യുറോപ്യൻ രാജ്യമായ ജോർജ്ജിയയിലേക്ക് മൂന്നു പേരടങ്ങുന്ന ഞങ്ങളുടെ ഫാമിലി ട്രിപ്പ്

Total
0
Shares

വിവരണം – Shinoy Kreativ.

ജോർജ്ജിയ. പഴയ USSR ന്റ ഭാഗമായ കിഴക്കൻ യുറോപ്യൻ രാജ്യം. ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് കുറഞ്ഞ ചിലവിൽ കണ്ടു വരാൻ സാധിക്കുന്ന സ്ഥലമാണ്. ദുബായിയിൽ നിന്നും മൂന്നു പേരടങ്ങുന്ന ഞങ്ങളുടെ ഫാമിലി കഴിഞ്ഞ ആഴ്ച ജോർജ്ജിയ സന്ദർശിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.15 ന് ഷാർജയിൽ നിന്നും ജോർജിയയുടെ തലസ്ഥാനമായ (Tbilisi) തിബ്ലിസിയിലേക്കുള്ള എയർ അറേബ്യ ഫ്ലൈറ്റിൽ ആയിരുന്നു യാത്ര.. ഷാർജയിൽ നിന്നും ദുബൈയിൽ നിന്നും തിബ്ലിസിയിലേക്കും ബാത്തുമിയിലേക്കും ദിവസേന ഫ്ലൈറ്റുകളുണ്ട്. 3 മണിക്കൂറിൽ തിബ്ലിസിയിൽ എത്തിച്ചേർന്നു.. യു എ ഇ സമയം തന്നെ. ടൈം സോൺ മാറ്റമില്ല. തിരക്കില്ലാത്ത എയർപോർട്ട്. GCC റെസിഡെന്റസിന് വിസ ആവശ്യമില്ല. 90 ദിവസത്തേക്ക് സൗജന്യമായ എൻട്രി പെർമിറ്റ് ഇമിഗ്രേഷനിൽ പതിച്ചു ലഭിക്കും. ട്രാവൽ ഇൻഷുറൻസ് നിർബന്ധമായും എടുത്തിരിക്കണം. മുൻപ് പോയ ചിലർക്കൊക്കെ പ്രവേശനം നിഷേധിച്ചതായ പല റിപ്പോർട്ടുകളും വായിച്ചിരുന്നു. പക്ഷെ ഞങ്ങൾക്ക് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. തിരക്കുകളൊന്നുമില്ലാത്ത ഒരു എയർപോർട്ട്. പത്തു മിനിറ്റിനുള്ളിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ബാഗുകളും കൈപ്പറ്റി ഞങ്ങൾ പുറത്തെത്തി.

നമ്മുടെ നാട്ടിലെത്തുന്ന വിദേശികളെ ഓട്ടോ ടാക്സിക്കാർ വളയുന്നതു പോലെ ഒരാൾ ടാക്സി വേണോ എന്നു ചോദിച്ചു പിറകേ കൂടി.. അവിടുത്തെ രീതി വശമില്ലാത്തതു കൊണ്ട് വേണമെന്ന പറഞ്ഞു. പക്ഷെ അതിന് മുമ്പ് കൈയ്യിലുള്ള ഡോളർ മാറണം. എയർപോർട്ടിൽ മാറുന്നത് നഷ്ടമാണ് സിറ്റിയിലാണ് ലാഭമെന്ന് ടാക്സിക്കാരൻ മുറി ഇംഗ്ലീഷിൽ പറഞ്ഞു. അതു കൊണ്ട് ഒരു 100 ഡോളർ മാത്രം മാറി. ലാറി, അതാണ് അവിടുത്തെ കറൻസി.. 1 ലാറി = 100 ടെട്രി. 100 ഡോളറിന് എകദേശം 240 GEL (abbreviation for Georgian lari) ലഭിക്കും. 1 ലാറി ഏകദേശം ഒന്നര ദിർഹത്തിന് തുല്യം. അതായത് ഏകദേശം 28 രൂപ. പണം മാറിയെടുത്ത് ടാക്സിക്കാരൻ ചേട്ടനോട് അഡ്രസ് പറഞ്ഞു കൊടുത്തു.. സിറ്റി അവന്യൂ ഹോട്ടൽ… അഗ്മാഷനബെലി അവന്യൂ,.. എത്രയാകണമന്ന് ചോദിച്ചു.. എന്തൊക്കെയോ മനസ്സിൽ കണക്കു കൂട്ടി അയാൾ 200 ലാറി എന്ന് പറഞ്ഞു.. അതു വളരെ കൂടുതൽ ആണെന്ന് പറഞ്ഞ് അയാൾ ഒടുവിൽ 150ൽ പോകാമെന്നു പറഞ്ഞു… അങ്ങനെ അയാളുടെ കൂടെ ഞങ്ങൾ പുറത്തേക്കിറങ്ങി..

പുറത്തു പാർക്കിങ്ങ് ലോട്ടിൽ അയാളുടെ മെഴ്സിഡസ് കാറിൽ കയറ്റി ബാഗുകൾ വയ്ക്കുമ്പോൾ എകദേശം 10 വയസ്സു പ്രായം തോന്നുന്ന ഒരു പെൺകുട്ടി ഭിക്ഷ യാചിച്ച് പിറകേ കൂടി.. കൈയ്യിൽ ഒരു മുറിവിൽ തുണി ചുറ്റി വച്ചിട്ടുണ്ട്… ഒരു വിധത്തിൽ അവളെ ഒഴിവാക്കി അയാളുടെ വണ്ടിയിൽ കയറി നീങ്ങി,.. ഞങ്ങൾ സഞ്ചരിക്കുന്ന വാഹനത്തിൽ ടാക്സി ബോർഡ് ഇല്ലായിരുന്നു. പക്ഷെ പുറത്ത് ധാരാളം ടാക്സി ബോർഡുളള വാഹനങ്ങൾ കാണാമായിരുന്നു.. അപ്പോഴേ കാശു നഷ്ടമായി എന്ന തോന്നലുണ്ടായി.. മുറി ഇംഗ്ലിഷിൽ അയാൾ എന്തൊക്കെയോ പറഞ്ഞു കൊണ്ട് തിബ്ലിസിയുടെ വഴികളിലൂടെ ഹോട്ടൽ ലക്ഷ്യമാക്കി പാഞ്ഞു… തിരിച്ചു വന്നിട്ട് അടുത്ത ഇരയെ പിടിക്കാനുള്ളതാണ്. 20-25 മിനിട്ട് കൊണ്ട് ഹോട്ടലിൽ എത്തി. ഞങ്ങളെ അവിടെയിറക്കി അയാൾ പാഞ്ഞു പോയി. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തു . ഏകദേശം 5.30 PM. എയർപോർട്ടിൽ നിന്ന് ഇവിടം വരെ ടാക്സിക്ക് എത്രയാകും എന്ന് റിസപ്ഷനിസ്റ്റിനോട് ചോദിച്ചു. 50 ലാറി …അവൾ മറുപടി പറഞ്ഞു… ജോർജിയയിൽ വന്ന് ഇറങ്ങിയപ്പോൾ ഉണ്ടായ ആദ്യത്തെ അനുഭവം,.. പോയതു പോയി,.. അത് ഏതായാലും ഒരു പാഠമായി.

കൃത്യമായ പ്ലാനിംഗ് ഇല്ലാത്ത യാത്രയാണ്.. യു ട്യൂബ് വീഡിയോകൾ കണ്ടതിൽ നിന്നും പോകേണ്ട കുറച്ചു സ്ഥലങ്ങൾ അറിയാം. ശനി മുതൽ ബുധൻ വരെ 5 ദിവസങ്ങൾ ഉണ്ട്.. വ്യാഴാഴ്ച തിരിച്ച് പോകണം. വ്യാഴാഴ്ച വൈകിട്ട് ആണ് റിട്ടേർൺ ഫ്ലൈറ്റ്. അതു കൊണ്ട് വ്യാഴാഴ്ച കറക്കമൊന്നും നടക്കില്ല.. അല്പ സമയം വിശ്രമത്തിന് ശേഷം പുറത്തേക്കിറങ്ങി. ഒരു സിം കാർഡ് എടുക്കണം. എയർപ്പോർട്ടിൽ നിന്നും വാങ്ങിയിരുന്നില്ല. ഈ സമയത്ത് ഫോൺ ഷോപ്പ് അടയ്ക്കുമെന്നും ഇനി നാളെയേ വാങ്ങാൻ കഴിയൂ എന്നും ഹോട്ടൽ റിസപ്ഷനിൽ നിന്നും അറിയുവാൻ കഴിഞ്ഞു. തൊട്ടടുത്ത ബാങ്കിൽ നിന്നും കുറച്ച് ഡോളർ മാറി എടുത്തു.

യു റ്റ്യൂബിൽ നിന്നും മറ്റും കണ്ട അറിവ് വച്ച് bridge of peace എന്ന ഒരു നടപ്പാലം കാണുകയാണ് ലക്ഷ്യം. വേനൽക്കാലമാണ്… പക്ഷെ മൂടിക്കെട്ടിയ അന്തരീക്ഷം, ചെറിയ തണുപ്പുണ്ട്.. ഒരു ടാക്സിക്കു കൈ കാണിച്ചു.. അയാൾക്ക് ഭാഗ്യത്തിന് അല്പം ഇംഗ്ലിഷ് അറിയാം… bridge of Peace എന്ന് പറഞ്ഞിട്ട് അയാൾക്ക് മനസ്സിലായില്ല. അതിന്റെ അഡ്രസ് എവിടെയാണ് എന്നാണ് അയാൾ ചോദിക്കുന്നത്.. പിന്നെ നമുക്ക് അറിയാവുന്ന മറ്റു സ്ഥലങ്ങളൊക്കെ പറഞ്ഞു നോക്കി.. Liberty Square.. അത് അയാൾക്കു പിടി കിട്ടി.. അങ്ങനെ ലിബർട്ടി സ്ക്വയർ ലക്ഷ്യമാക്കി കാർ നീങ്ങിത്തുടങ്ങി.. ജോർജിയയിൽ എവിടെ പോകണമെങ്കിലും ബിൽഡിംഗ് നമ്പർ ഉൾപ്പടെ അഡ്രസ് ഉണ്ടെങ്കിൽ എളുപ്പമാണെന്ന് അയാൾ പറഞ്ഞു.. പോകുന്ന വഴിയിൽ ബ്രിഡ്ജ് ഓഫ് പീസ് കാണാമായിരുന്നു. ഞങ്ങൾക്ക് അവിടെയാണ് പോകേണ്ടത് എന്നു പറഞ്ഞപ്പോൾ അയാൾ അവിടെ ഞങ്ങളെ വിട്ടു. കാർ നിർത്തിയത് ദീപാലംകൃതമായ Shangri la casino യുടെ മുമ്പിലാണ്. അതിന് എതിരെ ആണ് ഞങ്ങൾക്കു കാണേണ്ട പാലം.

