വളരെ മനസ്സു മടുപ്പിച്ച ഡാർജിലിംഗ് അനുഭവങ്ങൾക്കു ശേഷം ഞങ്ങൾ പരസ്‌പരം വിശകലനങ്ങൾ നടത്തി അവിടെ നിന്നും സിക്കിമിലെ ഗാംഗ്ടോക്കിലേക്ക് യാത്രയായി. ഡാർജിലിംഗിൽ ചെന്നപ്പോഴാണ് നമ്മുടെ ഊട്ടിയും കൊടൈക്കനാലും മൂന്നാറുമൊക്കെ എത്രയോ മികച്ചതാണെന്ന് ഞങ്ങൾക്ക് വീണ്ടുവിചാരമുണ്ടായത്. കിലോമീറ്ററുകൾ നീണ്ട ബ്ലോക്കുകൾക്കിടയിലൂടെ ഞങ്ങൾ തിങ്ങിഞെരുങ്ങി യാത്ര തുടർന്നു.

അങ്ങനെ ഒരുകണക്കിന് ഡാർജിലിംഗ് നഗരത്തിൽ നിന്നും ഞങ്ങൾ രക്ഷപ്പെട്ടു, ഞങ്ങൾ പ്രകൃതിമനോഹരമായ വഴിയിലൂടെ യാത്ര തുടങ്ങി. ധാരാളം വളവും തിരിവുകളും ഉണ്ടായിരുന്ന ചുരമായിരുന്നെങ്കിലും ബ്ലോക്ക് ഇല്ലല്ലോ എന്നൊരു ആശ്വാസത്തിൽ ഞങ്ങൾ പൊയ്‌ക്കൊണ്ടിരുന്നു. പക്ഷെ ചുരത്തിലും ചിലയിടങ്ങളിൽ ചെറിയ ബ്ലോക്കുകൾ ഞങ്ങൾക്ക് കിട്ടി എന്നതാണ് സത്യം. അങ്ങനെ പോയിപ്പോയി ഒരു ആൾതാമസമുള്ള ഏരിയ എത്തിയപ്പോൾ വഴിയരികിലെ ഒരു വീട്ടിൽ ബീറ്റ്റൂട്ടും കാരറ്റും മറ്റുമൊക്കെ വിൽക്കുവാൻ വെച്ചിരിക്കുന്നത് കണ്ടു. ഞങ്ങൾ അവിടെ നിന്നും ഓരോ കെട്ട് കാരറ്റ് വീതം വാങ്ങി. ഒരു കെട്ടിന് ഇരുപതു രൂപയായിരുന്നു റേറ്റ്. നല്ല ഫ്രഷ് കാരറ്റ്…

കാരറ്റ് വിൽക്കുന്ന വീട്ടിലെ പൊമറേനിയൻ നായയുമായി അതിനിടെ സലീഷേട്ടൻ നല്ല കമ്പനിയായി മാറിയിരുന്നു. അല്ലേലും പുള്ളി ഒരു അസ്സൽ മൃഗസ്നേഹിയാണെന്നു നമുക്ക് പണ്ടേ അറിയാമല്ലോ. പുലിമുരുകനിലെ മോഹൻലാലിനെപ്പോലെ മൃഗങ്ങളെ തൻ്റെ വരുതിയിലാക്കാനുള്ള ഒരു കഴിവ് സലീഷേട്ടനുണ്ട്. അങ്ങനെ ഞങ്ങൾ കാരറ്റും തിന്നുകൊണ്ട് ആ പരിസരത്തൊക്കെ കാഴ്ചകൾ കണ്ടുകൊണ്ട് നടന്നു. വഴിയരികിലെ ഉയരം കൂടിയ മരങ്ങൾ എല്ലാവരെയും ആകർഷിക്കുന്ന തരത്തിലുള്ളതായിരുന്നു.

നിന്ന നിൽപ്പിൽ കോടമഞ്ഞു ഞങ്ങളെ പൊതിയുവാൻ തുടങ്ങി. വിശപ്പ് കനത്തപ്പോൾ ഞങ്ങൾ ഉച്ചഭക്ഷണം കഴിക്കുവാനായി അവിടെ അടുത്തുകണ്ട ഒരു ചെറിയ ഹോട്ടലിൽ കയറി. നല്ല ആവി പറക്കുന്ന ചോറും പരിപ്പ് കറി, കാബേജ് തോരൻ, ഓംലറ്റ്, ചിക്കൻ കറി തുടങ്ങിയവയൊക്കെയുമായി അടിപൊളി ഊണ്. ഞങ്ങൾ മൂന്നു പേർക്കുമായി മൊത്തം 510 രൂപയായി. തണുപ്പും കോടമഞ്ഞും നിമിഷംപ്രതി കൂടിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ. അവിടത്തെ ഭംഗി കണ്ടിട്ട് ഞങ്ങൾക്ക് പോകുവാൻ തോന്നിയിരുന്നില്ല. എങ്കിലും പ്ലാൻ അനുസരിച്ചുള്ള സമയത്തിനു തന്നെ വില കൊടുക്കേണ്ടതല്ലേ എന്നോർത്ത് ഞങ്ങൾ അവിടെ നിന്നും യാത്ര തുടർന്നു.

