തമിഴ്‌നാട്‌ ഇന്ത്യയുടെ തെക്കേയറ്റത്തുള്ള സംസ്ഥാനമാണ്‌. പേരു സൂചിപ്പിക്കുന്നതുപോലെ തമിഴ്‌ മുഖ്യഭാഷയായി ഉപയോഗിക്കുന്നവരുടെ സംസ്ഥാനമാണിത്‌. കേരളം, കർണ്ണാടക, ആന്ധ്രാ പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയും തമിഴ്‌നാടിനോടു ചേർന്നു കിടക്കുന്നു. ശ്രീലങ്കയുമായി രാജ്യാന്തര അതിർത്തിയുമുണ്ട്‌. ചെന്നൈ ആണ്‌ തമിഴ്‌നാടിന്റെ തലസ്ഥാനം.

ചരിത്രം : പ്രാചീനകാലം മുതൽ ഇവിടെ ജനവാസമുണ്ടായിരുന്നതായി തിരുനെൽവേലിക്കടുത്തുള്ള ആദിച്ചനെല്ലൂർ എന്ന സ്ഥലത്തു നടത്തിയ ഉൽഖനനങ്ങൾ തെളിയിച്ചിട്ടുണ്ട്‌. ചേരർ, ചോളർ, പാണ്ഡ്യർ, പല്ലവർ എന്നീ രാജവംശങ്ങളാണു ഇവിടെ ഭരിച്ചിരുന്നത്‌. ചോളരാജാക്കൻമാരുടെ ആദ്യ ഭരണകാലം ഒന്നാം നൂറ്റാണ്ട്‌ മുതൽ നാലാം നൂറ്റാണ്ട്‌ വരെയായിരുന്നു . നാലാം നൂറ്റാണ്ട്‌ മുതൽ ഏഴാം നൂറ്റാണ്ട്‌ വരെയുള്ള കളഭ്രവംശജരുടെ ഭരണകാലം തമിഴ്‌ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായി കരുതപ്പെടുന്നു. ഇവരുടെ കാലശേഷം തെക്കു പാണ്ഡ്യരും വടക്ക്‌ പല്ലവരും ശക്തിപ്രാപിച്ചു.

ഒൻപതാം നൂറ്റാണ്ടിൽ വീണ്ടും ശക്തിപ്രാപിച്ച ചോളർ, രാജരാജചോളന്റെയും അദ്ദേഹത്തിന്റെ മകനായ രാജേന്ദ്രചോളന്റെയും ഭരണകാലത്ത്‌ ഏഷ്യയിലെതന്നെ പ്രധാനശക്തികളിലൊന്നായി. തെക്കേ ഇന്ത്യയും ശ്രീലങ്കയിലെ ചില പ്രദേശങ്ങളും ഭരിച്ചിരുന്ന രാജേന്ദ്രചോളന്റെ നാവികസേന മ്യാൻ‌മാർ, ആന്തമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്‌, സുമാത്ര, ജാവ, മലയ എന്നീ പ്രദേശങ്ങളും കീഴടക്കി. ബംഗാളിലെ മഹിപാല രാജാവിനെ തോൽപിച്ചശേഷം തന്റെ തലസ്ഥാനത്തിന്റെ പേരു ഗംഗൈകൊണ്ടചോളപുരം എന്നാക്കി. തഞ്ചാവൂരിലെ ബൃഹദ്ദേശ്വര ക്ഷേത്രം, ചിദംബരക്ഷേത്രം എന്നിവ ചോളരാജാക്കന്മാരുടെ ശിൽപചാതുര്യത്തിന്റെ മകുടോദാഹരണങ്ങളാണ്‌.

പതിമൂന്നാം നൂറ്റാണ്ടോടെ ചോളരുടെ ശക്തി ക്ഷയിച്ചപ്പോൾ പാണ്ഡ്യവംശജർ പ്രബലരായെങ്കിലും 1316ലെ കിൽജിവംശജരുടെ ആക്രമണത്തോടെ ഇവരുടെ ആധിപത്യം അവസാനിച്ചു. ഇതിനെത്തുടർന്ന്‌ വിജയനഗര സാമ്രാജ്യം ഡെക്കാനിൽ സ്ഥാപിക്കപ്പെടുകയും 1370ൽ അവർ തമിഴ്‌നാട്‌ മുഴുവൻ കീഴടക്കുകയും ചെയ്തു.1565-ൽ തെന്നിന്ത്യയിലെ മുസ്ലീം ഭരണാധികാരികൾ ഒന്നായിച്ചേർന്നു തളിക്കോട്ടയുദ്ധത്തിൽ വിജയനഗരത്തെ പരാജയപ്പെടുത്തി. പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ വിജയനഗരസാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചു.

തെന്നിന്ത്യയുടെ ബാക്കി ഭാഗങ്ങൾ മുഗളരുടെ കയ്യിലായിരുന്നു. ഔറംഗസീബ് ബീജാപ്പൂരിനേയും, ഗോൽക്കൊണ്ടയും കീഴടക്കി തെക്കോട്ടു ആധിപത്യം സ്ഥാപിച്ചു.17-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പല യൂറോപ്യൻ ശക്തികളും തമിഴ്നാട്ടിൽ അധികാരമുറപ്പിച്ചു. പോർച്ചുഗീസുകാരും, പിന്നീട് ഡച്ചുകാരും, കച്ചവടത്തിന്നായിട്ടാണു വന്നത്. 1639-ൽ മദ്രാസിലെ സെന്റ് ജോർജ്ജ് കോട്ട(Fort St. George)നിൽകുന്ന സ്ഥലം ചന്ദ്രഗിരി രാജാവിൽ നിന്നും ഈസ്റ്റ് ഇന്ത്യാ കമ്പനി വിലക്കു വാങ്ങി; കോട്ടയുണ്ടാക്കി. ഫ്രഞ്ചുകാർ1674-ൽ പുതുശ്ശേരി (പോണ്ടിച്ചേരി) അവരുടെ പ്രധാന താവളമാക്കി. 1757-ൽ യൂറോപ്പിൽ ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ യുദ്ധം ആരംഭിച്ചതോടെ തെക്കേ ഇന്ത്യയിലും ഇവർ തമ്മിൽ സംഘട്ടനങ്ങളുണ്ടായി. ആദ്യം ഫ്രഞ്ചുകാരാണു ജയിച്ചതെങ്കിലും അടുത്തവർഷം ബ്രിട്ടീഷുകാർ ജയം കണ്ടു.