Bridge of peace. തിബ്ലിസിയുടെ ഹൃദയഭാഗത്ത് കൂടെ ഒഴുകുന്ന mtkvari (Kura) നദിയുടെ കുറുകെ ഉള്ള ഒരു നടപ്പാതയാണ്. പ്രത്യേക രീതിയിലാണ് ഇതിന്റെ നിർമ്മാണം. നിറയെ LED ബൾബുകളുണ്ട്. രാത്രിയിൽ ഇവ പ്രകാശിക്കുമ്പോൾ കാണാൻ നല്ല ഭംഗിയാണ്. പാലത്തിൽ സാമാന്യം നല്ല തിരക്കുണ്ട്. നടുക്ക് വീതിയുള്ള ഭാഗത്ത് ഒരു സംഗീത ബാൻറ് ഗിത്താറും മറ്റും ഉപയോഗിച്ച് പാടിക്കൊണ്ടിരിക്കുന്നു. തിബ്ലിസിയിലെ പല തെരുവുകളിലും ഇത്തരം പാട്ടുകാരെ കാണാം.. നദിയിലൂടെ ഉള്ള ക്രൂയ്സ് ബോട്ടുകളിൽ സായാഹ്ന സവാരിക്ക് ആളെ പിടിക്കുവാനുള്ള ഏജൻറ്റുകളുടെ ശല്യം എടുത്തു പറയേണ്ടതാണ്. അതു പോലെ തന്നെയാണ് യാചകരും. പ്രായമായ സ്ത്രീകളും കുട്ടികളും കൈക്കുഞ്ഞുങ്ങളുമായി യാചിച്ചു നടക്കുന്ന യുവതികളും തിബ്ലിസിയിലെ സർവ്വസാധാരണമായ കാഴ്ചയാണ്. പാലം ഇറങ്ങി ചെല്ലുന്നത് ഒരു പാർക്കിലേക്കാണ്. Rike park. നദിയുടെ ഈ വശം പഴയ തിബ്ലിസിയും മറുവശം പുതിയ തിബ്ലിസിയുമാണ്. പാർക്കിൽ നിന്നാൽ presidential palace, statue of mother of georgia, അങ്ങോട്ടേക്ക് പോകുന്ന കേബിൾ കാർ, narikala fortress മുതാലായവ കാണാൻ കഴിയും. മഴ മേഖലങ്ങൾ മൂടിയ മനോഹരമായ സന്ധ്യയിൽ mtkvari നദിയിലൂടെ ഒഴുകുന്ന ഉല്ലാസ നൗകകളും ദീപാലംകൃതമായ നഗരക്കാഴ്ചകളും ക്യാമറയിൽ ഒപ്പിയെടുത്ത് തണുത്ത കാറ്റ് ആസ്വദിച്ച് കുറച്ചു സമയം അവിടെ ചിലഴിച്ച് തിരിച്ച് ഹോട്ടലിലേക്ക് മടങ്ങി. 8 മണി കഴിഞ്ഞിരുന്നു. സൂര്യൻ അസ്തമിക്കുന്നതേ ഉള്ളു. ഹോട്ടലിന് നേരേ എതിർവശത്ത് ഉള്ള സ്പൈസ് ഗാർഡൻ ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നും ഡിന്നറിനു ശേഷം തിരികെ ഹോട്ടലിൽ എത്തി ഉറങ്ങാൻ കിടന്നു.

Day 2 രാവിലെ റൂമിന്റെ ജനാല തുറന്ന് പുറത്തേക്ക് നോക്കുമ്പോൾ പുറത്ത് നല്ല മഴ. മഴയുണ്ടാകുമെന്നറിയാമായിരുന്നത് കൊണ്ട് കുട കൈയ്യിൽ കരുതിയിരുന്നു. പ്രഭാത ഭക്ഷണം അകത്താക്കി. അടുത്ത ദിവസങ്ങളിൽ കാണേണ്ട സ്ഥലങ്ങൾ അല്പം ദൂരെയാണ്. വാഹനം ആവശ്യമായി വരും. ഹോട്ടൽ റിസെപ്ഷനിൽ അന്വേഷിച്ചപ്പോൾ വാഹനമുണ്ട് ഒരു ദിവസം 150 ഡോളർ ചാർജ് വരും ആവശ്യമെങ്കിൽ ഒരു മണിക്കൂർ മുമ്പ് പറഞ്ഞാൽ മതിയാകും. ഒരു സുഹൃത്ത് മുമ്പ് ജോർജ്ജിയ സന്ദർശിച്ചപ്പോൾ അവരെ കൊണ്ട് പോയ ഒരു ടൂർ ഗൈഡിന്റെ നമ്പർ ഉണ്ട്. അയാളെയും കൂടി വിളിച്ചു ചോദിച്ചിട്ട് തീരുമാനിക്കാം എന്ന് കരുതി. ഇന്ന് തിബ്ലിസിയുടെ ബാക്കി ഭാഗങ്ങൾ കാണുകയാണ് ലക്ഷ്യം. പക്ഷെ മഴ ഒരു പ്രശ്നമാണ്. എന്തായാലും കുടയുമായി പുറത്തേക്കിറങ്ങി.

ആദ്യം ഒരു സിം കാർഡ് എടുക്കണം. ഗൂഗിളിൽ നോക്കിയപ്പോൾ ഏറ്റവും നല്ലത് MAGTICOM എന്ന കമ്പനിയുടെ കണക്ഷനാണ് എന്ന് അറിയാൻ കഴിഞ്ഞു. തൊട്ടടുത്തു തന്നെയാണ് ഓഫീസ്. പാസ്പോർട്ട് കാണിച്ചാൽ സിം ലഭിക്കും 2 ആഴ്ച വാലിഡിറ്റിയുള്ള ട്രാവലർ കാർഡ്. ലോക്കൽ കോളുകൾ ഫ്രീ ആണ്. അര മണിക്കൂർ ഇൻറർനാഷണൽ കോൾ. 3 GB ഡാറ്റ. 35 GEL ആണ് ചാർജ്. കണക്ഷൻ എടുത്ത ശേഷം ഇന്നലെ പോയ ഭാഗത്തേക്ക് വീണ്ടും യാത്ര തുടങ്ങി. മഴ നിർത്താതെ പെയ്തു കൊണ്ടിരിക്കുന്നു. ടാക്സിക്കാരൻ ഞങ്ങളെ ലക്ഷ്യസ്ഥാനമായ കേബിൾ കാർ സ്റ്റേഷനു സമീപം കൊണ്ടുവിട്ടു. 5 ലാറി. 100 ലാറി കൊടുത്തു അയാളുടെ കയ്യിൽ ചെയ്ഞ്ച് ഇല്ല. മഴയത്ത് ഓടി നടന്ന് പലരോടും ചോദിച്ചു. ആരുടെ കൈയ്യിലും ചെയ്ഞ്ച് ഇല്ല. പിന്നെ തൊട്ടടുത്ത് കണ്ട ഒരു റെസ്റ്റോറന്റിൽ കയറി ചോദിച്ചു. അവരും കൈ മലർത്തി. ഒരു ബോട്ടിൽ വൈൻ വാങ്ങാമെന്ന് പറഞ്ഞപ്പോൾ എവിടുന്നൊക്കെയോ ചെയ്ഞ്ച് അവർ തപ്പിയെടുത്തു തന്നു.. തിരികെ ചെന്നപ്പോൾ ടാക്സിക്കാരൻ സിഗററ്റും പുകച്ച് എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് നില്പുണ്ട്. ജോർജിയൻ ഭാഷയിൽ എന്നെ തെറി വിളിക്കുകയായിരിക്കണം. അയാളെ പറഞ്ഞ് വിട്ട് ഞങ്ങൾ കേബിൾ കാർ സ്റ്റേഷനിൽ എത്തി.

സോലോലക്കി കുന്നിനു മുകളിലേക്കാണ് കേബിൾ കാർ യാത്ര. അവിടെയുള്ള ടിക്കറ്റ് സ്റ്റേഷനിൽ മെട്രോ കാർഡ് ലഭിക്കും. ഈ കാർഡ് തന്നെ മെട്രോയിലും ബസിലും ഉപയോഗിക്കാവുന്നതാണ്. കേബിൾ കാർ യാത്ര Oneway ഒരാൾക്ക് 2 ലാറി ആണ് ചാർജ്. കുട്ടികൾക്ക് യാത്ര സൗജന്യമാണ്. ജോർജ്ജിയയിൽ പ്രവേശന ഫീസ് ഈടാക്കുന്ന സഞ്ചാര കേന്ദ്രങ്ങളിൽ എവിടെയും കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. കുന്നിനു മുകളിൽ കേബിൾ കാർ വഴി അല്ലാതെയും എത്താൻ നടപ്പാതയുണ്ട്. കാർ മാർഗ്ഗവും അവിടേക്ക് എത്താം. പക്ഷെ ആകാശക്കാഴ്ച കണ്ടുള്ള കേബിൾ കാർ സഞ്ചാരമാകും നല്ലത്. ഏകദേശം പതിനഞ്ച് മിനിറ്റ് ക്യൂ നിൽക്കേണ്ടി വന്നു. കേബിൾ കാറിൽ കയറി മുകളിലേക്ക്. മഴ പെയ്യുന്നതു കൊണ്ട് പുറത്തുള്ള കാഴ്ചകൾ കാര്യമായി കാണാൻ സാധിച്ചില്ല. കുന്നിന് മുകളിലുള്ള സ്റ്റേഷനിൽ ഞങ്ങൾ ഇറങ്ങി.

ഈ കുന്നിനു മുകളിൽ മൂന്ന് ആകർഷണങ്ങളാണ് ഉള്ളത്. ഒന്ന് mother of georgia ( ലോക്കൽ ഭാഷയിൽ Kartlis deda). 20 മീറ്റർ ഉയരമുള്ള ഒരു സ്ത്രീയുടെ പ്രതിമയാണ്. ഒരു കൈയ്യിൽ സൗഹൃദത്തിന്റെ പ്രതീകമായ വൈൻ പാത്രവും മറുകൈയ്യിൽ ശത്രുക്കൾക്കായി കരുതിയ വാളും ഏന്തിയ ജോർജിയൻ വനിത. ഈ കുന്നിന്റെ ഏറ്റവും ഉയരമേറിയ ഭാഗത്താണ് ഈ പ്രതിമ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും തിബ്ലിസിയുടെ കാഴ്ച അതി മനോഹരമാണ്. നിർത്താതെ പെയ്തു കൊണ്ടിരുന്ന മഴ പക്ഷെ ഒരു വില്ലനായിരുന്നു. ഈ പ്രതിമയുടെ മുൻഭാഗത്ത് നിൽക്കാൻ സ്ഥലമില്ല. ചെങ്കുത്തായ മലഞ്ചെരിവാണ്. അതു കൊണ്ട് അതിന്റെ മുന്നിൽ നിന്നും ഫോട്ടോ എടുക്കാൻ നിർവ്വാഹമില്ല. പ്രതിമയുടെ അടുത്തു തന്നെ സ്ഥിതി ചെയ്യുന്ന മറ്റൊരു ആകർഷണം നാലാം നൂറ്റാണ്ടിൽ പണി കഴിച്ച നരിക്കലാ കോട്ടയും ( Narikala fortress) അതിനുളളിൽ സ്ത്ഥിതി ചെയ്യുന്ന St. Nicholas ചർച്ചും. കോട്ടയിലെ കാഴ്ചകൾ കണ്ടു കഴിഞ്ഞപ്പോഴേക്കും മഴയൊന്ന് ശമിച്ചു. മഴയത്ത് ക്യാമറ നനയാതെ ഫോട്ടോ എടുക്കുന്നത് വലിയ ബുദ്ധിമുട്ടു തന്നെയാണ്. മഴ നിന്നത് ഒരു ആശ്വാസമായി. ഇവിടെ നിന്നും താഴേക്ക് ഇറങ്ങിയാൽ എത്തിച്ചേരുക ഒരു Botanical garden ൽ ആണ്. രണ്ടു ലാറി പ്രവേശന ഫീസുണ്ട്. കുട്ടികൾക്ക് സൗജന്യമാണ്. ഏക്കറുകളോളം പരന്നു കിടക്കുന്നതാണ് ഉദ്യാനം. കൂടുതലും മരങ്ങളാണ്. അതിനിടയിലൂടെയുള്ള നടപ്പാതകളും. ഊട്ടിയിൽ കണ്ടിട്ടുള്ള ഉദ്യാനത്തിന്റെ അത്രയും മനോഹാരിതയില്ല ഈ ബൊട്ടാണിക്കൽ ഗാർഡന്. ഇതിന്റെയുള്ളിൽ ഒരു വെള്ളച്ചാട്ടവുമുണ്ട്. മുകളിൽ ഉള്ള കുന്നിൽ നിന്നും ഉദ്യാനത്തിന്റെ ഉള്ളിലേക്ക് സാഹസികത ഇഷ്ടപ്പെടുന്നവർക്ക് വലിച്ചു കെട്ടിയ കമ്പിയിൽ തൂങ്ങി പറക്കുവാൻ സിപ്പ് ലൈൻ ഉണ്ട്. ഉദ്യാനം കണ്ട് പുറത്തിറങ്ങുമ്പോൾ ഏകദേശം നാലരയോളം ആയിരുന്നു. ഉച്ചഭക്ഷണം കഴിച്ചിട്ടില്ല. നല്ല വിശപ്പ്. ഗൂഗിൾ മാപ്പിൽ ഭക്ഷണം കഴിക്കാൻ പറ്റിയ റെസ്റ്റോറന്റ് തേടി പുറത്തേക്കിറങ്ങി

