ലേഖകൻ – പ്രകാശ് നായർ മേലില.

അഞ്ചുതവണ എം.പി, നാലുതവണ MLA , 58 ഭാര്യമാര്‍. ഭാര്യമാരുടെ കൃത്യമായ കണക്ക് ഇനിയും വശമില്ല.കൂടുകയല്ലാതെ കുറയില്ല. 93 കാരനായ ‘ബാഗുന്‍ സുംബുരുയി’ ( Bagun Sumbrui ) ജാര്‍ഖണ്ഡ് ലെ ചായ്ബസയില്‍ നിന്ന് 1967 മുതല്‍ അഞ്ചുതവണ എം.പി.യും നാലുതവണ MLA യുമായിരുന്നു. ജാര്‍ഖണ്ഡ് മുതല്‍ ഡല്‍ഹിവരെ പ്രസിദ്ധനായ ഈ നേതാവ് ഏതു കൊടും തണുപ്പിലും ധോത്തി മാത്രമേ ധരിക്കാറുള്ളു എന്നതാണ് പ്രത്യേകത. ഉടുപ്പ് ധരിക്കുക വളരെ അപൂര്‍വ്വം.

58 വിവാഹം കഴിച്ചതിനെപ്പറ്റി ചോദിച്ചാല്‍ ആദ്യം അദ്ദേഹം പൊട്ടിച്ചിരിക്കും.. പിന്നീട് പറയും. “ശ്രീകൃഷ്ണ ഭഗവാന്‍റെ ആരാധകനായ എനിക്ക് സ്ത്രീകളോട് കടുത്ത പ്രണയമാണെന്ന് പറയാന്‍ ഒരു മടിയുമില്ല. പണ്ടൊക്കെ ഞങ്ങളുടെ ഗ്രാമങ്ങളില്‍ മേളകളും ചന്തകളും വ്യാപകമായിരുന്നു. അവിടെയെത്തുന്ന വ്യാപാരികളും മറ്റുള്ള ആളുകളും ആദിവാസി പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുക പതിവായിരുന്നു. അങ്ങനെ ഗര്‍ഭിണികളാകുന്ന പെണ്‍കുട്ടികള്‍ക്ക് സമൂഹത്തില്‍ ജീവിതം തന്നെ ദുഷ്ക്കരമാകുന്ന അവസ്ഥയില്‍ ഞാനവര്‍ക്ക് അഭയവും ഭര്‍ത്താവെന്ന സ്ഥാനവും നല്‍കി സംരക്ഷിക്കുമായിരുന്നു. അവരില്‍ ചിലരൊക്കെ കൂടെത്താമസിച്ചു മറ്റു ചിലരാകട്ടെ വേറെ താവളങ്ങള്‍ തേടിപ്പോയി. ഇതൊരു തുടര്‍ക്കഥയായിരുന്നു. അതുകൊണ്ടു തന്നെ ഭാര്യമാരുടെ കൃത്യമായ എണ്ണം ഇന്നും ഓര്‍മ്മയില്ല.”

ആദ്യവിവാഹവും സംഭവബഹുലമായിരുന്നു. 7 മത് ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആദിവാസിയായ ബാഗുന്‍ സുംബ്രായിക്ക് പത്താം ക്ലാസ് പാസ്സായ ദശമതി സുണ്ടിയെന്ന ബംഗാളിപ്പെണ്ണിനോട് വല്ലാത്ത അടുപ്പമായി. പ്രണയം മൂത്തപ്പോള്‍ വീട്ടിലറിഞ്ഞു. പെണ്‍കുട്ടിയുടെ അച്ഛനായ റേഞ്ചര്‍ സാഹിബ് , ബാഗുന്‍ സുംബ്രായിയെ കൊല്ലാന്‍ ആളെയയച്ചു. വിവരം മുന്‍കൂട്ടിയറിഞ്ഞ ബാഗുന്‍ സുംബ്രായി പെണ്‍കുട്ടിയുമായി മുങ്ങി.

കോപാകുലനായ റേഞ്ചര്‍ തന്‍റെ മകളെ തട്ടിക്കൊണ്ടുപോയി എന്ന പേരില്‍ ബാഗുന്‍ സുംബ്രായിയുടെ അച്ഛനെതിരെ പോലീസില്‍ കള്ളക്കേസ് ഫയല്‍ ചെയ്തു. ബാഗുന്‍ സുംബ്രായി എല്ലാവരെയും ചേര്‍ത്തു പഞ്ചായത്ത് വിളിച്ചുകൂട്ടി അവിടെവച്ച് തന്‍റെ സ്വന്ത ഇഷ്ടപ്രകാരമാണ് താന്‍ ബാഗുന്‍ സുംബ്രായി ക്കൊപ്പം ഇറങ്ങിത്തിരിച്ചതെന്നു പെണ്‍കുട്ടി മൊഴി നല്‍കി… ഒടുവില്‍ പരസ്യമായി അന്ന് ആ പഞ്ചായത്തില്‍ വച്ച് റേഞ്ചറെക്കൊണ്ട് 8 തവണ ‘മരുമകനേ’ എന്ന് ബാഗുന്‍ സുംബ്രായിയെ വിളിപ്പിച്ചു ശേഷമാണ് അദ്ദേഹം അടങ്ങിയത്.

ബാഗുന്‍ സുംബ്രായി രണ്ടാമത് വിവാഹം കഴിച്ചത് ‘മുക്തിദാനി സുംബുരായ്’ എന്ന യുവതിയെയായിരുന്നു. മൂന്നാമത്തെ ഭാര്യയും അദ്ധ്യാപികയുമായ ‘അനിതാ സോയ്‌’ ക്കൊപ്പം ചായ്ബസായിലെ ‘ഗാന്ധിട്ടോല’ യിലായിരുന്നു അവസാനകാലത്ത് താമസം. ആരോഗ്യനില മോശമായാതിനാല്‍ 2004 ലെ തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 2018 ജൂൺ 22 നു ടാറ്റാ മെയിൻ ഹോസ്പിറ്റലിൽ വെച്ച് സുംബ്രായി അന്തരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here