അക്കാലത്ത് തെന്നിന്ത്യയിൽ മൂന്നു പ്രബല രാജശക്തികൾക്കാണു ആധിപത്യമുണ്ടായിരുന്നത്. ഒന്ന്: ഡക്കാണിലെ നൈസാം. രണ്ട്: കർണ്ണാട്ടിക് നവാബ്. മൂന്ന്: മൈസൂരിലെ ഹൈദരലി. 1792-ൽ നൈസാമിന്റേയും മഹാരാഷ്ട്രരുടേയും സഹായത്തോടെ ഹൈദരുടെ മകൻ ടിപ്പുവിനെ ഇംഗ്ലീഷുകാർ പരാജയപ്പെടുത്തി. 1799-ൽ തഞ്ചാവൂരിലെ മഹാരാഷ്ട്രരാജാവ്, കമ്പനി ചെയ്ത സഹായത്തിന്ന് പകരമായി സ്വന്തരാജ്യം ഒരു വാർഷിക സംഖ്യക്ക് കമ്പനിക്ക് നൽകി.

1800-ൽ മൈസൂരിൽ നിന്നു തനിക്ക് ലഭിച്ച സ്ഥലങ്ങൾ നൈസാമും കമ്പനിക്ക് നൽകി. അടുത്തവർഷം ഒരു വാഷികപെൻഷൻ സ്വീകരിച്ചുകൊണ്ട് ആർക്കാട്ട് നവാബും ബ്രിട്ടീഷുകാർക്ക് ഒഴിഞ്ഞുകൊടുത്തു. അങ്ങനെയാണു പഴയ മദിരാശി സംസ്ഥാനം ബ്രിട്ടീഷുകാരുടെ കയ്യിലെത്തിയത്. ഹൈദരബാദു നാട്ടുരാജ്യമൊഴികെയുള്ള ആന്ധ്രപ്രദേശം, തമിഴ്നാട്, മലബാർ, തെക്കൻ കർണ്ണാടകം, ഇവയുൾക്കൊള്ളുന്നതായിരുന്നു ബ്രിട്ടീഷ് ഭരണത്തിൻ കീഴിലെ മദിരാശി സംസ്ഥാനം.

സ്വാതന്ത്ര്യലബ്ധിക്കു ശേഷവും ഈ സംസ്ഥാനം അത്തരത്തിൽ നിലനിന്നെങ്കിലും, 1953-ഒക്ടോബറിൽ ആന്ധ്രപ്രദേശിലെ 12 ജില്ലകൾ മദിരാശി സംസ്ഥാനത്തിൽ നിന്നും വേർപെടുത്തി ആന്ധ്രപ്രവിശ്യ രൂപീകരിച്ചു. ബെല്ലാരിയുടെ ഒരു ഭാഗം മൈസൂറിലേക്കും(കർണാടക) ചേർന്നു. 1956-ലെ ഭാഷാ സംസ്ഥാന രൂപീകരണത്തോടെ മദിരാശിസംസ്ഥാനം രൂപീകരിക്കപ്പെട്ടു. അതുപോലെ മലബാറും തെക്കൻ കർണ്ണാടകത്തിലെ കാസർഗോഡും കേരളത്തിൽ ചേർന്നു. 1967-ലെ തെരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ രാഷ്ട്രീയ കക്ഷിയുടെ നിർദ്ദേശപ്രകാരം സംസ്ഥാനത്തിന്റെ ഔദ്യോഗീകനാമം തമിഴ്നാട് എന്നാക്കി മാറ്റി.

തമിഴ്‌നാടിന്റെ അതിർത്തികൾ പടിഞ്ഞാറ്‌ കേരളവും വടക്കുപടിഞ്ഞാറ്‌ കർണാടകയും വടക്കു ആന്ധ്ര പ്രദേശും കിഴക്ക്‌ ബംഗാൾ ഉൾക്കടലുമാണ്‌. തെക്കുപടിഞ്ഞാറ്‌ കന്യാകുമാരി ജില്ലയുടെ പടിഞ്ഞാറായി അറബിക്കടൽ സ്ഥിതിചെയ്യുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റമായ തമിഴ്‌നാടിലെ കന്യാകുമാരിയാണ്‌ അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും സംഗമസ്ഥാനം. 130058 ച. കി.മീ വിസ്താരമുള്ള ഈ സംസ്ഥാനം വലിപ്പത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ പതിനൊന്നാം സ്ഥാനത്താണ്‌. ഈ സംസ്ഥാനത്തിന്റെ പതിനേഴു ശതമാനത്തോളം വനങ്ങളാണ്‌.

തമിഴ്നാടിന്റെ പടിഞ്ഞാറ്, തെക്ക്, വടക്കു പടിഞ്ഞാറ് ഭാഗങ്ങൾ ധാരാളം മലനിരകളുള്ളതും വിവിധ തരം സസ്യജാലങ്ങളാൽ സമ്പുഷ്ടമായതുമാണ്. ഈ ഭാഗങ്ങളിലുള്ള പശ്ചിമഘട്ടവും പൂർവ്വഘട്ടവും നീലഗിരി കുന്നുകളിൽ വെച്ച് സന്ധിക്കുന്നു. കേരളവുമായുള്ള പടിഞ്ഞാറൻ അതിർത്തി ഏറെക്കുറെ കൈയ്യടക്കിയിരിക്കുന്ന പശ്ചിമഘട്ടം തെക്കു പടിഞ്ഞാറൻ മൺസൂൺ കാറ്റിനെ തടഞ്ഞ് നിർത്തുകയും തന്മൂലം മഴയുടെ ലഭ്യത കുറയുകയും ചെയ്യുന്നു. തമിഴ്നാടിന്റെ കിഴക്കൻ ഭാഗങ്ങൾ ഫലഭൂയിഷ്ടമായ സമതല തീരപ്രദേശങ്ങളും വടക്കൻ ഭാഗങ്ങൾ സമതലങ്ങളും മലനിരകളും ചേർന്ന പ്രദേശവുമാണ്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കുറച്ച് മഴ ലഭിക്കുന്ന മധ്യഭാഗങ്ങളും തെക്കൻ ഭാഗങ്ങളും വരണ്ട സമതലങ്ങളാണ്.