പുറത്തേക്ക് ഇറങ്ങി ചെല്ലുന്നത് Old Tbilisi യിലേക്കാണ്. ശരിക്കും പഴയ കാലഘട്ടത്തിലേക്ക് ഒരു സമയ സഞ്ചാരം നടത്തിയ പ്രതീതി. മരം കൊണ്ടുള്ള വീടുകളും കല്ലുപാകിയ പാതകളും മനോഹരമായ കാഴ്ച തന്നെയായിരുന്നു. പക്ഷെ വിശപ്പിന്റെ കാഠിന്യം ആസ്വാദനത്തിനൊരു തടസ്സമായി. ശേഷം കാഴ്ചകൾ ഭക്ഷണം കഴിച്ച ശേഷം കാണാം എന്ന് ഉറപ്പിച്ചു. പഴയ തിബ്ലിസി സ്ഥിതി ചെയ്യുന്നത് ഞങ്ങൾ ഇറങ്ങി വന്ന കുന്നിന്റെ ചരിവിലാണ്. അതു കൊണ്ട് ഇവിടുത്തെ പാതകൾ മുഴുവൻ കയറ്റങ്ങളും ഇറക്കങ്ങളുമാണ്. കുറച്ചകലെയായി മാരിനി റെസ്റ്റോറന്റിന്റെ ബോർഡ് കണ്ടു. തരക്കേടില്ലെന്ന് തോന്നുന്നു. അതു ലക്ഷ്യമാക്കി നടന്നു. റാബിറ്റ് കട്ലറ്റും, പാസ്തയും കബാബും ഓർഡർ ചെയ്തു.

ഭക്ഷണം വരാൻ കുറച്ചു സമയമെടുക്കും. അടുത്ത ദിവസങ്ങളിൽ പോകേണ്ട സ്ഥലങ്ങൾ ദൂരെയാണ്. അവിടേക്കുള്ള യാത്ര പ്ലാൻ ചെയ്യേണ്ടതുണ്ട്. ഒരു സുഹൃത്ത് മുൻപ് വന്നപ്പോൾ അവരെ കൊണ്ട് പോയ ഒരു ടൂർ ഗൈഡിന്റെ കാര്യം സൂചിപ്പിച്ചിരുന്നുവല്ലോ. അയാളെ ഒന്നു വിളിച്ചു നോക്കാമെന്ന് കരുതി. ഒമർ എന്നാണ് അയാളുടെ പേര്. ഇനി നാല് ദിവസമുണ്ട്. ഒരു ദിവസം കസ്ബെഗി. രണ്ടാം ദിവസം മ്ത്സ്ഖേത്ത, സ്റ്റോൺ സിറ്റി, മൂന്നാം ദിവസം മാർത്തിവിലി കാന്യോൺ, പ്രോമിത്യൂസ്‌ ഗുഹ, നാലാം ദിവസം ബോർജോമി. ദിവസം 100 ഡോളർ വച്ച് 400 ഡോളർ. ഹോട്ടലിൽ പറഞ്ഞതിനേക്കാൾ കുറവാണ് തുക. മുമ്പ് വന്ന സുഹൃത്ത് ഒമറിനെക്കുറിച്ച് നല്ല അഭിപ്രായവും പറഞ്ഞിട്ടുണ്ട്. അതു കൊണ്ട് വിലപേശാൻ നിന്നില്ല. പറഞ്ഞ തുകയ്ക്ക് ഡീൽ ഉറപ്പിച്ചു. കാലത്ത് 9 മണിക്ക് പുറപ്പെടാം എന്നു പറഞ്ഞു. കുറച്ചു കാത്തിരിക്കേണ്ടി വന്നു. എങ്ങിലും ഭക്ഷണം നല്ല സ്വാദുണ്ടായിരുന്നു. വിശപ്പിനു ശമനമായപ്പോൾ പുറത്തേക്കിറങ്ങി.

പഴയ തിബ്ലിസിയിലെ പ്രധാന ആകർഷണം അവിടുത്തെ “സൾഫർ ബാത്ത്” ആണ്. മ്ത്ക്വരി നദിയുടെ ഒരു ഭാഗം ഇതു വഴി പോകുന്നുണ്ട്. അതിന്റെ കരയിൽ നിറയെ സൾഫർ കലർന്ന ഭൂഗർഭ നീരുറവകൾ ഉണ്ട്. ഇവയൊക്കെ പ്രത്യേക രീതിയിൽ ഡോം ആകൃതിയിൽ ഇഷ്ടിക കൊണ്ട് നിർമ്മിച്ച കുളിമുറികളാക്കി മാറ്റിയിരിക്കുന്നു. Abanotubani എന്നാണ് തിബ്ലിസിയുടെ ഈ ഭാഗത്തിനു പറയുന്ന പേര്. bath district എന്നാണ് അർത്ഥം. ഒരു കുന്നിൻ ചരിവു നിറയെ ഇത്തരം ഡോമുകളും ഇടയ്ക്കുള്ള ചെറിയ ഹോട്ടലുകളുമാണ്. നിശ്ചിത തുക നല്കിയാൽ ഈ കുളിമുറികളിൽ കുളിക്കുവാനുള്ള സൗകര്യമുണ്ട്. തണുപ്പ് കാലത്ത് ചൂട് വെളളത്തിലുള്ള കുളി സുഖകരമായിരിക്കും. ഇവിടങ്ങളിൽ മസാജ് സൗകര്യവുമുണ്ട്. നദിയുടെ കരയിലൂടെ ഞങ്ങൾ മുന്നോട്ട് നടന്നു. തടികൊണ്ട് നദിയുടെ കരയിൽ തീർത്ത പാതയോരത്ത് രണ്ട് പേർ അക്കോർഡിയനും ഒരു ഡ്രമ്മും ഉപയോഗിച്ച് സംഗീത പരിപാടി നടത്തുന്നുണ്ട്. കുറച്ചു നടക്കുമ്പോൾ ഒരു തടിപ്പാലം കാണാം. അതിന്റെ കമ്പി വരികൾ നിറയെ പാഡ് ലോക്കുകളാണ്. Love lock bridge, എന്നാണിതിന് പറയുന്നത്. ലോകത്തിന്റെ പല ഭാഗത്തും ഇത്തരം പാലങ്ങൾ ഉണ്ട്. കമിതാക്കൾ തങ്ങളുടെ പേരെഴുതിയ പൂട്ടുകൾ ഇവിടെ പൂട്ടിയിടും. അതിന് ശേഷം താക്കോൽ നദിയിൽ വലിച്ചെറിയും. അവരുടെ പ്രേമത്തിന്റെ അടയാളമായി ആ പൂട്ട് അവിടെ കിടക്കും.

ഈ പാതയുടെ ഇരുവശവും ചെങ്കുത്തായ മലയാണ്. മുകളിലേക്ക് നോക്കിയാൽ തടിയും ഇരുമ്പും ഉപയോഗിച്ച് താങ്ങി നിർത്തിയിരിക്കുന്ന കെട്ടിടങ്ങൾ കാണാം. ഇതുവഴി നടന്നാൽ ചെല്ലുന്നത് മറ്റൊരു വെള്ളച്ചാട്ടത്തിലേക്കാണ്. തിരികെ വരുമ്പോള്‍ മുന്പ് കണ്ട പാട്ടുകാര്‍ വിശ്രമത്തിലാണ്. എന്നെ കണ്ടതും അതിലൊരാൾ “ഹലോ, ഇന്ത്യാ, രാജ് കപൂർ” … എന്ന് പറഞ്ഞ് ചാടി എഴുന്നേറ്റു. അക്കോർഡിയൻ വായിച്ച് ” മേരാ ജൂത്താ ഹേ ജാപ്പാനി” പാട്ടു പാടി തുടങ്ങി. മറ്റു പലയിടത്തും കണ്ട കാര്യമാണ്.. ജോർജ്ജിയക്കാർക്ക് പ്രത്യേകിച്ച് പ്രായമായവർക്ക് സുപരിചിതമായ പേരാണ് രാജ് കപൂർ. പാട്ടുകാരുടെ ഫോട്ടോ എടുത്ത് അവർക്ക് ചെറിയൊരു തുകയും നല്കി തിരികെ ഹോട്ടലിലേക്ക് മടങ്ങി. നീണ്ട നടത്തത്തിന്റെ ക്ഷീണമുണ്ട്. ഉച്ചഭക്ഷണം താമസിച്ചു കഴിച്ചത് കൊണ്ട് അത്താഴം ലഘുഭക്ഷണത്തിൽ ഒതുക്കി ഉറങ്ങുവാൻ കിടന്നു.

