വിവരണം – Dr. ഒ.കെ.അസീസ്.

ഇന്ത്യ – ചൈന ബോർഡറിനടുത്ത് ഇന്ത്യയുടെ അവസാന ഗ്രാമം. ഹിമാലയത്തിൽ ഞാൻ കണ്ടതില്‍ ഏറ്റവും സുന്ദര ഗ്രാമം.!! അതാണ് 3450 മീറ്റര്‍ ഉയരത്തിലെ ചിത്കുല്‍.. നേരം അസ്സലായി വെളുത്തത് കണ്ട് അന്തം വിട്ട് വാച്ചിലേക്ക് നോക്കിയതാണ്, സമയം 5 മണി! ഇവിടെ അങ്ങനെയാണ്. നേരത്തെ വെളുക്കും നേരം വൈകി ഇരുട്ടും. ബസ് പോകുന്നില്ല, റോഡ് ബ്ലോക്കായിരിക്കുന്നു.

ചണ്ഡീഗഡിൽ നിന്ന് ഇന്നലെ വൈകീട്ട് 6 മണിക്ക് ബസിൽ കയറിയതാണ്. ഹിമാചലിലെ കിന്നോർവാലിയുടെ തലസ്ഥാനവും ഹിമാലയൻ പറുദീസകളിലേക്കുള്ള കവാടവും കൂടിയായ റെക്കോംഗ് പിയോയിലേക്കുള്ള ഹിമാചലിന്റെ സ്വന്തം HRTC ബസിലാണ് ഉള്ളത്. ടാപ്രി എന്ന സ്ഥലത്തിന് മുന്നേയുള്ള ഏതോ സ്ഥലത്താണ് ഇപ്പോൾ.

അങ്ങനെ പുലർച്ചെ5 മണിയോടെ തന്നെ മലയിറങ്ങി വരുന്ന വെള്ളമൊലി റോഡിൽ കാണിച്ചുകൂട്ടുന്ന വികൃതികൾ കാരണം ഇന്നത്തെ വഴി മുടക്കം തുടങ്ങിയിരിക്കുന്നു. ഈ ഹിമാലയൻ യാത്രയിലെ എന്റെ ആദ്യ വഴി തടസ്സം. രാവിലെ 8 മണിക്ക് ശേഷമാണ് ബസ് പിയോയിൽ എത്തേണ്ടത്. ശേഷം 9.30 ന് ചിത്കുൽ പോകുന്ന ബസ് പിടിക്കാനുള്ളതാണ്.. ഹാ.. കിട്ടിയ സമയം കൊണ്ട് പുറത്തൊന്ന് ചുറ്റണം. ഹിമാചലിന്‍റെ കിന്നോര്‍ വാലിയുടെ സുന്ദരഭൂമിയിലേക്ക് കാലെടുത്തു വെച്ചപ്പോള്‍ ഉള്ളൊന്നു കിടുങ്ങിയോ. ഏയ്, ഒന്നുമില്ല തണുപ്പിന്‍റെയാ.. ഇതുവരെ അനുഭവിക്കാത്ത ഒരു അനുഭൂതി ആസ്വദിക്കുകയായിരുന്നു ഞാൻ. പിന്നെയുള്ളത് സഹയാത്രികരോടും ബസ് ജീവനക്കാരോടും കത്തിയടിയാണ്.

കേരളത്തിൽ നിന്നാണെന്ന് പറയുമ്പോള്‍ ‘അഛാ.. കേരല്‍ സേ?’ എന്ന് കണ്ണു തുറന്നൊരു നോട്ടമുണ്ട്. അങ്ങേ അറ്റത്ത് നിന്ന് ഇങ്ങേ അറ്റത്ത് വരാൻ ഇവനെന്താ വട്ടുണ്ടോ എന്ന മട്ടില്‍. അതു കാണാൻ ബഹു രസമായിരുന്നു. ആ രസം ഈ ഹിമാലയൻ യാത്രയിലുടനീളം ഞാനനുഭവിച്ചു. ഇടക്ക് തണുപ്പിന്‍റെ ശക്തിയും ജാക്കറ്റിന്‍റെ കഴിവും തമ്മിൽ നന്നായി ഉടക്കും. വിറയലിന്‍റെ വൈബ്രേഷന്‍ സംസാരത്തെ ബാധിക്കാന്‍ തുടങ്ങുമ്പോള്‍ വേഗം ബസില്‍ പോയി ഇരിക്കും. ഒരു മണിക്കൂർ കഴിഞ്ഞു. ഈ പോക്ക് പോയാൽ ഇനി ഇന്നത്തെ ചിത്കുൽ ബസ് കിട്ടില്ല. കല്ലുകടിയാണ്, പ്ലാനൊക്കെ തെറ്റും. അല്ലെങ്കിലും ഇവിടെ പ്ലാനിനൊക്കെ എക്ക് പ്രസക്തി, പ്രകൃതിയാണ് എല്ലാം തീരുമാനിക്കുന്നത്.

