വിവരണം – Rahim D Ce.

ഇടപ്പള്ളി വനിതാ ടാക്കീസിൽ 96 സിനിമ കണ്ടു കൊണ്ടിരുന്നപ്പോൾ തന്നെ തഞ്ചാവൂരുള്ള സ്കൂളും പരിസരവും മനസ്സിൽ ഒരുപാട് ഇടം പിടിച്ചിരുന്നു. കൂടെ ജാനുവിന്റെ ഒടുക്കത്തെ ഡയലോഗും “റൊമ്പ ദൂരം പോയിട്ടിയാ റാം”, അതങ്ങോട്ട് തലയ്ക്കും പിടിച്ചു.,പിന്നെ ഒന്നും ആലോചിക്കാൻ നിന്നില്ല..കേരളം പ്രളയക്കെടുത്തിയിൽ മുങ്ങിപോയപ്പോൾ ഞങ്ങൾക്ക് വേണ്ട സാധനങ്ങളെല്ലാം ആയി വന്ന തഞ്ചാവൂർ ടീംസ് യാസിർ അണ്ണനെ വിളിച്ചു ഡീറ്റൈൽസ് എടുത്തു ., പിറ്റേ ദിവസം തന്നെ പോകാനും ഉറപ്പിച്ചു. ബസിന്റെയും ട്രെയിനിന്റെയും സമയം പെട്ടെന്ന് താപ്പാൻ തുടങ്ങി..ഒരു ദിവസത്തെ സമയം മാത്രമേ കൈയിലും ഉള്ളു..

തമ്പാനൂർ പോയി ഹെർബൺ സ്കാനിയക്ക് പാൽപന്നയ് വരെ അറുനൂർ രൂപയുടെ ടിക്കറ്റും ബുക്ക് ചെയ്തിട്ട് പണി സാധനങ്ങളും എടുത്തു ഞാനും അമലും കൂടി തലസ്ഥാനത്തു നിന്ന് ആ സ്ഥാനത്തേക്ക് യാത്ര തിരിച്ചു…,രാത്രി ഏഴ് മണിക്ക് പുറപ്പെട്ട ചകടം നാഗർ കോയിലും ,മധുരൈയിലെ തെരുവോരങ്ങളെയും ചുംബിച്ച് വെളുപ്പിനെ നാലുമണി ആയപ്പോൾ പറന്നെത്തി. എ.സിയുടെ കട്ട തണുപ്പിൽ ഉറങ്ങി പോയ ഞങ്ങൾ ബസിലെ പയ്യന്റെ തട്ടി വിളി കേട്ടാണ് ഉണർന്നത്., ഉങ്കള്ക്ക് എറങ്ങേണ്ട ഊര് എത്തിയിരുക്കു അയ്യാ.,പാൽ പന്നൈ കാൽ കുത്തിയപ്പോൾ തന്നെ നമ്മുടെ ഇഷ്‌ട വാഹനം ആയ തമിഴ്നാട് ആന വണ്ടി പറന്നെത്തി..തഞ്ചാവൂർക്ക് 2 ടിക്കറ്റ് എന്നും പറഞ്ഞു 86 രൂപയ്ക്ക് 2 ടിക്കറ്റ് എടുത്തു .ഒരു മണിക്കൂർ കൊണ്ട് എത്തേണ്ട വണ്ടി അര മണിക്കൂർ കൊണ്ട് ഓടി എത്തി..

തഞ്ചാവൂരിന്റെ ഇളം കാറ്റും മുല്ലപ്പൂ വാസവും ഏറ്റു വാങ്ങി കൊണ്ട് കുറച്ചു നേരം പത്ര കെട്ടുകൾ തയാറാക്കുന്ന പിള്ളേരെയും നോക്കി സ്റ്റാൻഡിൽ ഇരുന്നു. ഒന്ന് ഫ്രഷ് ആകാൻ വേണ്ടി നാല് മണിക്കൂറത്തേക്ക് 300 രൂപ കൊടുത്തു ഒരു റൂമും എടുത്തിട്ട് കുറച്ചു നേരം കൂടി കിടന്നുറങ്ങിയിട്ടു കുളിച്ചു സെറ്റ് ആയി 10 മണി ആയപ്പോൾ പുറത്തു ചാടി..വിശപ്പിന്റെ വിളി വയറ്റിലും കാതിലും മുയങ്ങാൻ തുടങ്ങിയപ്പോൾ ആദ്യം കണ്ട ഹോട്ടലിൽ തന്നെ കയറി ഇഡിലിക്ക് ഓർഡർ പറഞ്ഞു..ഇത് വരെ തമിഴ്‌ നാട്ടിൽ നിന്നും കഴിച്ചതിൽ നല്ല രുചിയുള്ള ഇഡിലിയും സാമ്പാറും..

