ബഹ്‌റൈൻ യാത്രയ്ക്ക് ശേഷം നാട്ടിൽ വന്ന ഞങ്ങൾ കുറച്ചു ദിവസം റെസ്റ്റ് എടുക്കുകയുണ്ടായി. അങ്ങനെയിരിക്കെയാണ് കണ്ണൂർ എയർപോർട്ടിന്റെ ഉത്ഘാടനത്തെക്കുറിച്ച് അറിയുന്നത്. എന്തായാലും അവിടേക്ക് ഒന്ന് പോകുവാൻ തീരുമാനിച്ചു. കണ്ണൂർ എയർപോർട്ടിൽ നിന്നുള്ള ആദ്യത്തെ വിമാനത്തിൽ കയറുവാൻ ആയിരുന്നു എന്റെ ആഗ്രഹം.

കണ്ണൂരിൽ നിന്നും അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനമാണ് ആദ്യമായി ടേക്ക് ഓഫ് ചെയ്യുന്നത്. നിർഭാഗ്യവശാൽ ആ യാത്രയുടെ ടിക്കറ്റ് ചാർജ്ജ് എനിക്ക് താങ്ങാൻ സാധിക്കുന്ന ഒന്നല്ല. അതുകൊണ്ട് കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പറക്കുന്ന ഗോ എയർ വിമാനത്തിൽ ഒരു ടിക്കറ്റ് ഞാൻ ബുക്ക് ചെയ്തു. ഏകദേശം 5000 രൂപയായി ടിക്കറ്റ് ചാർജ്ജ്.

എന്തായാലും കണ്ണൂർ വരെ പോകുകയല്ലേ. അതുകൊണ്ട് അവിടെയും പരിസരപ്രദേശങ്ങളിലും ഒന്ന് വിശദമായി കറങ്ങുവാൻ തന്നെ ഞാൻ തീരുമാനിച്ചു. അങ്ങനെ എയർപോർട്ട് ഉത്ഘാടനത്തിന്റെ നാലു ദിവസം മുൻപ് തന്നെ ഞങ്ങൾ കണ്ണൂരിലേക്ക് യാത്രയായി. രാത്രി 9.30 ഓടെ ഞാനും ശ്വേതയും കൂടി ഞങ്ങളുടെ കാറിൽ യാത്രയാരംഭിച്ചു. രാവിലെ ആറുമണിയോടെ കണ്ണൂർ എത്തണം എന്നായിരുന്നു ഞങ്ങളുടെ പ്ലാൻ.

രാത്രിയായതിനാൽ റോഡിൽ ഒട്ടും തിരക്കുകൾ ഒന്നുമില്ലായിരുന്നു. രാത്രികളിൽ വാഹനമോടിക്കുവാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. കാരണം രാവിലത്തെ ബ്ലോക്കിൽ നിന്നും രക്ഷനേടാം എന്നതുതന്നെ. പണ്ടുമുതലേ രാത്രി ഡ്രൈവിംഗ് ചെയ്ത് ശീലമുള്ളതു കൊണ്ടാണ് ഞാൻ ഇപ്പോഴും രാത്രിയാത്രകൾ തിരഞ്ഞെടുക്കുന്നത്. രാത്രി ഡ്രൈവിംഗ് പരിചയമില്ലാത്തവർ ഒരിക്കലും ഇതിനു മുതിരരുത്.

രാത്രി പത്തേകാലോടെ ഞങ്ങൾ പുതുപ്പള്ളിയിൽ എത്തിച്ചേർന്നു. അവിടെയുള്ള എന്റെയൊരു സുഹൃത്തായ സജി ജോർജ്ജ് ചേട്ടൻ ഞങ്ങൾക്ക് എയർപോർട്ട് ഉത്ഘാടനത്തിലേക്കുള്ള എൻട്രി പാസുകൾ തന്നു. സജി ചേട്ടനോട് അൽപ്പനേരം സംസാരിച്ചു നിന്നതിനു ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

വളഞ്ഞുപുളഞ്ഞു കിടക്കുന്ന എംസി റോഡിലൂടെ ആ സമയത്ത് ഡ്രൈവ് ചെയ്യുവാൻ വളരെ സുഖകരമായിരുന്നു. ഞങ്ങൾക്ക് മുന്നിൽ കെഎസ്ആർടിസിയുടെ ഒരു സൂപ്പർഫാസ്റ്റ് ആയിരുന്നു പൊയ്‌ക്കൊണ്ടിരുന്നത്. ആശാനും അസാധ്യ പറപ്പിക്കൽ ആയിരുന്നു. അങ്ങനെ പതിനൊന്നേ കാലോടെ ഞങ്ങൾ മൂവാറ്റുപുഴ കടന്നു.

