വിവരണം – ജസ്റ്റിൻ ജോസ്.

ബീഹാർ: പുരാതന ഇന്ത്യയുടെ ബൗധിക തലസ്ഥാനം. ഭാരതീയ അദ്ധ്യാത്മികതയുടെ പ്രധാന ഉറവിടങ്ങളിലൊന്ന്. ഏതാണ്ട് ഒരു വർഷത്തിന് മുൻപ് നടത്തിയ ബീഹാർ യാത്ര.!!! പൊതുവെ കേൾക്കുമ്പോൾ തന്നെ കുഗ്രാമങ്ങൾ ആണ് എന്ന് വിചാരിക്കുന്ന ബീഹാറിലെ പുരാതന ചരിത്ര ശേഷിപ്പുകൾ തേടി പുറപ്പെട്ടു. ജോലി സ്ഥലമായ അസ്സാമിൽ നിന്ന് രാവിലെ കൊൽക്കത്ത എത്തി; അവിടെ നിന്ന് രാത്രിയിലാണ് പാറ്റ്നാ ട്രെയിൻ; അങ്ങനെ ആ പകൽ സമയം കൊൽക്കത്ത ചുറ്റിക്കറങ്ങാൻ തീരുമാനിച്ചു.

കൊൽക്കത്ത- സന്തോഷത്തിന്റെ നഗരം (City of Joy)!! – എയർപോർട്ടിൽ നിന്നും ബസ് പിടിച്ച് നേരെ ബാലിഗാട്ടിലെത്തി. അവിടെ മത്സ്യബന്ധനം പ്രധാന തൊഴിലാക്കി ജീവിക്കുന്ന ബാലിഗ്രാമത്തിലൂടെ നടന്ന് ഹൂഗ്ലീ നദീതീരത്ത് സ്വാമി വിവേകാനന്ദൻ നിർമിച്ച തന്റെ ഗുരുവായ ശ്രീരാമകൃഷ്ണ പരമഹംസന്റെ മഠവും ക്ഷേത്രവും (ബേലൂർമഠം) സന്ദർശിച്ചു. തുടർന്ന് ബേലൂർ മഠത്തിന് മുന്നിലൂടെ ഹൂഗ്ലി നദിയിൽ ബോട്ട് യാത്ര.! വിക്ടോറിയ മെമ്മോറിയലും കൊൽക്കത്തയുടെ അഭിമാനമായ ഹൗറ ബ്രിഡ്ജിനു താഴെയായി ഹൂഗ്ലി നദീ തീരത്തു നിന്നുള്ള മനോഹരമായ സൂര്യാസ്തമയദൃശ്യങ്ങളും ഒക്കെയായി അതൊരു ഗംഭീര ദിവസം ആയിരുന്നു. അങ്ങനെ “സന്തോഷത്തിന്റെ നഗരം” ( Kolkata is also known as “City of Joy”) പഴയ ഓർമകളിലേക്ക് കൂട്ടിക്കൊണ്ട് പോയി. പണ്ട് IIT ഘരഗ്പ്പൂറിൽ പഠിക്കുന്ന കാലത്ത് സുഹൃത്തുക്കളോടൊപ്പം നടത്തിയ കൊൽക്കത്ത യാത്രകളുടെ ഓർമകൾ തന്നെ.!!

ബീഹാറിലേക്ക്. – തുടർന്ന് ഹൗറ റയിൽവേ സ്റ്റേഷനിൽ നിന്നും രാത്രി വിഭൂതി എക്സ്പ്രസിന്റെ ജനറൽ കംപാർട്ട്മെന്റിൽ കയറി പുലർച്ചെ 04:40 നു പാറ്റ്നയിൽ എത്തി. നേരെ കൂടെ ജോലി ചെയ്യുന്ന ബീഹാർ സുഹൃത്തിന്റെ റൂമിലേക്ക്. അവന്റെ കാർ പാറ്റ്നയിൽ നിന്നും ഹൈദരാബാദ് വരെ കൊണ്ട് പോകാൻ കൂടെ കൂടിയപ്പോൾ സൗജന്യമായി കിട്ടിയ ഒരു യാത്രയായിരുന്നു ഇത്. ഫ്രഷായി കുറച്ച് നേരത്തെ വിശ്രമത്തിനു ശേഷം വളരെ നാൾ കാത്തിരുന്ന ആ യാത്ര തിരിച്ചു. വഴിയോരക്കച്ചവടക്കാരും യാത്രക്കാരെ വഹിച്ച റിക്ഷാ ചവിടുന്നവരും ഉന്തുവണ്ടിക്കാരും ഒക്കെ നിറഞ്ഞ പാറ്റ്നാ തെരുവുകൾ. ജനത്തിരക്കും ധാരാളം കച്ചവടക്കാരും പൂജാ മണികളാൽ അന്തരീക്ഷത്തെ ശബ്ദമുഖരിതമാക്കുന്ന ക്ഷേത്ര പരിസരങ്ങൾ. മറ്റൊരു ഭാഗത്ത് സർക്കാർ മന്ദിരങ്ങളും സ്മാരകങ്ങളും. പുരാതന കാലത്ത് മഗധാ രാജവംശം ഗംഗാ നദീതീരത്തായി സ്ഥാപിച്ച പാറ്റ്ന ഇന്ന് ബീഹാറിന്റെ മകുട നഗരമായി അങ്ങനെ നില കൊള്ളുന്നു.

