മെയ് 13. രാവിലെ തന്നെ ഞങ്ങൾ ആനക്കട്ടിയിലെ എസ്.ആർ.ജംഗിൾ റിസോർട്ടിൽ നിന്നും പുറപ്പെടുവാൻ തയ്യാറായി നിന്നു. സമയം ഇല്ലാത്തതിനാൽ അവിടത്തെ സ്വിമ്മിംഗ് പൂളിലെ മനോഹരമായ കുളി ഞങ്ങൾക്ക് മിസ്സായി. എങ്കിലും ട്രിപ്പൊക്കെ കഴിഞ്ഞു ഞങ്ങൾ വരുന്ന വഴി തിരികെ കോയമ്പത്തൂർ വന്നിട്ട് രണ്ടോ മൂന്നോ ദിവസം എസ്.ആർ.ജംഗിൾ റിസോർട്ടിൽ ഫാമിലിയോടൊത്ത് താമസിക്കണമെന്നു ഞങ്ങൾ തീരുമാനിച്ചുറപ്പിച്ചു. അങ്ങനെ ഞങ്ങൾ എസ്.ആർ. ജംഗിൾ റിസോർട്ടിലെ ജീവനക്കാരോടും സലീഷേട്ടനോടും യാത്ര പറഞ്ഞുകൊണ്ട് ഇറങ്ങിത്തിരിച്ചു.

കാറിൽ കയറിയപ്പോഴാണ് എമിൽ കഴിഞ്ഞ ദിവസം ആമസോണിൽ നിന്നും വാങ്ങിയ ഒരു ഉപകരണം എന്നെ കാണിച്ചു തന്നത്. ഒരു കത്തിയുടെ പിടി പോലെ തോന്നിപ്പിക്കുന്ന ഒരു ഉപകാരണമായിരുന്നു അത്. പ്രധാനമായും രണ്ടു ഉപകാരങ്ങൾ നിറവേറ്റുന്നതിനായുള്ള ഉപകാരണമായിരുന്നു അത്. എന്തെങ്കിലും കാരണവശാൽ കാറിലെ സീറ്റ് ബെൽറ്റ് ഊരാൻ പറ്റാത്തവിധം ലോക്ക് ആകുകയാണെങ്കിൽ ഈ ഉപകരണത്തിലെ മൂർച്ചയുള്ള ഭാഗം ഉപയോഗിച്ച് സീറ്റ് ബെൽറ്റ് മുറിച്ചു ഊരാൻ സാധിക്കും. പിന്നെ രണ്ടാമത്തെ കാര്യം എന്തെന്നാൽ എന്തെങ്കിലും കാരണവശാൽ നമ്മുടെ വാഹനം ലോക്ക് ആയിപ്പോകുകയോ ഡോർ തുറക്കാനാവാതെ വരികയോ ചെയ്യുകയാണെങ്കിൽ ഈ ഉപകരണത്തിന്റെ കൂർത്തവശം കൊണ്ട് ചില്ലിൽ ഒന്ന് തട്ടിയാൽ മതി. ചില്ല് പൊട്ടിത്തകരുകയും നമുക്ക് പുറത്തേക്ക് കടക്കുകയും ചെയ്യാൻ സാധിക്കും.

അങ്ങനെ ഞങ്ങൾ രണ്ടുപേരും യാത്ര തുടർന്നു. സലീഷേട്ടന്റെ തമാശയും സംസാരവുമൊക്കെ പിരിഞ്ഞു പോകുന്നതിൽ ഞങ്ങൾക്ക് വല്ലാത്ത വിഷമമുണ്ടായിരുന്നു. ആനക്കട്ടിയിൽ നിന്നും കോയമ്പത്തൂരിലേക്ക് ഞങ്ങൾ ഏതൊക്കെയോ കുറുക്കുവഴികളിലൂടെയാണ് പോയത്. കോയമ്പത്തൂർ – അവിനാശി റോഡിൽ വെച്ച് CISF കാർ ഞങ്ങളുടേതടക്കം എല്ലാ വണ്ടികളും ചെക്ക് ചെയ്തു വിട്ടു. ഞങ്ങൾ ഇനി സേലം, കൃഷ്ണഗിരി വഴി ആന്ധ്രപ്രദേശിലെ തിരുപ്പതിയും കടന്നുകൊണ്ട് നെല്ലൂർ വരെയാണ് ഇന്നത്തെ ദിവസം യാത്ര ചെയ്യുവാൻ പ്ലാൻ ഇട്ടിരിക്കുന്നത്.

സേലം ഹൈവേയിൽ കയറിയതോടെ പിന്നെ ഞങ്ങൾ അൽപ്പം സ്പീഡ് കൂട്ടി. വഴിക്കുവെച്ച് ഞങ്ങൾ രണ്ടുപേരും പരസ്പരം മാറിമാറി ആസ്വദിച്ചായിരുന്നു വണ്ടിയോടിച്ചത്. അതാണ് അതിന്റെയൊരു രസം. വണ്ടി തൃശ്ശൂർ കൊണ്ടുവന്നു പ്രത്യേകം ട്യൂൺ ചെയ്തിരുന്നതിനാൽ 3, 4 ഗിയറുകൾക്ക് അത്യാവശ്യം നല്ല പിക്കപ്പ് ലഭിക്കുന്നുണ്ടായിരുന്നു. ആയതിനാൽ ഹൈവേയിൽ വണ്ടി പതിയെ പോകേണ്ട സമയത്തു പോലും ഞങ്ങൾക്ക് തേർഡ് ഗിയറിൽ നിന്നും താഴേക്ക് മാറ്റേണ്ടി വന്നിരുന്നില്ല.

