ഹാരിസ് ഇക്കയും ഫാമിലിയുമൊത്തുള്ള ഹൗസ് ബോട്ട് യാത്രയ്ക്ക് ശേഷം ഞാനും ശ്വേതയും കൂടി എറണാകുളത്തേക്ക് ഞങ്ങളുടെ കാറിൽ യാത്രയായി. ഏതോ ഒരു രാഷ്ട്രീയ പാർട്ടിയുടെ ജാഥ കാരണം ഞങ്ങൾക്ക് അത്യാവശ്യം നല്ലൊരു ബ്ലോക്ക് കിട്ടി. ആലപ്പുഴയിൽ നിന്നും എറണാകുളത്ത് എത്തുവാൻ ആകെ ഒന്നര മണിക്കൂർ സമയമെടുക്കുകയുണ്ടായി. എറണാകുളം ചേരാനെല്ലൂരിൽ കണ്ടെയ്‌നർ റോഡിനു സമീപമുള്ള കൈരളി ഫോർഡിൻ്റെ സർവ്വീസ് സെന്ററിലേക്ക് ആയിരുന്നു പോയത്. ഞങ്ങളുടെ ഇക്കോസ്പോർട്ട് വണ്ടിയുടെ സർവ്വീസ് ആയിരുന്നു. ഇനി സർവ്വീസ് ചെയ്യാതെ എങ്ങും പോകുവാൻ പറ്റാത്ത അവസ്ഥയായിരുന്നു.

ഞങ്ങൾ സർവ്വീസ് സെന്ററിൽ എത്തിയപ്പോൾ ഉച്ചയ്ക്ക് 12 മണിയായിരുന്നു. ഇനി വൈകീട്ട് അഞ്ചു മണിയോടെ മാത്രമേ കാർ സർവ്വീസ് കഴിഞ്ഞു തിരികെ ലഭിക്കുകയുള്ളൂ. അത്രയും സമയം എറണാകുളത്തും പരിസരപ്രദേശങ്ങളിലും ഒന്നു കറങ്ങാമെന്നു ഞങ്ങൾ തീരുമാനിച്ചു. ആലപ്പുഴയിൽ നിന്നും ഹാരിസ് ഇക്കയും ടീമും ഞങ്ങളുടെ പിന്നാലെ എറണാകുളത്ത് എത്തിച്ചേരും എന്നാണു പറഞ്ഞിരുന്നത്. അതിനിടയിൽ എൻ്റെ ഒരു ഫോളോവർ ആയ എമിലും ഭാര്യ അഞ്ജുവും ഞങ്ങളെ കാണുവാൻ കാറുമായി എത്തിച്ചേർന്നു. ഹാരിസ് ഇക്കയും ടീമും കുണ്ടന്നൂരിൽ ബ്ലോക്കിൽ കിടക്കുകയാണെന്ന് ഞങ്ങളെ വിളിച്ചു പറഞ്ഞു.

അങ്ങനെ ഞങ്ങൾ എമിലിന്റെയും ഭാര്യയുടെയും കൂടെ കാറിൽ എറണാകുളത്തിന്റെ കുട്ടനാട് എന്നറിയപ്പെടുന്ന കുട്ടനാട്ടിൽ എത്തിച്ചേർന്നു. കള്ള്, മീൻ, ഞണ്ട് തുടങ്ങിയവയ്ക്ക് പ്രസിദ്ധമാണ് കടമക്കുടി. കടമക്കുടിയുടെ സൗന്ദര്യം ശരിക്കു കാണണമെങ്കിൽ രാവിലെയോ വൈകീട്ടോ പോകണം. എന്നാൽ ഞങ്ങൾ പോയത് നട്ടുച്ചയ്ക്കും. ഈ സമയത്ത് കടമക്കുടി കാണുവാൻ വന്ന ആദ്യത്തെ സഞ്ചാരികൾ മിക്കവാറും ഞങ്ങൾ ആയിരിക്കും. എന്തായാലും കടമക്കുടി ഒരു കൊച്ചു സുന്ദരിതന്നെ. ഞങ്ങൾ കുറച്ചു സമയം അവിടെ ചെലവഴിച്ചു.

കടമക്കുടിയിലെ കാഴ്ചകൾ കണ്ടതിനു ശേഷം ഞങ്ങൾ തിരികെ വരാപ്പുഴ ഭാഗത്തേക്ക് യാത്രയായി. വരാപ്പുഴ പാലത്തിനു സമീപത്തുള്ള പെരിയാർ റെസ്റ്റോറന്റിലേക്ക് ആയിരുന്നു ഞങ്ങൾ പോയത്. പുഴയരികിലുള്ള മനോഹരമായ ഒരു റെസ്റ്റോറന്റ് ആയിരുന്നു അത്. ഹാരിസ് ഇക്കയും ഫാമിലിയും അവിടെയെത്തി ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. മീൻ വിഭവങ്ങൾക്ക് പേരുകേട്ടതാണ് പെരിയാർ റെസ്റ്റോറന്റ്. ഉച്ച സമയങ്ങളിൽ ഇവിടെ നല്ല തിരക്ക് ആയിരിക്കും എപ്പോഴും. അങ്ങനെ ഞങ്ങളെല്ലാം ഊണ് കഴിക്കുവാനായി ടേബിളിൽ ഒത്തുകൂടി. ചോറും മീൻ കറിയും മീൻ വറുത്തതും താറാവ് കറിയും കക്കയും ഒക്കെ ഞങ്ങൾ ഓർഡർ ചെയ്തു. ഇതിനിടെ ഹാരിസ് ഇക്ക ശ്വേതയെ മീൻ കഴിപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. സത്യം പറയാമല്ലോ നല്ല അടിപൊളി ഫുഡ് ആയിരുന്നു. വെറുതെയല്ല ഇവിടെ ഇത്രയും തിരക്ക് എന്ന് ഞങ്ങൾ മനസ്സിലോർത്തു.