പിന്നെ ന്യൂ ബസ്റ്റാന്റിൽ നിന്ന് 7 രൂപ ടിക്കറ്റ് എടുത്ത് യാഗപ്പാ റോഡിനു മുന്നിലായി ഇറങ്ങി.. കുറച്ചു ദൂരം നടക്കേണ്ടത് ഉണ്ട് ഈ സ്കൂൾ എത്താൻ..അങ്ങനെ ചോതിച്ചു ചോതിച്ചു പോയി അവസാനം കണ്ടു പിടിച്ചു..Don Bosco Matriculation Higher Secondary School. സ്കൂൾ മാരക ആമ്പിയൻസ് ആണ്.. സ്കൂളിലെ സാറിന്റെ അനുവാദം വാങ്ങി കുറച്ചു നേരം ജാനുവും റാമും കാതലെ കാതലെ പാട്ടും പാടി പ്രണയിച്ചു നടന്ന ഇടവഴികളിലൂടെ ഒരു നടത്തം..ഞാനും അറിയാതെ എന്റെ പഴയ കവല സ്കൂളിലെ ജീവിതം ഓർത്തു പോയി..റാമും കാവൽ ദൈവവും ബദാമും പൊട്ടിച്ചു ഇരിക്കുന്ന ഭിത്തിയിൽ കുറെ നേരം ഓർമ്മകളും അയവിറക്കി ഞങ്ങളും ഇരുന്നു..സ്കൂൾ മുഴുവൻ ചുറ്റി കറങ്ങി കണ്ട് സാറിനു നന്ദിയും പറഞ്ഞു ആ തിരുമുറ്റം വിട്ട് പടിയിറങ്ങി മനസ്സില്ലാ മനസ്സോടെ…

തഞ്ചാവൂർ വന്തിട്ട് പെരിയ കോവിൽ പാക്കാതെ പോക മുടിയുമാ?? ശിൽപ്പ പെരുമ കേട്ടറിഞ്ഞ അന്ന് മുതൽ മനസ്സിൽ പൂവിട്ട ഒരു ആഗ്രഹമായിരുന്നു തഞ്ചാവൂരിലൂടെ ഒരു യാത്ര, കാവേരി നദിയുടെ മണൽ പരപ്പ് കുറെ ദൂരം നമുക്കൊപ്പം സഞ്ചരിക്കും.. നേരെ അവിടുന്ന് 7 രൂപ ടിക്കറ്റും എടുത്ത് പഴയ ബസ് സ്റ്റാൻഡിൽ പോയി ഇറങ്ങി..അവിടുന്നു 1 കിലോ മീറ്റർ മുന്നോട്ട് നടന്നാൽ പെരിയ കോവിൽ ആയി..

തഞ്ചാവൂർ ജില്ലയിലെ പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രവും തീർത്ഥാടന കേന്ദ്രവുമാണ് പെരിയ കോവിൽ എന്നറിയപ്പെടുന്ന ബ്രിഹന്ദേശ്വര ക്ഷേത്രം. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ കീഴിലാണ് ഇപ്പോൾ ഈ കോട്ടയും ക്ഷേത്രവും. പൂർണ്ണമായും കരിങ്കല്ലിൽ പണിത ക്ഷേത്രത്തിൽ ശിവ പ്രതിഷ്ഠയാണ് ഉള്ളത്. എ ഡി 1013 ൽ ചോള രാജവംശത്തിലെ രാജ രാജ ചോളനാണ്‌ ഇത് പണികഴിപ്പിച്ചത്. ഒറ്റക്കല്ലിൽ തീർത്ത വലിയ ഒരു നന്ദികേശ ശിൽപ്പം ഇവിടെ കാണാം. യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇവിടെ 400 തൂണുകളുള്ള വരാന്തയും 5 നിലകളൂള്ള പ്രവേശന ഗോപുരവും ഉണ്ട്. പുരാണകഥാസന്ദർഭങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന വിരവധി ഗോപുരങ്ങളും ചുവരുകളും ചോള കാലത്തെ ശില്പ വാസ്തു വിദ്യകളുടെ പഠനത്തിന് ഇന്നും വിഷയമായിക്കൊണ്ടിരിക്കുന്നു. അവിടെ മുഴുവൻ അലഞ്ഞു തിരിഞ്ഞു കണ്ടതിനു ശേഷം പുറത്തിറങ്ങി ജഗതീഷണ്ണന്റെ ഓട്ടോയും വിളിച്ചു നേരെ അരമന എന്നറിയപ്പെടുന്ന റോയൽ പാലസിലേക്ക്..

