ലേഖകൻ – Siddieque Padappil‎.

ഇന്ത്യൻ സിനിമാചരിത്രത്തിൽ വിസ്‌മരിക്കാനാവാത്തൊരു അദ്ധ്യായമാണ്‌ ബോംബെ ടാക്കീസിന്റേത്‌. ബോളിവുഡിന്റെ വളർച്ചയ്‌ക്ക്‌ വിത്ത്‌ പാകുന്നതിൽ ബോംബെ ടാക്കീസ്‌ വഹിച്ച പങ്ക്‌ ചെറുതല്ല. 1934 മുതൽ 1954 വരെ രണ്ട്‌ പതിറ്റാണ്ടോളം ഹിന്ദി സിനിമയുടെ നെടും തൂണായിരുന്നു ബോംബെ ടാക്കിസെന്ന സ്റ്റൂഡിയോയും നിർമ്മാണ കമ്പനിയും. അശോക്‌ കുമാർ, ദിലീപ്‌ കുമാർ തുടങ്ങി പിൽക്കാലത്ത്‌ പ്രശസ്തിയുടെ കൊടുമുടി കയറിയ പല നടീ നടന്മാരുടെയും ആദ്യക്കളരി കൂടിയായിരുന്നു ബോംബെ ടാക്കീസ്‌.

ബോംബെ ബോറിവ്‌ലിക്ക്‌ സമീപമുള്ള മലാഡ്‌ എന്ന പ്രദേശത്താണ്‌ 1934 ജൂൺ 22 ന്ന് ബോംബെ ടാക്കീസ്‌ പ്രവർത്തനമാരംഭിക്കുന്നത്‌. ഹിന്ദി സിനിമയിലെ ആദ്യകാല നടനും സംവിധായകനുമായിരുന്ന ഹിമാൻഷു റായും ഭാര്യയും പ്രശസ്ത നടിയുമായിരുന്ന ദേവിക റാണിയുമായിരുന്നു സ്റ്റുഡിയോ നിർമ്മിച്ചത്‌. 1930 കളിലെയും 40 കളിലെയും മിക്ക ക്ലാസിക്‌ സിനിമകളും നിർമ്മിച്ചത്‌ ബോംബെ ടാക്കീസ്‌ ആയിരുന്നു. അച്ചുത്‌ കനയ്യ (1936), കിസ്‌മത്‌ (1943), സിദ്ധി – Ziddi – (1948) തുടങ്ങി വൻ ഹിറ്റ്‌ പടങ്ങളും ബോംബെ ടാക്കിസിന്റെതായി വെള്ളിത്തിരയിലെത്തുകയുണ്ടായി.

ലണ്ടനിൽ വെച്ച്‌ പരിചയപ്പെട്ട ഹിമാൻഷു റായും ദേവികാ റാണിയും 1933 ൽ ഇന്ത്യയിലെത്തുകയും വിവാഹം കഴിക്കുകയും ചെയിതതിന്ന് ശേഷം 1934 ലാണ്‌ തങ്ങളുടെ സ്വപ്നമായ സ്റ്റൂഡിയോ സ്ഥാപിക്കുന്നത്‌. ബോംബെ ടാക്കീസ്‌ എന്ന് നാമകരണം ചെയിത സ്റ്റൂഡിയോയിൽ സ്വപ്നതുല്ല്യമായ സാങ്കേതിക സൗകര്യവും ഏറ്റവും മികച്ച സാങ്കേതിക വിദഗ്ദരുടെ സേവനവും ഉണ്ടാകണമെന്ന് അവർക്ക്‌ നിർബന്ധമായിരുന്നു. അത്‌ കൊണ്ട്‌ തന്നെ വിദേശങ്ങളിലെ പല പ്രഗൽഭ സാങ്കേതിക വിദഗ്‌ദരെ സ്റ്റൂഡിയോയിൽ എത്തിക്കാനായി ശ്രമിച്ചു. അക്കാലത്തെ പ്രശസ്ത ഛായാഗ്രഹകൻ ജോസെഫ്‌ വിർഷിംഗ്‌, കാൾ വോൺ സ്പെറ്റി, സംവിധായകൻ ഫ്രാൻസ്‌ ഓസ്റ്റൻ തുടങ്ങി ജർമനിയിലെയും ബ്രിട്ടനിലെയും മികച്ച കലാകാരന്മരെ രംഗത്തിറക്കി.