തമിഴ്നാട്ടിൽ മൊത്തം 32 ജില്ലകളുണ്ട്. അവ ഏതൊക്കെയെന്നു താഴെ കൊടുത്തിരിക്കുന്ന വിശദവിവരങ്ങളിൽ നിന്നും മനസ്സിലാക്കാം.

1. അരിയലുർ : അരിയലുർ നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം.1,949.31 ചതുരശ്ര കിലോമീറ്ററാണ് ജില്ലയുടെ വിസ്തീർണ്ണം. 2001 ജനുവരി ഒന്നാം തീയതി പേരാമ്പല്ലൂർ ജില്ല വിഭജിച്ചാണ് അരിയലുർ ജില്ല സ്ഥാപിതമായത്.

2. ചെന്നൈ : തമിഴ്നാട്ടിലെ ഏറ്റവും ചെറിയ ജില്ലയാണ് ചെന്നൈ ജില്ല. ചെന്നൈ നഗരത്തിൻറെ ഏറിയ പങ്കും ചെന്നൈ ജില്ലയിൽ ഉൾപെടുന്നു. ചെന്നൈ ജില്ലയെ 5 താലുക്കായി തരം തിരിച്ചിരിക്കുന്നു.ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ നഗരം കൂടിയാണ് ചെന്നൈ.

3. കോയമ്പത്തൂർ : തമിഴ്നാട്‌ സംസ്ഥാനത്തിൽ വ്യാവസായികമായും, സാമ്പത്തികമായും പുരോഗതി കൈവരിച്ച ഒരു ജില്ലയാണ് കോയമ്പത്തൂർ ജില്ല.തലസ്ഥാന നഗരമായ ചെന്നൈ കടത്തിവെട്ടി ജി.ഡി.പി. സുചികയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ഈ ജില്ലക്കാന്.തമിഴ്നാട്‌ സംസ്ഥാനത്തിലെ വലിയ രണ്ടാമത്തെ ജില്ലയായ കോയമ്പത്തൂർ നഗരമാണ് ജില്ല ആസ്ഥാനം.ചെന്നൈ നഗരത്തിൽ നിന്നും 497 കിലോമീറ്ററും ബെംഗളൂരുവിൽ നിന്നും 330 കിലോമീറ്ററും ദൂരെ ആണ് കോയമ്പത്തൂർ നഗരം. ചെന്നൈ ജില്ല കഴിഞ്ഞാൽ തമിഴ്നാട്‌ സംസ്ഥാനത്തിൽ ഏറ്റവും കൂടുതൽ റവന്യു ലഭിക്കുന്ന ജില്ലയാണ് കോയമ്പത്തൂർ.

4. കടലൂർ : കടലൂർ നഗരമാണ്‌ ജില്ലയുടെ ആസ്ഥാനം. ചിദംബരം നടരാജക്ഷേത്രം, നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷൻ, അണ്ണാമലൈ സർവകലാശാല എന്നിവ ഈ ജില്ലയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌.

5. ധർമ്മപുരി : തമിഴ്‌നാട്ടിലെ കൊങ്ങുനാടിൽ സ്ഥിതി ചെയ്യുന്ന ജില്ലയാണ് ധർമ്മപുരി ജില്ല. ഈ ജില്ലയുടെ ആസ്ഥാനം ധർമ്മപുരി ആണ്. ധർമ്മപുരി പട്ടണം തകടൂർ എന്നും അറിയപ്പെടുന്നു. തമിഴ്‌നാട്ടിലെ ഒരു പിന്നോക്ക ജില്ല ആണ് ധർമ്മപുരി.

6. ദിണ്ടുക്കൽ : തമിഴ് നാട് സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്തായീ സ്ഥിതി ചെയ്യുന്ന ജില്ലയാണ് ദിണ്ടിഗൽ. 1985-ൽ മധുര ജില്ല വിഭജിച്ചാണ് ദിണ്ടിഗൽ ജില്ല സ്ഥാപിതമായത്.പൂട്ടുകൾക്കും തുകൽ വ്യവസായത്തിനും ഈ ജില്ല പ്രശസ്തമാണ്. പ്രശസ്തമായ പഴനി മുരുകൻ ക്ഷേത്രം, കൊടൈക്കനാൽ തുടങ്ങിയ സ്ഥലങ്ങൾ ഈ ജില്ലയിലാണ്.

7. ഈറോഡ്‌ : തമിഴ്നാടിന്റെ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ജില്ലയാണ് ഈറോഡ്‌ ജില്ല. ഈറോഡ് പട്ടണമാണ് ഈ ജില്ലയുടെ ആസ്ഥാനം. 1996 വരെ ഈ ജില്ല പെരിയാർ ജില്ല എന്നാണ് അറിയപ്പെട്ടിരുന്നത്. 1979 സെപ്തംബർ പതിനേഴാം തീയ്യതി കോയമ്പത്തൂർ ജില്ല വിഭജിച്ചാണ് ഈറോഡ്‌ ജില്ല രൂപം കൊണ്ടത്. പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായ രാമാനുജനും പ്രശസ്ത സാമൂഹിക പ്രവർത്തകനായ പെരിയാറും ഈ ജില്ലക്കാരാണ്.

8. കാഞ്ചീപുരം : തമിഴ്നാട്ടിലെ 31 ജില്ലകളിൽ ഒന്നാണ്‌ കാഞ്ചീപുരം. ജില്ലാ ആസ്ഥാനം കാഞ്ചീപുരം തന്നെയാണ്‌. പട്ടുസാരികൾക്ക് ലോകപ്രസിദ്ധമണ്‌ കാഞ്ചീപുരം. ഒരു ക്ഷേത്ര നഗരമാണ് കാഞ്ചീപുരം. പുരാതനകാലത്ത് കാഞ്ചി എന്നും കാഞ്ചിയാമ്പതി എന്നും ഈ നഗരം അറിയപ്പെട്ടു.

