ലങ്കാവിയിൽ അധികമാരും എക്‌സ്‌പ്ലോർ ചെയ്യാത്ത ഏരിയകൾ കാണുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ ബൈക്കും എടുത്തുകൊണ്ട് രാവിലെ തന്നെ യാത്ര തുടങ്ങി. എന്തോ വല്ലാത്തൊരു ഉന്മേഷമായിരുന്നു രാവിലെയുള്ള ആ യാത്രയിൽ ഞങ്ങൾക്ക്. തലേദിവസത്തെ കറക്കത്തിൽ ഞങ്ങളുടെ കൈയിലുള്ള പണം തീർന്നിരുന്നു. ഇനി ഇപ്പോൾ പോകുന്ന വഴിയിൽ ഏതെങ്കിലും എടിഎമ്മിൽ കയറിയിട്ടു വേണം പണം എടുക്കുവാൻ. അടുത്തുകണ്ട ഒരു എടിഎമ്മിൽ കയറി 500 റിങ്കറ്റ് ഞങ്ങൾ എടുത്തു. എടിഎം ഫീസ് അടക്കം 9415 രൂപ എൻ്റെ അക്കൗണ്ടിൽ നിന്നും പോയി. അങ്ങനെ കാശുമായി ഞങ്ങൾ യാത്ര തുടർന്നു.

പോകുന്ന വഴിയിൽ അവിടത്തെ ഒരു ഫയർ സ്റ്റേഷൻ ഞങ്ങൾ കാണുവാനിടയായി. ബോംബ (BOMBA) എന്നായിരുന്നു ഫയർ സ്റ്റേഷന് മുന്നിൽ ബോർഡ് എഴുതിയിരുന്നത്. അവിടെ ഫയർ സ്റ്റേഷൻ അറിയപ്പെടുന്നത് അങ്ങനെയാണെന്ന് തോന്നുന്നു. “ബോംബ് പൊട്ടിയാൽ രക്ഷിക്കാൻ വരുന്നവർ എന്നുദ്ദേശിച്ചാണോ എന്തോ.” എന്തായാലും ഫയർ ഫോഴ്‌സുകാരുടെ സേവനം എല്ലായിടത്തും സ്തുത്യർഹം തന്നെ. മനസ്സുകൊണ്ട് അവർക്കൊരു സല്യൂട്ട് അടിച്ചിട്ട് ഞങ്ങൾ അവിടെ നിന്നും യാത്രയായി.

ലങ്കാവി ടൗണിൽ നിന്നും വടക്കൻ മേഖലയിലേക്ക്‌ പോകുന്നവഴി ‘വാത് കോ വനാരം’ എന്നു പേരുള്ള ഒരു ബുദ്ധ ക്ഷേത്രം ഉണ്ടെന്നു ഞങ്ങളുടെ ഹോട്ടലിലെ ചേച്ചി പറഞ്ഞു തന്നിരുന്നു. ഗൂഗിൾ മാപ്പൊക്കെ ഇട്ടു ഞങ്ങൾ ബൈക്കിൽ പാഞ്ഞുകൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ നഗരത്തിലെ തിരക്കുകളിൽ നിന്നും മാറി ഒരു ഗ്രാമാന്തരീക്ഷം ഫീൽ ചെയ്യുവാൻ തുടങ്ങി. ചുറ്റിനും പച്ചപ്പ്. കേരളത്തിലെ ഏതോ ഒരു കാട്ടിൽക്കൂടി പോകുന്നപോലെയാണ് എനിക്കും ശ്വേതയ്ക്കും തോന്നിയത്. കുറച്ചു സമയത്തെ യാത്രയ്ക്കു ശേഷം ഞങ്ങൾ ആ ബുദ്ധക്ഷേത്രത്തിൽ എത്തിച്ചേർന്നു.

വളരെ ശാന്തമായ ഒരു അന്തരീക്ഷമായിരുന്നു അവിടെ. ക്ഷേത്ര പരിസരത്ത് ധാരാളം പട്ടികൾ കൂട്ടമായി നടക്കുന്നുണ്ടായിരുന്നു. പേടിക്കേണ്ട, അവ ആരെയും ഉപദ്രവിക്കുകയൊന്നുമില്ല. ക്ഷേത്രത്തിനു പിന്നിൽ ഒരു മലയാണ്. ആ മലയിലുള്ള പാറയിൽ ഒരു ബുദ്ധരൂപം കൊത്തിവെച്ചിരിക്കുന്നതും നമുക്ക് താഴെ നിന്നും കാണാം. ക്ഷേത്രത്തിനകത്ത് വളരെ മനോഹരമായ കാഴ്ചകളാണ് ഞങ്ങൾക്ക് കാണുവാൻ സാധിച്ചത്. അകത്ത് ഒരു ബുദ്ധ സന്യാസി ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിനു ചുറ്റും കുറച്ചാളുകൾ ഇരുന്നുകൊണ്ട് എന്തൊക്കെയോ ചർച്ച ചെയ്യുന്നുണ്ടായിരുന്നു.