ഞങ്ങൾ പൊയ്‌ക്കൊണ്ടിരുന്ന വഴി വളരെ വീതി കുറഞ്ഞതായിരുന്നെങ്കിലും നല്ലതു തന്നെയായിരുന്നു. ചില സമയത്തെ കുത്തനെയുള്ള ഇറക്കം ഞങ്ങൾക്ക് ഫസ്റ്റ് ഗിയറിൽത്തന്നെ ഇറങ്ങേണ്ടി വന്നു. കുറച്ചുകൂടി ചെന്നപ്പോൾ അന്തരീക്ഷമാകെ കോടമഞ്ഞുകൊണ്ട് മൂടപ്പെട്ടു. ചിലയിടത്തു ചെല്ലുമ്പോൾ മഞ്ഞിനു കുറവും ഉണ്ടായിരുന്നു. നല്ല വ്യൂ ലഭിച്ചിരുന്ന പോയിന്റുകളിൽ ഞങ്ങൾ വണ്ടി നിർത്തി ആസ്വദിച്ചു കൊണ്ടായിരുന്നു യാത്ര ചെയ്തിരുന്നത്. നമ്മുടെ നാട്ടിലെപ്പോലെ ബസ്സുകളും ഓട്ടോറിക്ഷകളും അവിടെ സർവ്വീസ് നടത്തുന്നില്ല. അതിനു പകരം ടാക്സി കാറുകളും ടാറ്റാ സുമോകളുമൊക്കെയായിരുന്നു അവിടെ സർവ്വീസ് നടത്തിയിരുന്നത്. കുറഞ്ഞ ചെലവിൽ ഷെയർ ടാക്സി കാറുകളൊക്കെ അവിടെ ലഭ്യമാണ്.

പോകുന്ന വഴിയിൽ സിക്കിം ബോർഡർ ക്രോസ്സ് ചെയ്യുന്നതിന് ഏകദേശം 25 കിലോമീറ്റർ മുൻപായി ഞങ്ങൾ ഒരു നദിയുടെ ഓരത്തുകൂടി യാത്രയാരംഭിച്ചു. ആ നദിയുടെ അങ്ങേക്കര സിക്കിം സംസ്ഥാനത്തിന്റെ ഭാഗമാണെന്നു ഞങ്ങൾക്ക് അവിടെ നടത്തിയ അന്വേഷണത്തിൽ നിന്നും മനസ്സിലായി. താഴെ നദിയിൽ റിവർ റാഫ്റ്റിങ് പോലുള്ള ആക്ടിവിറ്റികളൊക്കെ ലഭ്യമാണ്. ഞങ്ങൾ അതിനൊന്നും നിൽക്കാതെ സിക്കിം ബോർഡർ ലക്ഷ്യമാക്കി യാത്ര തുടർന്നു.

അങ്ങനെ കുറച്ചു സമയത്തിനു ശേഷം ഞങ്ങൾ സിക്കിം സംസ്ഥാനത്തിൽ പ്രവേശിച്ചു. ബോർഡറിൽ ‘വെൽക്കം റ്റു സിക്കിം’ എന്നെഴുതിയ കമാനം നമുക്ക് കാണാം. അവിടെ എല്ലാവരുടെയും വാഹനങ്ങൾ പോലീസുകാർ ചെക്ക് ചെയ്തിട്ടാണ് വിടുന്നത്. ഞങ്ങളുടെ വണ്ടിയും ചെക്ക് ചെയ്തു കഴിഞ്ഞു അവർ ഞങ്ങളെ പോകുവാൻ അനുവദിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ സൂര്യൻ അസ്തമിക്കുകയും ഇരുട്ട് പരക്കുകയും ചെയ്തു. സിക്കിമിലെ ഗാംഗ്ടോക്കിനു അടുത്തായി റിസോർട്ട് നടത്തുന്ന നമ്മുടെ ഒരു ഫോളോവറും കോഴിക്കോട് സ്വദേശിയുമായ ഫാഹീസിന്റെ ക്ഷണം ഞങ്ങൾക്ക് ഉണ്ടായിരുന്നു. അന്നത്തെ ദിവസം ഞങ്ങൾ ഫാഹിസിന്റെ റിസോർട്ടിലായിരുന്നു താമസിക്കുവാൻ തീരുമാനിച്ചിരുന്നത്. റൂംതങ് എന്നായിരുന്നു ഫാഹീസിന്റെ റിസോർട്ടിന്റെ പേര്.

റിസോർട്ടിലെ ഞങ്ങളുടെ റൂമൊക്കെ അടിപൊളിയായിരുന്നു. ഫാഹിസ് മികച്ച സൗകര്യങ്ങൾ ഞങ്ങൾക്കായി ഒരുക്കിയിട്ടുണ്ടായിരുന്നു. വിഭവസമൃദ്ധമായ കിടിലൻ ഡിന്നറും കഴിച്ചിട്ട്, വീഡിയോ എഡിറ്റ് ചെയ്യാനുള്ളതെല്ലാം ചെയ്തിട്ട് ഞങ്ങൾ ഫാഹിസിനോട് ഗുഡ്നൈറ്റ് പറഞ്ഞുകൊണ്ട് ഉറങ്ങുവാനായി പോയി. ഇനി അടുത്ത ദിവസം സിക്കിം ഒക്കെ എക്‌സ്‌പ്ലോർ ചെയ്യുവാനുള്ളതാണ്. അവിടെയെല്ലാം ഫഹീസ് ഞങ്ങളെ കൊണ്ടു കാണിക്കാമെന്നു ഉറപ്പും നൽകിയാണ് രാത്രി പിരിഞ്ഞത്. ആ വിശേഷങ്ങൾ ഇനി അടുത്ത എപ്പിസോഡിൽ കാണാം.

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.