പുലർച്ചെ തന്നെ നേരിട്ട അപ്രതീക്ഷിത റോഡ് ബ്ലോക്കും ചിത്കുൽ എന്ന സ്വപ്നം തന്നെ വൃഥാവിലായി എന്ന് തോന്നി തുടങ്ങിയ ഒന്നര മണിക്കൂർ നേരത്തെ കട്ട പോസ്റ്റും പക്ഷെ എനിക്ക് കൊണ്ട് തന്നത് ഇരട്ടിമധുരമായിരുന്നു. അതങ്ങനെ തന്നെയാണല്ലോ ഹിമാലയത്തിലെ കാര്യങ്ങൾ. മണ്ണിടിച്ചിലും വെള്ളപ്പാച്ചിലും ഒക്കെയായി വഴിതടസ്സം ഒരു ഭാഗത്ത് വരുമ്പോൾ തൊട്ടപ്പുറത്ത് കാണാൻ കൊതിക്കുന്ന സുന്ദര കാഴ്ചകൾ നമുക്കായി കരുതി വെച്ചിട്ടുണ്ടാവും. അത് ചിലപ്പോൾ ‘പിയോ’ യിൽ പോയി ബസ് മാറ്റിപ്പിടിച്ച് ഉച്ചക്ക് ചിത്കുലിൽ എത്തേണ്ട നമ്മെ നേരിട്ടുള്ള ബസ് കാണിച്ച് 9 മണിക്ക് തന്നെ ചിത്കുലിൽ എത്തിക്കുന്ന രൂപത്തിലും ആവാം.!

JCB വന്ന് റോഡ് ശരിയാക്കുന്നതിനിടക്കാണ് പിന്നിൽ ഒരു ബസ് വന്നു നിൽകുന്നത്. ഒരു കൗതുകത്തിന് ബോഡ് വായിച്ചതും ഞാൻ തന്നെ ഞെട്ടി ‘ചിത്കുൽ ‘!. സംഗതി അതു തന്നെ, മണ്ഡിയിൽ നിന്ന് വരുന്ന ചിത്കുൽ ബസ്. ചിത്കുലിലേക്ക് ആകെയുള്ള രണ്ടു ബസ്സുകളിൽ ആദ്യ ബസ്. ഇതിൽ കയറിയാൽ പിയോയിൽ പോവാതെ കർച്ചം വഴി വലത്തോട്ട് തിരിഞ്ഞ് നേരെ ചിത്കുൽ പോവാം. സന്തോഷിക്കാൻ ഇനി എന്തു വേണം. ലഗേജുമെടുത്ത് വേഗം ബസ് മാറിക്കയറി..

ലോകത്തിലെ ഏറ്റവും അപകടം പിടിച്ച റോഡുകളിൽ ഒന്നായ കർച്ചം -സാംഗ്ല- ചിത്കുൽ പാതയിലൂടെ ശ്വാസമടക്കിപ്പിടിച്ച്, നേരെ മുകളിൽ ഇപ്പൊ വീഴും എന്ന മട്ടില്‍ തൂങ്ങി നിൽക്കുന്ന റോഡ് തുരന്നതിന്‍റെ ബാക്കി പാറക്കെട്ടിന് അടിയിലൂടെ താഴെ നോക്കിയാൽ തല കറങ്ങുന്ന അഗാധ ഗർത്തവും സമാന്തരമായി ഒഴുകുന്ന ബസ്പാ നദിയും മറുവശത്ത് അതി മനോഹരമായ പൈൻ, ഓക് മരങ്ങളാൽ പച്ചപുതച്ച ഹിമാലയൻ മലനിരകളും കണ്ടുള്ള ആ HRTC ബസ് യാത്ര ഇന്നും സ്വപ്നത്തിലെന്ന പോലെ ഓര്‍ത്തുപോവുന്നു.

