റോഡിലെ ഡിവൈഡറിൽ കയറി നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി വഴിയരികിലെ ബേക്കറി ഇടിച്ചു തകർത്ത ശേഷം കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ്സിൽ ഇടിച്ചു നിന്നു. മലപ്പുറം ജില്ലയിലെ എടപ്പാളിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടമുണ്ടായത്. പുലർച്ചെ സമയമായതിനാൽ റോഡിൽ ആളുകളും വാഹനങ്ങളും കുറവായിരുന്നു. അതുകൊണ്ടാണ് ആളുകൾക്ക് ജീവഹാനിയൊന്നും സംഭവിക്കാതെ രക്ഷപ്പെട്ടത്.

എറണാകുളത്തു നിന്നും മംഗലാപുരത്തേക്ക് ലോഡുമായി പോകുകയായിരുന്ന കണ്ടെയ്‌നർ ലോറിയാണ് എടപ്പാൾ ടൗണിൽ വെച്ച് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നു സംശയിക്കുന്നു. റോഡിനു നടുവിലുള്ള ഡിവൈഡറിൽ കയറിയതോടെ നിയന്ത്രണം വിടുകയും ലോറി സമീപത്തുള്ള ബേക്കറിക്കെട്ടിടത്തിലേക്ക് ഇടിക്കുകയുമായിരുന്നു ഉണ്ടായത്. ഈ കെട്ടിടത്തിൽ ഇടിച്ച ശേഷം ലോറി പിന്നിലേക്ക് പോകുകയും അതുവഴി വരികയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ്സിൻ്റെ വശത്ത് ഇടിച്ചു നിൽക്കുകയായിരുന്നു. ലോറി നിയന്ത്രണം നഷ്ടപ്പെട്ട് പിന്നോട്ടിറങ്ങി വരുന്നത് കണ്ട് കെഎസ്ആർടിസി ബസും പരമാവധി പുറകിലേക്ക് നീങ്ങി ഒതുക്കാൻ ശ്രമിച്ചങ്കിലും അതിനു മുൻപ് ലോറി വന്ന് തട്ടുകയായിരുന്നു.

അപകടത്തെത്തുടർന്ന് ലോറിയുടെ കാബിനിൽ കുടുങ്ങിപ്പോയ ഡ്രൈവർ എറണാകുളം പള്ളുരുത്തി സ്വദേശി നിജുവിനെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചു രക്ഷപ്പെടുത്തിയത്. അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന കണ്ടെയ്‌നറില്‍ നിന്നും ഡ്രൈവറെ രക്ഷിക്കാന്‍ നാട്ടുകാര്‍ അര മണിക്കൂറിലധികം ശ്രമിച്ചിരുന്നു. എന്നാൽ അദ്ദേഹം ഉള്ളില്‍ കുടുങ്ങിയതിനാല്‍ ആ ശ്രമം പരാജയപ്പെട്ടു. പരുക്ക് നിസാരമായിരുന്നെങ്കിലും ഡ്രൈവറെ പുറത്തെടുക്കാനാകാതെ എല്ലാവരും കുഴങ്ങി. ഇതോടെയാണ് പൊന്നാനിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയത്. സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാര്‍, ഇഖ്ബാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റംഗങ്ങളാണ് 20 മിനിറ്റുള്ളില്‍ ഡ്രൈവറെ സുരക്ഷിതമായി പുറത്തെടുത്തത്. ഇതോടെ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ അഭിനന്ദിച്ചുകൊണ്ട് മുന്നോട്ടു വന്നു.

കാലിനു ചെറിയ പരിക്കേറ്റ ലോറി ഡ്രൈവർ നിജു എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ലോറി തട്ടിയ ബസ്സിലെ യാത്രക്കാരും ജീവനക്കാരുമെല്ലാം സുരക്ഷിതരാണ്. ലോറി ഇടിച്ചു കയറിയ ബേക്കറി പൂർണ്ണമായും തകർന്ന നിലയിലാണ്. ഇതോടൊപ്പം വൈദ്യുത കമ്പികൾ പൊട്ടിവീണിരുന്നുവെങ്കിലും എന്തോ ഭാഗ്യം കൊണ്ട് വലിയ ഒരു അപകടം ഒഴിവായി. അപകടത്തെത്തുടർന്ന് കണ്ടെയ്‌നർ ലോറി റോഡിനു കുറുകെയായിരുന്നു കിടന്നിരുന്നത്. ഇത് എടപ്പാളിൽ ഉച്ചവരെ ഗതാഗത തടസ്സമുണ്ടാക്കി.

അപകടത്തിൽ തകർന്ന ലോറിയുടെ കാബിൻ കണ്ടെയ്നർ ട്രെയിലറിൽ നിന്നും വേർപെടുത്തുകയും മറ്റൊരു കാബിൻ (ലോറി) കൊണ്ടുവന്നു കണ്ടെയർ മറ്റൊരു സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തതോടെയാണ് ഗതാഗതം പു:നസ്ഥാപിക്കുവാൻ സാധിച്ചത്. എടപ്പാൾ നഗരത്തിലുള്ള ഈ ഡിവൈഡർ രാത്രിയിൽ വാഹനങ്ങൾക്ക് കാണുവാൻ സാധിക്കാത്തതു മൂലമാണ് ഇവിടെ അപകടങ്ങൾ സംഭവിക്കുന്നതെന്ന് നാട്ടുകാരും ഡ്രൈവർമാരും ആരോപിക്കുന്നു. ഇനിയെങ്കിലും ഈ പ്രശ്നം പരിഹരിക്കണമെന്നും അല്ലാത്തപക്ഷം അപകടങ്ങൾ വീണ്ടും ഉണ്ടാകുവാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ പോലീസിനെ അറിയിച്ചു.

വാർത്തയ്ക്ക് കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ, ചിത്രങ്ങൾ – വാട്‍സ് ആപ്പ് വഴി ഷെയർ ചെയ്തു കിട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.