9. കന്യാകുമാരി : മുമ്പ് കേരള സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരി പിന്നീട് തമിഴ്നാട്‌ സംസ്ഥാനത്തോട് ചേർക്കപ്പെട്ടതാണ്. തമിഴ്നാട്ടിലെ മുപ്പത്തിരണ്ട് ജില്ലകളിൽ ഏറ്റവും ചെറുതാണ് കന്യാകുമാരി ജില്ല. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരത്ത് ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാരത്തിനു പേരുകേട്ട കന്യാകുമാരി പട്ടണത്തിൽ നിന്നുമാണ് ജില്ലക്ക് കന്യാകുമാരി എന്ന പേര് വന്നത്. കന്യാകുമാരി പട്ടണത്തിൽ നിന്നും ഇരുപത് കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന നാഗർകോവിൽ പട്ടണമാണ് ജില്ലാ ആസ്ഥാനം. തമിഴ്നാട്ടിലെ ഏറ്റവും സാക്ഷരത കൂടിയ ജില്ലയായ കന്യാകുമാരിയെ സംസ്ഥാനത്തെ വിദ്യാഭ്യാസപരമായി മുന്നിട്ടു നിൽക്കുന്ന ജില്ലയായി മാനവ വിഭവ ശേഷി വകുപ്പ് വിലയിരുത്തുന്നു. സംസ്ഥാനത്ത് പുരോഗതി കൈവരിച്ചവയിൽ മൂന്നാമത്തെ ജില്ലയാണിത്. സംസ്ഥാനത്ത് പ്രവാസികൾ കൂടുതലുള്ള ഒരു ജില്ലയുമാണിത്.

10. കരൂർ : തമിഴ്നാട് സംസ്ഥാനത്തിലെ അമരാവതി നദിക്കും കാവേരി നദിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് കരൂർ ജില്ല. തമിഴ്നാടിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ ജില്ലയുടെ ആസ്ഥാനം കരൂർ പട്ടണമാണ്. കരൂർ ജില്ലയിൽ നാല് നിയമസഭ നിയോജകമണ്ഡലങ്ങളാണുള്ളത്. ഇതിൽ കൃഷ്ണരായപുരം സംവരണ മണ്ഡലമാണ്. കരൂർ ലോക്‌സഭ മണ്ഡലത്തിൽ ജില്ലയിലെ നാലും തിരുച്ചിറപ്പള്ളി ജില്ലയിലെ മരുങ്കപുരി, തൊട്ടിയം എന്നീ ആറു നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്. ജില്ലയിൽ 81.74%. സാക്ഷരരാണ്.

11. കൃഷ്ണഗിരി : ബെംഗളൂരുവിനോട് അടുത്തു കിടക്കുന്ന തമിഴ്‌നാട്ടിലെ ഒരു ജില്ലയാണ് കൃഷ്ണഗിരി. കൃഷ്ണഗിരി നഗരമാണ് ജില്ല ആസ്ഥാനം. ദേശീയ ഇ ഗോവെർണൻസ് പദ്ധതി തമിഴ് നാട്ടിൽ ആദ്ദ്യമായി നടപ്പിലാക്കിയത് ഈ ജില്ലയിലാണ്.റവന്യു സാമൂഹിക ക്ഷേമം വകുപ്പുകളിലാണ് ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയത്.

12. മധുര : തമിഴ്‌നാട് സംസ്ഥാനത്തിലെ 32 ജില്ലകളിൽ ഒന്നാണ് മധുര. ഈ ജില്ലയിലെ ഏറ്റവും വലിയ നഗരമായ മധുര നഗരം ആണ് ജില്ലാസ്ഥാനം. നൂറ്റാണ്ടുകളോളം പാണ്ഡ്യരാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു മധുര. 2001-ലെ കണക്കുകൾ പ്രകാരം മദുര ജില്ലയിലെ ജനസംഖ്യ 2,578,201 ആണ്, ഇതിൽ 56.01% ആളുകൾ നഗരങ്ങളിൽ വസിക്കുന്നു. ഇവിടത്തെ സാക്ഷരത 78.7%ആണ്. പ്രശസ്തമായ മധുര മീനാക്ഷി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഈ ജില്ലയിലാണ്.

13. നാഗപട്ടണം : തമിഴ്നാട്ടിലെ തീരദേശ ജില്ലയാണ് നാഗപട്ടണം ജില്ല. നാഗപട്ടണം നഗരമാണ് ജില്ലാ ആസ്ഥാനം. 2001 സെൻസസ് പ്രകാരം ജനസംഖ്യ 1,488,839 ആണ്, 22.18% ജനങ്ങൾ നഗരങ്ങളിൽ വസിക്കുന്നു.സാക്ഷരത 76.89%. പ്രശസ്ത തീർത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി ഈ ജില്ലയിലാണ്.

14. നാമക്കൽ : തമിഴ്നാട്ടിലെ ഒരു ജില്ലയാണ് നാമക്കൽ (തമിഴ്: நாமக்கல் மாவட்டம்). സേലം ജില്ലയിൽ നിന്ന് 25-07-1996-ന് വേർപെട്ട് 01-01-1997 മുതലാണ് ഒരു ജില്ലയായി നാമക്കൽ പ്രവർത്തനമാരംഭിച്ചത്. തിരുചെങ്കോട്, നമക്കൽ, രാസിപുരം,വേലൂർ എന്നീ നാല് താലൂക്കുകളും തിരുചെങ്കോട്, നാമക്കൽ എന്നീ റവന്യൂ ഡിവിഷനുകളുമാണ് നാമക്കൽ ജില്ലയിൽ ഉള്ളത്. ഇന്ത്യയിൽ മുട്ട ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന പ്രദേശമാണ് നാമക്കൽ.

