കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ വടക്കുംനാഥ ക്ഷേത്രം (ശിവക്ഷേത്രം) സ്ഥിതിചെയ്യുന്ന ചെറിയ കുന്നിനു ചുറ്റുമായി ഉള്ള വൃത്താകൃതിയിലുള്ള റോഡ് സ്വരാജ് റൗണ്ട് എന്ന് അറിയപ്പെടുന്നു. തൃശ്ശൂർ റൗണ്ട് എന്നും അറിയപ്പെടുന്നു. ഈ പ്രദേശത്തെ പ്രധാന ആകർഷണമാണ് വടക്കുംനാഥ ക്ഷേത്രം. തേക്കിൻ‌കാട് മൈതാനത്തിനു ചുറ്റുമാണ് സ്വരാജ് റൗണ്ട്.

ഇന്ത്യയിൽ തന്നെ ഒരു മൈതാനത്തിനു ചുറ്റുമുള്ള വഴികളിൽ നീളത്തിന്റെ കാര്യത്തിൽ രണ്ടാമതാണ് തൃശ്ശൂർ റൗണ്ട്. ഒന്നാം സ്ഥാനം ദില്ലിയിലെ കൊണാട്ട് പ്ലേസിനു ചുറ്റുമുള്ള റോഡിനാണ്.

സ്വരാജ് റൗണ്ടിൽ ഒൻപത് പ്രധാന വഴികളും പല ചെറിയ റോഡുകളും ഈ റൌണ്ടിൽ ചെന്നു ചേരുന്നു. ഈ റോഡുകൾ കവലകൾ തീർക്കുന്നു. തൃശ്ശൂർ നഗരം റൗണ്ടിനു ചുറ്റും വൃത്താകൃതിയിൽ പരന്നു കിടക്കുന്നു. ഒരു ദശാബ്ദം മുൻപു വരെ തൃശ്ശൂർ നഗരത്തിന്റെ വികസനം സ്വരാജ് റൗണ്ടിൽ ഒതുങ്ങി നിന്നു. ഇന്ന് നഗരം പ്രാന്തപ്രദേശങ്ങളിലേയ്ക്കും വികസിച്ചിരിക്കുന്നു.

തൃശ്ശൂർ നഗരം തേക്കിൻ‌കാട് മൈതാനത്തിനു ചുറ്റുമാണ് നിർമ്മിച്ചത്. തൃശ്ശൂർ പൂരം നടക്കുന്നത് തേക്കിൻ‌കാട് മൈതാനത്താണ്. തേക്കിൻ‌കാട് മൈതാനത്താണ് പ്രശസ്തമായ വടക്കുംനാഥ ക്ഷേത്രവും ജല അതോറിറ്റിയുടെ കാര്യാലയവും കുട്ടികളൂടെ നെഹ്രു പാർക്കും.

ശ്രീ വടക്കുനാഥൻ ക്ഷേത്രം പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സമുച്ചയമായതിനാൽ അതിന്റെ 200 മീറ്റർ ചുറ്റളവിൽ മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾക്കൊന്നും ഇവിടെ അനുവാദമില്ല. രാഷ്ട്രീയ സാമൂഹിക ആവശ്യങ്ങൾക്കായി താൽക്കാലിക നിർമ്മിതികൾ ഇവിടെ അനുവദിക്കാറുണ്ട്. ആവശ്യം കഴിഞ്ഞാൽ പൊളിച്ചു മാറ്റണം എന്ന വ്യവസ്ഥയിലാണ് ഈ താൽക്കാലിക നിർമ്മാണങ്ങൾക്ക് അനുവാദം നൽകുന്നത്.

ചരിത്രം : തേക്കിൻ‌കാട് മൈതാനം എന്ന പേരിന്റെ ഉത്ഭവത്തെ പറ്റി പല ഐതിഹ്യങ്ങളും ഉണ്ട്. പ്രാദേശികമായ ഐതിഹ്യങ്ങൾ പ്രകാരം വടക്കുംനാഥ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രദേശങ്ങൾ തേക്ക് വളർന്നുനിൽക്കുന്ന നിബിഡ വനങ്ങളായിരുന്നു. ഈ സ്ഥലം കള്ളന്മാരുടെയും കൊള്ളക്കാരുടെയും വിഹാരരംഗമായിരുന്നു. തസ്കരശല്യം ഒഴിവാക്കുവാനായി ശക്തൻ തമ്പുരാൻ തേക്കിൻ‌കാട് വനം നശിപ്പിക്കുവാൻ ഉത്തരവിട്ടു.

മൈതാനത്തിന്റെ തെക്കുകിഴക്കു ഭാഗത്ത് ഇപ്പോഴുള്ള തേക്കുമരങ്ങളും മറ്റു ഭാഗങ്ങളിലുള്ള വിവിധവൃക്ഷങ്ങളിൽ നല്ലൊരു പങ്കും 1980 കളിൽ വെച്ചുപിടിപ്പിച്ചവയാണു്. പ്രാദേശികമായി എല്ലാ സ്ഥലങ്ങളുടെയും ദൂരങ്ങൾ റൗണ്ടിൽ നിന്നാണ് കണക്കാക്കിയിരിക്കുന്നത്.

വടക്കുന്നാഥൻ ക്ഷേത്രത്തിന് മുൻപിലായി സ്വരാജ് റൗണ്ടിനോട് ചേർന്ന് മൂന്ന് ആൽമരങ്ങളുണ്ടു്. വടക്കുനാഥന്റെ പടിഞ്ഞാറേ നടയിൽ (ശ്രീമൂലസ്ഥാനം) മഹാത്മാ ഗാന്ധി റോഡിനെതിരെ ഗണപതിക്കോവിലിനു സമീപം നടുവിലാലും തെക്കുപടിഞ്ഞാറു ഭാഗത്തായി കുറുപ്പം റോഡിനു് അഭിമുഖമായി മണികണ്ഠനാലും വടക്കുപടിഞ്ഞാറു് ഷൊറണൂർ റോഡിനെതിരെ നായ്ക്കനാലും സ്ഥിതിചെയ്യുന്നു. ഇതു കൂടാതെ, വടക്കുന്നാഥന്റെ കിഴക്കേ ഗോപുരത്തിനു പുറത്ത് തെക്കുവശത്തായി മറ്റൊരു കൂറ്റൻ ആൽമരവുമുണ്ടു്. ഇവയ്ക്കു പുറമേയും വിവിധ ഭാഗങ്ങളിൽ ഏതാനും ആൽമരങ്ങൾ കാണാം.

നടുവിലാലിനു സമീപം സാമാന്യം വലിയ ഒരു ഗണപതിക്കോവിലുണ്ടു്. മണികണ്ഠനാൽത്തറയ്ക്കു സമീപം ഗണപതിയേയും സുബ്രഹ്മണ്യനേയും പ്രതിഷ്ഠിച്ചിരിക്കുന്നു. മുമ്പുണ്ടായിരുന്ന പേരാൽ ആകസ്മികമായി കട പുഴകി പോയതിന് ശേഷം 1994ൽ വച്ച് പിടിപ്പിച്ചതാണ് നിലവിൽ ഉള്ള മണികണ്ഠനാൽ.

വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.