ട്രെയിനിൽ ബൈക്ക് കയറ്റി കൊണ്ടു പോകുന്നതിനെപ്പറ്റി പല യാത്രികര്‍ക്കും സംശയങ്ങൾ ഉണ്ടാകാനിടയുണ്ട്. ജോലി സ്ഥലത്തേയ്ക്കോ നാട്ടിലേയ്ക്കോയൊക്കെ ബൈക്ക് ട്രെയിനില്‍ കൊണ്ടുവരേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോഴാണ് പലരും അതിന്റെ നടപടിക്രമങ്ങളെപ്പറ്റി ചിന്തിക്കുക. അതുപോലെ പല വടക്കേ ഇന്ത്യന്‍, നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലേക്കും, ലേ – ലഡാക്ക് തുടങ്ങിയ ഇടങ്ങളിലേക്കും നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുമൊക്കെ ബൈക്ക് ട്രിപ്പിന് പോകുന്ന സ‌ഞ്ചാരികള്‍ക്കും ഇതിനെപ്പറ്റിയുള്ള അറിവുകള്‍ ഉപകാരപ്രദമാകും. ആ നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ട്രെയിനിൽ രണ്ട് രീതിയിൽ ബൈക്ക് കൊണ്ടു പോകാം. 1) ലഗേജ് ആയി, 2) പാർസൽ ആയി.

ലഗേജ് ആയി കൊണ്ടുപോകണമെങ്കിൽ അതേ വണ്ടിയിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റ് വേണം. എന്നാല്‍ പാർസൽ ആയിട്ടാണെങ്കിൽ അതേ വണ്ടിയിൽ തന്നെ യാത്ര ചെയ്യണം എന്നില്ല. ചില സ്റ്റേഷനുകളിൽ വാഹന ഉടമസ്ഥന്‍റെ പേരിലാണ് from and to address എങ്കിൽ മാത്രമേ കൊണ്ട് പോകാൻ സമ്മതിക്കൂ. എന്നാല്‍ ചില സ്റ്റേഷനുകളിൽ ഉടമസ്ഥന്‍ നേരിട്ട് പോകണം. അതു പോലെ അയക്കുന്ന സ്ഥലത്തു നിന്നും എത്തേണ്ട സ്ഥലത്തേക്ക് നേരിട്ട് ട്രെയിന്‍ സര്‍വ്വീസും ഉണ്ടായിരിക്കണം.

ആവശ്യമായ രേഖകള്‍ : 1. ആര്‍സി ബുക്ക്‌ (ഒറിജിനൽ & കോപ്പി), 2. ഐഡന്റിറ്റി പ്രൂഫ് ( പാസ്പോര്‍ട്ട്‌, അധാര്‍ , ഡ്രൈവിങ് ലൈസന്‍സ് മുതലായവ ), 3. ഇൻഷുറൻസ് കോപ്പി.

ചെയ്യേണ്ട കാര്യങ്ങള്‍ : 1. ലഗേജ് ആണെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യാം. പാർസൽ ആണെങ്കിൽ യാത്രാ ദിവസം പോയാലും മതി. 2. വണ്ടി പുറപ്പെടുന്നതിന് 2-3 മണിക്കൂർ മുമ്പേ എത്തിയാൽ എല്ലാ ഫോർമാലിറ്റിയും സമാധാനത്തിൽ ചെയ്ത് തീർക്കാം.

3. അയക്കേണ്ട ബൈക്കിന്‍റെ ഇന്ധന ടാങ്കില്‍ നിന്നും മുഴുവന്‍ പെട്രോളും നീക്കം ചെയ്യണം. സ്റ്റാര്‍ട്ട്‌ ചെയ്യാനാവരുത്. 4 വണ്ടിയുടെ ഫൈബർ/മെറ്റൽ/പൊട്ടാൻ ഇടയുള്ള സാധനങ്ങൾ (റിയര്‍വ്യൂ മിററുകള്‍, ഇന്‍ഡിക്കേറ്ററുകള്‍ തുടങ്ങിയവ) എന്നിവ തെർമോക്കോൾ, ചാക്ക്, ചണം എന്നിവ കൊണ്ട് നന്നായി പൊതിയുക. സ്വന്തമായി പാക്ക് ചെയ്യാം. അല്ലെങ്കില്‍ പോർട്ടർമാർ ഇത് ചെയ്ത് തരും.