15. നീലഗിരി : നീലഗിരി ജില്ല ഇന്ത്യയിലെ തമിഴ്നാട് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്. തമിഴ്‍നാട്ടിലും, കേരളത്തിലും, കർണാടകയിലും ആയി സ്ഥിതി ചെയ്യുന്ന പർവത നിരയുടെ പേരു കൂടി ആണ് നീലഗിരി. പശ്ചിമഘട്ടം മലനിരകളുടെ ഒരു ഭാഗമാണു നീലഗിരി മലകൾ. 2,637 മീറ്റർ പൊക്കമുള്ള ദൊഡ്ഡബെട്ട (Doddabetta) മലയാണ് നീലഗിരിയുടെ ഏറ്റവും ഉയരം കൂടിയ ഭാഗം. ഇവിടെ ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഊട്ടി, ഗൂഡല്ലൂർ, കൂനൂർ തുടങ്ങിയ സ്ഥലങ്ങൾ നീലഗിരി ജില്ലയിലാണ്.

16. പെരമ്പലൂർ : പേരാമ്പല്ലൂർ നഗരമാണ് ജില്ല ആസ്ഥാനം.1,752 ചതുരശ്ര കിലോ മീറ്റർ വിസ്തീർണം ഉള്ള ജില്ലയിൽ 2001 ലെ കാനേഷുമാരി പ്രകാരം ജനസംഖ്യ 4,93,646 ആണ്.ഇതിൽ 16.05% പേർ നഗരവാസികളാണ്. ജില്ലയിൽ മൂന്നു താലുക്കുകളാണുള്ളത്.പേരാമ്പല്ലൂർ,കുന്നം,വേപ്പിൻതട്ടൈ എന്നിവയാണ് ആ മൂന്നു താലൂക്കുകൾ.ഇത് കൂടാതെ ജില്ലയെ നാല് ബ്ലോക്കുകളായി തരം തിരിച്ചിരിക്കുന്നു.പേരാമ്പല്ലൂർ,വേപ്പിൻതട്ടൈ,ആലത്തൂർ,വെപ്പൂർ എന്നിവയാണവ.ജില്ലയിൽ 121 ഗ്രാമ പഞ്ചായത്തുകളും 4 ബ്ലോക്ക്‌ പഞ്ചായത്തുകളും ഒരു നഗരസഭയുമാണുള്ളത്.‌

17. പുതുക്കോട്ട : പുതുക്കോട്ട നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം.പുതുഗൈ എന്നും ഈ ജില്ല അറിയപ്പെടുന്നു.പുതുക്കോട്ടയുടെ കിഴക്കും വടക്ക് കിഴക്കായും തഞ്ചാവൂർ ജില്ലയും തെക്ക് പടിഞ്ഞാറായി രാമനാഥപുരം , ശിവഗംഗ ജില്ലകളും പടിഞ്ഞാറും വടക്ക് പടിഞ്ഞാറയും തിരുച്ചിറപ്പള്ളി ജില്ലയും സ്ഥിതി ചെയ്യുന്നു. ജില്ലാ വിസ്തീർണം :4663 ചതുരശ്ര കിലോമീറ്റർ.39 കിലോമീറ്റർ തീരാദേശമുള്ള ഒരു ജില്ലയാണ് പുതുക്കോട്ട. 2001 സെൻസസ് പ്രകാരം ജനസംഖ്യ 1,459,601 ആണ്.

18. രാമനാഥപുരം : രാമനാഥപുരം നഗരമാണ് ജില്ല ആസ്ഥാനം. 4123 ചതുരശ്ര കിലോ മീറ്റർ വിസ്തീർണമാനുള്ളത്. ഈ ജില്ലയുടെ വടക്ക് ഭാഗം ശിവഗംഗ ജില്ലയും തെക്ക് മാന്നാർ ഉൾക്കടലും വടക്ക് കിഴക്കായി പുതുക്കോട്ട ജില്ലയും കിഴക്കായി പാക്‌ കടലിടുക്കും പടിഞ്ഞരയീ തൂത്തോക്കുടി ജില്ലയും വടക്ക് പടിഞ്ഞാറായി വിരുദുനഗർ ജില്ലയും സ്ഥിത ചെയ്യുന്നു. ഈ ജില്ലയിലാണ് പ്രശസ്തമായ പാമ്പൻ പാലം സ്ഥിതി ചെയ്യുന്നത്. ഈ ജില്ലയുടെ തീരത്ത്‌ നിന്നും ശ്രീലങ്ക വരെ നീണ്ടു പോവുന്ന ചെറു ദ്വീപുകളുടെയും പവിഴ പുറ്റുകളുടെയും ഒരു ശൃംഖല തന്നെ ഉണ്ട്. രാമേശ്വരം, ധനുഷ്‌കോടി തുടങ്ങിയ സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.

19. സേലം : സേലം പട്ടണമാണ് ജില്ല ആസ്ഥാനം.മേട്ടൂർ,ഒമാലുർ,ആത്തൂർ സേലം ജില്ലയിലെ മറ്റു പ്രധാന പട്ടണങ്ങളാണ്.റെയിൽ റോഡ്‌ ഗതാഗതം ജില്ലയിൽ വളരെ അധികം ബന്ധിപ്പിച്ചിരിക്കുന്നു.സേലം മാങ്ങാ,ഉരുക്ക്,തമിൾ നാട്ടിലെ പ്രധാന ജലസേചന,കുടിവെള്ള പദ്ധതിയായ മേട്ടൂർ ഡാം തുടങ്ങിയവയാൽ സേലം ജില്ല വളരെ പ്രസിദ്ധമാണ്. 1965 ൽ സേലത്തെ പകുത്ത് സേലം, ധർമ്മപുരി എന്നീ ജില്ലകൾക്കു രൂപം നൽകി. ധർമ്മപുരിജില്ലയിൽ ഹോസുർ, കൃഷ്ണഗിരി, ഹരൂർ, ധർമ്മപുരി എന്നീ താലൂക്കുകളും പുതുതായി ചേർത്തു. 1997 ൽ സേലത്തെ വിഭജിച്ച് സേലം ജില്ലയിൽ നിന്നും നാമക്കൽ ജില്ലയ്ക്ക് രൂപം നൽകി. നാമക്കൽ ജില്ലയിൽ നാമക്കൽ, തിരുചെങ്കോട്‌, രാസിപുരം, പരമത്തിവേലൂർ എന്നീ നാലു താലൂക്കുകളും പുതുതായി വന്നു . ഈ രണ്ടു വിഭജനങ്ങൽക്കു മുൻപുവരെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ജില്ലയായിരുന്നു സേലം. 1998 ൽ വാളപ്പാടി എന്ന പുതിയ താലൂക്കും കൂടെ രൂപവത്കരിക്കപ്പെട്ടതോടെ സേലം ജില്ലയിൽ ഇപ്പൊൾ മൊത്തം സേലം, യേർക്കാട്‌, വാളപ്പാടി, ആത്തുർ, ഓമല്ലൂർ, മേട്ടൂർ, ശങ്കെരി, ഗംഗവല്ലി എന്നീ 9 താലൂക്കുകളാണു ഉള്ളത്‌.

