ലേഖകൻ – ജിനേഷ് പി.എസ്.

അഞ്ചടി നീളമുള്ള ആ ബാത്ത് ടബ്ബിന് സമീപം ചിന്താമഗ്നനായി നിൽക്കുകയാണ് ഇൻസ്പെക്ടർ നീൽ. അഞ്ചടി ഏഴിഞ്ച് പൊക്കമുള്ള മുങ്ങൽ വിദഗ്ധരായ സ്ത്രീകളെ മുക്കാൽഭാഗം നിറച്ച ആ ബാത്ത്ടബ്ബിലേക്ക് പലതവണ ബലംപ്രയോഗിച്ച് തള്ളിയിട്ടു. ഓരോ തവണയും വെള്ളത്തിൽ വീണ സ്ത്രീകളുടെ ശരീരത്തിൽ പരിക്കുകളുണ്ടായിരുന്നു. പക്ഷേ പിന്മാറാൻ നീൽ തയാറല്ലായിരുന്നു. വീണ്ടും വീണ്ടും പലതവണ ഇത് തന്നെ ആവർത്തിച്ചു. ഓരോ തവണയും ആ ബാത്ത് ടബ്ബിൽ വീഴുന്നവർക്ക് പരിക്കു പറ്റിക്കൊണ്ടിരുന്നു. പിന്നീട് ടബ്ബിന് സമീപം നിന്ന സ്ത്രീയുടെ കാലിൽ പിടിച്ചുവലിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ ആളുടെ തല വെള്ളത്തിനടിയിലായി. നീലും ഡോക്ടറും അരമണിക്കൂർ കഠിനമായി പരിശ്രമിച്ചതിന് ശേഷമാണ് ആൾക്ക് ബോധം തിരിച്ചുകിട്ടിയത്. വെള്ളത്തിന്റെ തള്ളൽ മാത്രമേ ബോധം വന്നപ്പോൾ ആൾക്ക് ഓർമ്മയുണ്ടായിരുന്നുള്ളൂ.

1915 ജനുവരി മാസത്തിലാണ് ഡിക്ടറ്റീവ് ഇൻസ്പെക്ടർ ആർതർ നീലിന് ആ എഴുത്ത് ലഭിക്കുന്നത്. ലങ്കാഷെയറിൽ നിന്നും ജോസഫ് ക്രോസ്ലി അയച്ച എഴുത്തിൽ രണ്ട് പത്ര കട്ടിങ്ങുകളായിരുന്നു ഉണ്ടായിരുന്നത്. 1914 ഡിസംബർ മാസത്തിലെ ന്യൂസ് ഓഫ് ദ വേൾഡ് പത്രത്തിന്റെ പേജായിരുന്നു ഒന്ന്. 38 വയസ്സുള്ള മാർഗരറ്റ് എലിസബത്ത് ലോയിഡിനെ ബാത്ത് ടബ്ബിൽ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയ വാർത്തയായിരുന്നു അതിലുണ്ടായിരുന്നത്. ഭർത്താവ് ജോൺ ലോയിഡ് ആണ് മരിച്ചുകിടക്കുന്നത് ആദ്യം കണ്ടത്. 1913 ഡിസംബർ മാസത്തിലെ ഒരു കൊറോണർ ഇൻക്വസ്റ്റ് റിപ്പോർട്ടിന്റെ വാർത്തയായിരുന്നു രണ്ടാമത്തേത്. ബ്ലാക്ക്പൂളിൽ ഒരു ഹോട്ടലിലെ ബാത്ത് ടബ്ബിൽ മരിച്ചുകിടന്ന ആലീസ് സ്മിത്തിൻറെ വിവരങ്ങളാണ് ഇതിലുണ്ടായിരുന്നത്. ഭർത്താവ് ജോർജ് സ്മിത്താണ് മരിച്ചുകിടക്കുന്നത് ആദ്യമായി കണ്ടത്. രണ്ടു മരണങ്ങൾ തമ്മിലുള്ള അപാരമായ സാദൃശ്യമായിരുന്നു ജോസഫിനെ ഈ എഴുത്തെഴുതാൻ പ്രേരിപ്പിച്ചത്.

