കേരളത്തിൽ കായലും കടലും യോജിക്കുന്ന ഒരേയൊരു പ്രധാനപ്പെട്ട ടൂറിസ്റ്റു കേന്ദ്രമാണ് അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന നമ്മുടെ കൊച്ചി. ആലപ്പുഴയിലേതിൽ നിന്നും വ്യത്യസ്തമാണ് കൊച്ചിയിലെ കായൽ സഞ്ചാരം. സർക്കാർ ബോട്ടുകൾ മുതൽ കടലിലേക്ക് പോകുന്ന സാഗരറാണി നൗക വരെ പൂണ്ടു വിളയാടുന്ന കൊച്ചി കായലിലേക്ക് ഇതാ പുതിയ ഒരതിഥി കൂടി എത്തുകയാണ്. പേരു കേട്ടാൽ ഒന്നമ്പരക്കും – ‘നെഫെർടിറ്റി’. ഒരു ഈജിപ്ഷ്യൻ റാണിയുടെ പേരാണിത്. Kochi Shipping and Inland Navigation Corporation (KSINC) നിർമ്മിച്ച ഈ നൗകയിൽ ഈജിപ്ഷ്യൻ തീം ആണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഇതിന് ഈജിപ്ഷ്യൻ റാണിയായ ‘നെഫെർടിറ്റി’യുടെ പേര് നൽകിയതും.

ഇന്ന് കൊച്ചിയിൽ കാണുന്ന ഏതൊരു ജലനൗകയെയും തോൽപ്പിക്കുന്ന തരത്തിലാണ് നെഫെർടിറ്റിയുടെ നിർമ്മാണം. അന്താരാഷ്‌ട്ര മികവിൽ പണി തീർത്തിരിക്കുന്ന ഈ ജലയാനത്തിന്റെ വിശേഷങ്ങൾ ഏറെയാണ്. 200 യാത്രക്കാരെ കയറ്റാവുന്ന തരത്തിലാണ് ഇതിന്റെ നിർമ്മാണം. 48.5 മീറ്റർ നീളവും 14.5 മീറ്റർ വീതിയുമുള്ള ഈ ജലനൗകയിൽ ആകെ മൂന്നു ഡെക്കുകളാണ് ഉള്ളത്. ഫോർ സ്റ്റാർ വാല്യൂവുള്ള ഇതിൽ വിശാലമായ കോൺഫറൻസ് ഹാൾ, ലക്ഷ്വറി ഡൈനിംഗ് ഹാൾ, ബാർ ലോഞ്ച്, ത്രീ ഡി തിയേറ്റർ, കുട്ടികൾക്കുള്ള കളിസ്ഥലം, സൺ ഡെക്ക് തുടങ്ങിയ ഒട്ടേറെ സൗകര്യങ്ങൾ ഉണ്ട്.

KSINC യുടെ തന്നെ ‘സാഗരരാണി എന്ന ക്രൂയിസ് ബോട്ട് കൊച്ചിയിൽ വിജയകരമായി ഓടുന്നുണ്ട്. കൊച്ചിയിൽ നിന്നും കടലിലേക്ക് പോകുന്ന ഒരേയൊരു ക്രൂയിസ് ബോട്ട് സർവ്വീസാണിത്. സാഗരറാണിയിലെ ചാർജ്ജുകൾ സാധാരണക്കാർക്കു കൂടി താങ്ങുവാൻ കഴിയുന്ന തരത്തിലുള്ളവയാണ്. കോൺഫറൻസ് ഹാളും, ഡിജെ പാർട്ടിയും ഭക്ഷണവുമൊക്കെയുള്ള സാഗരറാണിയിൽ ഒരു ട്രിപ്പിൽ 40 പേർക്ക് യാത്ര ചെയ്യുവാൻ സാധിക്കും. എന്നാൽ നെഫെർടിറ്റിയ്ക്ക് ഫോർ സ്റ്റാർ പദവിയൊക്കെ ഉള്ളതിനാൽ സാധാരണക്കാരായ ആളുകൾക്ക് പറ്റിയ ചാർജ്ജ് ആയിരിക്കില്ല ഇതിലേത് എന്നുറപ്പാണ്.ആഡംബരം അൽപം കൂടിയതുകൊണ്ട് ഒരൽപം നല്ല തുക ചെലവാക്കേണ്ടി വരും നെഫെർടിറ്റിയിൽ കയറി എല്ലാം ഒന്നാസ്വദിക്കുവാൻ. കയ്യിൽ കാശുണ്ടെങ്കിൽ കയറി അടിച്ചുപൊളിക്കാം എന്നു സാരം.വിവാഹ റിസപ്‌ഷനുകൾ, കോർപ്പറേറ്റ് കമ്പനി മീറ്റിങ്ങുകൾ, ഗെറ്റ് ടുഗെതറുകൾ തുടങ്ങിയ പരിപാടികൾ ലക്ഷ്യമിട്ടാണ് നെഫെർടിറ്റി ഒരുങ്ങുന്നത്. ഇതുകൂടാതെ ദിവസേന രണ്ടു ട്രിപ്പുകൾ എന്ന ക്രമത്തിൽ വിനോദ സഞ്ചാരികൾക്കായി ഉല്ലാസയാത്രയും ഉണ്ടായിരിക്കും.

ഇതിനിടെ ഈ നൗക കൊച്ചി തുറമുഖത്ത് അടുപ്പിക്കണമെങ്കിൽ ദിവസേവന 88000 രൂപ കൊച്ചിൻ പോർട്ടിനു നൽകേണ്ടി വരുമെന്നത് വലിയൊരു കല്ലുകടിയായി മാറിയിരിക്കുകയാണ്. ഇത്രയും തുക വാടക നൽകേണ്ടി വന്നാൽ വിനോദസഞ്ചാരികളിൽ നിന്നും വമ്പൻ തുക ഈടാക്കിയാലേ ലാഭമുണ്ടാകുകയുള്ളൂ. അത്രയും തുക മുടക്കി ആരും വരാനും ചാൻസില്ല. അതിനാൽ ചാർജ്ജ് കുറയ്ക്കണമെന്ന ആവശ്യവുമായി KSINC കൊച്ചിൻ പോർട്ടിനെ സമീപിച്ചിരിക്കുകയാണ്. കൊച്ചിൻ പോർട്ട് ട്രസ്റ്റ് അയഞ്ഞില്ലെങ്കിൽ നെഫെർടിറ്റിയെ കൊച്ചിയ്ക്ക് നഷ്ടപ്പെട്ടേക്കാം. പകരം കോഴിക്കോട്ടേക്ക് ആയിരിക്കും നൗകയുടെ ഓപ്പറേഷൻ മാറ്റുക. കോഴിക്കോട് ബേപ്പൂർ തുറമുഖം സംസ്ഥാന സർക്കാരിന്റെ കീഴിലായതിനാൽ, നിരക്കുകളുടെ കാര്യത്തിൽ സർക്കാർ തലത്തിൽ തീർപ്പുണ്ടാക്കാൻ വളരെ എളുപ്പം കഴിയുമെന്നതിനാലാണ് ഇത്തരമൊരു പ്ലാൻ ബി കൂടി ഉയർന്നു വന്നിരിക്കുന്നത്. എന്തായാലും കാത്തിരുന്നു കാണാം. ഭാഗ്യമുണ്ടെങ്കിൽ കൊച്ചിയ്ക്കു തന്നെ ഈ റാണിയെ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here