20. ശിവഗംഗ : ശിവഗംഗ നഗരമാണ് ജില്ലയുടെ ആസ്ഥാനം. ജില്ലയുടെ വടക്ക് കിഴക്കായി പുതുക്കോട്ട ജില്ലയും വടക്ക് ഭാഗത്ത് തിരുച്ചിറപ്പള്ളി ജില്ലയും തെക്ക് കിഴക്കായി രാമനാഥപുരം ജില്ലയും തെക്ക് പടിഞ്ഞാറായി വിരുദനഗർ ജില്ലയും പടിഞ്ഞാറായി മധുര ജില്ലയും സ്ഥിതി ചെയ്യുന്നു. കാരക്കുടി, മനമധുരൈ, ശിവഗംഗ, ദേവക്കോട്ട, തിരുപ്പട്ടൂർ, കലയർ കോവിൽ എന്നിവയാണ് പ്രശസ്തമായ നഗരം.

21. തഞ്ചാവൂർ : തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ മുപ്പത്തിരണ്ട് ജില്ലകളിലൊന്നാണ് തഞ്ചാവൂർ ജില്ല. ബ്രിട്ടീഷുകാർ തഞ്ചോർ എന്നാണിതിനെ വിളിച്ചിരുന്നത്‌. ഇന്നത്തെ തഞ്ചാവൂർ ജില്ല “തമിഴ്‌നാടിന്റെ അന്നപാത്രം“ എന്നും അറിയപ്പെടുന്നു. ചെന്നൈയിൽ നിന്നു 200 കി‌.മി. തെക്കു ഭാഗത്തായാണ്‌ തഞ്ചാവൂർ സ്ഥിതി ചെയ്യുന്നത്. രാജരാജേശ്വരക്ഷേത്രം അഥവാ ബൃഹദീശ്വരക്ഷേത്രത്തെ ചുറ്റി വളർന്നു വന്ന ഒരു നഗരമാണ്‌ തഞ്ചാവൂർ. അതുകൊണ്ട് ക്ഷേത്രനഗരങ്ങൾക്ക് ഒരു ഉത്തമോദാഹരണമാണ്‌ തഞ്ചാവൂർ.

22. തേനി : തേനി നഗരമാണ് ജില്ലാ ആസ്ഥാനം.ജില്ലയെ പ്രകൃതിപരമായി രണ്ടു മേഖലകളായി തരാം തിരിച്ചിരിക്കുന്നു.പെരിയകുളം,ഉദമപാളയം,ആണ്ടി പെട്ടി തുടങ്ങിയ താലൂക്കുകൾ ഉൾപെടുന്ന മലമ്പ്രദേശം.ജൂലൈ 7 1996ൽ മധുരൈ ജില്ലയിൽ നിന്നും വേർതിരിച്ചാണ് തേനി ജില്ല നിർമ്മിച്ചത്. ഇതിന്റെ ഭാഗമായി ഉത്തമപാളയം ആസ്ഥാനമായി ഒരു പുതിയ റെവന്യൂ വിഭാഗവും തേനി, ബോഡിനായകന്നുർ എന്നീ പുതിയ താലൂക്കുകളും ജനുവരി 1, 1997 മുതൽ നിലവിൽ വന്നു. 1900 കൾക്ക് മുൻപ് തേനി പ്രദേശം ഏതാണ്ട് വിജനമായിരുന്നു. മുല്ലപെരിയാർ ടാം പ്രോജക്ട് വരുന്നതോടു കൂടിയാണ് ആളുകൾ കമ്പം താഴ്വരയിലേക്കും പരിസര പ്രദേശങ്ങളിലേക്കും ചേക്കേറാൻ തുടങ്ങിയത്. 1890 മുതൽ 1920 വരെ ഒട്ടനവധി ആളുകൾ തേനിയിലേക്കു ചേക്കേറി. ബോഡി, പെരിയാകുളം എന്നിവ ആരുന്നു അന്നത്തെ പ്രധാന നഗരങ്ങൾ. പിന്നീട് ഒരുപാട് വികസനങ്ങളിലൂടെ തേനി വളർന്നു.

23. തൂത്തുക്കുടി : തമിഴ്നാടിലെ ഒരു ജില്ലയാണ് തൂത്തുക്കുടി. തൂത്തുക്കുടി “Tuticorin” എന്ന പേരിലും അറിയപ്പെടുന്നു.തൂത്തുക്കുടിയുടെ കടലിൽ ധാരാളമായി മുത്തുകൾ കണ്ടുവരുന്നതിനാൽ മുത്ത് കൃഷിക്ക് പേരുകേട്ട സ്ഥലമാണ്‌. തമിഴ്നാട്ടിലെ ഒരു പ്രധാന തീരദേശ ഗതാഗത-വാണിജ്യ-മത്സ്യബന്ധന കേന്ദ്രം എന്ന നിലയിലും തൂത്തുക്കുടി ശ്രദ്ധേയമാണ്. ഏകദേശം 140 കി.മീ. ദൈർഘ്യമുള്ള തീരപ്രദേശം തൂത്തുക്കുടിയുടെ പ്രത്യേകതയാണ്. ചെമ്മീനാണ് മുഖ്യ കയറ്റുമതി ഉത്പന്നം. തമിഴ്നാട് സംസ്ഥാന മത്സ്യബന്ധന വകുപ്പിന്റെ ആസ്ഥാനവും ഇവിടെയാണ്.

