാൻ വഴിയൊരുക്കണം എന്നാണു നിയമം. എന്നാൽ ചിലർ ആംബുലൻസുകൾക്ക് മുന്നിൽ പൈലറ്റ് വാഹനം എന്നപോലെ പറപ്പിച്ചു പോകുന്ന പ്രവണത ധാരാളമായി ഇന്ന് കാണാം. ചിലർ ആംബുലൻസുകൾക്ക് തൊട്ടു പിന്നാലെയും ഇത്തരത്തിൽ പോകാറുണ്ട്. ഇവ രണ്ടും കുറ്റകരമാണ്. ഇപ്പോൾ ആംബുലൻസുകളിൽ ഡാഷ് ക്യാമറകൾ ഘടിപ്പിച്ചിട്ടുള്ളതിനാൽ തടസ്സം നിൽക്കുന്നവരെ എളുപ്പത്തിൽ പിടിക്കുവാനും സാധിക്കും. മനഃപൂർവ്വം ആംബുലൻസുകൾക്ക് തടസ്സമായി മാറിയാൽ നിങ്ങളുടെ ലൈസൻസ് വരെ റദ്ദു ചെയ്യുവാൻ നിയമമുണ്ട് ഇപ്പോൾ.

7. റോഡുകൾ റേസിംഗ് ട്രാക്ക് ആക്കിയാൽ : ചിലർക്ക് ഒരു ഹോബിയുണ്ട്. പൊതുവായ റോഡിലൂടെ വാഹനങ്ങൾ പറപ്പിച്ചു പോകുക. ചിലപ്പോൾ സമാനചിന്താഗതിക്കാരായ മറ്റു വാഹനങ്ങളുമായി മത്സരയോട്ടവും നടത്താറുണ്ട്‌. കൂടുതലും ബൈക്ക് യാത്രികരായ യുവാക്കളാണ് ഇത്തരം പരിപാടികൾക്ക് മുന്നിൽ നിൽക്കുന്നത്. ബസ്സുകൾ തമ്മിൽ മത്സരയോട്ടം നടത്തുന്നതും ഇതേ കുറ്റം തന്നെയാണ്. ഇത്തരം കുറ്റം ചെയ്തു പിടിക്കപ്പെട്ടാൽ പിഴ, ലൈസൻസ് റദ്ദാക്കൽ തുടങ്ങിയ നടപടികൾക്ക് വിധേയമാകേണ്ടി വരികയും ചെയ്യും.

ഇനി വാഹനങ്ങളുമായി നിരത്തിലിറങ്ങുമ്പോൾ മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കുക. നമ്മൾ നിസ്സാരമായി കണക്കാക്കുന്ന പലതും നിയമത്തിനു മുന്നിൽ കുറ്റകരമാണ് എന്നോർക്കുക. എല്ലാവർക്കും ഹാപ്പി ജേർണി…

Cover Photo – JoZeph Immanuvel‎.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.