നളന്ദ-പ്രാചീന ഇന്ത്യയുടെ ബൗദ്ധിക തലസ്ഥാനം.!!! പാറ്റ്നായിൽ നിന്ന് നേരെ 45 കിലോമീറ്ററോളം യാത്ര ചെയ്ത് ഭക്തിയാർപ്പൂറിനും അവിടുന്ന് നേരെ നളന്ദയിലേക്കും എത്തിച്ചേർന്നു. ചരിത്രത്തിൽ എന്നും ഒരു വിശിഷ്ട മുദ്ര പതിപ്പിച്ചിരിക്കുന്ന നളന്ദാ സർവ്വകലാശാല. തികച്ചും ഗ്രാമാന്തരീക്ഷം. പ്രശസ്തിയുടെ യാതൊരു ലക്ഷണവും കാണിക്കാത്ത ചുറ്റുപാടുകൾ. 50 രൂപാ പ്രവേശന ഫീസ് നൽകി ഉള്ളിലേക്ക് പ്രവേശിച്ചു. ചുവന്ന കട്ടകളാലാണിത് നിർമിക്കപ്പെട്ടത്. ഏതാണ്ട് 500 മീറ്ററോളം നീളവും 245 മീറ്ററോളം വീതിയും ആയി വ്യാപിച്ചു കിടക്കുന്നു. ഇതിനെ പല വിഹാരങ്ങളാക്കി തിരിച്ചിട്ടുണ്ട്. ഈ വിഹാരങ്ങളുടെയെല്ലാം പ്രധാനവാതിലിനോട് അടുത്തു തറയിൽ അമ്പടയാളം കാണാവുന്നതാണ്. ഇത് യഥാർധത്തിൽ ഗുപ്തന്മാരുടെ രാജകീയ ചിഹ്നമാണ്.

ബുദ്ധശിഷ്യനായിരുന്ന സരിപുത്രന്റെ സ്മരണക്കായി മൂന്നാം നൂറ്റാണ്ടിൽ മൗര്യരാജാവായ അശോകൻ പണികഴിപ്പിച്ച മഹാസ്തൂപവും കാണേണ്ടതു തന്നെയാണ്. മാത്രമല്ല ഈ കാമ്പസിന്റെ മധ്യഭാഗത്തായി നീളത്തിൽ നന്നേ വീതിയുള്ള പാതയുടെ ഒരു വശത്തായി പ്രധാനവാതിലിന്റെ വശത്ത് പഠനത്തിനായി സജ്ജമാക്കിയിരുന്ന പതിനൊന്നോളം വരുന്ന വലിയ പഠനകേന്ദ്രങ്ങളും റോഡിന്റെ മറുവശത്ത് ആറോളം ക്ഷേത്രങ്ങളും കൃത്യമായി രൂപകല്പന ചെയ്തിട്ടുണ്ട്. പഴയ പല കെട്ടിടങ്ങൾക്കും കാലാന്തരത്തിൽ ക്ഷയം ഉണ്ടായപ്പോൾ അവ നശിപ്പിക്കാതെ തന്നെ ഉപയോഗപ്പെടുത്തി പുതിയവ പണിതിരുന്നു എന്നതിനും എല്ലാ കെട്ടിടങ്ങളും തീ വയ്ക്കപ്പെട്ടതിനും തെളിവും ഇത് തരുന്നുണ്ട്.