Day 3 ഇന്നും മഴയുണ്ട്. എല്ലാ ദിവസവും ഇങ്ങനെ ആയാൽ യാത്ര കുളമായതു തന്നെ. ഏതായാലും 9 മണിയോടു കൂടി റെഡി ആയി. ഒമറിന്റെ മെസേജ് വന്നു. അയാൾ ഹോട്ടലിന്റെ പുറത്ത് എത്തിയിട്ടുണ്ട്. ബ്രേക്ക് ഫാസ്റ്റ് കഴിച്ച് ഞങ്ങൾ പുറത്തെത്തി. അയാൾ അവിടെ കാത്തുനിൽപ്പുണ്ട്. പുഞ്ചിരിച്ചു കൊണ്ട് ഞങ്ങളെ അഭിവാദ്യം ചെയ്തു. അയാളുടെ നിസ്സാൻ ടിയാന കാറിൽ ഞങ്ങൾ യാത്ര തുടങ്ങി. കുറച്ച് നേരം കൊണ്ട് തന്നെ അയാളെ ഞങ്ങൾക്കിഷ്ടമായി. മിതമായ സംസാരം, അമിത വേഗതയില്ലാതെയുള്ള ഡ്രൈവിംഗ്. ഇടയ്ക്കിടെ ഫോണിൽ മെസ്സേജുകൾ വരുന്നുണ്ട്. കസ്റ്റമേഴ്സ് ആണ്. ഡ്രൈവ് ചെയ്യുന്നതിനിടയിൽ അവരോട് ചാറ്റ് ചെയ്യുന്നുണ്ട്. അതൊഴിച്ചാൽ നന്നായി വണ്ടി ഓടിക്കുന്നുണ്ട്. തിബ്ലിസിയുടെ വീഥികൾ പിന്നിട്ട് ഞങ്ങൾ കസ്ബെഗി ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. കസ്ബെഗി (Kazbegi) എന്നത് പഴയ പേരാണ്. (Stepantsminda) സ്റ്റെപ്പാന്റ്സ്മിൻഡ എന്നതാണ് പുതിയ പേര്. ആ പേര് തന്നെയാണ് വഴിയിലുള്ള സൈൻ ബോർഡുകളിലും കാണാൻ കഴിയുക. ജോർജിയയുടെ വടക്കുകിഴക്കൻ ഭാഗത്ത് കോകാസിയൻ മലനിരകളിൽ ഉള്ള ഒരു ചെറിയ പട്ടണമാണ് സ്റ്റെപ്പാന്റ്സ്മിൻഡ. തിബ്ലിസിയിൽ നിന്നും 155 കിലോമീറ്റർ ദൂരമുണ്ട്. റഷ്യയുമായുള്ള അതിർത്തി ചെക്ക് പോസ്റ്റ് ഇതിനടുത്താണ്. ജോർജിയൻ മിലിറ്ററി ഹൈവേ എന്നാണ് അങ്ങോട്ടുള്ള റോഡിന്റെ പേര്. കസ്ബെഗിയുടെ വിശേഷങ്ങൾ പിറകെ പറയാം. അവിടേക്കുള്ള യാത്രയിൽ പല സ്ഥലങ്ങളും കാണേണ്ടതുണ്ട്.

പുറത്ത് മഴ ചാറുന്നുണ്ട്. ഏകദേശം ഒരു മണിക്കൂർ യാത്ര ചെയ്ത് ഞങ്ങൾ ആദ്യത്തെ സ്ഥലത്തെത്തി. ഒരു ഡാമാണ്, സിൻവാലി അണക്കെട്ട് (Zhinvali dam). അരാഗ്വി നദിയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണിത്. നീലയും പച്ചയും കലർന്ന നിറഞ്ഞിൽ മലകളുടെ ഇടയിൽ പരന്നു കിടക്കുന്ന ജലാശയം അതി മനോഹരമായ കാഴ്ച തന്നെ. ചെറിയ മഞ്ഞും, മഴയും അതിന്റെ മനോഹാരിത വർദ്ധിപ്പിച്ചു. വീണ്ടും കാറിൽ കയറി, കുറച്ചു ദൂരത്തിൽ അടുത്ത സ്ഥലമെത്തി. അനനൂറി കോട്ട (Ananuri castle). അരാഗ്വി നദിക്കരയിൽ 16-ാം നൂറ്റാണ്ടിൽ അരാഗ്വി രാജവംശം പണി കഴിപ്പിച്ച കോട്ടയാണ്. ഇതിന്റെ ഉള്ളിൽ രണ്ട് പള്ളികളുണ്ട്. ജോർജിയ ഒരു കൃസ്ത്യൻ രാജ്യമാണ്. രാജ്യത്തുടനീളം ഇത്തരം പുരാതനമായ പള്ളികൾ കാണുവാൻ കഴിയും. ഇവയെല്ലാം തന്നെ ശ്രദ്ധയോടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. പള്ളികളുടെ ഉള്ളിൽ ഫ്ലാഷ് ഉപയോഗിക്കാതെ ഫോട്ടോ എടുക്കാവുന്നതാണ്. ഉള്ളിൽ പ്രവേശിക്കുന്നവർ വസ്ത്രധാരണത്തിൽ മാന്യത പുലർത്തേണ്ടതുണ്ട് എന്ന് ബോർഡ് കാണാം. തലയിൽ തൊപ്പി വയ്ക്കാൻ പാടില്ല. അനനൂറിയിലെ ചരിത്ര ശേഷിപ്പുകൾ കണ്ടതിന് ശേഷം കസ്ബെഗി ലക്ഷ്യമാക്കി ഒമറിന്റെ കാറിൽ ഞങ്ങൾ അരാഗ്വി നദിയുടെ ഓരത്തു കൂടിയുള്ള യാത്ര തുടർന്നു.

കുറച്ചു ദൂരം മുൻപോട്ട് എത്തിയപ്പോൾ ഒരു കാഴ്ച കാട്ടിത്തരാം എന്ന് പറഞ്ഞ് ഒമർ വണ്ടി നിർത്തി. അരാഗ്വി നദിയുടെ രണ്ടു കൈവഴികൾ ഒന്നാകുന്ന സ്ഥലമാണ്. ഒന്ന് കറുപ്പും ഒന്ന് വെളുപ്പും നിറമാണ്. തമ്മിൽ ചേർന്നിട്ടും കറുപ്പും വെളുപ്പുമായി തന്നെ തമ്മിൽ കലരാതെ കുറേ ദൂരം മുൻപോട്ട് ഒഴുകുകയാണ് പുഴ. ആ ദൃശ്യം ക്യാമറയിൽ പകർത്തി യാത്ര തുടർന്നു. വശ്യസുന്ദരമായ പച്ചപുതച്ച മലകൾക്കിടയിലൂടെ വളഞ്ഞും പുളത്തും നീണ്ടു കിടക്കുകയാണ് റോഡ്. അരികിലൂടെ ഒഴുകുന്ന പുഴയിൽ പലയിടത്തും വൈറ്റ് വാട്ടർ റാഫ്റ്റിംഗിനുള്ള ക്യാംപുകളുടെ ബോർഡുകൾ കാണാം. റഷ്യയിലേക്കുള്ള പ്രധാന പാതയായതു കൊണ്ട് ധാരാളം റഷ്യൻ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. വിനോദ സഞ്ചാരികളാണ്. ലിഫ്റ്റ് ചോദിച്ചു നില്ക്കുന്ന hitch hikerട നെയും റോഡിലുടനീളം കാണാം. പലയിടങ്ങളിലും നിരനിരയായി നിർത്തിയിട്ടിരിക്കുന്ന ഭീമൻ ട്രക്കുകളും കാണാൻ കഴിഞ്ഞു. സമീപ രാജ്യങ്ങളായ റഷ്യ, അസർബൈജാൻ, അർമേനിയ എന്നിവിടങ്ങളിൽ നിന്നും തിരിച്ച് അവിടേക്കും ചരക്കുകളുമായി പോകുന്ന വാഹനങ്ങളാണ്.

മലനിരകളിലൂടെ സഞ്ചരിച്ച്, ഞങ്ങൾ ഈ റോഡിലെ താരതമ്യേന ഉയർന്ന പ്രദേശമായ ഗുഡൗറിയിൽ (gudauri) എത്തിച്ചേർന്നു. ശീതകാലത്ത് ജോർജിയയിലെ പ്രധാനപ്പെട്ട ഒരു സ്കീ റിസോർട്ടാണ് ഗുഡൗറി. ഡിസംബർ മുതൽ ഏപ്രിൽ വരെയാണ് സ്കീയിംഗ് സീസൺ. ആ സമയത്ത് ഈ വഴി നല്ല തിരക്കും ഗതാഗതക്കുരുക്കും ആയിരിക്കുമെന്ന് ഒമർ പറഞ്ഞു. ഹോട്ടലുകളിലും റൂം വാടക കൂടുതലായിരിക്കും. ഇവിടുത്തെ ഒരു പ്രധാന ആകർഷണം ജോർജിയ റഷ്യ ഫ്രണ്ട്ഷിപ്പ് മോണ്യുമെന്റ് ആണ്. ഒരു കമാന ആകൃതിയിലുള്ള ഈ കെട്ടിടം 1983ൽ സ്ഥാപിതമായതാണ്. എന്തുകൊണ്ടാണ് ഇതിനെ ഫ്രെണ്ട്ഷിപ്പ് മോണ്യുമെന്റ് എന്ന് വിളിക്കുന്നത് എന്ന് ഞാൻ ഒമറിനോട് ചോദിച്ചു. പണ്ട് ഫ്രണ്ട്ഷിപ്പ് ഉണ്ടായിരുന്ന കാലത്തു സ്ഥാപിച്ചതാണത്രെ. എന്നാൽ ഇന്ന് ഇരു രാജ്യങ്ങളും അത്ര സൗഹൃദത്തിലല്ല. ജോർജിയയുടെ പല ഭാഗങ്ങളും റഷ്യ കയ്യേറി വച്ചിരിക്കുകയാണ്. മോണ്യുമെന്റ് സ്ഥിതി ചെയ്യുന്നത് ഒരു കൊക്കയുടെ അരികിലാണ്. പച്ചപ്പുതപ്പണിഞ്ഞ മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. ഉള്ളിൽ റ്റൈൽസ് കൊണ്ട് സൃഷ്ടിച്ച ചുവർ ചിത്രങ്ങളിൽ ഇരു രാജ്യങ്ങളുടെയും ചരിത്രം പ്രതിപാദിച്ചിരിക്കുന്നു. ഇതിന്റെ മുൻപിൽ അഗാധമായ കൊക്കയാണ്, Devil’s Valley. പക്ഷെ മഴയും മഞ്ഞും കാരണം താഴെയുള്ള കാഴ്ചകൾ ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല. നല്ല കാറ്റും തണുപ്പും കാരണം അധികനേരം അവിടെ നിന്നില്ല. ലക്ഷ്യ സ്ഥാനമായ കസ്ബെഗിയിലേക്ക് ഞങ്ങൾ നീങ്ങി.

തിബ്ലിസിയിൽ നിന്നും പുറപ്പെട്ട് ഏകദേശം മൂന്നര മണിക്കൂറിൽ ഞങ്ങൾ കസ്ബെഗിയിൽ എത്തിച്ചേർന്നു. ടൂറിസ്റ്റുകളുടെ തിരക്കുള്ള ചെറിയൊരു പട്ടണം. ഇതിന്റെ സമീപത്തുള്ള ഒരു മലയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന Gergeti Trinity church ലേക്കാണ് പോകേണ്ടത്. ജോർജിയയെ കുറിച്ചുള്ള ഒട്ടുമിക്ക ടൂറിസ്റ്റ് ഇൻഫൊർമേഷൻ വെബ് സൈറ്റുകളിലും ഈ പള്ളിയുടെ ചിത്രം കാണുവാൻ കഴിയും. ഇങ്ങോട്ടേക്ക് 4 wheel drive വാഹനത്തിൽ മാത്രമേ എത്തിപ്പെടാൻ കഴിയൂ. പ്രത്യേകം മോഡിഫൈ ചെയ്തെടുത്ത മിത്സുബിഷി ഡെലിക്കാ മോഡൽ വണ്ടികൾ ധാരാളമായി കണ്ടു. കണ്ടാൽ നമ്മുടെ പഴയ ഹൈറൂഫ് ഓംനി വണ്ണം വച്ചതു പോലുണ്ട്. അവിടേക്ക് സർവ്വീസ് നടത്തുന്നത് അവരാണ്. നമ്മുടെ ഹൈറേഞ്ചിലെ ജീപ്പു പോലെ. പോയി വരുന്നതിനുള്ള വാടക 50 ലാറി. ഒമർ അയാൾക്ക് പരിചയമുള്ള ഒരു ഡ്രൈവറെ ഏർപ്പാടാക്കി. ചാക്കോ എന്നാണയാളുടെ പേര്. മഴയൊന്ന് ശമിച്ചിട്ടുണ്ട്. ഇല്ലായിരുന്നെങ്കിൽ മുകളിലേക്ക് പോകാൻ സാധിക്കില്ലായിരുന്നു.

ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുള്ളതു കൊണ്ട് വണ്ടിയിൽ കയറി പറ്റുക അല്ലം ദുഷ്കരമാണ്. ചാക്കോയുടെ വണ്ടി ഞങ്ങളെയും വഹിച്ചു കൊണ്ട് ഗെർഗെറ്റി ചർച്ചിലേക്ക് പുറപ്പെട്ടു. ഒരു നല്ല ഓഫ് റോഡിംഗ് അനുഭവമായിരുന്നു അത്. മഴ പെയ്ത് ചെളിക്കുളമായി കണ്ടും കുഴിയും നിറഞ്ഞ മലമ്പാതയിലൂടെ നിരപ്പായ റോഡിൽ ഓടിക്കുന്ന ലാഘവത്തോടെയാണ് ചാക്കോ വണ്ടി ഓടിച്ചത്. പക്ഷെ വാഹനത്തിനുളളിൽ കാര്യമായ കുലുക്കമില്ല. സുഖകരമായ യാത്രയായിരുന്നു. ഏകദേശം പതിനഞ്ചു മിനിറ്റിൽ ഞങ്ങൾ മുകളിൽ എത്തി. കസ്ബെഗി പർവതത്തിന്റെ മുൻപിൽ പച്ചക്കുന്നിന്റെ പുറത്ത് സ്ഥിതി ചെയ്യുന്ന ഗെർഗെറ്റി ചർച്ച് അതി മനോഹരമായ കാഴ്ചയാണ്. ശരിക്കും ബോളിവുഡ് ചിത്രങ്ങളിലെ ഗാനരംഗങ്ങളെ ഓർമ്മിപ്പിക്കുന്ന ലൊക്കേഷൻ. ഞങ്ങളെ അവിടെ ഇറക്കുമ്പോൾ 30 മിനിറ്റിൽ പള്ളി കണ്ട് തിരികെ വരണമെന്ന് മുറി ഇംഗ്ലിഷിലും ആംഗ്യ ഭാഷയിയുമായി ചാക്കോ പറഞ്ഞു. പെട്ടെന്ന് കാഴ്ചകൾ കണ്ടു മടങ്ങാനുള്ളതുകൊണ്ട് പള്ളി ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. ശക്തമായ കാറ്റും നല്ല തണുപ്പുമാണ്. ഇവിടേക്ക് കാറിലല്ലാതെ ട്രെക്കിംഗ് ചെയ്തും എത്താം. സാഹസിക പ്രിയർക്ക് ഈ വഴി പരീക്ഷിക്കാവുന്നതാണ്. അവിടുത്തെ സുന്ദരമായ കാഴ്ചകൾ ക്യാമറയിൽ പകർത്തിയെടുത്ത് തിരിക്കുമ്പോഴേക്കും വെയിൽ കണ്ടു. ജോർജിയയിൽ വന്ന് സൂര്യനെ കാണുന്നത് അപ്പോഴാണ്.

താഴെ എത്തിയപ്പോൾ ഒമർ ഞങ്ങൾക്കായി കാത്തു നില്പുണ്ട്. അടുത്തുള്ള ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കവാൻ കയറി. ജോർജിയൻ ഭക്ഷണം കഴിക്കണം. എന്താണ് നല്ലതെന്ന് ഒമറിനോട് അഭിപ്രായം ചോദിച്ചു. ഓസ്ട്രി എന്ന ഒരു ഡിഷ് ആണ് അയാളുടെ പ്രിയപ്പെട്ട ആഹാരം. ബിഫ് കറിയും കൂടെ ബ്രെഡും, ഇതാണ് ഓസ്ട്രി. ഇതു കൂടാതെ ഖാച്ചാപൂരി എന്ന ഒരു ഐറ്റവും ഓർഡർ ചെയ്തു. ചീസ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു വിഭവമാണ്. കണ്ടാൽ പിസ പോലെ ഇരിക്കും. രുചികരമായ ഭക്ഷണമായിരുന്നു. ഇനി മടക്കയാത്ര. റെസ്റ്റോറന്റിൽ നിന്ന് ഇറങ്ങി ഒമർ ഞങ്ങളെ അടുത്തുള്ള ഒരു റിസോർട്ട് കാണിക്കുവാൻ കൊണ്ടു പോയി. Rooms എന്നാണ് റിസോർട്ടിന്റെ പേര് സ്കിയിംഗ് സീസണിൽ നല്ല തിരക്കുള്ള റിസോർട്ടാണ്. ഇവിടെ നിന്നുള്ള കാഴ്ചകൾ അതി മനോഹരമാണ്.

മടക്കയാത്രയിൽ ഫ്രണ്ട്ഷിപ്പ് മോണ്യൂമെന്റിന്റെ അടുത്തെത്തിയപ്പോൾ അയാളുടെ ഒരു സുഹൃത്തിനെ കണ്ട് ഒമർ വണ്ടി നിർത്തി. അയാളും ഒരു ടൂർ ഗൈഡാണ്. പേര് ദാത്തോ. ഒമറിന്റെ ബാല്യകാല സുഹൃത്താണ്. ഞങ്ങൾ കേരളത്തിൽ നിന്നാണെന്ന് അറിഞ്ഞപ്പോൾ അയാൾ മലയാളത്തിൽ എന്നോട് എന്തുണ്ട് വിശേഷം? സുഖമാണോ? എന്ന് ചോദിച്ചു. റ്റൂറിസ്റ്റുകളിൽ നിന്നും പഠിച്ചതാണ് അത്യാവശ്യം മലയാളം വാക്കുകൾ. ഇവിടെ പാരാഗ്ലൈഡിംഗ് ഉണ്ട്. അതിനായി രണ്ടു ഗസ്റ്റുകളുമായി വന്നതാണ്. 250 ലാറി, അതായത് ഏകദേശം 7000 ഇന്ത്യൻ രൂപയാണ് ചാർജ്ജ്. പത്തു പതിനഞ്ചു മിനിറ്റിനുള്ളിൽ അവർ പറക്കും. അങ്ങനെ അതും കൂടി കണ്ട ശേഷം പോകാമെന്ന് തീരുമാനിച്ചു. ഇപ്പോൾ മാനം തെളിഞ്ഞു മഞ്ഞു മാറി നില്ക്കുകയാണ്. അതു കൊണ്ട് devils valley യിലെ കാഴ്ചകൾ വ്യക്തമായി കാണാം. ദൂരെ പുൽമേടുകളിൽ ചെമ്മരിയാട്ടിൻ കൂട്ടങ്ങൾ പുല്ലു മേയുന്നുണ്ട്. താഴ്വാരത്തിൽ മനോഹരമായ ഒരു നീല ജലാശയം കണ്ടു. ഈ മലനിരകൾക്കപ്പുറം റഷ്യയുടെ ഭാഗമാണ്. കുറച്ചു നേരത്തിനുള്ളിൽ പാരാഗ്ലൈഡിംഗ് ചെയ്യുന്നവരും പൈലറ്റുമാരും സഹായികളും എത്തി. പാരച്യൂട്ട് വിരിച്ചിട്ട് കൊളുത്തുകൾ പിടിപ്പിച്ച് പറക്കാൻ തയ്യാറായി. ഇന്ത്യാക്കാരാണ്. ഒരു ആണും ഒരു പെണ്ണും. നല്ല കാറ്റുണ്ട്. പൈലറ്റും പറക്കുന്നവരും ഒന്നിച്ച് മലഞ്ചരുവിലേക്ക് ഓടി വേണം പറക്കാൻ. ശക്തമായ കാറ്റ് മൂലം ഓട്ടം അല്പം പ്രയാസമാണ്. രണ്ട് സഹായികൾ ചേർന്ന് ആണ് കുത്തനെയുള്ള മലഞ്ചരുവിലേക്ക് അവരെ തളളി വിടുന്നത്. വിട്ട ശേഷം അവർ കൃത്യമായി ബ്രേക്ക് ചെയ്തില്ലെങ്കിൽ താഴെ പോയത് തന്നെ. ഒന്നിന് പിറകേ ഒന്നായി അവർ താഴേക്ക് പറന്നു പോയി. ഞങ്ങൾ ദാത്തോയോടും ഗുഡൗറിയോടും വിട പറഞ്ഞ് തിബ്ലിസിയിലേക്ക് മടങ്ങി. ലഘുവായ അത്താഴം കഴിച്ച് കിടന്നു.

Day4 രണ്ടു ദിവസത്തെ അവധിക്കു ശേഷം കാർമേഘ പുതപ്പിൽ മൂടിപ്പുതച്ചു കിടന്നിരുന്ന സൂര്യൻ ഇന്ന് ഡ്യൂട്ടിയിൽ പ്രവേശിച്ചിട്ടുണ്ട്. നല്ല തെളിഞ്ഞ നീലാകാശത്തിൽ നിറയെ പഞ്ഞിക്കെട്ടു പോലുള്ള വെളുത്ത മേഘങ്ങൾ പാറിക്കളിക്കുന്നു. ചെറിയ തണുപ്പുമുണ്ട്. മനോഹരമായ കാലാവസ്ഥ. ഇന്ന് ഞങ്ങൾ ആദ്യം സന്ദർശിക്കുന്നത് ജുവാരി മോണാസ്റ്റിയാണ്. ഏകദേശം 10 മണിയോടെ ഞങ്ങൾ ഹോട്ടലിൽ നിന്നും യാത്ര തിരിച്ചു. തിബ്ലിസിയിൽ നിന്നും ഏകദേശം 25 കിലോമീറ്റർ ദുരമുണ്ട് ഇവിടേക്ക്. Mtskheta എന്ന പട്ടണത്തിനടുത്തുള്ള ഒരു കുന്നിന്റെ മുകളിലാണ് അഞ്ചാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ ജോർജ്ജിയൻ ഓർത്തഡോക്സ് ചർച്ച് സ്ഥിതി ചെയ്യുന്നത്. ജുവാരി മോണാസ്റ്ററി ഒരു UNESCO world heritage site ആണ്. ഇവിടെ നിന്നും നോക്കിയായാൽ Mtkvari നദിയുടെ കരയിലുള്ള Mtskheta പട്ടണം കാണുവാൻ കഴിയും. അല്പസമയം ഇവിടുത്ത കാഴ്ചകൾ ആസ്വദിച്ച ശേഷം മിത്ത്സ്ഖേത്ത പട്ടണം ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി.

