എന്നും കെഎസ്ആർടിസി ഡ്രൈവറായ അച്ഛനോടൊപ്പം യാത്ര ചെയ്യാൻ കൊതിക്കുന്ന മകൾ..അച്ഛന് അഭിമാനമായി ഈ മകൾ. ഇത് അച്ചു എന്ന് വിളിപ്പേരുള്ള ദിയ വി.അനു. കഴിഞ്ഞ മെയ് 19 നു നടന്ന കെഎസ്ആർടിസി സൗഹൃദ യാത്രയിലെ ശ്രദ്ധേയമായ താരം. ചങ്ങനാശ്ശേരിയിലെ കെഎസ്ആർടിസി ഫാൻസ് അംഗങ്ങൾ കഴിഞ്ഞ മൂന്നു വർഷമായി നടത്തി വരുന്ന യാത്രയാണ് സൗഹൃദ യാത്ര. എല്ലാ വർഷവും ഇവർ സൗഹൃദയാത്ര പോകുന്നത് ദിയയുടെ അച്ഛനായ അനു.വി. ഓടിക്കുന്ന കുമളിയിലേക്കുള്ള കെഎസ്ആർടിസി ബസ്സിലാണ്. ഇത്തവണയും യാത്രയ്ക്കായി അവർ തിരഞ്ഞെടുത്തിരുന്നത് ആ ബസ് തന്നെയായിരുന്നു.

അവധിക്കാലത്ത് സമപ്രായക്കാരായ കുട്ടികളെല്ലാം കളിക്കുവാനും ബന്ധുവീടുകളിൽ വിരുന്നിനു പോകുവാനുമൊക്കെ ഇഷ്ടപ്പെടുമ്പോൾ ദിയയുടെ ആഗ്രഹം അച്ഛനോടൊപ്പം ബസ്സിൽ യാത്ര ചെയ്യുവാനാണ്. പക്ഷേ കെഎസ്ആർടിസി പോലുള്ള ഒരു ഗവണ്മെന്റ് ബസ്സിൽ ഇത്തരത്തിൽ കുട്ടികളെ എപ്പോഴും കൂടെകൊണ്ടുവരാൻ ഡ്രൈവർമാരായ അച്ഛന്മാർക്ക് കഴിയില്ലല്ലോ. അതിനാൽ ഒരു ദിവസം തീർച്ചയായും കൊണ്ടുപോകാം എന്നു അച്ഛനായ അനു, മകൾ ദിയയ്ക്ക് വാക്കുകൊടുത്തു.

അങ്ങനെയിരിക്കെയാണ് ചങ്ങനാശ്ശേരിയിൽ നിന്നുള്ള സൗഹൃദയാത്രയുടെ ദിവസം വരുന്നത്. മകളുടെ ആഗ്രഹപ്രകാരം ഈ യാത്രയയ്‌ക്കായി അച്ഛൻ അനു കൂട്ടി കൊണ്ടുവരികയായിരുന്നു ദിയമോളെ. ഇത് ആദ്യത്തെ തവണയല്ല ദിയ അച്ഛൻറെ കൂടെ വരുന്നത്. യാത്ര ഇഷ്ടപ്പെടുന്ന ദിയ ഇതിനുമുൻപ് അച്ഛൻറെ കൂടെ തന്നെ ഷെഡ്യൂളിൽ കയറി വന്നിട്ടുണ്ട്. ഷെഡ്യൂൾ തീരുന്ന സമയം വരെ അച്ഛനൊപ്പം ഉണ്ടാവും ആ ഹോട്ട് സീറ്റിൽ. ഇത്തവണത്തെ സൗഹൃദ യാത്രയിൽ അനുവിൻ്റെ ഭാര്യയും ഇളയ മകനും ഒപ്പമുണ്ടാകുമെന്ന് തന്നെയാണ് പറഞ്ഞിരുന്നത്. എന്നാൽ ഒരു കല്യാണത്തിന് പങ്കെടുക്കേണ്ടതിനാൽ അവർക്ക് വരാൻ കഴിഞ്ഞില്ല. പക്ഷേ മകൾ അച്ഛൻറെ കൂടെയുള്ള യാത്രയ്ക്ക് തന്നെ മുൻതൂക്കം നൽകി. അച്ഛൻറെ ഈ ജോലി ദിയ മോൾക്ക് വളരെയധികം ഇഷ്ടമാണ്. അച്ഛൻ കെഎസ്ആർടിസി ഡ്രൈവറായ അനു വി.എസ്, അമ്മ ദിവൃ, സഹോദരൻ അഭിനന്ദ് എന്നിവരടങ്ങുന്നതാണ് ഇപ്പോൾ അഞ്ചാം ക്ലാസ്സിലേക്ക് ജയിച്ചിരിക്കുന്ന ദിയയുടെ കൊച്ചു കുടുംബം.

ദിവസങ്ങൾക്ക് മുൻപ് ഡ്രൈവറായ അച്ഛനൊപ്പം യാത്ര ചെയ്തു വാർത്താമാധ്യമങ്ങളിൽ ഇടം നേടിയ ചങ്ങനാശ്ശേരി ഡിപ്പോയിലെ ഡ്രൈവർ സന്തോഷ് കുട്ടന്റെ മകൻ അപ്പൂസും ഈ സൗഹൃദ യാത്രയിൽ പങ്കുചേർന്നിരുന്നു. അപ്പൂസിന്റെ അച്ഛനായ സന്തോഷ് കുട്ടൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ നിന്നുമാണ് ദിയയുടെ യാത്രയെക്കുറിച്ച് എല്ലാവരും അറിയുന്നതും.

കെഎസ്ആർടിസി പ്രേമികളുടെ നേതൃത്വത്തിൽ ഇത്തരത്തിലുള്ള സൗഹൃദ ബസ് യാത്രകൾ സംഘടിപ്പിക്കുന്നത് വളരെ നല്ലൊരു കാര്യമാണ്. ബസ് ഡേ എന്നപേരിൽ ചിലപ്പോഴൊക്കെ കെഎസ്ആർടിസി കാണിക്കുന്ന പ്രഹസത്തേക്കാളും എന്തുകൊണ്ടും കൂടുതൽ യാത്രക്കാരെ പൊതുഗതാഗത സംവിധാനത്തിലേക്ക് ആകർഷിക്കുന്നത് ഇത്തരം ഫാൻസ്‌ യാത്രകൾ തന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.