എലിസബത്ത് ലോയിഡ് മരിച്ചുകിടന്ന 14 ബിസ്മാർക്ക് റോഡിലെ കെട്ടിടത്തിൽ ഇൻസ്പെക്ടർ പോയിരുന്നു. ഇത്ര ചെറിയ ഒരു ബാത്ത് ടബ്ബിൽ എലിസബത്തിനെ പോലെ ഒരാൾ എങ്ങനെ മുങ്ങി മരിക്കും എന്ന സംശയവും തോന്നിയിരുന്നു. ഡെത്ത് സർട്ടിഫിക്കറ്റ് നൽകിയ കൊറോണർ ഡോക്ടർ ബേയ്റ്റ്സിനെ കാണുകയായിരുന്നു അടുത്തപടി. ഇടത് കൈ മുട്ടിനു മുകൾ ഭാഗത്തായി ഒരു ചെറിയ ചതവ് ഒഴിച്ച് മറ്റു പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല എന്ന് ഡോക്ടർ ഉറപ്പുപറഞ്ഞു. മറ്റൊരുകാര്യം കൂടി നീൽ കണ്ടുപിടിച്ചു. എലിസബത്ത് മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഭർത്താവ് ജോൺ ലോയിഡിനെ അവകാശിയാക്കി വില്പത്രം തയ്യാറാക്കിയിരുന്നു. മാത്രമല്ല അന്നേദിവസം തന്നെ തന്റെ എല്ലാ സമ്പാദ്യവും എലിസബത്ത് പിൻവലിച്ചിരുന്നു.

 

ജനുവരി 12നാണ് ഡോക്ടർ ബേയ്റ്റ്സിന്റെ ഫോൺ നീലിന് ലഭിക്കുന്നത്. യോർക്ക്ഷയർ ഇൻഷുറൻസ് കമ്പനിയിൽ നിന്നും എലിസബത്തിന്റെ മരണകാരണം ഡോക്ടറോട് അന്വേഷിച്ചു എന്നു പറയാനാണ് ഡോക്ടർ വിളിച്ചത്. 700 പൗണ്ടിന്റെ ഇൻഷുറൻസ് ആയിരുന്നു എലിസബത്ത് എടുത്തിരുന്നത്, അവകാശി ജോണും. തുക ഇന്ന് ഏതാണ്ട് 56 ലക്ഷം ഇന്ത്യൻ രൂപ മതിക്കും. മറുപടി നൽകുന്നത് വൈകിപ്പിക്കാൻ ആയിരുന്നു ഇൻസ്പെക്ടറുടെ തീരുമാനം. ഇൻസ്പെക്ടർ ബ്ലാക്ക്പൂൾ പോലീസുമായി ബന്ധപ്പെട്ടു. മരിക്കുന്നതിനുമുമ്പ് മിസിസ് സൗത്ത് 500 പൗണ്ടിന്റെ ഇൻഷുറൻസ് എടുത്തിരുന്നു എന്നും മരണശേഷം സ്മിത്ത് അത് കൈക്കലാക്കി എന്നും അറിഞ്ഞു. അതായത് ഇന്നത്തെ ഏതാണ്ട് 40 ലക്ഷം ഇന്ത്യൻ രൂപ മതിപ്പ്.

മുങ്ങിമരണം സ്ഥിരീകരിച്ചുകൊണ്ട് റിപ്പോർട് കൊടുക്കാൻ ഡോക്ടർക്ക് ഇൻസ്പെക്ടർ നീൽ നിർദേശം നൽകി. യോർക്ക്ഷെയർ ഇൻഷുറൻസ് കമ്പനിയുടെ വക്കീലിന്റെ ഓഫീസ് നിരന്തരം നിരീക്ഷണവിധേയമാക്കി. വക്കീലിന്റെ ഓരോ നീക്കങ്ങളും 24 മണിക്കൂറും നിരീക്ഷിച്ചുകൊണ്ടിരുന്നു. അവസാനം 1915 ഫെബ്രുവരി ഒന്നാം തീയതി ആ മനുഷ്യൻ പ്രത്യക്ഷപ്പെട്ടു. ലോയിഡിന്റെ വിശേഷണങ്ങളുടെ യോജിച്ച ആകാരമുള്ളയാൾ. “മി. ലോയിഡ്, ഞാൻ അന്വേഷിക്കുന്ന മി. സ്മിത്ത് നിങ്ങൾ തന്നെയാണോ ?” അല്ല എന്നായിരുന്നു ഉത്തരം. ബഹുഭാര്യത്വത്തിന് ലോയിഡിന്റെ പേരിൽ കേസെടുക്കുന്നു എന്നറിയിച്ചപ്പോൾ സ്മിത്ത് താൻ തന്നെയാണെന്ന് ലോയിഡ് അംഗീകരിച്ചു.