Mtkvari, aragvi നദികളുടെ സംഗമ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു മനോഹരമായ ചെറുപട്ടണമാണ് മിത്ത്സ്ഖേത്ത. ജോർജിയയുടെ പഴയ തലസ്ഥാനമായിരുന്നു ഇവിടം. ജോർജിയൻ ഓർത്തഡോക്സ് ചർച്ചിന്റെ പുണ്യനഗരമായാണ് മിത്ത്സ്ഖേത്ത അറിയപ്പെടുന്നത്. കല്ലു പാകിയ വഴികളും ഓടിട്ട വീടുകളും നദിയോരവും ചുറ്റുമുള്ള മലകളും എല്ലാം കൂടി വളരെ മനോഹരമായ ഒരു സ്ഥലമാണ് ഇവിടം. ഒമറിന്റെ വീട് അവിടെയാണ്. ഇവിടുത്തെ പ്രധാന ആകർഷണം നാലാം നൂറ്റാണ്ടിൽ പണി കഴിച്ച Svetitskhoveli Church ആണ്. ഇതും ഒരു UNESCO world heritage site ആണ്. ഇതിന് ചുറ്റും ഒരു കോട്ട മതിലുണ്ട്. ഞങ്ങൾക്ക് ചർച്ച് കാട്ടിത്തരാനായി ഒമർ അയാളുടെ സുഹൃത്തും ടൂർ ഗൈഡുമായ Maia യെ ഏർപ്പാടാക്കിയിരുന്നു. അവർ ഞങ്ങൾക്ക് ഇതിന്റെ ചരിത്രത്തെപ്പറ്റിയെല്ലാം പറഞ്ഞു തന്നു. വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. അറബ്, പേർഷ്യൻ റഷ്യൻ അധിനിവേശങ്ങളെ അതിജീവിച്ച ചരിത്ര സ്മാരകമാണ് ഇത്. അതിന്റെ അടയാളങ്ങൾ എങ്ങും കാണാം. ജോർജിയൻ രാജകുടുംബത്തിലെ അംഗങ്ങളെ അടക്കിയിരിക്കുന്നതും ഈ പളളിക്കകത്താണ്. ഇവരുടെ കല്ലറകൾ തറനിരപ്പിൽ തന്നെയാണ്. എല്ലാവരും ഇതിന്റെ മുകളിലുടെ നടക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. എല്ലാവരും തുല്യരാണ് എന്നതിന്റെ പ്രതീകമാണ് ഇത് എന്ന് Maia ഞങ്ങൾക്ക് പറഞ്ഞു തന്നു. ഇതിൽ ഒരു കല്ലറ മാത്രം ഉയർന്നതും നീളമേറിയതുമാണ്. Vakhtang Gorgosali എന്ന രാജാവിന്റെ കല്ലറയാണിത്. ഇദ്ദേഹം വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടയാളാണ്. അതു കൊണ്ടാണ് ആ കല്ലറ മാത്രം ഉയർന്ന് നില്ക്കുന്നത്. പതിനഞ്ച് മിനിറ്റ് കൊണ്ട് കാര്യങ്ങൾ വിശദീകരിച്ച് maia ഞങ്ങളോട് വിട പറഞ്ഞു. ചർച്ചിന്റെ അകത്തും പുറത്തും നിന്നും ചിത്രങ്ങൾ പകർത്തി അവിടെ നിന്ന് ഇറങ്ങി. ഇതിനടത്തായി ചെറിയ കടകൾ ധാരാളമുണ്ട്. അവിടെ നിന്നും കുറച്ച് ഗിഫ്റ്റ് ഐറ്റംസ് വാങ്ങി അടുത്ത സ്ഥലത്തേക്ക്: Uplistsikhe Stone city.

കല്ലുകൊണ്ടൊരു നഗരം. Mtkavari നദിയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം പേര് സൂചിപ്പിക്കുന്നത് പോലെ പാറ തുരന്ന് ഉണ്ടാക്കിയിരിക്കുന്ന പുരാതനമായ വീടുകളുടെയും കെട്ടിടങ്ങളുടെയും കൂട്ടമാണ്. ഇതിന്റെ ഉത്ഭവം ഏതാണ്ട് 1000 BC ആയി കണക്കാക്കപ്പെട്ടിരിക്കുന്നു. പതിമൂന്നാം നൂറ്റാണ്ട് വരെ ഇവിടെ ജനവാസമുണ്ടായതായി കരുതപ്പെടുന്നു. ഒരു വലിയ പാറക്കൂട്ടമാണിവിടം. നടക്കാൻ പ്രയാസമുള്ളവർക്ക് മുഴുവൻ കയറിക്കാണാൻ ബുദ്ധിമുട്ടായിരിക്കും. വ്യത്യസ്ഥമായ ഒരു അനുഭവമാണ് സ്റ്റോൺ സിറ്റി. ജോർജിയയിൽ തീർച്ചയായും കാണേണ്ട ഒരു സ്ഥലം. ഉച്ച കഴിഞ്ഞിരിക്കുന്നു. സൂര്യൻ ജ്വലിച്ചു നിൽക്കുകയാണ്. ചൂട് ഏകദേശം 30-32 വരും. ഈ സമയത്ത് ദുബായിയിലെ ചൂട് ഓർത്ത് നോക്കുമ്പോൾ ഇത് എത്ര നിസ്സാരം. വേനൽക്കാലത്ത് 40 ഡിഗ്രി വരെയൊക്കെ ചൂട് വരാറുണ്ടത്രെ: ഒമർ പറഞ്ഞു. പതിവു പോലെ നാലു മണിക്കാണ് ഉച്ചഭക്ഷണം. ഒരു ഫിഷ് ഫാമിലേക്കാണ് ഒമർ ഞങ്ങളെ കൂട്ടിക്കൊണ്ടു പോയത്. ഫ്രെഷ് ആയി മീൻ പിടിച്ച് പാകപ്പെടുത്തി തരും. ഒരു സാൽമൺ ബാർബിക്യു അകത്താക്കി തിരികെ തിബ്ലിസിയിലേക്ക് മടങ്ങി. നാളത്തെ യാത്ര ദൈർഘ്യമേറിയതാണ്. മാർത്തിവിലി കാന്യോൺ & പ്രോമിത്ത്യൂസ് കേവ്. പോയി തിരികെ വരാൻ 600 km യാത്ര. കാലത്ത് 7 മണിക്ക് പുറപ്പെടണം.

Day 5 – ഇന്ന് വളരെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ഏഴരക്ക് റെഡിയായി പുറത്തെത്തി. ഇന്ന് മറ്റൊരു കൂട്ടരും ഒപ്പമുണ്ടാകും. ഗുഡൗറിയിൽ കണ്ട ഒമറിന്റെ സുഹൃത്ത് ദാത്തോ കുറച്ച് പേരുമായി വരുന്നുണ്ട്. ഇന്ത്യാക്കാരാണ്. ഇടയ്ക്ക് ഒരു സ്ഥലത്ത് വഴിയരികിൽ കുറച്ചു നേരം കാത്തു കിടന്നു. ദാത്തോയും സംഘവും എത്തിയപ്പോൾ ഞങ്ങൾ യാത്ര തുടർന്നു. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ് ഒരു വലിയ പെട്രോൾ പമ്പിൽ നിർത്തി. അവിടെ സൂപ്പർമാർക്കറ്റ്, ഭക്ഷണശാലകൾ തുടങ്ങിയവയെല്ലാം ഉണ്ട്. ഇനി കുറേ ദൂരം നിർത്താതെ പോകണം. ഇവിടെ നിന്നും ഒരു കാപ്പി കുടിച്ച് നീങ്ങിത്തുടങ്ങി.

വഴിയോരങ്ങളിൽ നിറയെ ആപ്പിൾ തോട്ടങ്ങളുണ്ട്. ഇതിന്റെ എല്ലാം അരികിൽ ഫ്രെഷ് ആയി പറിച്ചെടുത്ത ആപ്പിളുകൾ വില്ക്കാൻ വച്ചിട്ടുണ്ട്. വണ്ടി നിർത്തി ഒമർ ഞങ്ങൾക്ക് ആപ്പിൾ വാങ്ങിക്കൊണ്ടു വന്നു. ആപ്പിൾ ഞങ്ങൾ കഴുകുന്നത് കണ്ട് ഒമർ പറഞ്ഞു. അതിന്റെ ആവശ്യമില്ല. കീടനാശിനികൾ തളിക്കാത്തതാണ്. ഒരു തുണികൊണ്ട് തുടച്ച ശേഷം അയാൾ കഴിക്കുവാൻ തുടങ്ങി. ഇത്രയും മധുരമുള്ളതും ജ്യൂസിയുമായ ആപ്പിൾ ഞാൻ കഴിച്ചിട്ടില്ല എന്ന് പറയേണ്ടി വരും. ജോർജിയയിൽ എവിടെയും കഴിച്ച പഴങ്ങളും പച്ചക്കറികളും വളരെ മികച്ച quatity ആയിരുന്നു. ജോർജിയൻ ഗ്രാമങ്ങളുടെ മറ്റൊരു കാഴ്ച എല്ലാ വീടിനു മുൻപിലും കാണുന്ന മുന്തിരിച്ചെടികളാണ്. വൈൻ ഉണ്ടാക്കാനാണിത്. വൈൻ ഇവരുടെ പ്രിയ പാനീയമാണ്. ഞങ്ങൾ ഇപ്പോൾ കടന്ന് പോകുന്നത് ജോർജിയയുടെ മൂന്നാമത്തെ വലിയ നഗരമായ കുത്തൈസിയിലൂടെ ആണ്. ജോർജിയയിൽ ഏയർപോർട്ട് ഉള്ളത് തീബ്ലിസിയിലും ബാത്തുമിയിലും കുത്തൈസിയിലുമാണ്. ഒരു തുറസ്സായ സ്ഥലത്ത് ഒരു ഡോമിന്റെ ആകൃതിയിലുള്ള ഒരു കെട്ടിടം കണ്ടു. ജോർജിയയുടെ പാർലമെന്റ് മന്ദിരമാണത്രേ. സാധാരണ പാർലമെന്റ് കെട്ടിടങ്ങൾ എന്നു മറഞ്ഞാൽ മനസ്സിൽ വരുന്ന ചിത്രം പഴയ കോളോണിയൽ സ്റ്റൈൽ ബിൽഡിംഗുകളാണ്. അതിൽ നിന്ന് എല്ലാം വ്യത്യസ്ഥമാണ് ഇത്.