ചതുരാകൃതിയിൽ ഉള്ള എല്ലാ പഠന കേന്ദ്രങ്ങൾക്കുമകത്ത് നടുവിലായി ഉള്ള വലിയ ചതുരാകൃതിയിലുള്ള തിട്ടയും ചുറ്റും പഠിതാക്കൾക്ക് ഇരിക്കാൻ തക്ക സംവിധാനവും ഏറ്റവും പുറമെ പണ്ഡിത ജനങ്ങൾക്ക് സ്വകാര്യമായി ഉപയോഗിക്കത്തക്ക വിധമുള്ള ചെറിയ ചെറിയ ധാരാളം മുറികളും കാണാം. മുഗളൻമാരുടെ കാലത്ത് മുഴുവനായും തീവയ്ക്കപ്പെട്ട നളന്ദയുടെ വായനാശാല 3 മാസത്തോളം കത്തിക്കൊണ്ടേയിരുന്നു എന്നതിൽ നിന്ന് തന്നെ വായനാശാലയുടെ വലിപ്പത്തെ പറ്റി അത്ഭുതമുളവാക്കുന്നു. പ്രതാപ കാലത്ത് ചൈനയിൽ നിന്നും ഗ്രീസിൽ നിന്നും ഉൾപ്പെടെ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും പഠിതാക്കളെ ആകർഷിച്ചിരുന്നു.

സ്കാന്ത ഗുപ്തയുടെ സമയത്ത് ഹൂണുകളാലും ശശാങ്കയുടെ കാലഘട്ടത്തിൽ ഗൗഡൻമാരാലും ആക്രമിക്കപ്പെട്ട നളന്ദ തുർക്കികളുടെ ആക്രമണത്തോട് കൂടി അതിന്റെ സർവോന്മുഖമായ അധപ്പതനത്തിന് ഇരയായി. പിന്നീട് BC 250 നു അടുത്ത് മൗര്യ ചക്രവർത്തി അശോകനും പിന്നീട് ഗുപ്തഭരണവും ആണ് നളന്ദയെ ഇത്രത്തോളം ഒക്കെ പുനരുജ്ജീവിപ്പിച്ചത്. ഇന്നും പരിവേഷണം നടക്കുകയാണ് ഇവിടെ. പലയിടങ്ങളിലും Archeological survey of India യുടെ നേതൃത്വത്തിൽ കുഴിക്കുന്നതും പര്യവേഷണങ്ങൾ നടക്കുന്നതും ഇവിടെ കാണാവുന്നതാണ്. UNESCO യുടെ ലോകപൈതൃക കേന്ദ്രങ്ങളിൽ ഒന്നായ ഇന്നത്തെ നളന്ദ പഴയ നളന്ദയുടെ വീണ്ടെടുത്ത 20% മാത്രമാണ് എന്നതിൽ നിന്നു തന്നെ അതിന്റെ വലിപ്പവും മാഹാത്മ്യവും നമ്മെ അമ്പരപ്പിക്കുന്നു.

കുതിരവണ്ടികൾ അവിടെ സർവ്വ സാധാരണമാണ്. നളന്ദ സർവ്വകലാശാലയിൽ നിന്നും പുറത്തിറങ്ങി കുതിരവണ്ടി ഒന്നിൽ കയറി നേരെ വിട്ടത് ഹുയാൻ സാങ്ങിന്റെ സ്മാരകത്തിലേക്കാണ്. ഹുയാൻ സാങ് ഗുരുവായിരുന്ന ആചാര്യശീലഭദ്രന്റെ കീഴിൽ യോഗ അഭ്യസിച്ചിരുന്ന സ്ഥലത്ത് ആണ് ഇത് സ്ഥാപിച്ചിരുന്നത്. ഇവിടുത്തെ സ്മാരക ഹാളിന് മുന്നിലെ പുല്ലുകൾ വളർത്തിയ വിശാലമായ മൈതാനത്തിനു നടുവിൽ കല്ലിൽ ആലേഘനം ചെയ്തിരിക്കുന്ന ലഘുവായ ജീവചരിത്രത്തോടു കൂടി യാത്രാ സഞ്ചിയും വഹിച്ചു കൊണ്ട് നിൽക്കുന്ന ഹുയാൻ സാങ്ങിന്റെ പ്രതിമ കാണാം. ചൈനീസ് രൂപകല്പനയിൽ ഉള്ള സ്മാരക ഹോൾ അദ്ദേഹത്തിന്റെ പരിശ്രമങ്ങളെക്കുറിച്ചും ജീവിതത്തിലെ പ്രധാന വഴിത്തിരുവുകളെയും ചിത്രീകരിച്ചിരിക്കുന്ന ഒരു ആർട് ഗാലറി ആണെന്ന് പറയാവുന്നതാണ്.