 

1915 ഫെബ്രുവരി മാസമാണ് ഫോറൻസിക് സർജൻ ഡോക്ടർ ബർണാഡ് സ്പിൽസ്ബറി സ്ക്രീനിലെത്തുന്നത്. മാർഗരറ്റ് എലിസബത്ത് ലോയിഡ് എങ്ങനെ മരിച്ചു എന്നായിരുന്നു അദ്ദേഹത്തിനുള്ള ചോദ്യം. മാർഗരറ്റ് ലോയിഡിന്റെ ശരീരം കുഴിച്ചെടുത്ത് പരിശോധിച്ചു. കൈമുട്ടിനു മുകളിൽ ഒരു ചെറിയ ചതവുണ്ട് എന്ന് ഉറപ്പിച്ചു. കൂടാതെ രണ്ട് ചെറിയ പരിക്കുകൾ കൂടി കണ്ടെത്തി. മുങ്ങി മരണത്തിന്റെ ലക്ഷണങ്ങൾ വ്യക്തമല്ലായിരുന്നു. ഹൃദയസ്തംഭനം മൂലമുള്ള മരണമല്ല എന്ന് സ്പിൽസ്ബറി ഉറപ്പിച്ചു. ശരീരത്തിൽ വിഷം ഉണ്ടോ എന്നറിയാൻ വേണ്ടിയുള്ള രാസ പരിശോധനകളും നടത്തി. പൊടുന്നനെ വെള്ളത്തിൽ വീണപ്പോൾ വാസോവാഗൽ ഷോക്ക് ഉണ്ടായതാവാം മരണകാരണമെന്ന് അനുമാനിച്ചു.

5 അടി നീളമുള്ള ബാത്ത് ടബ്ബിൽ പരീക്ഷണം നടത്താനുള്ള നിർദേശം ഫോറൻസിക് സർജൻ ഡോ. സ്പിൽസ്ബറിയുടേതായിരുന്നു. അഞ്ചടി ഏഴിഞ്ച് പൊക്കം ഉള്ള ഒരാളുടെ കാലിൽ വലിച്ച് ടബ്ബിൽ വീണപ്പോൾ ഡോക്ടറുടെ അനുമാനം പോലെതന്നെ ശരീരത്തിൽ കാര്യമായ പരിക്കുകൾ ഒന്നുമില്ല, കുറച്ചുസമയം കൂടി വൈകിയിരുന്നെങ്കിൽ ആൾ മരിച്ചു പോയേനേ. ഡോക്ടറും ഇൻസ്പെക്ടറും ഒരേസമയം ഉണ്ടായിരുന്ന സമയത്ത് പരീക്ഷണം നടത്തിയത് നന്നായി. പത്രങ്ങളിൽ തുടർച്ചയായ വാർത്തകൾ വന്നു കൊണ്ടിരുന്നു. ബാത്ത് ടബിൽ വധുക്കളുടെ മരണങ്ങളുടെ സീരീസ് തന്നെ വാർത്തകളായി വന്നുകൊണ്ടിരുന്നു. ഫെബ്രുവരി എട്ടിന്റെ പത്രത്തിൽ വന്ന സമാനമായ മരണത്തിന്റെ വാർത്ത പൊലീസ് ചീഫ് ഇൻസ്പെക്ടർ നീലിന് കൈമാറി. 1912 ജൂലൈ പന്ത്രണ്ടാം തീയതി മരിച്ച ബിയാട്രിസിന്റെ മരണവാർത്തയായിരുന്നു ഇത്.