സുദീർഘമായ യാത്രക്കൊടുവിൽ കുത്തൈസിയിൽ നിന്നും 20 KM അകലെ Tskhaltubo എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രൊമിത്യൂസ് (Kumistavi in local language )ഗുഹയിൽ എത്തിച്ചേർന്നു. ഗ്രീക്ക് പുരാണങ്ങളിൽ ദൈവങ്ങളുടെ കൈയ്യിൽ നിന്നും തീ മോഷ്ടിച്ചതായി പരാമർശമുള്ള പ്രോമിത്യൂസിനെ ബന്ധിച്ചിരുന്നത് ഇതിനടുത്തുള്ള Khvamli പർവ്വതത്തിലാണത്രേ. 1984 ൽ ആണ് ഈ ഗുഹ കണ്ടു പിടിക്കപ്പെട്ടത്. ജോർജിയയിലെ ഏറ്റവും വലിയ ഗുഹയാണിത്. ഇതിന്റെ ഒരു ഭാഗം മാത്രമേ ടൂറിസ്റ്റുകൾക്ക് പ്രവേശനമുള്ളൂ. ഏകദേശം ഒരു കിലോമീറ്ററോളം ദൈർഘ്യമുള്ള നടത്തമാണ്. ഉള്ളിൽ പ്രവേശിക്കാൻ ടിക്കറ്റ് ഉണ്ട്. 20 ലാറി ആണ് ചാർജ്. ഗുഹയ്ക്കുള്ളിൽ ബോട്ടിംഗ് വേണമെങ്കിൽ 15 ലാറി അധികം നല്കണം. കുട്ടികൾക്ക് സൗജന്യമാണ്. ഒമറും ദാത്തോയും വന്നില്ല. ഒരു വലിയ ഗ്രൂപ്പ് ആയിട്ടാണ് കൊണ്ടു പോകുന്നത്. കൂടെ ഒരു ഗൈഡും ഉണ്ടാകും. ടിക്കറ്റ് കൗണ്ടറിനടുത്ത് ഒരു മുറിയിൽ ചെറിയ ഒരു മ്യൂസിയം സെറ്റ് ചെയ്തിട്ടുണ്ട്. പോകാനുള്ള ആള് തികഞ്ഞപ്പോൾ ഞങ്ങൾ ഉള്ളിൽ പ്രവേശിച്ചു. ഗുഹാമുഖം അല്പം താഴെയാണ്. അങ്ങോട്ടേക്ക് ഇറങ്ങി ചെല്ലാൻ പടികൾ കെട്ടിയിട്ടിട്ടുണ്ട്. ആദ്യം കാര്യങ്ങൾ പറഞ്ഞു തരുന്നത് ജോർജിയൻ ഭാഷയിലാണ്. അതു കൊണ്ട് അതു മനസ്സിലാകുന്നവരാണ് മുമ്പിൽ. അതു കഴിഞ്ഞ് ഇംഗ്ലിഷ് വിവരണം.

ഒരു കിലോമീറ്ററോളം ദൂരം ഉള്ളിൽ നടക്കേണ്ടതുണ്ട്. 85 മീറ്ററാണ് ഏറ്റവും താഴ്ചയുള്ള ഇടം. ഉള്ളിലുള്ള താപനില എപ്പോഴും ഏകദേശം 14 ഡിഗ്രി ആയിരിക്കും. ഓക്സിജന്റെ അളവ് ഏകദേശം 25 ശതമാനം മാത്രമാണ്. അതു കൊണ്ട് ശ്വാസം മുട്ടലോ ഹൃദ്രോഗമുള്ളവരോ ഉള്ളിൽ പോകുന്നത് അപകടകരമാകാം. തറയിൽ നല്ല ഈർപ്പമുണ്ട്. അതു കൊണ്ട് വഴുക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതു കൊണ്ട് നല്ല ഗ്രിപ്പ് ഉള്ള ഷൂ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. ആറു ചേംബറുകളിലൂടെയാണ് കടന്നു പോകുന്നത്. ഉള്ളിൽ വിവിധ വർണങ്ങളിലുള്ള LED ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. പൊതുവെ നല്ല ഇരുട്ടാണ്. ഫോട്ടോ എടുക്കുമ്പോൾ ഫ്ലാഷ് ഉപയോഗിക്കരുത് എന്ന് ഗൈഡ് പറഞ്ഞു. എന്നാലും എല്ലാവരും തന്നെ ഫ്ലാഷ് ഉപയോഗിക്കുന്നുണ്ടായിരുന്നു. സ്കൂളിൽ ജോഗ്രഫിയിൽ പഠിച്ചിട്ടുളള stalactites and stalagmites കാണുന്നത് ആദ്യമായിട്ടാണ്. വ്യത്യസ്ഥമായ ഒരു അനുഭവം തന്നെയായിരുന്നു ഇവിടം. ഇതിൽ ഒരു ചേംബറിൽ മുൻകൂട്ടി ബുക്ക് ചെയ്താൽ വിവാഹം കഴിക്കുവാനുള്ള സൗകര്യമുണ്ട്. വിവാഹത്തിൽ വ്യത്യസ്ഥത വേണമെന്നുള്ളവർക്ക് Try ചെയ്യാം. നടക്കുവാൻ കൈവരികളുളള പാതകളാണുള്ളത്. അതു കൊണ്ട് വലിയ ബുദ്ധിമുട്ടില്ല. ആയാസകരമെങ്കിലും ഗുഹാ സന്ദർശനം ആസ്വാദ്യമായ ഒരു അനുഭവം തന്നെയായിരുന്നു. അവസാന ഭാഗത്ത് പ്രത്യേകം ടിക്കറ്റ് എടുത്തവർക്ക് പോകാൻ ബോട്ടുണ്ട്. ഞങ്ങൾ ടിക്കറ്റ് എടുത്തിട്ടില്ല. മറ്റൊരു വഴിയിലൂടെ ഞങ്ങൾ പുറത്തെത്തി. ബോട്ടുയാത്രക്കാരും ഇവിടെത്തന്നെ എത്തിച്ചേരും. ഇവിടെ നിന്നും ഞങ്ങൾ പ്രവേശിച്ച ഇടത്തേക്ക് സൗജന്യ ഷട്ടിൽ ബസ് സർവിസ് ഉണ്ട്. ഒമറിന്റെ കാറിൽ ഞങ്ങൾ മാർത്തിവിലി കാന്യോൺ ലക്ഷ്യമാക്കി നീങ്ങി.

ഇവിടെ നിന്നും 20 കിലോമീറ്റർ അകലെയാണ് മലയിടുക്കുകളിലൂടെ ഒഴുകുന്ന അബാഷ നദിയിലുള്ള മാർത്തിവിലി കാന്യോൺ. സാമാന്യം ഒഴുക്കുള്ള ടർക്കോയിസ് നീല നിറത്തിലുള്ള നദിയിലെ ബോട്ടിൽ ഉള്ള സഞ്ചാരമാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഒരു വലിയ വെളളച്ചാട്ടവുമുണ്ട് ഇവിടെ. ഉള്ളിൽ പ്രവേശനത്തിന് ഒരാൾക്ക് 15 ലാറി ചാർജുണ്ട്. ബോട്ടിംഗ് 10 ലാറി. കുട്ടികൾക്ക് സൗജന്യം. നദിയിലൂടെ പോകുമ്പോൾ നല്ല ഫോട്ടോയൊക്കെ എടുക്കാമല്ലോ എന്ന് കരുതി കഴുത്തിൽ ക്യാമറയും പുറകിൽ നല്ല ഭാരമുള്ള ക്യാമറ ബാഗും തൂക്കി ചെന്നപ്പോൾ പണി കിട്ടി. രണ്ടു പേർ ഊതിവീർപ്പിച്ച ബോട്ട് തുഴയണം. ഞങ്ങളുടെ കൂടെ ഉള്ളത് ദാത്തോയുടെ കാറിൽ വന്ന ഫാമിലിയാണ്. ഞങ്ങൾ ആണുങ്ങൾ രണ്ടു പേരും മുൻപിൽ തുഴച്ചിലുകാർ ആയി. പിന്നിൽ ഇവിടുത്തെ തന്നെ ഒരു തുഴച്ചിലുകാരനുമുണ്ട്. ചെറിയ ഒഴുക്കുണ്ട്. നദി ഒഴുകി ചെന്ന് പതിക്കുന്നത് വലിയ ഒരു വെള്ളച്ചാട്ടത്തിലേക്കാണ്. സുരക്ഷക്കായി അവിടെ കയറ് കെട്ടി ഇട്ടിട്ടുണ്ട്. ഒഴുക്കിന് എതിരെയാണ് തുഴയേണ്ടത്. അല്പം കഠിനമായ കാര്യമായിരുന്നു. ഒരു പത്തു മിനിറ്റ് സഞ്ചരിച്ച് ശാന്തമായ ഒരു ഭാഗത്ത് കുറച്ച് വിശ്രമത്തിനും ഫോട്ടോ എടുപ്പിനും ശേഷം മടക്കം. ഇരു വശങ്ങളിലും ഉയർന്ന പാറക്കെട്ടുകളും നിബിഡവനവുമാണ്. അതിനിടയിയുടെ ഒഴുകന്ന നീല നദി അതി മനോഹരമായ കാഴ്ച തന്നെയാണ്.

ബോട്ടിൽ നിന്ന് ഇറങ്ങിയാൽ വെളളച്ചാട്ടത്തിലേക്ക് ഉള്ള പാതയാണ്. ജലപാതത്തിന് നേരേ മുകളിൽ തന്നെ ഒരു Viewing platform ഉണ്ട്. കമ്പി വലയാണ് താഴെ. അതിലൂടെ നമ്മൾ നില്ക്കുന്നതിന് നേരേ താഴെ വെള്ളച്ചാട്ടം കാണാം. കുറച്ച് ദൂരം നദിയെ പിൻ തുടർന്ന് നടക്കാൻ പാതയുണ്ട്. കുറച്ച് ദൂരം അവിടെ ചിലവഴിച്ചു മടങ്ങി. കുളിക്കാൻ പറ്റിയാൽ മാറാനുള്ള വസ്ത്രങ്ങളും തോർത്തുമെല്ലാം കരുതിയിരുന്നു. പക്ഷെ അതിന് ഇവിടെ സൗകര്യമില്ല. മറ്റൊരു പ്രധാന കാര്യം ഇന്നു വന്ന സ്ഥലങ്ങളിലേക്കെല്ലാം വേനലിൽ മാത്രമേ പ്രവേശനമുള്ളൂ. വിന്റർ സീസണിൽ ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. പതിവുപോലെ അഞ്ചു മണിയോടെ ഭക്ഷണവും കഴിച്ച് മടങ്ങി. മടക്കയാത്രയിൽ ഒമർ ഞങ്ങൾക്ക് വഴിയരികിൽ നിന്നും ഹോം മെയ്ഡ് ജോർജിയൻ ബ്രെഡ് വാങ്ങിത്തന്നു. നല്ല മധുരവും മാർദ്ദവമേറിയതുമാണ് ഇത്. വഴി നീളെ ഇത് വില്ക്കുന്ന കടകൾ കാണാം. ഒരു ലാറിയാണ് വില. ജോർജിയിൽ പോകുമ്പോൾ ഇത് തീർച്ചയായും കഴിച്ചു നോക്കണം. മറ്റൊരു സാധനമാണ് ചർച്ച്കേല. മുന്തിരിച്ചാറിൽ പൊതിഞ്ഞ മാവുകൊണ്ട് ഉണ്ടാക്കുന്ന ഒരു മധുര പലഹാരമാണിത്. ഇതും വഴി നീളെ വിൽക്കുന്നതു കാണാം. പക്ഷെ പലയിടത്തും ഇത് തുറന്നാണ് വച്ചിരിക്കുന്നത്. അതു കൊണ്ട് ഈച്ച ശല്യമുണ്ട്. ചില കടകളിൽ പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മൂടിയിട്ട് വിൽക്കുന്നത് കാണാം. അത്തരമൊരു കടയിൽ നിന്ന് അതും വാങ്ങി കഴിച്ചു നോക്കി. ജോർജിയയിൽ വന്നാൽ രുചിച്ചു നോക്കേണ്ട മറ്റൊരു പലഹാരമാണിത്. ഏകദേശം പതിനൊന്ന് മണിയോടെ തിരികെ ഹോട്ടലിൽ എത്തി. ദീർഘയാത്രയുടെ ക്ഷീണം കൊണ്ട് കിടന്ന് ഉറങ്ങിയതറിഞ്ഞില്ല.

