സ്‌കൂളുകൾ തുറന്നു പ്രവർത്തിച്ചു തുടങ്ങിയതോടെ വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള ഉരസലുകൾ എക്കാലത്തെയും പോലെ പതിവ് കാഴ്ചയായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലേക്കാണ് ആക്ഷൻ ഹീറോയെപ്പോലെ പുതിയ എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് കടന്നു വന്നിരിക്കുന്നത്. ബസ് സ്റ്റോപ്പുകളിൽ നിൽക്കുന്ന സ്‌കൂൾ കുട്ടികളെ കയറ്റാതെ ബസ്സുകൾ പോകുന്നുണ്ടോ എന്നു നിരീക്ഷിക്കുവാൻ അദ്ദേഹം നേരിട്ടായിരുന്നു എത്തിയത്.

ഒട്ടും പ്രതീക്ഷിക്കാതെ കളക്ടറെ ബസ് സ്റ്റോപ്പിൽ കണ്ട അത്ഭുതത്തിലായിരുന്നു സ്‌കൂൾ വിദ്യാർഥികൾ. ബസ് ജീവനക്കാരും ഏതാണ്ട് അതുപോലൊക്കെ തന്നെയായിരുന്നു. എന്തായാലും കളക്ടർക്ക് ബസ് ജീവനക്കാരുടെ മോശം പെരുമാറ്റങ്ങളൊന്നും നേരിൽക്കാണേണ്ടി വന്നില്ല. ബസ് സ്റ്റോപ്പിലുണ്ടായിരുന്ന സ്‌കൂൾ വിദ്യാർത്ഥികളോട് അദ്ദേഹം നേരിട്ട് കാര്യങ്ങൾ ചോദിച്ചറിയുകയുമുണ്ടായി. ഈ സംഭവത്തെക്കുറിച്ച് കളക്ടർ തൻ്റെ ഫേസ്‌ബുക്ക് പേജിൽ ചിത്രങ്ങൾ സഹിതം പോസ്റ്റ് ഇടുകയും ചെയ്തു. അദ്ദേഹത്തിൻ്റെ ഫേസ്‌ബുക്ക് കുറിപ്പ് താഴെ കൊടുത്തിരിക്കുന്നു. ഒന്നു വായിക്കാം.

“ചുമതല ഏറ്റ ദിവസം മുതൽ പല കോണിൽ നിന്നും കേൾക്കുന്നതാണ് വിദ്യാർഥികളോടുള്ള ബസ് ജീവനക്കാരുടെ അവഗണന. ഇതിനു നമുക്ക് ഒരു ശാശ്വത പരിഹാരം കാണണം , അതിന്റെ ഭാഗമായി ഇന്ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനടുത്തുള്ള സർക്കാർ സ്‌കൂളിലെ കുട്ടികളോട് ആശയവിനിമയം നടത്തുകയും അവരോടൊപ്പം ബസ്സ് സ്റ്റോപ്പിൽ നിന്ന് ബസ് ജീവനക്കാരുടെ കുട്ടികളോടും യാത്രക്കാരോടുമുള്ള പെരുമാറ്റം മനസിലാക്കുവാൻ ശ്രമിക്കുകയും ചെയ്തു.

ബസ്സുകൾ പരിശോധിക്കുകയും ജീവനക്കാരോട് കുട്ടികളോട് മാന്യമായി പെരുമാറണം എന്നും, ബസ്സുകൾ സ്റ്റോപ്പിൽ നിർത്തണം എന്നും, കൺസെഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നൽകണമെന്നും കർശ്ശന നിർദേശം നൽകുകയും ചെയ്തു. ബസ് മുതലാളിമാരോടും തൊഴിലാളികളോടും എനിക്ക് ഒരു കാര്യമേ ഓര്മിപ്പിക്കാനൊള്ളു “ബസ്സു കേറാൻ നിൽക്കുന്ന കുട്ടികളെ കാണുമ്പോൾ ദയാവായി ഒരു നിമിഷം നിങ്ങളുടെ വീട്ടിൽ ഉള്ള കുട്ടിയുടെ മുഖം ഓർക്കുക.”

നിയമലംഘനം നടത്തുന്ന ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ മോട്ടോർ വാഹനവകുപ്പിനും, പോലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്.”

മുൻപ് ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന എസ്. സുഹാസ് എറണാകുളത്തേക്ക് കഴിഞ്ഞയിടയ്ക്കാണ് സ്ഥലം മാറ്റം കിട്ടി എത്തിയത്. കളക്ടറായിരുന്ന സമയത്ത് ആലപ്പുഴയിൽ നിരവധി മാറ്റങ്ങൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയിരുന്നു. സഹായങ്ങൾ ആവശ്യമുള്ളവർക്കിടയിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുന്ന രീതിയാണ് അദ്ദേഹം അന്നുമിന്നും സ്വീകരിക്കുന്നത് എന്നതും സുഹാസിനെ വ്യത്യസ്തനാക്കുന്നു. പ്രളയ സമയത്ത് മുങ്ങിപ്പോയ ആലപ്പുഴയെയും പരിസര പ്രദേശങ്ങളെയും സാധാരണ നിലയിലേക്ക് തിരികെ കയറ്റുവാൻ, അന്ന് ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന സുഹാസിൻ്റെ പ്രവർത്തനം സഹായിച്ചത് വളരെയേറെയാണ്.

എന്തായാലും എറണാകുളം നഗരത്തിലെ ബസ് ജീവനക്കാർ തങ്ങളുടെ ധാർഷ്ട്യവും കയ്യൂക്കുമെല്ലാം ഒന്നടക്കി വെക്കുന്നത് നല്ലതായിരിക്കും. കാരണം ഇവിടത്തെ കളക്ടർ സ്‌ട്രോംഗ് ആണ്.. കൂടാതെ കളക്ടറുടെ പേരും പറഞ്ഞു ബസ് ജീവനക്കാരോട് ആളാകുവാൻ വിദ്യാർത്ഥികളും നിൽക്കരുത്. പരസ്പരം സഹകരണത്തോടെ മുന്നോട്ടു പോകുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.