100 രൂപയുടെ എൻട്രൻസ് ടിക്കറ്റും എടുത്ത് അരമനയിലേക്ക്..മൊത്തത്തിൽ ഒരു പ്രേത മയം..ഇടിഞ്ഞു പൊളിഞ്ഞിട്ടും വീഴാതെ നിൽക്കുന്ന ഈ പാലസിൽ കുറെ സംഭവങ്ങൾ കാണാൻ തന്നെ ഉണ്ട്..പുതിയതും പഴയതും ആയ ദർബാർ ഹാൾ , രാജാക്കന്മാരുടെ സാധനങ്ങൾ എല്ലാം സൂക്ഷിച്ചിരിക്കുന്ന ആർട്ട് മ്യൂസിയം ,ബെൽ ടവറും ഒക്കെ ഉണ്ട്.അതിൽ എന്നെ ഏറ്റവും കൂടുതൽ ഭീതി പെടുത്തിയത് ഒരു ഇരുട്ട് മുറി ആണ്..ചിറകടിച്ച് പറക്കുന്ന വവ്വാൽ നിറഞ്ഞ മുറി. പൊടി പടലങ്ങളാലും കുറ്റാകൂരിരുട്ടാലും മൊത്തത്തിൽ ഒരു ചന്ദ്രമുഖി ഫീൽ..മൊബൈലിന്റെ ഫ്ലാഷ് അടിച്ചു കുറച്ചു പോയെങ്കിലും എന്തോ ചീഞ്ഞു അളിഞ്ഞ മണവും കണ്ണിൽ പൊടിയും കയറാൻ തുടങ്ങിയപ്പോയേക്കും ഞാൻ തിരിച്ചു കയറി..പോരാത്തതിന് വവ്വാലിന്റെ ശല്യവും.. ഫോട്ടോ ഗ്രാഫി ഇഷ്‌ടമുള്ളോർക്ക് കേറി പൊളിക്കാൻ പറ്റിയ സ്ഥലമാണ്.. 2 മണിക്കൂർ അടുത്ത് അവിടെ ചെലവഴിച്ചതിനു ശേഷം തഞ്ചാവൂർ മാർക്കറ്റ് കറങ്ങി തിരിയാനായി ഇറങ്ങി…

പലതരം പൂക്കളുടെ മനം മയക്കുന്ന ഗന്ധവും കൂമ്പാരം കൂട്ടി ഇട്ടിരിക്കുന്ന പല നിറത്തിലുള്ള പൂക്കളുമായി മാർക്കറ്റിൽ നല്ല തിരക്കുണ്ട് തമിഴ്നാട്ടിലെ ജനതയ്ക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് പൂക്കൾ നിത്യോപയോഗ വസ്തുവാണ് . മുല്ലയാണ് കൂടുതലും.
ദീപാവലി തിരക്ക് ടൗണിൽ നിറഞ്ഞു നിൽക്കുന്നു..ഓരോ തുണി കടയിലും എജ്ജാധി തിരക്ക്..സൂചി കുത്താൻ സ്ഥലമില്ല…നമുക്ക് ഓണമാണ് ദേശീയ ഉത്സവം എങ്കിൽ ഇവിടെ ദീപാവലി ആണ്..ജന നിബിഡമായ തഞ്ചാവൂർ ടൗൺ കാണാൻ തന്നെ അതി സുന്ദരം..കാലത്തെ തന്നെ തിരുവനന്തപുരം എത്തി ജോലിക്ക് കയറേണ്ടത് ഉള്ളത് കൊണ്ട് സമയം കളയാതെ തിരിച്ചു പോരാൻ ആയി ആനവണ്ടി കേറി തിരിച്ചിക്ക് ..അപ്പോഴാണ് അമൽ വെറുതെ ചോദിച്ചത് മധുര അടുത്തല്ലേ അവിടെ ഇറങ്ങിയിട്ട് പോയാലൊന്ന്.. അങ്ങനെ പെട്ടെന്ന് തന്നെ തിരുച്ചിറപ്പള്ളി റെയിൽവേ സ്റ്റേഷനിൽ പോയി മദുരൈക്ക് 40 രൂപ ടിക്കറ്റും എടുത്തു .ട്രെയിൻ 9 മണി ആയപ്പോൾ പാഞ്ഞെത്തി ..