1910 ലാണ് ഹെൻട്രി വില്യംസ് ബിയാട്രിസിനെ കല്യാണം കഴിക്കുന്നത്. അവരുടെ വാടക വീട്ടിൽ ബാത്ത് ടബ്ബ് ഇല്ലായിരുന്നു. വിവാഹത്തിന് രണ്ടുമാസത്തിനുശേഷം ഹെൻട്രി വില്യംസ് ഒരു ബാത്ത് ടബ്ബ് വാടകയ്ക്ക് വാങ്ങി. ഇടയ്ക്കിടെ ചുഴലി രോഗം ഉണ്ടാകുമായിരുന്ന ബിയാട്രിസ് ഡോക്ടർ ഫ്രാങ്കിന്റെ ചികിത്സയിൽ ആയിരുന്നു. ജൂലൈ 12-ന് ബിയാട്രിസിന് ചുഴലി മൂലം തലവേദന ഉണ്ടായിരുന്നു. ഡോക്ടറെ കണ്ട ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്നു ബിയാട്രിസ്. എന്നാൽ വൈകിട്ടോടെ ബാത്ത്ടബ്ബിൽ ബിയാട്രിസ് മരിച്ചു കിടക്കുന്നു എന്നും പറഞ്ഞുള്ള ഹെൻട്രിയുടെ ഫോൺ ഡോക്ടർക്ക് ലഭിച്ചു. ഡോക്ടർ എത്തുകയും പരിശോധിക്കുകയും ശരീരത്തിൽ പരിക്കുകളൊന്നുമില്ലെന്ന് നിരീക്ഷിക്കുകയും ചെയ്തു. ബാത്ത് ടബ്ബിൽ വച്ച് ചുഴലി വന്നതായിരിക്കും എന്ന അനുമാനത്തിൽ എത്തി. 2759 പൗണ്ടാണ് ബിയാട്രിസിന്റെ മരണശേഷം ഹെൻട്രിക്ക് ലഭിച്ചത്. അതായത് ഇന്ന് മതിപ്പ് ഏകദേശം 2 കോടി 15 ലക്ഷം ഇന്ത്യൻ രൂപ.

ലോയിഡ് എന്നു വിളിക്കപ്പെടുന്ന സ്മിത്തിന്റെ ചിത്രം പോലീസ് ചീഫിന് അയച്ചുകൊടുത്തു. ഡോ. ഫ്രാങ്ക് ആളെ തിരിച്ചറിഞ്ഞു. സ്മിത്തും ലോയിഡും ഹെൻട്രിയും ഒരാൾ തന്നെ. 1915 ഫെബ്രുവരി 15-ന് ജോർജ്ജ് ജോസഫ് സ്മിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജൂൺ 22-ന് ഓൾഡ് ബെയിലി കോടതിയിൽ ട്രയൽ ആരംഭിച്ചു. ബിയാട്രീസിന്റെ കൊലപാതകം സംബന്ധിച്ച വിഷയത്തിലാണ് പ്രധാനമായും വിചാരണ നടന്നത്. മറ്റുരണ്ട് കൊലപാതകത്തിന്റെ രീതികളും വിചാരണവേളയിൽ കടന്നുവന്നു. ജൂലൈ ഒന്നിന് സ്മിത്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തി. പിന്നീട് മെയിഡ്സ്റ്റോൺ ജയിലിൽവച്ച് ഹാങ്മാൻ ജോൺ എല്ലിസിനാൽ സ്മിത്ത് തൂക്കി കൊല്ലപ്പെട്ടു.

കൊലപാതകങ്ങളുടെ സാദൃശ്യം കൊണ്ട് മാത്രം തെളിയിക്കപ്പെട്ട ഒരു കേസാണിത്, ഇത്തരത്തിലുള്ള ആദ്യത്തെ കേസ്. ഫോറൻസിക് ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള കേസുകളിൽ ഒന്ന്. ഈ കൊലപാതകങ്ങൾ കൂടാതെ സ്മിത്ത് നിരവധി പേരെ വിവാഹം കഴിക്കുകയും, ഭർത്താക്കന്മാർ ഉള്ള സ്ത്രീകളുമായി ബന്ധം പുലർത്തുകയും, പല രീതിയിൽ അവരുടെ സമ്പാദ്യം കൈക്കലാക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.  “Brides in the Bath Murders” എന്ന പേരിൽ ഈ കൊലപാതക പരമ്പര അറിയപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.