വിവരണം – പ്രശാന്ത് എസ്.കെ., ചിത്രങ്ങൾ – ഗൂഗിൾ.

ബോട്ടുയാത്രകൾ മിക്കവരും നടത്തിയിട്ടുണ്ടാകും. മിക്കവരും വിനോദസഞ്ചാരം എന്ന നിലയിലുമായിരിക്കും ബോട്ട് യാത്രകൾ നടത്തിയിരിക്കുന്നത്. എന്നാൽ വാഹനങ്ങളും ബസ് സർവ്വീസുകളും റോഡും ഒക്കെ എത്തിച്ചേരാത്ത കാലത്ത് പുറംലോകത്തേക്കു പോകുവാനായി ബോട്ടിനെ ആശ്രയിക്കേണ്ടി വരുന്ന ആളുകളുണ്ട്. ആലപ്പുഴക്കാർക്ക് ഇന്നും അങ്ങനെത്തന്നെയാണ്. എന്നാൽ ഞാൻ ഇവിടെ പറയുവാൻ പോകുന്നത് എറണാകുളത്തെ ബോട്ട് യാത്രകളെക്കുറിച്ചാണ്.

അതിനുമുൻപ് ആദ്യം ഞങ്ങളുടെ നാടിനെക്കുറിച്ച് അറിയണം. എറണാകുളം ജില്ലയിലെ കടമക്കുടി പഞ്ചായത്തിലെ കോതാട് എന്ന നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു ദ്വീപായിരുന്നു ഞങ്ങളുടെ ലോകം. ഇന്ന് ഇതൊരു ദ്വീപ് അല്ല കേട്ടോ. ചിറ്റൂരുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള പാലവും കണ്ടെയ്‌നർ റോഡും ആസ്റ്റർ മെഡിസിറ്റിയുമൊക്കെ വന്നതു മൂലം കോതാട് ഇന്നൊരു സിറ്റി ലെവലിലേക്ക് ഉയർന്നു വരികയാണ്.

ഏകദേശം 23 വർഷങ്ങൾക്ക് മുൻപ്… അന്ന് എനിക്ക് പ്രായം അഞ്ചു വയസ്സ്. അന്നത്തെ എന്റെ യാത്രകൾ എന്നു പറയുന്നത് കൊച്ചി – പള്ളുരുത്തി ഭാഗത്തുള്ള ബന്ധുക്കളുടെ വീട്ടിലേക്കുള്ള വിരുന്നു പോക്കായിരുന്നു. അച്ഛൻ ഗൾഫിൽ ആയിരുന്നതിനാൽ ഞാനും അമ്മയും മാത്രമായിരിക്കും യാത്രികർ. അവിടുന്നൊക്കെ തിരിച്ചു വരുന്ന വഴിക്ക് ഞങ്ങൾ എറണാകുളം ജെട്ടിയിൽ ബസ്സിറങ്ങും. തെക്കേ ജെട്ടി എന്നായിരുന്നു അന്ന് എറണാകുളം ബോട്ട് ജെട്ടിയെ പറഞ്ഞിരുന്നത്. കാരണം ഹൈക്കോർട്ടിൽ നിന്നും വൈപ്പിൻ ഭാഗത്തേക്കൊക്കെ അന്ന് ഇളം നീലനിറത്തിലുള്ള കിൻകോ ബോട്ടുകൾ സർവ്വീസ് നടത്തിയിരുന്നു. പഴയ സിനിമകളിലെ ചില സീനുകളിലൊക്കെ ഈ കിങ്കോ ബോട്ടുകൾ ഇന്നും നമുക്ക് കാണാം.