Day 6 അവസാന ദിവസം ബോർജോമി എന്ന സ്ഥലം സന്ദർശിക്കാം എന്നായിരുന്നു ഒമർ ആദ്യം പറഞ്ഞിരുന്നത്. ഇതും ഇന്നലെ പോയ റൂട്ട് തന്നെയാണ്. ഏകദേശം 175 കിലോമീറ്റർ ഉണ്ട്. തന്നെയുമല്ല. മലകളും കാടുമെല്ലാം മുൻപ് കണ്ടതുപോലെ തന്നെയാണത്രെ. അതു കൊണ്ട് ഇന്നത്തെ യാത്ര മാറ്റിപ്പിടിക്കാം എന്ന് പറഞ്ഞു. മറ്റൊരു ദീർഘയാത്രക്ക് ഞങ്ങൾക്കും താല്പര്യമില്ലായിരുന്നു. ഇന്ന് പോകുന്നത് സിഗ്നാനി ലൗ സിറ്റിയിലേക്കാണ്.

ആദ്യം പോകുന്നത് ഒരു വൈൻ നിർമ്മാണ ശാലയിലേക്കാണ്. ജോർജിയൻ ആതിഥേയത്വത്തിന്റെ പ്രതീകമാണ് വൈൻ. എല്ലാ വീടുകളിലും വൈൻ ഉണ്ടാക്കുവാനായി മുന്തിരി വളർത്തുന്നുണ്ട്. തിബ്ലിസിയിലെ മദർ ഓഫ് ജോർജിയ പ്രതിമയുടെ കൈയ്യിലുള്ള വൈൻ ഗ്ലാസിനെ പറ്റി മുൻപ് സൂചിപ്പിച്ചിരുന്നുവല്ലോ. KTW എന്ന വലിയ ബോർഡുള്ള ഒരു കെട്ടിടം ദൂരെ നിന്ന് തന്നെ കാണാം. മുൻപിൽ ധാരാളം വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ട്. Kakhetian traditional wine making എന്നതാണ് KTWവിന്റെ പൂർണ്ണരൂപം. ഫാക്ടറിയുടെ ഉള്ളിൽ ഗൈഡ് ഞങ്ങളെ കൂട്ടിക്കൊണ്ട് പോയി. രണ്ട് നില കെട്ടിടത്തിന്റെ പൊക്കത്തിലുള്ള വലിയ സ്റ്റീൽ ടാങ്കുകളിലാണ് വൈൻ നിർമ്മാണ പ്രക്രിയ നടക്കുന്നത്. ഇങ്ങനത്തെ ഒരു ഇരുപതോളം ടാങ്കുകൾ നിരനിരയായി വച്ചിട്ടുണ്ട്. ഒരോന്നിലും പല തരം വൈനുകളും cognacകളുമാണ്. ഒരോ തരം വൈനിന്റെയും പ്രത്യേകതകൾ ഗൈഡ് വിവരിച്ചു തരുന്നുണ്ട്. ഒപ്പം ചെറിയ പ്ലാസ്റ്റിക്ക് കപ്പുകളിൽ എല്ലാവർക്കും ഇഷ്ടം പോലെ വൈൻ രുചിച്ചു നോക്കാനും ലഭിക്കും. ഈ ടാങ്കുകൾക്ക് നന്നേ കുറഞ്ഞ താപനിലയാണ്. അതിനാൽ ഫാക്ടറിക്കുള്ളിൽ നല്ല തണുപ്പുണ്ട്. വൈൻ നിർമ്മാണ ശാലയിലെ കാഴ്ചകൾ കണ്ട് പുറത്തുള്ള സെയിൽസ് കൗണ്ടറിൽ നിന്നും വൈനും വാങ്ങി. ഒമറിന്റെ ഇഷ്ട ബ്രാന്റ് ഒരു കുപ്പി അയാൾക്ക് സമ്മാനമായി നല്കി.

സിഗ്നാനിക്ക് അടുത്തുള്ള ബോദ്ബേ മോണാസ്ട്രിയിലേക്കാണ് അടുത്തതായി പോയത്. നാലാം നൂറ്റാണ്ടിൽ നിർമ്മിച്ച പള്ളിയാണ് ഇത്. ഇതിന് ചുറ്റും അതി മനോഹരമായ ഒരു പൂന്തോട്ടമുണ്ട്. ഇവിടെ നിന്നുള്ള കാഴ്ചകൾ ഹൃദയഹാരിയാണ്. സിഗ്നാനി സിറ്റി ഓഫ് ലൗ എന്നാണ് അറിയപ്പെടുന്നത്. എന്തുകൊണ്ടാണ് സിറ്റി ഓഫ് ലൗ എന്ന് ഒമറിനോട് ചോദിച്ചു. അയാൾ ചിരിച്ച് കൊണ്ട് കൈ മലർത്തി. വിക്കിപീഡിയയിൽ തപ്പി നോക്കിയപ്പോൾ കണ്ടത് ഇവിടെ വിവാഹിതരാകാൻ വേണ്ടി മാത്രം ധാരാളം പേർ വരാറുണ്ടത്രെ. അതു കൊണ്ടാണ് ഇങ്ങനെ ഒരു വിശേഷണം. ജോർജിയുടെ കാഖേത്തി പ്രവിശ്യയിൽ ഗോമ്പോറി മലനിരകളുടെ ചുവട്ടിൽ സ്ഥിതി ചെയ്യുന്ന പുരാതനവും അതി മനോഹരവുമായ ഒരു ചെറുപട്ടണമാണ്. ജോർജിയൻ വൈൻ നിർമ്മാണത്തിന്റെ കേന്ദ്രമാണ് ഇവിടം. കല്ലുപാകിയ ഇടുങ്ങിയ വഴികളും പഴയ വീടുകളും പൂന്തോട്ടങ്ങളും മലനിരകളും പച്ചപ്പുൽമേടുകളും എല്ലാം കൂടി വളരെ റൊമാന്റിക്ക് ആയ സ്ഥലമാണ് സിഗ്നാനി. വിവാഹം കഴിക്കാൻ എന്തുകൊണ്ടും യോജിച്ച സ്ഥലം. ആദ്യം ഞങ്ങൾ പോയത് ഇവിടുത്തെ ഒരു മ്യൂസിയത്തിലേക്കാണ്. ജോർജിയൻ ചരിത്രത്തിന്റെ ഭാഗമായ പുരാവസ്തുക്കളും ചിത്രങ്ങളുമെല്ലാമുണ്ട് ഇവിടെ.

സിഗ്നാനിയിൽ ഒരു വൻമതിൽ ഉള്ളതായി യൂറ്റ്യൂബ് വീഡിയോകളിൽ കണ്ടിട്ടുണ്ട്. ചൈനയിലേതുപോലെ. അവിടെ പോകണമെന്ന് ഒമറിനോട് സൂചിപ്പിച്ചിരുന്നു. എന്നാൽ അങ്ങനെ ഒരു സ്ഥലത്തെപ്പറ്റി അയാൾക്ക് അറിയില്ലന്ന് പറഞ്ഞു. അവിടുത്തെ ആളുകളോട് ചോദിച്ച് ഒടുവിൽ കണ്ടു പിടിച്ചു. തൊട്ടടുത്ത് തന്നെയാണ്. സിഗ്നാനി പട്ടണത്തെ ചുറ്റി കിടക്കുന്ന 5 കിലോമീറ്റർ നീളമുള്ള ഒരു കോട്ട മതിലാണത്. King Erekle രണ്ടാമൻ 1770 ൽ നിർമ്മിച്ചതാണിത്. 23 ടവറുകളും ഈ മതിലിന്റെ ഭാഗമായി ഉണ്ട്. കോക്കാസസ് മലനിരകളുടെ ഭംഗി ആസ്വദിച്ച് ഭക്ഷണം കഴിക്കുവാൻ ഇവിടെ ഒരു റെസ്റ്റോറൻറുമുണ്ടിവിടെ. കുന്നിൻചരിവിൽ സ്ഥിതി ചെയ്യുന്നത് കൊണ്ട് നല്ല കയറ്റവും ഇറക്കവുമുണ്ട്. അതു കൊണ്ട് കാഴ്ചകൾ കണ്ട് കാറിൽ തിരികെ എത്തിയപ്പോൾ നല്ല ക്ഷീണമായി. തിബ്ലിസിയിലേക്ക് മടക്കം. അഞ്ച് മണിയോടെ തിബ്ലിസിയിൽ തിരികെ എത്തി.

ജോർജിയയിൽ വരുമ്പോൾ തീർച്ചയായും കഴിക്കേണ്ട ഒരു ഭക്ഷണമാണ് KhinkhaIi എന്ന് പലരും പറഞ്ഞു കേട്ടിരുന്നു. എന്നാൽ ഇതുവരെ അത് കഴിക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്ന് എന്തായാലും അത് കഴിക്കണം. നല്ല ഒരു റെസ്റ്റോറന്റിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ ഒമറിനോട് പറഞ്ഞു. bridge of Peace ന് അടുത്തുള്ള SAMIKITNO എന്ന റെസ്റ്റോറന്റിലേക്കാണ് ഞങ്ങൾ പോയത്. മോമോ പോലെ ഇരിക്കുന്ന ഒരു ഡിഷ് ആണ് ഖിൻഖാലി. നല്ല സ്വാദുണ്ട്. ഭക്ഷണത്തിന് ശേഷം പുറത്തിങ്ങി. ഒമറിന് കൊടുക്കുവാനുള്ള പണവും നല്ലൊരു സംഖ്യ ടിപ്പും ചേർത്ത് നല്കി. അവിടെ നിന്നും കുറേ ചിത്രങ്ങളുമെടുത്ത് ഹോട്ടലിലേക്ക് മടങ്ങുമ്പോൾ ആറ് മണി. നാളെ ഞങ്ങൾക്ക് വൈകിട്ട് അഞ്ച് മണിക്കാണ് ഫ്ലൈറ്റ്. ഞങ്ങളെ ഏയർപോർട്ടിൽ കൊണ്ട് വിടാൻ ഒമർ എത്താമെന്ന് പറഞ്ഞു.

അല്ല സമയം വിശ്രമത്തിന് ശേഷം സമീപത്തുള്ള കടകളിൽ ഷോപ്പിംഗിന് പോയി. പല കടകളിലും നല്ല ഓഫർ ഉണ്ട്. ദുബായിൽ ലഭിക്കുന്നതിലും വിലക്കുറവുണ്ട്. അടുത്ത ദിവസം കാലത്തും ഷോപ്പിംഗ് തുടർന്നു. മുന്ന് മണിയോടെ ഒമർ ഞങ്ങളെ വിട്ടു. ഈ നാലു ദിവസം കൊണ്ട് സ്വന്തം കുടുംബത്തിലെ ഒരു അംഗത്തെപ്പോലെ ആയിരുന്നു അയാൾ. ഒമറിനോടും തിബ്ലിയോടും വിട ചൊല്ലി തിരികെ മരുഭൂമിയിലെ കൊടും ചൂടിലേക്ക് പറന്നു പോകുമ്പോൾ മനസ്സ് ചൊല്ലി… മനോഹരിയാണു നീ ജോർജിയ !

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post