24. തിരുവാരൂർ : തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ മുപ്പത്തിരണ്ട് ജില്ലകളിലൊന്നാണ് തിരുവരൂർ ജില്ല. 2161 ചതുരശ്ര കിലോമീറ്ററാണ് ജില്ലയുടെ വിസ്തീർണം. കിഴക്ക് നാഗപട്ടണം ജില്ല യുടെയും പടിഞ്ഞാറു തഞ്ചാവൂർ ജില്ലയുടെയും ഇടയിലായാണ്‌ തിരുവരൂർ ജില്ല സ്ഥിതി ചെയ്യുന്നത്. ഈ ജില്ലയുടെ തെക്ക് ഭാഗത്ത് പാക് കടലിടുക്ക് ആണ്. തിരുവരൂർ പട്ടണമാണ് ജില്ല ആസ്ഥാനം.

25. തിരുനെൽവേലി : തിരുനെൽവേലി നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം.തമിഴ് ഭൂമിശാസ്ത്ര പാരമ്പര്യത്തിന്റെ അഞ്ചു തലങ്ങളും ഉൾകൊള്ളുന്നു എന്ന പ്രത്യേകത കൂടി ഈ ജില്ലക്കുണ്ട്.കുറുഞ്ഞി (മലകൾ ) ‍,മുല്ലൈ (വനം) ,മരുധം(നെൽ പാടങ്ങൾ), നൈതൽ (തീരാ പ്രദേശം) പാലൈ(മരുഭൂമി) എന്നിവയാണ് തമിഴ് ഭൂമിശാസ്ത്ര പാരമ്പര്യത്തിന്റെ അഞ്ചു തലങ്ങൾ. ഈസ്റ്റ്‌ ഇന്ത്യ കമ്പനി 1790 സെപ്റ്റംബർ ഒന്നാം തീയ്യതിയാണ് ഈ ജില്ല രൂപികരിച്ചത്.”ടിന്നവല്ലി ഡിസ്ട്രിക്റ്റ് ” എന്നാണു ബ്രിട്ടീഷുകാർ നൽകിയ പേര്. ഈ ജില്ല തമിഴ്നാടിന്റെ തെക്ക് ഭാഗത്തായാണ്‌ സ്ഥിതി ചെയ്യുന്നത്.ജില്ലയുടെ വടക്ക് ഭാഗത്ത് വിരുദുനഗർ ജില്ലയും പൂര്വഘട്ടം പടിഞ്ഞാറും തീക് കന്യാകുമാരി ജില്ലയും കിഴക്ക് തൂത്തുകുടി ജില്ലയും സ്ഥിതി ചെയ്യുന്നു.6823 ചതുരശ്ര കിലോമീറ്ററാണ് ജില്ലയുടെ വിസ്തീർണ്ണം.

26. തിരുച്ചിറപ്പള്ളി : ട്രിച്ചി എന്നും അറിയപ്പെടുന്ന ഈ ജില്ല കാവേരി നദിയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. തിരുച്ചിരാപ്പള്ളി (ട്രിച്ചി) നഗരമാണ് ഈ ജില്ലയിലെ പ്രധാന നഗരം. ബ്രിട്ടീഷ്‌ ഭരണകാലത്ത് മദ്രാസ്‌ പ്രസിഡൻസിയിലെ ഒരു ജില്ലയായിരുന്നു തിരുച്ചിറപ്പള്ളി. അന്ന് തൃചിനോപോളി എന്നും ഇത് അറിയപ്പെട്ടിരുന്നു. 1947 ൽ സ്വതന്ത്ര്യാനന്തരം പേര് മാറ്റി തിരുച്ചിറപ്പള്ളി എന്നാക്കി.

27. തിരുവള്ളൂർ : തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു ജില്ലയാണ് തിരുവള്ളൂർ. തിരുവള്ളൂർ നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം. ഈ ജില്ലയുടെ വടക്ക് ആന്ധ്രപ്രദേശ്‌ സംസ്ഥാനവും കിഴക്ക് ബംഗാൾ ഉൾക്കടലും തെക്കുകിഴക്കായി ചെന്നൈ ജില്ലയും തെക്ക് കാഞ്ചിപുരം ജില്ലയും പടിഞ്ഞാറ് വെല്ലൂർ ജില്ലയും സ്ഥിതി ചെയ്യുന്നു. ഈ ജില്ലയുടെ വിസ്തീർണ്ണം 3424 ചതുരശ്ര കിലോമീറ്ററാണ് .2001 ലെ കാനേഷുമാരി പ്രകാരം 2,754,756 ആണ് ജനസംഖ്യ. ഇവരിൽ 54.45 ശതമാനം പേർ നഗര വാസികളാണ്. ജില്ലയിലെ സാക്ഷരത 76.90 ശതമാനമാണ്. ഇത് തമിഴ്‌നാട്ടിലെ സംസ്ഥാനശരാശരിയേക്കാൾ കൂടുതലാണ്.

28. തിരുപ്പൂർ : ഒക്ടോബർ 2008 നു രൂപീകൃതമായ തമിഴ്നാട്ടിലെ ഒരു ജില്ലയാണ് തിരുപ്പൂർ.കോയമ്പത്തൂർ ജില്ലയും ഈറോഡ്‌ ജില്ലയും വിഭജിച്ചാണ് തിരുപ്പൂർരൂപീകൃതമായത്. തിരുപ്പൂർ, ആവിനാശി, പല്ലടം, ധര്മപുരം, കണ്ഗെയ്യം, മടതുകുളം, ഉദുമൽപേട്ട തുടങ്ങിയ താലൂക്കുകളാണ്‌ ഈ ജില്ലയിലുള്ളത്‌. തമിഴ്നാട്ടിലെ വികസനം ഉള്ളതും നല്ല റവന്യു വരുമാനം ലഭിക്കുന ജില്ലകളിലോന്നാനിത്. ബനിയൻ വ്യവസായം, പരുത്തി വിപണി, വെണ്ണ തുടങ്ങിയവയ്ക്ക് പ്രശസ്തമാണീ ജില്ല. തിരുപ്പൂർ നഗരം ഈ ജില്ലയുടെ ആസ്ഥാനമാണ്‌.