ഒരു നിഗൂഢ മരണത്തിന്റെ കഥ പറഞ്ഞ 1935ൽ ഇറങ്ങിയ ‘ജവാനി കി ഹവാ’ ആയിരുന്നു ബോംബെ ടാക്കീസ്‌ നിർമ്മിച്ച ആദ്യ ചലച്ചിത്രം. തുടർന്നങ്ങോട്ട്‌ ഒരുപാട്‌ നല്ല സിനിമികൾ പിറവിയെടുക്കുകയുണ്ടായി. ആദ്യ കാല മിക്ക സിനിമയിലും ദേവികാ റാണിയായിരുന്നു, മുഖ്യ സ്ത്രീകഥാപാത്രം. റാണിയുടെ അഭിനയ മികവ്‌ സ്റ്റൂഡിയോടെ വളർച്ചയ്‌ക്കും തിരിച്ചും സഹായകമായി. കാവ്യാത്മകമായ പല സിനിമകളും പിറവി കൊണ്ട ടാക്കീസ്‌ അക്കാലത്ത്‌ പലരും ചെയ്യാൻ ധൈര്യപ്പെടാത്ത വിഷയങ്ങളും കൈകാര്യം ചെയിതു. സമൂഹത്തിലെ ഉച്ചനീജത്തം കളിയാടിയിരുന്ന അക്കാലത്ത്‌ തൊട്ടുകൂടായ്മ സമൂഹത്തിന്റെ ശാപമായിരുന്നു. അത്തരം ഒരു ദളിത്‌ സമുദായത്തിൽ പെടുന്ന പെൺകുട്ടിയെ സ്നേഹിച്ച്‌ സ്വന്തമാക്കുന്ന ബ്രാഹ്‌മിൺ യുവാവിന്റെ കഥ പറഞ്ഞ ‘അച്ചുത്‌ കനയ്യ’ യൊക്കെ ബോംബെ ടാക്കിസിന്റെ സംഭാവനയായിരുന്നു.

‘ജീവൻ നയ്യ’ പോലെയുള്ള നല്ല സിനിമകൾ നിർമ്മിച്ച്‌ മുന്നേറി കൊണ്ടിരിക്കെ 1940 ഹിമാൻഷു റായുടെ ആകസ്മിക മരണം സ്റ്റുഡിയോ പ്രവർത്തനത്തെ അൽപമൊന്ന് ഉലച്ചുവെങ്കിലും ഇതിനകം പബ്ലിക്‌ ഷെയറുകൾ സ്വീകരിച്ച്‌ വന്ന ബോംബെ ടാക്കീസ്‌ കമ്പനിയുടെ തലപ്പത്ത്‌ ഭാര്യ ദേവികാ റാണി എത്തപ്പെട്ടു. വീണ്ടും നല്ല സിനിമകൾ ചെയിത്‌ കൊണ്ടിരിക്കെ രണ്ടാം ലോക മഹായുദ്ധവും സ്റ്റൂഡിയോ പ്രവർത്തനത്തെ ബാധിച്ചു. ഇതിനിടയ്‌ക്ക്‌ ദേവികാ റാണിയുമായി ബോംബെ ടാക്കിസിൽ സഹകരിച്ച്‌ വരികയായിരുന്ന അശോക്‌ കുമാർ ഏതോ ഒരു തർക്കത്തിന്റെ പേരിൽ ബോംബെ ടാക്കിസിൽ നിന്ന് പിരിഞ്ഞ്‌ ഷഷാദർ മുഖർജിയുടെ കൂടെ ചേർന്ന് ‘ഫിൽമിസ്ഥാൻ’ എന്ന സ്റ്റൂഡിയോ സ്ഥാപ്പിക്കുകയുണ്ടായി. 1945 ൽ റഷ്യക്കാരനായ സെറ്റോസ്ലാവ്‌ റോറിച്ചിനെ വിവാഹം ചെയിത്‌ സിനിമാ ലോകത്ത്‌ നിന്ന് തന്നെ ദേവികാ റാണി വിരമിച്ചപ്പോൾ അശോക്‌ കുമാർ വീണ്ടും ബോംബെ ടാക്കീസിന്റെ ചുക്കാനേറ്റെടുത്തു.