ഇവിടെ ഇന്ത്യയെയും ചൈനയേയും തമ്മിൽ ബന്ധിപ്പിക്കുന്ന തരത്തിൽ അദ്ദേഹത്തിന്റ സംഭാവനകളെ കുറിച്ചുള്ള വസ്തുതകൾ ചിത്ര സഹായത്തോടെ ഹിന്ദിയിലും ചൈനീസിലുമായി എഴുതി വച്ചിട്ടുണ്ട്. വളരെ മനോഹരമായ രൂപകല്പനകളാലും ഭംഗിയാലും പകർന്നു നൽകുന്ന അറിവുകളാലും ഏതാനും സമയം ഇവിടെ ചിലവഴിക്കുമ്പോൾ ഉണ്ടാകുന്ന അനുഭവം ഒന്നു വേറിട്ടതാണ്. ചരിത്ര പാഠപുസ്തകങ്ങളിൽ എവിടെയോ കേട്ട ഒരു പേരെന്നതിലുപരി പുരാതന ഭാരതത്തേയും ബുദ്ധനെയും ജൈനമത സ്ഥാപകനായ വർദ്ധമാനമഹാവീരനേയും മഗധവംശത്തിലെ പ്രബലരായ രാജാക്കൻമാരെയും അല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ പുരാതന ഇന്ത്യയുടെ ഒഴിച്ചുകൂടാനാകാത്ത ചരിത്രത്തെ പറ്റിയൊക്കെ ഇദ്ദേഹത്തിന്റെ എഴുത്തുകളിൽ നിന്നാണ് നമുക്ക് ലഭിച്ചത്.

തുടർന്ന് ചരിത്രത്തിന്റയും പുരാണത്തിന്റയും അനർഗള നിർഗളമായ കഥകളും വസ്തുതകളും പറയുന്ന ഇവിടെ നളന്ദ ആർക്കിയോളൊജിക്കൽ മ്യൂസിയം, ജൈനമതക്കാരുടെ തീർത്ഥാടന കേന്ദ്രമായ പാവാപ്പൂരി, ബുദ്ധന്റെ ചെറുതും വലുതുമായ പ്രതിമകൾ ഉണ്ടാക്കി വില്ക്കുന്ന ബീഹാർ സർക്കാരിന്റെ സഹായത്തോടുകൂടി പ്രവർത്തിക്കുന്ന കരകൗശല കേന്ദ്രം തുടങ്ങിയവ ഒക്കെ സന്ദർശിച്ചു.

രാജ് ഗീർ: ചരിത്രവും പുരാണവും കെട്ടുപിണയുമ്പോൾ!! ഏതാണ്ട് ഉച്ചയോടടുത്ത് നേരെ വിട്ടത് രാജ്ഗീറിലേക്കാണ്. രാജ്ഗീർ എന്നാൽ ചരിത്രവും പുരാണങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്നതും അതോടൊപ്പം ബുദ്ധമതത്തിന്റെയും ജൈനമതത്തിന്റെയും ഈറ്റില്ലവുമായ സ്ഥലമാണ്. ജൈനഗ്രന്ധങ്ങളിൽ പഞ്ചപഹാഡി എന്ന് വിശേഷിപ്പിച്ചിരിക്കുന്ന രാജ്ഗീർ കുറെയധികം പർവ്വതങ്ങളുടെ നടുവിലായി സ്ഥിതി ചെയ്യുന്നു. രാജ്ഗീറിലെത്തി നേരെ പോയത് അവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ 400 മീറ്ററോളം ഉയരമുള്ള രത്നാഗിരി മലയിലെ വിശ്വശാന്തി സ്തൂപത്തിലേക്കാണ്. ഏതാണ്ട് അര മണിക്കൂറോളം ആകാശക്കാഴ്ച കണ്ട് ഒരു കുഞ്ഞു സാഹസയാത്ര ചെയ്യാൻ താല്പര്യം ഉള്ളവർക്ക് 80 രൂപാ നിരക്കിൽ റോപ്പ് വേ ഉപയോഗിച്ചും അല്ലെങ്കിൽ അരമണിക്കൂറോളം ട്രെക്ക് ചെയ്തും മുകളിൽ എത്താവുന്നതാണ്.

രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ അണുബോംബിനു ഇരയായതിനു ശേഷം ലോകസമാധാനവും ശാന്തിയും ഊട്ടി ഉറപ്പിക്കേണ്ടതിന്റെ ബോധവൽക്കരണത്തിനായി ഇന്ത്യയിലുൾപ്പെടെ ലോകത്തിന്റ പല ഭാഗങ്ങളിലായി 80 ഓളം ശാന്തി സ്തൂപങ്ങൾ ജപ്പാൻ ഗവൺമന്റും ജപ്പാൻ ബുദ്ധ സമൂഹവും അതാത് സ്ഥലങ്ങളിലെ പ്രാദേശീയ ഗവൺമെന്റിന്റെ സഹായത്താൽ സ്ഥാപിച്ചിട്ടുണ്ട്. നാലു വശങ്ങളിലായി ബുദ്ധൻ ധ്യാനമനുഷ്ടിക്കുന്ന സ്ഥിതിയിലുള്ള ഓരോ വലിയ പ്രതിമ വീതം വെച്ചിട്ടുള്ള ഈ കുംഭഗോപുരം രാജ്ഗീൽ പോകുന്നുണ്ടെങ്കിൽ ഒഴിച്ചു കൂടാനാകാത്തതാണ്. വിശ്വശാന്തി സ്തൂപത്തിന് സമീപമായി തന്നെ രത്നാഗിരി മലയിൽ ഒരു ബുദ്ധക്ഷേത്രവും കൂടി ഉണ്ട്. മാത്രമല്ല അവിടെ നിന്നു കൊണ്ട് തന്നെ രത്നാഗിരിക്ക് താഴെയായി ബുദ്ധൻ ഏറെ നാൾ തപസ്സ് ചെയ്തിരുന്ന ഗ്രിധ്രാകൂടമലയും ശാന്തി സ്തൂപത്തിന്റെ സമീപത്തു നിന്നും കാണാവുന്നതാണ്. റോപ്വേയിലൂടെ മുകളിലെത്തിയ ശേഷം കുറച്ചുകൂടി മുകളിൽ ആയി സ്ഥിതി ചെയ്യുന്ന ശാന്തി സ്തൂപത്തിന് ചുറ്റുമായീ കുറച്ചു സമയം ചിലവഴിച്ചു.

സമയച്ചുരുക്കം കൊണ്ടും ബോധഗയയിലെ മഹാബോധി ക്ഷേത്രം കാണുക എന്നത് ലിസ്റ്റിലെ പ്രധാന സ്ഥലമായതിനാലും രാജ്ഗീറിൽ നിന്നും പിൻവാങ്ങേണ്ടതായിരുന്നു… രാജ്ഗീർ അധികം കറങ്ങി കാണാൻ കഴിഞ്ഞില്ലെങ്കിലും മനസ്സിലാക്കിയടത്തോളം ബീഹാറിൽ യാത്ര പോകാൻ ആഗ്രഹിക്കുന്നവർ കുറഞ്ഞത് ഒരു ദിവസം എങ്കിലും രാജ്ഗീറിനായി മാറ്റി വയ്ക്കുന്നത് വളരെ നല്ലതായിരിക്കും.

പർവ്വത മനുഷ്യൻ- ദശരത് മാഞ്ചി.!! രാജ്ഗീറിൽ നിന്നും പോയത് ബോധഗയ ദിശയിൽ തന്നെ 30 കിലോമീറ്റർ മാറി പർവ്വത മനുഷ്യൻ എന്ന പേരിൽ അറിയപ്പെടുന്ന ദശരത് മാഞ്ചിയുടെ ഗേലൂർ ഗ്രാമത്തിലേക്കാണ്. 300 ഓളം അടി ഉയരം ഉള്ള ഒരു പർവ്വതം കാരണം ആശുപത്രി, സ്കൂൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊക്കെ ഒരു ജനതയ്ക്ക് ബലികേറാമലയായി തുടരുമ്പോഴാണ് മാഞ്ചിയെന്ന ഒറ്റയാൾ പട്ടാളം സ്വന്തം ജനതയുടെ പോലും പിൻതുണയില്ലാതെ കേവലം ഉളിയും ചുറ്റികയുമായി ഇറങ്ങിത്തിരിച്ചത്. തനിക്കും തന്റെ ജനതക്കും മുന്നിൽ തടസ്സമായി നിന്ന ആ പർവ്വതത്തെ മാഞ്ചി തള്ളി നീക്കിയത് തന്റെ ആയുസ്സിന്റെ 22 ഓളം വർഷം എടുത്ത് 30 അടി വീതിയിൽ ഒറ്റക്ക് പർവ്വതത്തിന് കുറുകെ ഒരു പാത വെട്ടിയായിരുന്നു. മാഞ്ചി തന്റെ പത്നിയുടെ ഓർമ്മക്കായി തുടങ്ങിയ ദൗത്യം നൂറ്റാണ്ടുകളായി ഗ്രാമവാസികളുടെ നിസ്സഹായതയും ഒറ്റപ്പെടലും കഷ്ടപ്പാടുകളും അവസാനിപ്പിക്കാൻ പര്യാപ്തമായ ഒരു നിശ്ചയ ദാർഡ്യത്തിന്റെ വീരഗാധ കൂടിയാണ്. അതുകൂടാതെ തന്നെ താൻ വെട്ടിയുണ്ടാക്കിയ പാതയിലൂടെ തന്റെ ഗ്രാമത്തിലേക്കുള്ള റോഡിനായി പിന്നീടും നടത്തിയ പോരാട്ടങ്ങൾ മാഞ്ജിയെ വ്യത്യസ്തനാക്കുന്നു.