എത്തിയപാടെ നേരെ വിട്ടു മധുരൈ മീനാക്ഷി ക്ഷേത്രത്തിലേക്ക്. അവിടെ കറങ്ങി തിരിഞ്ഞു നടന്നപ്പോയാണ് നമ്മുടെ സഞ്ചാരി പെങ്ങൾ Aswathy Kuruvelil ഇവിടെ ആണെന്നുള്ള കാര്യം ഓർത്തത്..നല്ല ഭക്ഷണം കിട്ടുന്ന മധുരയിലെ സ്പെഷ്യൽ കട ഏതാണെന്ന് അറിയാനായി വിളിച്ചപ്പോൾ തന്നെ ആദ്യം പറഞ്ഞത് മധുര വന്നിട്ട് ജിഗ്രതാണ്ടാ കയിക്കാതെ പോയാൽ വലിയ നഷ്‌ടം ആണെന്ന്..ഞാൻ ആണേൽ വിജയ് സേതുപതി അണ്ണന്റെ ജിഗ്രതാണ്ടാ എന്ന സിനിമ പേര് മാത്രമേ കേട്ടിരുന്നുള്ളൂ ഇതിനു മുമ്പ് .പിന്നെയാ ചേച്ചി പറഞ്ഞത് അത് ഷേക്ക് ആണെന്ന്..നേരെ ജിഗ്രതാണ്ടാ സ്പെഷ്യൽ കിട്ടുന്ന കട തപ്പി കണ്ടു പിടിച്ചു..30 രൂപ മാത്രമേ ഉള്ളു എങ്കിലും അപാര ടേസ്റ്റ് ..ആ രുചിയിൽ ഞങ്ങൾ അലിഞ്ഞു പോയി..ഓരോ സുലൈമാനിയിലും ഒരു ഇത്തിരി മൊഹബ്ബത്തു ഉണ്ടെങ്കിൽ ഓരോ ജിഗ്രതാണ്ടായിലും ഒരിത്തിരി കാതലും ഉണ്ട്..

എന്റെ എല്ലാം ട്രിപ്പിന്റെയും കൊട്ടി കലാശം ഹെവി ആയിട്ടുള്ള ഫുഡ് അടിയോട് ആയിരിക്കും..ചേച്ചി തന്ന മധുര ഫേമസ് ഹോട്ടലിന്റെ ലിസ്റ്റിൽ നിന്ന് ആനന്ദ് ഹോട്ടൽ തെരഞ്ഞെടുത്തിട്ട് ആക്രമിക്കാൻ തുടങ്ങി.. മധുരൈ സ്പെഷ്യൽ ആയ ചിക്കൻ കൊത്തു പൊറോട്ടയും സ്പെഷ്യൽ ചിക്കൻ ഫ്രൈക്കും ഓർഡർ കൊടുത്തു..കൂടെ ചപ്പാത്തിയും…നാവിലെ രുചി മുകുളങ്ങളെ തോന്നുണർത്തിയ ടേസ്റ്റ് …ആദ്യമായിട്ടാണ് തമിഴ്നാട് വന്നിട്ട് വയറും മനസ്സും ഒരേ പോലെ നിറച്ച ഭക്ഷണം കഴിക്കുന്നത്. 11 .30 ആണ് ട്രെയിൻ സമയം. ..കുറച്ചു നേരം മധുരൈ മാർക്കറ്റിലൂടെ കറങ്ങി നടന്നു റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഞങ്ങൾക്ക് പോകാനുള്ള ട്രെയിൻ അവിടെ കിടക്കുന്നുണ്ടായിരുന്നു… ബോഗിയിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന നിഷാൽ ഭായിയുടെ സുൽത്താന മോളെയും കൊഞ്ചിച്ചു കൊണ്ട് തലസ്ഥാനത്തേക്ക് മടക്ക യാത്ര…

LEAVE A REPLY

Please enter your comment!
Please enter your name here