പാലക്കാട്‌ വന്നാല്‍ കാണാന്‍ എന്തോക്കെയാണുള്ളത്? മലമ്പുഴ, ഫാന്റസി പാര്‍ക്ക്, നെല്ലിയാമ്പതി.. കഴിഞ്ഞു. എന്നാല്‍ പുറമേ നിന്നുള്ളവര്‍ക്ക് അധികം അറിയാതെ പോയൊരു കിടിലന്‍ സ്ഥലമുണ്ട് ഇവിടെ. ഈ പേര് എല്ലാവര്ക്കും പരിചിതമായിരിക്കും. ‘ധോണി.’ ഇനി അധികം തലപുകയ്ക്കണ്ട. നമ്മുടെ ക്രിക്കറ്റിലെ ധോണിയും ഈ സ്ഥലവും തമ്മില്‍ ഒരു ബന്ധവുമില്ല കെട്ടോ.

പാലക്കാട്‌ നിന്നും ഏകദേശം 15 കി.മീ. ദൂരത്തായി ഒലവക്കോടിനു സമീപത്തുള്ള ഒരു മനോഹരമായ ഒരു മലയോരപ്രദേശമാണ് ധോണി. ഒരു വിനോദസഞ്ചാരകേന്ദ്രമായ ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ ധോണി വെള്ളച്ചാട്ടവും ഫാംഹൗസുമാണ്. അധികം പ്രശസ്തമല്ലാത്ത എന്നാല്‍ കാണാന്‍ ഏറെ ഭംഗിയുള്ളൊരു വെള്ളച്ചാട്ടമാണിത്. മലമ്പുഴ കാണാൻ പോകുന്നവർക്ക് ഒന്നു സന്ദര്‍ശിക്കാന്‍ പറ്റിയ ഒരിടം കൂടിയാണ് ധോണി വെള്ളച്ചാട്ടം.

സംരക്ഷിത വനമേഖലക്കുള്ളിലാണ് ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അടിവാരത്ത് നിന്നും 3 കിലോമീറ്റർ മലകയറി വേണം വെള്ളച്ചാട്ടത്തിലെത്താൻ. സംരക്ഷിത വനമേഖലയായ ധോണി വനമേഖല ട്രക്കിങ്ങിനുപറ്റിയതുമാണ്‌. പാലക്കാട് നഗരത്തില്‍ നിന്ന് ഏറ്റവും അടുത്തുള്ള വെള്ളച്ചാട്ടമായ ധോണിയിലേക്ക് ഇപ്പോള്‍ എല്ലാം കേട്ടറിഞ്ഞു സഞ്ചാരികള്‍ വരുന്നുണ്ട്. നല്ല വഴുക്കുള്ള ഇവിടെ അപകടങ്ങളും പതിവാണ്. കുളിക്കാനും ഉല്ലസിക്കുവാനും വേണ്ടി ഇറങ്ങുന്നവര്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ അപകടം സുനിശ്ചിതമാണ്.

ധോണിയിലേക്ക് പ്രവേശിക്കുവാന്‍ ഫീസ്‌ നിര്‍ബന്ധമാണ്‌. ഒരാള്‍ക്ക് 100 രൂപയാണ് പ്രവേശന ഫീസ്‌. പൊതുവെ ഇത് കൂടുതലാണെന്ന് തോന്നുമെങ്കിലും ഉള്ളിലേക്ക് നടക്കുംതോറും ആ ധാരണ മാറി വരും. എൻട്രൻസ് ഗേറ്റിന്റെ അവിടെ വണ്ടി നിർത്തി കാടിന്റെ ഉള്ളിലേക്ക് ഒരു 4 കിലോമീറ്റർ നടന്നാലാണ് വെള്ളച്ചാട്ടത്തിലെത്തുക. വെള്ളച്ചാട്ടത്തിനടുത്തായി ഉപേക്ഷിക്കപ്പെട്ട ഒരു ബംഗ്ലാവുണ്ട്. ഈ പ്രദേശത്തുള്ള ഓറഞ്ച്, ഏലം കൃഷികളുടെ മേൽനോട്ടത്തിനായി 1850-കളിൽ ബ്രിട്ടീഷുകാർ നിർമിച്ചതാണീ ബംഗ്ലാവ്.

എടുത്തു പറയേണ്ട ഒരു പ്രധാന കാര്യമെന്തെന്ന് വെച്ചാൽ ഈ സ്ഥലം 100 ശതമാനം പ്ളാസ്റ്റിക് വിമുക്തമാണ്. ആയതിനാല്‍ സഞ്ചാരികള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അവിടെ നിക്ഷേപിക്കാതിരിക്കുക. അതോടൊപ്പംതന്നെ വന്യമൃഗങ്ങളുള്ള കാടായതിനാല്‍ എല്ലാവരും വഴിമാറി സഞ്ചരിക്കാതെ ശ്രദ്ധിക്കുക. വനപാലകരുടെ കണ്ണുവെട്ടിച്ച് കാട്ടിനുള്ളില്‍ കടക്കുക എന്നത് ചിലരുടെ വിനോദമാണ്‌. ആ വിനോദം ദയവുചെയ്ത് പുറത്തെടുക്കാതിരിക്കുക.

ധോണി സന്ദര്‍ശിക്കുവാന്‍ പറ്റിയ ഏറ്റവും നല്ല സമയം മഴക്കാലം കഴിഞ്ഞയുടനെയുള്ള സെപ്റ്റംബര്‍ – ഒക്ടോബര്‍ മാസങ്ങളാണ്. കാരണം അപ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് വെള്ളച്ചാട്ടത്തിന്‍റെ മനോഹരമായ ഭാവങ്ങള്‍ ദര്‍ശിക്കുവാന്‍ സാധിക്കുകയുള്ളൂ. ധോണി സന്ദര്‍ശിക്കുവാന്‍ വരുന്നവര്‍ വെള്ളവും ഭക്ഷണവും ഒക്കെ കൂടെ കരുതുവാന്‍ ശ്രമിക്കുക. ഗ്രാമാപ്രദേശമായതിനാല്‍ കടകളും ഹോട്ടലുകളുമൊക്കെ കുറവായിരിക്കും.

സ്വന്തമായി വാഹനമില്ലെന്നു കരുതി വിഷമിക്കേണ്ട. പാലക്കാട്‌ നിന്നും ധോണിയിലേക്ക് പ്രൈവറ്റ് ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. അപ്പോള്‍ വേനലൊക്കെ കഴിഞ്ഞശേഷം നിങ്ങളുടെ സമയം നോക്കി ഒരു പാലക്കാട്‌ യാത്ര പ്ലാന്‍ ചെയ്യുക.. ഒപ്പം ധോണി വെള്ളച്ചാട്ടവും കൂടി സന്ദര്‍ശിക്കാം.

ചിത്രങ്ങള്‍ക്ക് കടപ്പാട് – Dr. O.K Azeez, Jimmy Jose, Wikimapia.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.