മൂവാറ്റുപുഴയിൽ വെച്ച് കൊട്ടാരക്കരയിൽ നിന്നും കൊല്ലൂർ മൂകാംബികയിലേക്ക് പോകുകയായിരുന്ന ശബരി ഡീലക്സ് ബസ്സിനെ കണ്ടു. ബസ്സിനു പിന്നിൽ കുറച്ചു ഓടിയശേഷം ഞങ്ങൾ ഹെഡ്‌ലൈറ്റ് ഡിം – ബ്രൈറ്റ് അടിച്ചുകൊടുക്കുകയും ബസ് സൈഡ്‌ തന്നപ്പോൾ കയറിപ്പോകുകയും ചെയ്തു. രാത്രികാലങ്ങളിൽ രു വാഹനത്തെ ഓവർടേക്ക് ചെയ്യുവാൻ ഒരിക്കലും ഹോൺ അടിച്ചു വെറുപ്പിക്കരുത്. നൈസായി ഇതുപോലെ ഹെഡ്‌ലൈറ്റ് ഡിം – ബ്രൈറ്റ് അടിച്ചു കൊടുത്താൽ മതി. മുന്നിൽപ്പോകുന്ന ഡ്രൈവർ മാന്യനാണെങ്കിൽ സാഹചര്യം നോക്കി നമ്മളെ കയറ്റിവിടും.

വെളുപ്പിന് 12.15 ഓടെ തൃശൂർ പാലിയേക്കര ട്രോളിനടുത്തെത്തി. ഫാസ്റ്റാഗ് ലൈൻ വർക്കിംഗ് അല്ലാതിരുന്നതിനാൽ ഞങ്ങൾക്ക് നല്ല ക്യൂവിൽ കാത്തുകിടക്കേണ്ടി വന്നു. 12.30 ഓടെ ഞങ്ങൾ തൃശ്ശൂർ ടൗണിൽ കയറുകയും കാറിൽ ഡീസൽ അവിടെ നിന്നും അടിക്കുകയും ചെയ്തു. ഇത്രയും ദൂരം സഞ്ചരിച്ചു വന്നതിനാൽ ഞങ്ങൾക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. പിന്നെ ഞങ്ങൾ ഒന്നും ആലോചിച്ചില്ല. തൃശ്ശൂരിൽ വഴിയരികിൽ കണ്ട നല്ലൊരു തട്ടുകടയിൽ കയറി ചില്ലിചിക്കനും പൊറോട്ടയും ഓർഡർ ചെയ്തു. നല്ല അടിപൊളി ഫുഡ് ആയിരുന്നു.

ഫുഡ് കഴിച്ചതോടെ ഞങ്ങൾ രണ്ടുപേരും ഒന്നുഷാറായി. അരമണിക്കൂറോളം അവിടെ ബ്രേക്ക് എടുത്തശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. കോഴിക്കോട് ഭാഗത്തെത്തിയപ്പോൾ ശ്വേതയ്ക്ക് ഉറക്കം പിടിച്ചു നിർത്താൻ കഴിയാത്ത അവസ്ഥ വന്നു. അതുകൊണ്ടതോടെ എനിക്കും ഒന്നുറങ്ങിയാൽ കൊള്ളാമെന്നു തോന്നി. അങ്ങനെ വടകര എത്തിയപ്പോൾ ഞങ്ങൾ യാത്ര അവസാനിപ്പിച്ച് ഒരു ഹോട്ടലിൽ റൂം എടുത്തു. ഇനി നന്നായി ഉറങ്ങിയതിനു ശേഷം പകൽ യാത്ര തുടരാം എന്നു ഞങ്ങൾ പ്ലാൻ ചെയ്തു. രാത്രിയാത്രകളിൽ നിങ്ങൾക്കും ഇതുപോലെ ഉറക്കം വന്നേക്കാം. അങ്ങനെയുള്ള സമയങ്ങളിൽ തുടർന്ന് ഡ്രൈവ് ചെയ്യാതിരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here