സംസ്ഥാനത്ത് ഇന്നു (03-01-2019) നടന്ന ഹർത്താലിൽ പരക്കെ അക്രമങ്ങളുണ്ടായി. സാധാരണ ഹർത്താലുകളിൽ നിന്നും ഒരൽപ്പം കൂടുതലായി ഇത്തവണ നാശനഷ്ടങ്ങൾ സഹിക്കേണ്ടി വന്നിരിക്കുന്നത് കെഎസ്ആർടിസിയ്ക്ക് ആണ്. രണ്ടു ദിവസമായി നടക്കുന്ന അക്രമ പരമ്പരകളിലായി തകർന്നത് നൂറോളം കെഎസ്ആർടിസി ബസ്സുകളാണ്. ഇതിലൂടെ കെഎസ്ആർടിസിയ്ക്ക് ഉണ്ടായിരിക്കുന്ന നഷ്ടം മൂന്നരക്കോടി രൂപയോളമാണെന്നു കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി അറിയിച്ചു.

കടക്കെണിയിൽ നിന്നും കരകയറുവാൻ ശ്രമിക്കുന്നതിനിടെയാണ് കെഎസ്ആർടിസിയ്ക്ക് വീണ്ടും കടബാധ്യത ഹർത്താൽ ദിനത്തിൽ സമ്മാനിച്ചത്. ബസ്സുകള്‍ തകര്‍ക്കപ്പെട്ടതുമൂലം ഉണ്ടായ നഷ്ടം മാത്രമാണ് വിലയിരുത്തിയിട്ടുള്ളത്. സര്‍വീസുകള്‍ മുടങ്ങുന്നതുമൂലം ഉണ്ടായകുന്ന നഷ്ടം കണക്കാക്കാന്‍ ദിവസങ്ങളെടുക്കും.  അതുപോലെതന്നെ അക്രമങ്ങളിൽ തകർന്ന ബസുകൾ നന്നാക്കി തിരികെ സർവ്വീസ് നടത്തുവാൻ ദിവസങ്ങളെടുക്കും.

കെഎസ്ആർടിസിയ്ക്ക് എതിരെയുള്ള അക്രമങ്ങളിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് തകർക്കപ്പെട്ട ബസ്സുകളുമായി കെഎസ്ആർടിസി ജീവനക്കാരുടെ വിലാപയാത്ര നടന്നു. തിരുവനന്തപുരത്തെ കെഎസ്ആർടിസി ചീഫ് ഓഫീസിൽ നിന്നും പാളയം രക്തസാക്ഷി മണ്ഡപത്തിലേക്ക് ആയിരുന്നു ജീവനക്കാർ ബസ്സുകളുടെ വിലാപയാത്ര നടത്തിയത്. കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിലായിരുന്നു ഇത്തരത്തിൽ വ്യത്യസ്തമായ ഒരു പ്രതിഷേധ യാത്ര സംഘടിപ്പിച്ചത്.

“ഇതിനൊന്നും ഞാൻ ഉത്തരവാദി അല്ല, ദയവായി എന്നെ എറിഞ്ഞു തകർക്കരുത്. ഒരുപാടുപേരുടെ അന്നമാണ്” എന്ന ബാനർ കെട്ടിയായിരുന്നു ബസ്സുകൾ വിലാപയാത്ര നടത്തിയത് എന്നതും ശ്രദ്ധേയമാണ്. മുൻപ് കാവേരി പ്രശ്നത്തിൽ കർണാടക ആർടിസി ബസ്സുകൾ തകർത്തപ്പോൾ ബെംഗളൂരുവിൽ ഇത്തരത്തിൽ വിലാപയാത്ര നടത്തി BMTC ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു. ഇന്ന് കേരളത്തിൽ നടന്ന ക്രമങ്ങളിൽ കർണാടക ആർടിസി ബസുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ബസുകൾക്കെതിരെയുള്ള ആക്രമണങ്ങൾ വർധിച്ചതോടെ സർവീസുകൾ നിർത്തിവയ്ക്കാൻ കെഎസ്ആർടിസി നിർബന്ധിതമായി. സർവ്വീസ് നടത്തിയ ബസ്സുകളെക്കൂടാതെ വിവിധ ഡിപ്പോകളിൽ നിർത്തിയിട്ടിരുന്ന ബസ്സുകൾക്ക് നേരെയും ആക്രമണം ഉണ്ടായി. കൂടുതലും ഓർഡിനറി ബസ്സുകളാണ് അക്രമങ്ങൾക്ക് ഇരയായത്. ഇതുവരെ തകർക്കപ്പെട്ട ബസുകളുടെ വിശദവിവരങ്ങൾ കെഎസ്ആർടിസി പുറത്തുവിട്ടിട്ടുണ്ട്.

പ്രളയം വന്നപ്പോൾ എല്ലാവർക്കും അവശ്യ വസ്തുക്കൾ എത്തിക്കുന്നതിനും മറ്റും താങ്ങും തണലും രക്ഷകനുമായി നിന്ന കെഎസ്ആർടിസി ബസ്സുകളെ മാസങ്ങൾക്കിപ്പുറം എറിഞ്ഞുതകർത്ത് നന്ദി പ്രകടിപ്പിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ്. അക്രമങ്ങൾക്കെതിരെ ധാരാളം ട്രോളുകളും ഫേസ്‌ബുക്കിൽ വൈറലായിക്കഴിഞ്ഞു. എന്തു പ്രശ്നമുണ്ടായാലും കെഎസ്ആർടിസിയുടെ മേൽ കയറുന്നവരോട് ഒരു വാക്ക് – “ഏതൊരു ദുർഘട അവസ്ഥയിലും ഓടിയെത്താൻ നമ്മുടെ ആന വണ്ടികൾ തന്നെ വേണം എന്നോർക്കണം.. എറിയുന്നവന്റെ കൂടി വിയർപ്പിന്റെ മണമുണ്ട് ഈ പ്രസ്ഥാനത്തിന്….. ഓർത്താൽ നന്ന്…..”

ചിത്രങ്ങൾ – കെഎസ്.ആർ.ടി.സി. ബ്ലോഗ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തവ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.