ദശരത് മാഞ്ജി റോഡ് എന്ന് ആലേഘനം ചെയ്തിരിക്കുന്ന വലിയ ഒരു കവാടത്തിലൂടെ പ്രവേശിക്കുന്നതു മാഞ്ജി വെട്ടിയ 320 അടി നീളമുള്ള ടാറിട്ട റോഡിലേക്കാണ്. പ്രവേശന കവാടത്തിനടുത്തായി തന്നെ ബോജ്പൂരി ഭാഷയിൽ ഒരു രാഷ്ട്രീയ പ്രസംഗം നടക്കുകയായിരുന്നു.. ആ ഗ്രാമവാസികളുടെയെല്ലാം ഒരു സംഗമ കേന്ദ്രമാണ് ഇപ്പോൾ ഈ സഥലം. മാഞ്ജി തെളിയിച്ച വഴിയിലൂടെ മലയ്ക്ക് അപ്പുറം പ്രവേശിച്ച് ഗേലൂർ ഗ്രാമത്തിലൂടെ ഒന്ന് കറങ്ങി തിരിച്ച് ഗയയ്ക്കുള്ള പ്രധാന റോഡിലെത്തിയപ്പോൾ അവിചാരിതമായി പെയ്തിറങ്ങിയ മഴ പോലെ തന്നെ മനസ്സിനുള്ളിലും അദ്ദേഹത്തോടുള്ള സ്നേഹാദരങ്ങൾ പെയ്തിറങ്ങി. സമാനതകൾ ഇല്ലാത്ത മാഞ്ജിയുടെ ഒറ്റയാൻ പരിശ്രമത്തിന് 22 വർഷങ്ങളെടുത്തു എന്നതും മഹാത്ഭുതമായ താജ്മഹൽ ഉണ്ടാക്കാൻ 22 വർഷമെടുത്തു എന്നതും തികച്ചും യാദൃശ്ചികമായിരിക്കാം.

ഭക്തി സാന്ദ്രമായ ബോധഗയ- Macca of Budhism!!! അല്പസമയം മാത്രമേ ഗേലൂർ ഗ്രാമത്തിലൂടെയുള്ള യാത്രക്ക് എടുത്തുള്ളൂവെങ്കിലും നിറഞ്ഞ മനസ്സോടെയാണ് ബുദ്ധന്റെ സ്വന്തം സ്ഥലമായ ബോധ ഗയയിലേക്ക് തിരിച്ചത്. ഏകദേശം സായാഹ്നത്തോടടുത്ത് എത്തി. മഹാബോധി ടെമ്പിളിലേക്കുള്ള പ്രവേശനകവാടത്തിൽ മൊബൈൽ ഫോണും വാലറ്റും ഏൽപ്പിച്ച് കാമറക്കുള്ള അനുവാദത്തിനായി 100 രൂപ അടച്ച് അതുമായി ഈ ബുദ്ധക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. പ്രവേശന കവാടത്തിന്റെ ഇടത് വശത്തായി തന്നെ ബുദ്ധനെയും ബുദ്ധമതവുമായും ബന്ധപ്പെട്ട പുസ്തകങ്ങൾ വിൽക്കുന്ന മഹാബോധി ബുക്ക് ഷോപ്പ് കാണാം.

ഗയ നഗരത്തിന് അടുത്ത് ഫൽഗു നദിയുടെ തീരത്തായി ഏതാണ്ട് BC 580 ൽ സിദ്ധാർധ ഗൗദമ രാജകുമാരൻ ലോക ജനതയുടെ നിരാലമ്പതയും കഷ്ടപ്പാടുകളും കണ്ട് മനസ് കലങ്ങി അവ അവസാനിപ്പിക്കാൻ വേണ്ടി ഒരു ആൽമരത്തിൻ കീഴിൽ ദീർഘമായി മൂന്ന് രാവും മൂന്ന് പകലും ധ്യാനത്തിൽ ഇരിക്കുകയും അങ്ങനെ ജ്ഞാനോദയം നേടുകയും തുടർന്ന് ഏഴ് ആഴ്ച്ച ആ ആൽവൃക്ഷത്തിൻ ചുവട്ടിലും അതിന് സമീപ പ്രദേശങ്ങളിലുമായി പല വിധത്തിലുള്ള ധ്യാനങ്ങളാലും പ്രാർത്ഥനകളാലും തുടർന്നു എന്നാണ് വിശ്വാസം. പിൽക്കാലത്ത് ആ പ്രദേശം വളർന്ന് ബോധഗയ എന്നും ആൽമരത്തെ ബോധിവൃക്ഷം അറിയപ്പെടുന്നു. ബോധി വൃക്ഷത്തിന് താഴെ ബുദ്ധൻ ധ്യാനത്തിൽ ഇരുന്ന സ്ഥലം ചുവന്ന കല്ലുകളാൽ പീഠം ഉണ്ടാക്കി ചുവന്ന പരവതാനി വിരിക്കപ്പട്ടിട്ടുണ്ട്. ഇതിനെ വജൃ സിംഹാസനം എന്നറിയപ്പെടുന്നു. ഇതേ സ്ഥലത്ത് പിന്നീട് വന്ന മൗര്യ രാജാവായിരുന്ന അശോകൻ മഹാബോധി ക്ഷേത്രം പണി കഴിപ്പിച്ചു. പലതവണ ഇത് പല രാജാക്കൻമാരാൽ നശിപ്പിക്കപ്പെടുകയും വീണ്ടും വീണ്ടും പുനരുജ്ജീവിപ്പിക്കപ്പെടുകയും ചെയ്തെങ്കിലും പുരാവസ്തു ശാസ്ത്ര പ്രകാരം ഇന്നത്തെ മഹാബോധിക്ഷേത്രം ഏതാണ്ട് 5-6 നൂറ്റാണ്ടുമുതൽ തുടർന്നിരുന്നു എന്നാണ് പറയപ്പെടുന്നത്.