ചിത്കുലി ലേക്കുള്ള ഈ യാത്ര ഉൾക്കിടിലത്തിന്റേതും നയന മനോഹാരിതയുടേതും ആയിരുന്നു. കണ്ണെത്താ ദൂരം പച്ചപ്പട്ടണിഞ്ഞ ഹിമാലയൻ മലനിരകൾ.. ഒരു വണ്ടിക്ക് കഷ്ടി പോവാൻ വീതിയുള്ള ഈ റോഡിലൂടെ ബസ് പോകുമ്പോൾ വളവിൽ വെച്ച് ടയർ റോട്ടിലും ബോഡി അഗാധ ഗർത്തത്തിലേക്ക് നീണ്ടും ഡ്രൈവർ മായാജാലം കാണിക്കുമ്പോൾ പടച്ചവനാണേ സത്യം വയർ കാളുക മാത്രമല്ല, വീട്ടിലുള്ള സ്വന്തക്കാരെ മുഴുവൻ ഒറ്റയടിക്ക് മനസിൽ തെളിയും.
9 മണിയോടെ ചിത്കുൽ ഗ്രാമത്തിൽ എത്തിയപ്പോൾ ശരിക്കും സ്വപ്ന ലോകത്ത് എത്തിയപോലെയാണ് തോന്നിയത്. അത്രക്ക് മനോഹരമാണവിടം. തണുപ്പും കാറ്റും ചുറ്റിപ്പുണരും. മനോഹരമായി ഒഴുകുന്ന ബസ്പ നദിയും കുറുകെ ഒരു പഴകിയ ഇരുമ്പ് പാലവും മോഹിപ്പിക്കുന്ന താഴ് വാരവും അപ്പുറത്ത് കണ്ണെത്താ ദൂരം പൈന്‍ കാടും മറുവശത്ത് മാനംമുട്ടുന്ന മലനിരകളും ഒക്കെ കൂടിയാണ് ചിത്കുൽ എന്ന ഗ്രാമത്തെ രൂപപ്പെടുത്തുന്നത്.

ഇവിടുന്ന് 6 km പോയാൽ ഇന്ത്യ – ചൈന ബോർഡർ ചെക്ക് പോസ്റ്റ് എത്താം. നടന്നു പോയാലോ.. അടുത്ത ദിവസം പുലർച്ചെ തണുപ്പും കാറ്റും ഏറ്റ് മൺപാതയിലൂടെയങ്ങനെ നടന്നു. തണുത്ത് തണുത്ത് ഞാനങ്ങ് മരവിച്ച പോലെയായി, കൂട്ടിന് കനം കുറഞ്ഞതെങ്കിലും തീക്ഷ്ണമായ കാറ്റും. കണ്ണെത്താ ദൂരത്തേക്ക് മനസ്സിനെ പായിച്ച് ചിന്തകളുടെ ഭാരം പേറി ഒരു വല്ലാത്ത നടപ്പു തന്നെയായിരുന്നു അത്. തിരിച്ച് വരുമ്പോൾ മൺപാത വിട്ട് ബസ്പ നദിയോട് കിന്നാരം പറഞ്ഞ് തൊട്ടരികിലൂടെ ആ ശീൽക്കാരത്തെ നെഞ്ചിലേറ്റി അതി മനോഹര താഴ്വാര കാഴ്‌ചകൾ കണ്ടങ്ങനെ നടക്കുമ്പോൾ ഒരു വേള സ്വപ്നമാണോ ഈ അനുഭവിക്കുന്നതെന്ന് തോന്നി പോയി. അത്രക്ക് മനം നിറച്ച അനുഭവമായിരുന്നു ആ സ്വര്‍ഗ്ഗീയ താഴ് വരയിലെ പ്രഭാതം എനിക്ക് സമ്മാനിച്ചത്.

വിന്റർ സീസണിൽ മുച്ചൂടും മഞ്ഞ് മൂടുന്നതിനാൽ ഗ്രാമവാസികൾ ഇവിടം വിട്ട് പോവാറാണ് പതിവ്. മനസില്ലാ മനസോടെയാണ് ഒരു ദിവസത്തെ വാസത്തിന് ശേഷം അന്ന് ചിത്കുൽ വിട്ട് പോന്നത്, ഇനിയും വരണമെന്ന നിയ്യത്തോടെ …

ചിത്കുല്‍ എത്താന്‍: ഷിംല – റെകോംഗ് പിയോ റൂട്ടില്‍ പിയോക്ക് 25 km മുന്നേ കര്‍ച്ചം എന്ന സ്ഥലത്ത് നിന്ന് 45 km വലത്തോട്ട് പോവണം ചിത്കുല്‍ ലേക്ക്. റെക്കോംഗ് പിയോ യില്‍ നിന്ന് ദിവസവും രാവിലെ 9.30 ന് ബസുണ്ട്. അല്ലെങ്കില്‍ മണ്ഡിയില്‍ നിന്ന് ചിത്കുല്‍ ബസ് പിടിക്കാം. മണ്ഡിയിലെ സമയം അറിയില്ല.
മണ്ഡി – ചിത്കുല്‍ ബസ് പിടിക്കാൻ രാവിലെ 6 ന് മുന്നേ ഷിംല – പിയോ റൂട്ടിൽ പിയോക്ക് 35km മുന്നേയുള്ള ടാപ്രി എന്ന സ്ഥലത്തോ, പിയോക്ക് 25 km മുന്നേയുള്ള കര്‍ച്ചം ജംഗ്ഷനിലോ(6.30) എത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here