ഇന്ത്യയിലെ പേരുകേട്ട മെട്രോ നഗരമാണ് ബെംഗളൂരു. ജോലിയാവശ്യങ്ങൾക്കായും പഠനത്തിനായും ഒക്കെ ധാരാളം മലയാളികൾ എത്തുന്നതും താമസിക്കുന്നതുമായ സ്ഥലം കൂടിയാണ് ബെംഗളൂരു. ബെംഗളൂരുവിൽ ജീവിക്കുന്ന മലയാളികൾ ഏറ്റവും കൂടുതൽ നേരിടുന്ന ഒരു പ്രശ്നമാണ് BMTC ബസുകളിലെ പോക്കറ്റടി.

മലയാളികളെയാണ് പ്രധാനമായും പോക്കറ്റടിക്കാർ നോട്ടമിടുന്നതും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് പോക്കറ്റടിയിൽ നിന്നും രക്ഷനേടാം. പൊതുവെ ബസ്സുകളിൽ കയറുന്ന മലയാളികൾ ഡോറുകളുടെ തൊട്ടടുത്തായായിരിക്കും സ്ഥാനമുറപ്പിക്കുന്നത്. സ്റ്റോപ്പ് എത്തിയാൽ പെട്ടെന്ന് ഇറങ്ങുക എന്നതാണ് പ്രധാന ലക്ഷ്യം. ബസ്സിലെ കണ്ടക്ടർമാർ എത്ര പറഞ്ഞാലും നമ്മൾ പിന്നെയും അവിടെത്തന്നെ ഒതുങ്ങിക്കൂടി നിൽക്കാനാണ് പതിവ്.

എന്നാൽ ഒരു കാര്യം മനസ്സിലാക്കുക. ബെംഗളൂരു സിറ്റി ബസ്സുകളിൽ ഏറ്റവും കൂടുതൽ പോക്കറ്റടി നടക്കുന്നത് ഡോറിനു സമീപത്തുള്ള ഏരിയയിലാണ്. നമ്മൾ വിചാരിക്കുന്നതുപോലെ പോക്കറ്റടിക്കാർ ഒരാൾ ഒറ്റയ്ക്കല്ല ബസ്സിൽ കയറുക. മിക്കവാറും ഏഴോ എട്ടോ ആളുകൾ ആ ബസ്സിലുണ്ടാകും. എടുത്തു പറയേണ്ട പ്രധാന കാര്യം എന്തെന്നാൽ ഒരിക്കലും നമുക്ക് ഇത്തരക്കാരെ തിരിച്ചറിയുവാൻ സാധിക്കില്ല. സാധാരണക്കാരെപ്പോലെയും ഒപ്പം തന്നെ നല്ല എക്‌സിക്യൂട്ടീവ് വേഷത്തിലുമൊക്കെയായിരിക്കും ഇവർ ബസ്സിൽ കയറുന്നത്.

ഇവർ ബസ്സിന്റെ ഡോറിനു സമീപത്തായായിരിക്കും നിലകൊള്ളുന്നത്. തിടുക്കത്തിൽ ബസ്സിൽ കയറുന്ന ഒരാളെ പിന്നിലേക്ക് കടത്തിവിടാതിരിക്കുവാൻ ഇവർ ഒന്നുമറിയാത്ത പോലെ തിരക്കുണ്ടാക്കും. ഈ തിരക്കിൽ തിങ്ങിഞെരുങ്ങി നമ്മൾ കടന്നുപോകുന്ന സമയത്തായിരിക്കും ഇവരുടെ ഓപ്പറേഷൻ നടക്കുക. ഒരുവിധത്തിൽ എവിടെയെങ്കിലും ഒതുങ്ങി നിന്ന ശേഷം പോക്കറ്റ് തപ്പുമ്പോൾ ആയിരിക്കും സംഭവം യാത്രക്കാരൻ അറിയുക. പേഴ്സുകളെ അപേക്ഷിച്ച് മൊബൈൽഫോണുകളാണ് പോക്കറ്റടിക്കാരുടെ പ്രധാന നോട്ടപ്പുള്ളി.