ക്ഷേത്രത്തിനുള്ളിൽ ബുദ്ധന്റെ സ്വർണം പൂശിയിരിക്കുന്ന, വലതു കൈ ഭൂമിയിൽ സ്പർശിച്ച് ഭൂമിസ്പർശമുദ്രയിൽ ഇരിക്കുന്ന ബുദ്ധ പ്രതിമക്ക് മുന്നിൽ ധാരാളം ഭക്തർ ധ്യാനത്തിലും പ്രാർധനയിലും ചിലവഴിക്കുന്നുണ്ടായിരുന്നു. ജ്ഞാനോദയം ലഭിച്ച ശേഷവും ആദ്യ ആഴ്ച്ച ബോധി വൃക്ഷത്തിന്റെ കീഴിൽ തന്നെ ധ്യാനത്തിൽ കഴിഞ്ഞ ബുദ്ധൻ രാണ്ടാമത്തെ ആഴ്ച്ച ബോധിവൃക്ഷത്തിന്റെ പടിഞ്ഞാറ് വശത്തായി ബോധി വൃക്ഷത്തിൽ നോക്കി ഇമ വെട്ടാതെ നിന്നു കൊണ്ട് തുടർച്ചയായി ധ്യാനത്തിൽ തുടർന്നു. ഈ സ്ഥലത്തെ അനിമശ്ലോചസ്തൂപം എന്നാണ് അറിയപ്പെടുന്നത്. ഇവിടെ ബോധിവൃക്ഷത്തിന്റെ വശത്തേക്ക് നോക്കി നിൽക്കുന്ന ബുദ്ധ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.

മൂന്നാമത്തെ ആഴ്ച അനിമശ്ലോച സ്തൂപത്തിന്റെ അടുത്തു നിന്ന് തുടർച്ചയായി ബോധി വൃക്ഷത്തിന്റെ അടുത്തേക്കും തിരിച്ചും ബുദ്ധൻ ധ്യാനത്തിൽ തന്നെ നടക്കാറുണ്ടാരുന്നു.. ഇതിനെ ധ്യാനനടത്തമെന്നും കൺകമാന എന്നും പറയുന്നു. ബുദ്ധൻ നടന്ന ഓരോ കാല്പാദങ്ങൾക്കും കീഴെയായി താമരപൂക്കൾ ശിലാ താലങ്ങളിലായി വച്ചിട്ടുണ്ട്. ബുദ്ധൻ നാലാഴ്ച്ചയോളം ധ്യാനത്തിൽ ഇരുന്നു കഴിഞ്ഞ ശേഷമുള്ള ഏഴ് ദിവസത്തോളം ബോധിവൃക്ഷത്തിനു സമീപമുള്ള തടാകത്തിനടുത്തായി ധ്യാനത്തിലിരിക്കുകയും അപ്പോൾ തന്നെ ആകാശം ഇരുണ്ട് ശക്തമായ മഴ ഉണ്ടാകുകയും സർപ്പങ്ങളുടെ രാജാവായ മുക്കലിന്ദ എത്തി അതിന്റെ ഫണം വിടർത്തീ ബുദ്ധനു സംരക്ഷണം കൊടുത്തതായും മഴ തോർന്നപ്പോൾ സർപ്പരാജാവ് തന്റെ മനുഷ്യ രൂപമെടുത്ത് ബുദ്ധനെ വണങ്ങി തിരിച്ച് മടങ്ങിയതായാണ് വിശ്വാസം.