ബുദ്ധക്ഷേത്രങ്ങൾ കാണുവാൻ പൊതുവെ നല്ല ഭംഗിയായിരിക്കും. അതുപോലെതന്നെയാണ് ഇവിടത്തെയും കാര്യം. അധികമാളുകൾക്ക് ഇതിനെക്കുറിച്ച് അറിയാൻ പാടില്ലാത്തതു കൊണ്ടാണോ എന്തോ തിരക്ക് വളരെ കുറവായിരുന്നു. ക്ഷേത്രത്തോട് ചേർന്നുള്ള കുളത്തിൽ ധാരാളം മീനുകളും ആമകളും ഒക്കെയുണ്ട്. കുളത്തിനു കുറച്ചപ്പുറത്തായി നല്ല ഭംഗിയുള്ള കുറച്ചു സ്തൂപങ്ങളും സ്ഥിതി ചെയ്യുന്നു. എല്ലാ സ്തൂപങ്ങളും വ്യത്യസ്തതയുള്ളവയായിരുന്നു. ഇവ എന്താണെന്ന് ഞങ്ങൾക്ക് മനസ്സിലായിരുന്നില്ല. സംശയം ചോദിക്കുവാൻ അവിടെയടുത്ത് ആരെയും കണ്ടുമില്ല. എന്തായാലും നല്ലൊരു സ്ഥലമാണ് വാത് കോ വനാരം എന്നയീ ബുദ്ധക്ഷേത്രം.

ബുദ്ധക്ഷേത്രത്തിൽ നിന്നും ഇറങ്ങിയ ഞങ്ങൾ അടുത്ത സ്ഥലത്തേക്ക് യാത്രയായി. ബുദ്ധക്ഷേത്രത്തിനു കുറച്ചെടുത്തായി ഒരു ഓർക്കിഡ് ഫാം ഞങ്ങൾ കാണുകയുണ്ടായി. ശ്വേതയ്ക്ക് പൂക്കളോട് വല്ലാത്ത ഒരു ഇഷ്ടമാണ്. പുള്ളിക്കാരിയുടെ നിര്ബന്ധത്താൽ ഞങ്ങൾ ആ ഫാമിൽ കയറി. ഫ്രീയായിരുന്നു അവിടേക്കുള്ള പ്രവേശനം. വിവിധ തരത്തിലുള്ള പൂക്കൾ അവിടെ കാണാമായിരുന്നു. ഓർക്കിഡുകളെക്കുറിച്ച് എന്നെക്കാൾ അറിവ് ശ്വേതയ്ക്ക് ഉണ്ടായിരുന്നു. ഓരോ പൂക്കളെക്കുറിച്ചും ശ്വേത എനിയ്ക്ക് വിശദമായി പറഞ്ഞു തന്നു. ആ ഫാമിലും കുറച്ച് പട്ടിക്കൂട്ടങ്ങളെ ഞങ്ങൾ കണ്ടു. പക്ഷേ അവരൊന്നും ഞങ്ങളെ മൈൻഡ് ചെയ്യുന്നേയുണ്ടായിരുന്നില്ല. അതുകൊണ്ട് രക്ഷപ്പെട്ടു.

ഈ ഫാമിനൊപ്പം ഒരു ഷോപ്പും അവിടെയുണ്ടായിരുന്നു. ഓർക്കിഡിൽ നിന്നും ഉൽപ്പാദിപ്പിച്ച പെർഫ്യൂം ഒക്കെ അവിടെ നിന്നിരുന്ന ചേച്ചി ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നു. പെർഫ്യൂം കൂടാതെ നല്ല കളർഫുൾ ഡ്രസ്സുകൾ, ഹെർബൽ ഭക്ഷണങ്ങൾ, തൊപ്പികൾ, കുടകൾ എന്നുവേണ്ട പലതും ഉണ്ടായിരുന്നു. പക്ഷെ എല്ലാത്തിനും നല്ല കത്തി വിലയായിരുന്നു. ആ വിലയ്ക്കുള്ള ക്വളിറ്റി സാധനങ്ങൾക്ക് തോന്നിയുമില്ല. അതുകൊണ്ട് ഞങ്ങൾ കാഴ്ചകൾ മാത്രം കണ്ടുകൊണ്ട് നടന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ ശ്വേത അവിടത്തെ ചേച്ചിയുമായി നല്ല കമ്പനിയായി മാറിയിരുന്നു. അവിടെ വിൽപ്പനയ്ക്ക് വെച്ചിട്ടുള്ള സാധനങ്ങളെക്കുറിച്ച് ആ ചേച്ചി ഞങ്ങൾക്ക് വിശദമായി പറഞ്ഞു തന്നു. അങ്ങനെ കുറച്ചു സമയം അവിടെ ചുറ്റിത്തിരിഞ്ഞശേഷം ചേച്ചിയോട് യാത്ര പറഞ്ഞുകൊണ്ട് ഞങ്ങൾ അവിടെ നിന്നും തിരിച്ചു. വീണ്ടും അടുത്ത വ്യത്യസ്തങ്ങളായ കാഴ്ചകൾ തപ്പി ഞങ്ങൾ യാത്രയായി. ആ കാഴ്ചകളും വിശേഷങ്ങളുമൊക്കെ ഇനി അടുത്ത എപ്പിസോഡിൽ.

ലങ്കാവി ടൂർ പാക്കേജുകൾക്കായി ഈസി ട്രാവലിനെ വിളിക്കാം: 8943966600.

LEAVE A REPLY

Please enter your comment!
Please enter your name here