കര്‍ണാടകയിലെ ഒരു വിഭാഗം മീൻ പിടിക്കാനും വെള്ളത്തിൽ യാത്ര ചെയ്യാനും മറ്റും ഉപയോഗിക്കുന്ന ഒരു യാനമാണ് കുട്ടവഞ്ചി. കുട്ടവഞ്ചി ടൂറിസം തമിഴ്നാട്ടിലും കര്‍ണാടകയിലും ഒക്കെ വളരെനാള്‍ മുന്നേ നിലവിലുള്ളതാണ്‌. പിന്നീടാണ് ഈ കുട്ടവഞ്ചി ഉപയോഗിച്ചുകൊണ്ടുള്ള ടൂറിസത്തിന് കേരള സര്‍ക്കാര്‍ തുടക്കമിടുന്നത്. അതിനായി കണ്ടെത്തിയ സ്ഥലം അതിലും കിടിലനാണ്. പത്തനംതിട്ടയിലെ അടവി, ആങ്ങമൂഴി. ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണിപ്പോള്‍. കുടുംബങ്ങളുമായത്തെുന്ന യാത്രികര്‍ക്ക് സന്തോഷിക്കാനുള്ള കാരണങ്ങള്‍ നിരവധിയുണ്ട്. അടവി, ആങ്ങമൂഴി ഇക്കോ ടൂറിസം പദ്ധതി ഇപ്പോള്‍ ഏറെ ആകര്‍ഷകമായിരിക്കുകയാണ്.

പത്തനംതിട്ടയില്‍ നിന്നും ഗവി റൂട്ടില്‍ 40 കി.മീ. ദൂരം സഞ്ചരിച്ചാല്‍ ആങ്ങമൂഴിയില്‍ എത്തിച്ചേരാം. രാവിലെ ഏഴു മണി മുതല്‍ കുട്ടവഞ്ചി സവാരി ആരംഭിക്കും. പരമാവധി നാലുപേര്‍ക്കാണ് ഒരു കുട്ടവഞ്ചിയില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്നത്. ഒരു കുട്ടവഞ്ചി യാത്രയ്ക്കായി 400 രൂപയാണ് ഈടാക്കുന്നത് ഇവിടെ.
ഗവിയിലേക്ക് ടൂര്‍ പോകുന്നവര്‍ക്ക് ഇവിടെ ആങ്ങമൂഴിയില്‍ കുട്ടവഞ്ചി സവാരി നടത്തിയിട്ട് ചെക്ക്പോസ്റ്റില്‍ നിന്നും പാസ്സ് വാങ്ങി പോകുവാന്‍ സാധിക്കും എന്നതും എടുത്തു പറയേണ്ട ഒരു ആകര്‍ഷണമാണ്. ആദ്യം വരുന്ന മുപ്പത് വാഹനങ്ങള്‍ക്കു മാത്രമേ ഗവി പോകുവാനുള്ള ഫോറസ്റ്റ് പാസ്സ് കിട്ടുകയുള്ളൂ.

ഒരു കിലോമീറ്ററോളം ദൂരത്തിലാണ് ഇവിടെ കുട്ടവഞ്ചി സവാരി. ഇതിനായി പതിനഞ്ചോളം കുട്ടവഞ്ചികളാണ് ക്രമീകരിച്ചിട്ടുള്ളത്. കേരളത്തിലെ രണ്ടാമത്തെ കുട്ടവഞ്ചി ടൂറിസം കേന്ദ്രമാണ് ആങ്ങമൂഴിയിലേത്. പത്തനംതിട്ടയില്‍ നിന്നും ധാരാളം ബസ്സുകള്‍ ആങ്ങമൂഴിയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.

ആങ്ങമൂഴിയില്‍ നിന്നും 45 മിനിറ്റ് ദൂരം സഞ്ചരിച്ചാല്‍ കേരളത്തിലെ ആദ്യത്തെ കുട്ടവഞ്ചി ടൂറിസ്റ്റ് കേന്ദ്രമായ അടവിയില്‍ എത്തിച്ചേരാം. അടവിയില്‍ സന്ദര്‍ശന സമയം രാവിലെ 9 മണി മുതലാണ്‌. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിനാണ് ഇവിടത്തെ മേല്‍നോട്ടം. അടവിയിലും നാലു പേര്‍ക്ക് ഒരേസമയം കയറാവുന്ന ഒരു കുട്ടവഞ്ചിക്ക് അരമണിക്കൂര്‍ നേരത്തേക്ക് 400 രൂപയാണ് നിരക്ക്. ഇവിടേക്ക് ബസ്സില്‍ വരുന്നവര്‍ മുണ്ടോംമൂഴി പാലത്തിനു സമീപത്തെ സ്റ്റോപ്പില്‍ ഇറങ്ങണം. എന്നിട്ട് മണ്ണീറയിലേക്കുള്ള റോഡിലൂടെ 300 മീറ്ററോളം നടക്കണം. മഴക്കാലത്തോ മഴ പെയ്തതിനു ശേഷമോ ഇവിടെ വന്നാല്‍ നന്നായി എന്‍ജോയ് ചെയ്യാന്‍ സാധിക്കും.

എന്തായാലും ഇനി നിങ്ങളുടെ അടുത്ത യാത്ര പത്തനംതിട്ടയിലെ അടവി, ആങ്ങമൂഴിയിലേക്ക് ആയിക്കോളൂ… ധൈര്യമായി പ്ലാന്‍ ചെയ്തോളൂ…

LEAVE A REPLY