എറണാകുളം ജെട്ടിയിൽ ബസ്സിറങ്ങിയ ശേഷം അവിടെ നിന്നുള്ള വരാപ്പുഴ ബോട്ടിൽ കയറുക എന്നതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. ഇന്നത്തെപ്പോലത്തെ ജെട്ടി ആയിരുന്നില്ല അന്ന്. ഇന്ന് കാണുന്ന ചിൽഡ്രൻസ് പാർക്കിലെ കുളമായിരുന്നു അന്നത്തെ ഞങ്ങളുടെ ബോട്ട് ജെട്ടി. കായലിൽ നിന്നും ചെളി നിറഞ്ഞ ഈ ഭാഗത്തേക്ക് ബോട്ട് ജീവനക്കാർ കഴുക്കോൽ കൊണ്ട് കുത്തിയായിരുന്നു ബോട്ടുകൾ കയറ്റുകയും ഇറക്കുകയും ഒക്കെ ചെയ്തിരുന്നത്.

അന്നത്തെ എറണാകുളം ജെട്ടി നമ്മളെ കണ്ണുകെട്ടി കൊണ്ടുപോയാലും മണത്തു തിരിച്ചറിയുമായിരുന്നു. ചെളിയുടെയും പഴങ്ങൾ ചീഞ്ഞതിന്റെയും ഒന്നിച്ചുള്ള മണമായിരുന്നു അവിടെ. പക്ഷെ ഈ മണമൊന്നും അന്ന് ഞങ്ങൾക്ക് മുഷിച്ചിൽ ഉണ്ടാക്കിയിരുന്നില്ല എന്നതായിരുന്നു സത്യം. ബോട്ടിൽ കയറുന്നതിനു മുൻപായി സമീപത്തെ കടയിൽ നിന്നും നല്ല മധുരമുള്ള നാരങ്ങാ സർബത്ത് പതിവായിരുന്നു. സർബത്തും കുടിച്ച് വയർ നിറച്ച ശേഷം പിന്നെ ബോട്ടിലേക്ക് കയറുകയായി.

ഞങ്ങൾ ചെല്ലുന്ന സമയങ്ങളിൽ മിക്കവാറും അധികമാരും ബോട്ടിൽ കാണില്ല. നേരെ അമ്മയുടെ കൂടെ പിൻഭാഗത്തുള്ള ലേഡീസ് ഏരിയയിലേക്ക്. സത്യത്തിൽ ബോട്ട് യാത്രകൾ ആസ്വദിക്കാൻ ഏറ്റവും നല്ലത് മുന്നിലത്തെ പുരുഷന്മാരുടെ ഏരിയയായിരുന്നു. പക്ഷെ എന്ത് ചെയ്യാം നമ്മൾ അന്ന് ചെറിയ പയ്യനല്ലേ. അങ്ങനെ സമയമാകുമ്പോൾ ബോട്ട് അവിടെ നിന്നും പുറപ്പെടും.

അടുത്ത ജെട്ടി എറണാകുളം ഹൈക്കോർട്ട് ആണ്. അവിടെ നിന്നാണ് കൂടുതലാളുകൾ ബോട്ടിൽ കയറുക. കുറച്ചു സമയം ഹൈക്കോർട്ടിൽ ബോട്ട് നിർത്തിയിടുമായിരുന്നു. ആ സമയത്ത് കപ്പലണ്ടി കച്ചവടക്കാർ തങ്ങളുടെ കച്ചവടം പൊടിപൊടിക്കും.മിക്കവാറും ഹൈക്കോർട്ട് ജെട്ടിയിൽ നിന്നും ബോട്ടിൽ യാത്രക്കാർ നിറഞ്ഞു കവിഞ്ഞു കാണും. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ. ഏകദേശം ഒന്നര മണിക്കൂർ ആയിരുന്നു എറണാകുളത്തു നിന്നും ഞങ്ങളുടെ കോതാട് ജെട്ടിയിലേക്കുള്ള ബോട്ടിന്റെ സഞ്ചാര സമയം.