പൗരാണിക കഥയുമായെത്തിയ‌ സാവിത്രി (1937), അശോക്‌ കുമാറും ലീല ചിന്റിസും ഒരുമിച്ചഭിനയിച്ച കംഗൻ (1939), 1940 ലെ ബന്ധൻ, 1941 ൽ ഇറങ്ങിയ ജൂലൻ, 1942 ഹിറ്റ്‌ പടമായ ബസന്ത്‌ തുടങ്ങി പല ജനപ്രിയ സിനിമകളും ബോംബെ ടാക്കിസിന്റെതായി വെള്ളിത്തിരയിലെത്തി. കൊൽക്കത്തയിലെ റോക്സി സിനിമയിൽ തുടർച്ചയായി മൂന്ന് വർഷം പ്രദർശിപ്പിക്കപ്പെട്ട ഗ്യാൻ മുഖർജി സംവിധാനം ചെയിത 1943 ലെ ‘കിസ്‌മത്‌’ തന്നെയായിരുന്നു ബോംബെ ടാക്കിസിന്റെ ഏറ്റവും വൻ വിജയം നേടിയ ചിത്രമെന്ന് സംശയലേശമന്യേ പറയാം. ചെറുപ്പത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട അശോക്‌ കുമാറിന്റെ കഥാപാത്രം ഒരു ആന്റി ഹീറോ ക്ലൈമാക്സിലൂടെ കടന്ന് പോവുകയും അവസാനം മാതാപിതാക്കളെ കണ്ടെത്തുകയും ചെയ്യുന്നതാണ്‌ കിസ്‌മത്തിന്റെ ഇതിവൃത്തം.

കിസ്‌മത്തിന്ന് ശേഷം രണ്ടാം ലോക മഹായുദ്ധവും ദേവികാ റാണിയുടെ വിരമിക്കലിന്നും പിറകെ ഒരു ഉയർത്തെഴുന്നേൽപ്പിന്ന് ബോംബെ ടാക്കീസ്‌ ശ്രമിച്ചുവെങ്കിലും ആ പഴയ പടയോട്ടം നിലച്ചുവെന്നുവേണം കരുതാൻ. 1952 ൽ ബിമൽ റോയ്‌ സംവിധാനം ചെയിത ‘മാ’, ദേവ്‌ ആനന്ദ്‌- മീന കുമാരി കൂട്ടുകെട്ടിന്റെ തമാശ, 1953 ൽ ഇറങ്ങിയ അശോക്‌ കുമാർ – പി ഭാനുമതി അഭിനയിച്ച ‘ഷംസീർ’, തുടങ്ങിയ പടങ്ങൾ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും സാമ്പത്തിക മാന്ദ്യം സ്റ്റുഡിയോയുടെ പ്രവർത്തനത്തെ ബാധിക്കുക തന്നെയുണ്ടായി.

സ്റ്റൂഡിയോ തൊഴിലാളി സഹകരണ സംഘത്തിന്റെ പിന്തുണയോടെ നിർമ്മിച്ച, ബഹുമുഖ പ്രതിഭകളാൽ സമ്പന്നമായ 1954 ൽ ഇറങ്ങിയ ബാദ്‌ബാൻ എന്ന സിനിമയ്‌ക്ക്‌ പോലും ബോംബെ ടാക്കീസിന്റെ പഴയ പ്രതാപം തിരിച്ച്‌ കൊണ്ട്‌ വരാനായില്ല. അവസാനം തോലറാം ജലൻ എന്ന ബിസിനസുകാരൻ സ്റ്റുഡിയോ വിലക്ക്‌ വാങ്ങുകയും സിനിമാ നിർമ്മാണത്തിന്ന് എന്നെന്നേക്കുമായി തിരശ്ശീല താഴ്‌ത്തുകയും ചെയിതതോടെ ബോളിവുഡിലെ സ്വപ്‌ന സ്റ്റുഡിയോ എന്നത്തെയ്‌ക്കുമായി കാലയവനികയിലേക്ക്‌ മറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here