5. പാര്‍സല്‍ ഓഫീസില്‍ നിന്നും വാങ്ങിയ പാര്‍സല്‍/ ലഗേജ് ഫോറം പൂരിപ്പിച്ച് മേല്‍പ്പറഞ്ഞ രേഖകള്‍ ചേർത്ത് കൊടുക്കുക. 6. എവിടേക്കാണ് അയ്ക്കുന്നത്, അയയ്ക്കുന്ന ആളുടെ വിലാസം‌, സ്വീകരിക്കുന്ന ആളുടെ വിലാസം‌, വണ്ടി നമ്പര്‍ , ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ പൂരിപ്പിച്ചു നല്‍കുക.

7. വണ്ടി സ്വന്തം പേരില്‍ അല്ലെങ്കില്‍ ആര്‍സി ബുക്കിലെ ഉടമ നല്‍കിയ സമ്മതപത്രവും സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും നല്‍കണം. 8. സ്വീകരിക്കുന്ന ആളായി നമ്മുടെ തന്നെ പേരും വിലാസവും വയ്ക്കാം.

9. ആവശ്യമായ ഫീസ് അടച്ച് വണ്ടി പാര്‍സല്‍ ഓഫീസില്‍ ഏൽപ്പിക്കുക. 10 അവിടെ നിന്നും തരുന്ന ബുക്കിംഗ് നമ്പറും പുറപ്പെടുന്ന സ്റ്റേഷനും എത്തേണ്ട സ്റ്റേഷനും കോട്ട് ചെയ്ത ചാക്കിന്റെ മുകളിൽ പെർമനന്റ് മാർക്കർ വെച്ച് എഴുതുക. 11 നേരത്തെ വാങ്ങി കയ്യിൽ വച്ചിരിക്കുന്ന സ്ലേറ്റിൽ മായാത്ത ചോക്ക് കൊണ്ട് ഫ്രം, റ്റു അഡ്രസ്സും ബുക്കിംഗ് നമ്പറും എഴുതി വണ്ടിയുടെ മുന്നിൽ തുന്നി ചേർക്കുക.

12 ലഗേജ് ആണെങ്കിൽ അതേ വണ്ടിയിൽ തന്നെ അവർ കയറ്റി വിടും. പാർസൽ ആണെങ്കിൽ ആ ദിശയിൽ പോകുന്ന ഏതെങ്കിലും വണ്ടിയിൽ കയറ്റി വിടും. (ഒരു ഉറപ്പിന് വണ്ടി കയറ്റുന്നത് വരെ പോർട്ടറുടെ കൂടെ നില്‍ക്കാം. വേണമെങ്കിൽ ഒരു നൂറു രൂപ നല്‍കാം)

13. എത്തേണ്ട സ്റ്റേഷനില്‍ വാഹനം എത്തിയാല്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറിലേക്ക് വിളി വരും. ബൈക്ക് ആരുടെ പേരിലാണോ അയച്ചിരിക്കുന്നത്, ആ വ്യക്തി തിരിച്ചറിയല്‍ രേഖയുമായി നേരിട്ട് ഹാജരായി ബൈക്ക് സ്വീകരിക്കാം.

14. ആദ്യത്തെ ആറ് മണിക്കൂര്‍ വരെ ബൈക്ക് സ്റ്റേഷനില്‍ സൗജന്യമായി സൂക്ഷിക്കും.‍ പിന്നീടുള്ള ഓരോ മണിക്കൂറിനും 10 രൂപ വച്ച് നല്‍കേണ്ടി വരും.

NB: ബൈക്ക് ട്രെയിനില്‍ കയറ്റാന്‍ കൂടുതല്‍ സമയം വേമെന്നതിനാല്‍ കഴിവതും പ്രധാന സ്റ്റേഷനുകളില്‍ നിന്നു മാത്രം ബൈക്കുകള്‍ കയറ്റി അയയ്ക്കുക. അതുപോലെ കാശ്മീർ യാത്രക്കാരുടെ പതിവ് ഡെസ്റ്റിനേഷൻ (ട്രെയിൻ സവാരിയിൽ നിന്ന് ബൈക്ക് സവാരിയിലേക്ക് മാറുന്ന സ്ഥലം) ഡൽഹി/ ചണ്ഡീഗഡും നോർത്തീസ്റ്റ് യാത്രക്കാരുടെ ഡെസ്റ്റിനേഷൻ കൊൽക്കത്ത / ഗുവാഹട്ടിയുമാണ്. നേപ്പാൾ യാത്രക്കാർ ഗൊരഖ്പൂരിലും ഭൂട്ടാൻ യാത്രികർ സിലിഗുരിയിലും നിന്ന് യാത്ര തുടങ്ങുന്നു.

കടപ്പാട് – Roads, Voyages and Tales of adventure ഫേസ് ബുക്ക് പേജിന് വേണ്ടി ഷിംനിത്ത് മനോഹരൻ എഴുതിയ ലേഖനം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.