ഇവിടുന്നു ബോട്ട് വിട്ടു കഴിഞ്ഞാൽ പിന്നെ സ്ഥിര യാത്രക്കാരുടെ കലാപരിപാടികൾ തുടങ്ങുകയായി. ബോട്ടിന്റെ എഞ്ചിൻ കൂടിനു മുകളിൽ ചീട്ടുകളിക്കാരായിരിക്കും സ്ഥാനം പിടിച്ചിട്ടുണ്ടാകുക. മുന്നിലെ പുരുഷന്മാരുടെ ഏരിയയിൽ പത്രം വായനയും ചൂടൻ ചർച്ചകളുമൊക്കെയായിരിക്കും. പ്രണയജോഡികളുടെ ഇടം ഇതിനെല്ലാം ഇടയിലെ ഭാഗത്തായിരിക്കും. പിന്നിലെ സ്ത്രീകളുടെ ഭാഗത്താണെങ്കിൽ വീട്ടുവിശേഷങ്ങളും പരദൂഷണവും കുശുമ്പും ഒക്കെയായിരിക്കും. മുളവുകാട് ഭാഗത്തുള്ള ജെട്ടികൾ എല്ലാം അടുത്തു കഴിഞ്ഞാൽ ബോട്ടിലെ തിരക്ക് അൽപ്പം കുറയും. പിന്നെ ഒരു ലോഡ് ആളുകൾ ഇറങ്ങുന്ന ജെട്ടി ഞങ്ങളുടെ തൊട്ടടുത്തുള്ള ‘പിഴല’ യാണ്.

ബോട്ട് യാത്രയിൽ മാത്രം ലഭിക്കുന്ന സൗഹൃദങ്ങളുണ്ടായിരുന്നു അന്ന്.വല്ലപ്പോഴും മാത്രം യാത്ര ചെയ്യുകയാണെങ്കിലും എല്ലാ വിശേഷങ്ങളും പങ്കുവെച്ച് അവസാനം തങ്ങളുടെ ജെട്ടിയാകുമ്പോൾ ചിരിച്ചുകൊണ്ട് ഇറങ്ങിപ്പോകുന്ന എത്രയെത്രയാളുകൾ. പ്രായം ചെറുതായിരുന്നെങ്കിലും ഇതൊക്കെ ഞാൻ അന്നേ ശ്രദ്ധിക്കുമായിരുന്നു. ബോട്ട് ജീവനക്കാരും എല്ലാവരുടെയും പരിചയക്കാരായിരുന്നു. ബോട്ടിൽ ടിക്കറ്റ് കൊടുക്കുന്നയാളെ ‘മാഷ്’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ലോട്ടറി കച്ചവടം നടത്തിയിരുന്ന സെന്റ് ജോസഫ് ബോട്ടിലെ പൊക്കം കുറഞ്ഞ മാഷിനെ ഇന്നും ഞാൻ ഓർക്കുന്നു. അദ്ദേഹം ഈയിടെ ഈ ലോകത്തോട് വിടപറഞ്ഞു.

അതുപോലെ ബോട്ട് കേടായി ഞങ്ങളുടെ നാട്ടിലെ ജെട്ടിയിൽ കെട്ടിയിട്ടപ്പോൾ കിഴക്കുള്ള ചാരായ ഷാപ്പിൽ പോയി മിനുങ്ങി തിരികെ ആടിയാടി വന്ന വാട്ടർ ലില്ലി ബോട്ടിലെ മാഷിനെയും മറക്കാൻ പറ്റുമോ? ചില സിനിമകളിൽ കാണുന്നപോലെ അന്ന് കുടിച്ചു വെളിവിലാതെ ബോട്ട് ജെട്ടിയിലേക്ക് നടന്നു വന്ന മാഷിനെ കാണാനായി കുട്ടികളും മുതിർന്നവരുമടക്കം എത്രയാളുകളാണ് പിന്നാലെ വന്നിരുന്നത്. ഇതെല്ലാം ഇന്നും ഒരു ചിരിയോടെ ഓർത്തിരിക്കുന്ന ബോട്ടോർമ്മകൾ ആണ്.