29. തിരുവണ്ണാമലൈ : തിരുവണ്ണാമല പട്ടണമാണ് ഈ ജില്ലയുടെ ആസ്ഥാനം. ചെന്ഗം, തിരുവണ്ണാമല, പോലൂർ, തണ്ടാരംപട്ടു, ആരാണി, വന്ധവാസി, ചെയ്യാർ എന്നിങ്ങനെ ഏഴു താലൂക്കുകളായി തിരിച്ചിരിക്കുന്നു. ആരാണി സിൽക്ക് സാരികൾക്ക് ഏറെ പ്രസിദ്ധമാണ് ഇവിടം. തമിഴ്നാട്ടിലെ ഏറ്റവും ആദരിക്കപെടുന്ന പ്രദേശങ്ങളിലൊന്നാണിത്.”അപ്രാപ്യമായ മല” എന്നാണ് അണ്ണാമല എന്ന വാക്കിനർത്ഥം.ജനങ്ങൾ ആദരവോടെ തിരു എന്ന് കൂട്ടിച്ചേർത്തു തിരുവണ്ണാമല എന്ന് ഈ പ്രദേശം അറിയപെട്ടു.അമ്പലനഗരമായ തിരുവണ്ണാമല ഇന്ത്യയിലെ പുരാതനമായ പൈതൃക പ്രദേശങ്ങളിലൊന്നാണ്. ശൈവമതത്തിന്റെ കേന്ദ്രമാണിവിടം.നൂറ്റാണ്ടുകളായി അരുണാചല മലയും അതിന്റെ പരിസര പ്രദേശങ്ങളും തമിഴർ ‌വളെരെ ആദരവോടെയാണ് നോക്കിക്കാണാറുള്ളത്‌.

30. വെല്ലൂർ : തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ മുപ്പത്തിരണ്ട് ജില്ലകളിലൊരു ജില്ലയാണ് വെല്ലൂർ ജില്ല. വെല്ലൂർ നഗരമാണ് ജില്ല ആസ്ഥാനം. ഇവിടുത്തെ മുനിസിപ്പാലിറ്റി 142 വർഷം പഴക്കമുള്ളതാണ്. സ്ഥലവിസ്തീർണ്ണമനുസരിച്ച് തമിഴ് നാട്ടിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയാണ് ഇത്. ചെന്നൈക്കും ബാംഗളൂരിനും ഇടക്കാണ്‌ വെല്ലൂർ സ്ഥിതി ചെയ്യുന്നത്. വെല്ലൂർ സെൻ‌ട്രൽ ജയിൽ ഇവിടുത്തെ പ്രസിദ്ധമായ ഒന്നാണ്. ഇത് സ്ഥാപിക്കപ്പെട്ടത് 1830 ലാണ്. സ്വാതന്ത്ര്യ സമരകാലത്ത് പല പ്രമുഖ സമരനേതാക്കളും ഈ ജയിലിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.തമിഴ് നാട്ടീലെ പാളാർ നദിയുടെ തീരങ്ങളിൽ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ ഒരു പ്രധാന അകർഷണം വെല്ലൂർ കോട്ട ആണ്.

31. വിഴുപ്പുരം : തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു ജില്ലയാണ് വിഴുപ്പുരം ജില്ല. തമിഴ്നാട്ടിലെ ഏറ്റവും വലിയ ജില്ലയാണ് വിഴുപ്പുരം.വിഴുപ്പുരം പട്ടണമാണ് ജില്ല ആസ്ഥാനം.ദക്ഷിണ ആർക്കോടു വിഭജിച്ചാണ് 1993 സെപ്റ്റംബർ 30-ന് ഈ ജില്ല രൂപീകരിച്ചത്.

32. വിരുദുനഗർ : വിരുദുനഗർ നഗരമാണ് ജില്ലയുടെ ആസ്ഥാനം. തിരുനെൽവേലി,മധുരൈ ജില്ലകളിലുണ്ടായിരുന്ന ചില പ്രദേശങ്ങൾ സംയോജിപ്പിച്ചാണ് വിരുദുനഗർ ജില്ല രൂപികരിച്ചത്.കർമവീരെർ കാമരാജർ ജില്ല എന്നും ഈ ജില്ല അറിയപ്പെടുന്നു .ശ്രീവല്ലിപുത്തൂർ നിന്നും 8 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന വനമേഖല ട്രെക്കിങ്ങിനു വളരെ അനുയോജ്യമാണ്. ഇവിടേയ്ക്ക് ബസ്‌ സർവീസ് കാര്യമായിട്ടില്ല.

പൂർവഘട്ടത്തിന്റെ കിഴക്കൻ മലഞ്ചെരുവിലാണ് ഈ വനമേഖല.ഈ ജില്ലയുടെ 6 .3% മാത്രമാണ് വനമേഖല.ഈ വനമേഖല അനേകം വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ് .480 ചതുരശ്ര കിലോമീറ്ററിൽ സ്ഥിതി ചെയ്യുന്ന ഈ വന്യജീവി സങ്കേതം ശ്രീവല്ലിപുത്തൂർ താലൂക്കിലെ ശെബഗന്തോപ്പിൽ 1989 ലാണ് സ്ഥാപിതമായത്.ഈ വന്യജീവി സങ്കേതത്തിന്റെ തെക്ക്പടിഞ്ഞാറായി പെരിയാർ കടുവ സംരക്ഷിത പ്രദേശവും വടക്ക്പടിഞ്ഞാറായി മേഘമലൈ സംരക്ഷിത വനവും സ്ഥിതി ചെയ്യുന്നു.

കടപ്പാട് – വിക്കിപീഡിയ.

LEAVE A REPLY

Please enter your comment!
Please enter your name here