ഇതുപോലെത്തന്നെയാണ് ഇറങ്ങുമ്പോഴും സംഭവിക്കുക. ഡോറിനു സമീപത്ത് ഇവരെല്ലാം ഒന്നിച്ചു കൂടിനിന്നുകൊണ്ട് കൃത്രിമമായ തിരക്ക് സൃഷ്ടിക്കുകയും ഈ തിരക്കിൽ തിങ്ങിഞെരുങ്ങി യാത്രക്കാരൻ എങ്ങനെയെങ്കിലും ബസ്സിൽ നിന്നും ഇറങ്ങാൻ നോക്കുമ്പോൾ ആരുമറിയാതെ ഇവർ പണിപറ്റിച്ചിട്ടുണ്ടാകും. പോക്കറ്റടി നടന്നുകഴിഞ്ഞാൽ പിന്നെ സാധനം പല കൈകളിൽക്കൂടി മറിഞ്ഞു പോയിട്ടുണ്ടാകും. ഒപ്പംതന്നെ ഇവർ ബസ്സിൽ നിന്നും ഇറങ്ങുകയും ചെയ്യും. കൂട്ടമായിട്ടാണ് ഓപ്പറേഷൻ നടത്തുന്നതെങ്കിലും ഇവർ തമ്മിൽ യാതൊരു പരിചയവും ഇല്ലാത്തവരെപ്പോലെയായിരിക്കും പെരുമാറുക. പോക്കറ്റടിച്ച കാര്യം പോലീസിൽ പരാതിപ്പെടുകയല്ലാതെ യാത്രക്കാരന് വേറെ മാർഗ്ഗങ്ങൾ ഒന്നുമുണ്ടാകില്ല. ഇനിയിപ്പോൾ പോലീസിൽ പരാതിപ്പെട്ടിട്ടും പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാകില്ല. പോയത് പോയി. അത്ര തന്നെ.

പോക്കറ്റടിക്കാരുടെ കൃത്യത്തിനു ഇരയാകാതെ സൂക്ഷിക്കണമെങ്കിൽ ചില കാര്യങ്ങൾ യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട്. ഒരിക്കലും പാന്റിന്റെ പിന്നിലെ പോക്കറ്റിൽ പാഴ്‌സോ മൊബൈലോ വെക്കരുത്. ഇനിയിപ്പോൾ മുന്നിലെ പോക്കറ്റിൽ വെച്ചാലും ഒരു കൈ അതിനുമേൽ എപ്പോഴും ഉണ്ടായിരിക്കുക. അതിലും നല്ലതാണ് മൊബൈൽഫോൺ കയ്യിൽ സൂക്ഷിക്കുക എന്നത്. അതുപോലെതന്നെ ബസ്സിൽ കയറിക്കഴിഞ്ഞാൽ സ്വപ്നം കണ്ടുകൊണ്ട് സ്ഥലകാലബോധമില്ലാതെ നിൽക്കരുത്. ഇങ്ങനെയുള്ളവരെയാണ് പോക്കറ്റടിക്കാർ എളുപ്പം നോട്ടമിടുന്നത്.

മൊബൈൽഫോൺ പോക്കറ്റിൽ ഇടുകയാണെങ്കിൽ ഹെഡ്‌ഫോൺ കണക്ട് ചെയ്തശേഷം ഏതെങ്കിലും പാട്ട് വെച്ചിട്ട് ഹെഡ്‌ഫോണിന്റെ ഒരു ഭാഗം ഏതെങ്കിലും ഒരു ചെവിയിൽ വെക്കുക. മൊബൈൽഫോൺ നിങ്ങളുടെ പോക്കറ്റിൽ നിന്നും ആരെങ്കിലും എടുത്താൽ ഹെഡ്‌ഫോണിന്റെ കണക്ഷൻ വേർപെടുകയും തൽഫലമായി പാട്ടു നിൽക്കുകയും ചെയ്യും. ഇത് കള്ളന്മാർക്ക് അറിയാവുന്നതുകൊണ്ട് അവർ കൃത്യത്തിനു മുതിരില്ല. എന്നിരുന്നാലും ഒരിക്കലും ആത്മവിശ്വാസം ഓവറാകരുത്. വേറെ എവിടെയൊക്കെ ശ്രദ്ധിച്ചില്ലെങ്കിലും BMTC ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ ഈ കാര്യങ്ങളെല്ലാം ഒന്നോർത്തിരിക്കുക.

വിവരങ്ങൾക്ക് കടപ്പാട് – സുഹൃത്തും ബെംഗളൂരു മലയാളിയുമായ ജോസ് എഫ്. സ്കറിയ.

LEAVE A REPLY

Please enter your comment!
Please enter your name here