എത്രയെത്ര ബോട്ടുകളായിരുന്നു അന്ന് എറണാകുളം – വരാപ്പുഴ റൂട്ടിൽ ഓടിയിരുന്നത്. അവയുടെ പേരുകളെല്ലാം ഇന്നും കാണാപ്പാഠമാണ്. എലിസബത്ത് റാണി എന്നൊരു വങ്കൻ ബോട്ടുണ്ടായിരുന്നു ഈ റൂട്ടിൽ. കൂട്ടത്തിൽ ഏറ്റവും വലുത് ഈ ബോട്ടായിരുന്നു. എന്നാൽ ഇതിനും മുന്നേ ഒലിവിയ കുമാരി എന്നൊരു ബോട്ട് സർവ്വീസ് നടത്തിയിരുന്നു. ആ ബോട്ട് കണ്ട ഓര്മ എനിക്കില്ല. ഇതായിരുന്നത്രെ ഏറ്റവും വലിയ ബോട്ട്. അത് പോയതോടെയാണ് വലിപ്പത്തിൽ ഒന്നാം സ്ഥാനം എലിസബത്ത് റാണി സ്വന്തമാക്കിയത്.

എലിസബത്ത് റാണി പിന്നീട് പേരുമാറ്റി ശ്രീ ചിത്തിരയായി. പിന്നെ വാട്ടർ ലില്ലി, തെരേസ ബേബി, ഹെൽഡ ബെന്നി, സെന്റ് ജോസഫ്, സെന്റ് മത്തേവൂസ്, ഐശ്വര്യ, വിഷ്ണുപ്രിയ, വേളാങ്കണ്ണി തുടങ്ങിയവയായിരുന്നു അവ. കൂട്ടത്തിൽ ഏറ്റവും ചെറുത് ഐശ്വര്യയായിരുന്നു. വല്ലാത്ത ശബ്ദവും ഇളക്കവും കൊണ്ട് ഒട്ടും യാത്രാസുഖം തരുന്നതായിരുന്നില്ല ഐശ്വര്യയിലെ യാത്രകൾ. അതുകൊണ്ട് ഇതിൽ ഞാൻ അധികം യാത്ര ചെയ്തിട്ടില്ല.

ഈ ബോട്ട് സർവീസുകൾക്ക് ഒരു തിരിച്ചടിയായത് കോതാട് – ചിറ്റൂർ പാലത്തിന്റെ വരവോടെയായിരുന്നു. പാലം വന്നതോടെ ഞങ്ങളുടെ നാട്ടിലേക്ക് ബസ് സർവ്വീസുകൾ ആരംഭിച്ചു തുടങ്ങി. ആളുകൾ ബോട്ട് യാത്രകൾ ഒഴിവാക്കുവാൻ തുടങ്ങി. ട്രിപ്പുകൾ നഷ്ടത്തിലായതോടെ ബോട്ടുകൾ ക്രമേണ സർവ്വീസ് നിർത്തുവാൻ തുടങ്ങി.

അങ്ങനെ വന്നു വന്ന് അവസാനം എറണാകുളം – വരാപ്പുഴ റൂട്ടിൽ വേളാങ്കണ്ണി എന്ന ഒരു ബോട്ട് മാത്രമായി. അവസാനം അതും നിന്നു. ഞാൻ അടക്കമുള്ള ആളുകൾ തിരക്കിൻറെ ലോകത്തേക്ക് ചേക്കേറുകയായിരുന്നു. ആ കാലഘട്ടത്തിലെ ആളുകളുടെയുള്ളിൽ എന്നും നല്ല ഓർമ്മകൾ നിലനിർത്തിക്കൊണ്ട് ഞങ്ങളുടെ ബോട്ട് യുഗം അങ്ങനെ അവസാനിച്ചു. ഇന്നും എനിക്കൊരാഗ്രഹമുണ്ട്. പഴയപോലെ എറണാകുളം ജെട്ടിയിൽ നിന്നും ഞങ്ങളുടെ നാട്ടിലേക്ക് അന്നത്തെപ്പോലെ ഒരു ബോട്ട് യാത്ര.. നടക്കില്ലെന്നറിയാം. എങ്കിലും…

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.