സമയം ഉച്ചയായിരുന്നതിനാൽ ഞങ്ങൾക്ക് നല്ല വിശപ്പ് തോന്നിത്തുടങ്ങിയിരുന്നു. ബിരിയാണി കഴിക്കണമെന്ന മോഹം ഞങ്ങൾ രണ്ടുപേർക്കും ഉണ്ടായിരുന്നെങ്കിലും തല്ക്കാലം അത് അടക്കിപ്പിടിക്കുവാൻ ധാരണയായി. കൃഷ്ണഗിരി – ചെന്നൈ റോഡ് അതിമനോഹരമായിരുന്നു. വേണമെങ്കിൽ ചെറിയ വിമാനങ്ങൾ വരെ ഇറക്കാവുന്ന തരത്തിൽ പക്കാ റൺവേ പോലെത്തന്നെ ആയിരുന്നു ആ റോഡ്. അമ്പൂർ എന്ന സ്ഥലത്തു ചെന്നപ്പോൾ ഞങ്ങൾ മാറ്റിവെച്ച ബിരിയാണി മോഹം വീണ്ടും പുറത്തെടുത്തു. അവിടെ കിട്ടുന്ന അമ്പൂർ ബിരിയാണി പ്രശസ്തമാണ്. എന്നാൽപ്പിന്നെ അത് കഴിച്ചുകളയാമെന്നു ഞങ്ങൾ വിചാരിച്ചു. അങ്ങനെ അടുത്തു കണ്ട നല്ലൊരു ഹോട്ടലിൽ കയറി ബിരിയാണിയും കഴിച്ചു വീണ്ടും യാത്ര തുടർന്നു.

അങ്ങനെ ഞങ്ങൾ തമിഴ്‌നാട് പിന്നിട്ട് ആന്ധ്രപ്രദേശിലേക്ക് കയറി. പോകുന്ന വഴിക്ക് ചിലയിടങ്ങളിൽ ഹൈവേ പണി നടക്കുന്നത് കണ്ടു. അവിടങ്ങളിൽ ഒരു ലൈനിലൂടെയായിരുന്നു വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പൊയ്‌ക്കൊണ്ടിരുന്നത്. ആന്ധ്രയിലെ ചിറ്റൂർ ടൗണിൽ കയറിയപ്പോൾ അത്യാവശ്യം വാഹനത്തിരക്കുകൾ അനുഭവപ്പെട്ടു. സിറ്റിയിൽ കയറാതെ ബൈപ്പാസ് വഴി പോകാമെന്നിരിക്കെ സിറ്റിയിലെ കാഴ്ചകൾ ആസ്വദിക്കുവാനായിട്ടാണ് ഞങ്ങൾ ടൗണിലൂടെ തന്നെ യാത്ര തിരഞ്ഞടുത്തത്. അതിനിടയിൽ ചില സുഹൃത്തുക്കൾ വഴിക്കുവെച്ച് ഞങ്ങളെ മീറ്റ് ചെയ്യുവാനായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവരെയെല്ലാം കണ്ടു ആശംസകളും സ്വീകരിച്ചു ഞങ്ങൾ യാത്ര തുടർന്നു.

അങ്ങനെ ഞങ്ങൾ കുറേനേരത്തെ യാത്രയ്ക്കു ശേഷം വീണ്ടും ഹൈവേയിൽ വന്നു കയറി. ഹൈവേയിലൂടെ ഞങ്ങൾ നെല്ലൂർ ലക്ഷ്യമാക്കി യാത്ര തുടർന്നു. രാത്രിയോടെ ഞങ്ങൾ നെല്ലൂർ നഗരത്തിൽ എത്തുകയും അവിടെ താമസിക്കുന്നതിനായി ഓൺലൈനായി ഒരു ഹോട്ടലിൽ റൂം ബുക്ക് ചെയ്യുകയും ചെയ്തു. ഇനി അടുത്ത ദിവസം വിശാഖപട്ടണത്തിലേക്ക് ആണ് ഞങ്ങളുടെ യാത്ര. ആ വിശേഷങ്ങളെല്ലാം അടുത്ത എപ്പിസോഡിൽ കാണാം.

Our Sponsors: 1) Dream Catcher Resort, Munnar: 97456 37111, 2) SR Jungle Resort, Anaikatty: 89739 50555, 3) Goosebery Mens Apparel: http://goosebery.co.in (TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും), 4) Rotary Club Kochi United, 5) DBS Automotive: 97452 22566, 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi, 2) Redband Racing, Thrissur, 3) Nexus Communication, Penta Menaka, Kochi.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.