തടാകത്തെ താമര തടാകമെന്നാണ് അറിയപ്പെടുന്നത്. സർപ്പ ഫണത്തിന്റെ കീഴിലായി ബുദ്ധൻ ധ്യാനമനുഷ്ടിക്കുന്നത് ചിത്രീകരിക്കുന്ന വലിയ പ്രതിമ താമരപൂക്കളാൽ സംപുഷ്ടമായ ഈ തടാകത്തിൽ സ്ഥാപിച്ചിരിക്കുന്നത് കാണാൻ വളരെ ഭംഗിയാണ്. ധ്യാനത്തിന് ബുദ്ധൻ തന്റെ ഏഴാമത്തെ ആഴ്ച ചിലവഴിച്ചത് ഒരു തരം കാട്ടു വൃക്ഷത്തിനു കീഴിലായി ആരുന്നു. മഹായത്ന വൃക്ഷം എന്നും ഇത് അറിയപ്പെടുന്നു. തപസ്സ എന്നും ഭാലിക എന്നും പേരുള്ള രണ്ട് ബർമൻ വ്യാപാരികൾ ഇതേ സ്ഥലത്ത് ആ സമയം ബുദ്ധന്റെ അഭയാർത്ഥികളായി എത്തുകയും എല്ലാം ബുദ്ധനു സമർപ്പിക്കുന്നു എന്ന് അർഥം വരുന്ന ബുദ്ധം ശരണം ഗച്ചാമി എന്നും ധർമം ശരണം ഗച്ചാമി എന്നും പിന്നീട് വളരെ പ്രശസ്തമായിത്തീർന്ന വചനങ്ങൾ ഉരുവിട്ട അവർ ബുദ്ധനു തങ്ങളുടെ കൈവശം ഉണ്ടായിരുന്ന ആഹാരം വാഗ്ദാനം ചെയ്യുകയും പിന്നീട് അപ്രത്യക്ഷരാകുകയും ചെയ്തു എന്നാണ് വിശ്വാസം. ലോകത്തിലെ ഏറ്റവും സന്തോതോഷവാന്മാരുടെ രാജ്യമായ ഭൂട്ടാനിലേക്കും ടിബറ്റിലേക്കും ഹിമാലയൻ സാനുക്കളിലേക്കും ഒക്കെ വ്യാപിച്ച് സ്വധീനം ചെലുത്തുന്ന ബുദ്ധമതത്തിന്റെ വേരുകൾ ഉത്ഭവിച്ച ഈ ലോക പൈതൃക കേന്ദ്രം ഒരു അനുഭവമാണ്, അത്ഭുതം ആണ്. ലോകമെമ്പാടുമുള്ള ധാരാളം ബുദ്ധ സന്യാസിമാരുടെ സ്വഭവനം ആയ ഇവിടം എപ്പോഴും അദ്ധ്യാത്മികമായ അനുഭൂതി പ്രദാനം ചെയ്യുന്നു.

“ബുദ്ധം ശരണം ഗച്ചാമി ധർമം ശരണം ഗച്ചാമി സംഘം ശരണം ഗച്ചാമി” അതെ ബുദ്ധനും ധർമ്മത്തിനും സന്യാസത്തിനും അഭയാർത്ഥികളായി തീരാൻ സമർപ്പിച്ചു കൊണ്ട് ആവർത്തിച്ച് ആവർത്തിച്ച് മന്ത്രങ്ങൾ ഉരുവിട്ട് ഇവിടം അന്തരീക്ഷത്തെ ധ്യാനനിരതമാക്കി നിർത്തുന്നു.അനന്തമായ ആ ആത്മീക പ്രഭാവത്തിൽ നിന്ന് ശാന്തമാക്കിയ മനസ്സും പുതു ചൈതന്യവുമായി സായാഹ്നത്തിൽ അവിടെ നിന്ന് ഇറങ്ങുമ്പോഴേക്കും ബീഹാർ യാത്ര ധന്യമായതായി മാറിയിരുന്നു. ഇരുട്ടിയിരുന്നതിനാലും ഒരു ദിനം കൂടി തങ്ങാൻ പറ്റാത്തതിനാലും ബോധഗയയിലെ കൂറ്റൻ ബുദ്ധ പ്രതിമയും പലവിധ ശില്പകലകളിലൂടെ നിർമിച്ച ധാരാളം ബുദ്ധ്ക്ഷേത്രങ്ങളും ഒക്കെ പിന്നീട് ഒരിക്കൽ കാണാം എന്ന തീരുമാനത്തോടെ അവിടെ നിന്നും യാത്ര തിരിച്ചു. ഭാരതത്തിന്റെ ഹൃദയഭാഗത്തിലൂടെ ഏതാണ്ട് 1500 ഓളം കിലോമീറ്റർ അപ്പുറമുള്ള ഹൈദരാബാദിലേക്ക്!!

LEAVE A REPLY

Please enter your comment!
Please enter your name here