പിന്നീട് ഞങ്ങൾ കണ്ടെയ്‌നർ റോഡിലൂടെ എറണാകുളത്തേക്ക് യാത്രയായി. ഞാനും ശ്വേതയും എമിലും അഞ്ജുവും അവരുടെ കാറിലും ഹാരിസ് ഇക്കയും കുടുംബവും വേറെ കാറിലുമാണ് യാത്ര തിരിച്ചത്. റോഡ് നല്ല കിടിലൻ ആയിരുന്നതിനാൽ എമിൽ നല്ല വേഗത്തിലായിരുന്നു കാർ ഓടിച്ചിരുന്നത്. നിർഭാഗ്യവശാൽ മുളവുകാട് ഭാഗത്തു വെച്ച് പോലീസ് പൊക്കി. ഓവർസ്പീഡിന് ചമ്മിയ മുഖവുമായി ചിരിച്ചുകൊണ്ട് എമിൽ ഫൈൻ അടച്ചിട്ടു തിരികെ വന്നു. പിന്നീട് കണ്ടെയ്‌നർ റോഡിനു വശങ്ങളിലായി കിടന്നിരുന്ന ഐസ്ക്രീം വണ്ടിയ്ക്കരികിൽ ഞങ്ങളുടെ രണ്ടു കാറുകളും നിർത്തി. അവിടെ നിന്നും ഓരോരുത്തരും അവർക്കിഷ്ടപ്പെട്ട ഫ്ലേവർ ഐസ്ക്രീം വാങ്ങി രുചിയോടെ തിന്നു.

കുറച്ചുസമയം കണ്ടെയ്‌നർ റോഡിലെ കാഴ്ച്ചകൾ കണ്ടതിനു ശേഷം ഹാരിസ് ഇക്കയും ടീമും ഞങ്ങളോട് യാത്ര പറഞ്ഞു. പിന്നെ ഞങ്ങൾ എമിലിനൊപ്പം തിരികെ സർവ്വീസ് സെന്ററിൽ എത്തി ഞങ്ങളുടെ കാർ സർവ്വീസ് കഴിഞ്ഞു തിരികെ വാങ്ങി. 7300 രൂപയോളം ഞങ്ങൾക്ക് സർവ്വീസ് ചെലവായി. കാർ കിട്ടിയതോടെ എമിലും അഞ്ജുവും ഞങ്ങളോട് യാത്ര പറഞ്ഞുകൊണ്ട് പോയി. സത്യം പറയാമല്ലോ നല്ല കമ്പനിയായിരുന്നു രണ്ടുപേരും. ഒന്നിച്ച് ഒരു ട്രിപ്പ് ഒക്കെ പോകണം എന്ന് ഉറപ്പു പറഞ്ഞായിരുന്നു ഞങ്ങൾ പിരിഞ്ഞത്.

കാർ കിട്ടിയശേഷം ഞങ്ങൾ ക്യാമറയ്ക്ക് ഒരു മൈക്ക് വാങ്ങുവാനായി എംജി റോഡിനു സമീപത്തുള്ള വി ട്രേഡേഴ്‌സിലേക്ക് പോയി. നാളെ അതിരാവിലെ ഞങ്ങൾക്ക് ആനക്കട്ടിയിലുള്ള SR ജംഗിൾ റിസോർട്ടിലേക്ക് പോകേണ്ടതായിരുന്നു. ഇനി ഇവിടെ നിന്നും തുറവൂരിലുള്ള ശ്വേതയുടെ വീട്ടിലേക്ക് പോയാൽ നേരം വൈകും. അങ്ങനെ ഞങ്ങൾ എറണാകുളത്ത് താങ്ങുവാനായി തീരുമാനിച്ചു. ഇടപ്പള്ളിയ്ക്കും പലരിവെട്ടത്തിനും ഇടയിലുള്ള മാമംഗലം എന്ന സ്ഥലത്തെ Casa Alley എന്ന ഹോം സ്റ്റേയായിരുന്നു ഞങ്ങൾ അന്ന് താമസിക്കുവാനായി തിരഞ്ഞെടുത്തത്. മൈക്ക് വാങ്ങിയതിനു ശേഷം ഞങ്ങൾ അവിടേക്ക് യാത്രയായി.

അധികം വൈകാതെ ഞങ്ങൾ ഹോം സ്റ്റെയിൽ എത്തിച്ചേർന്നു. ഒരു കിടിലൻ പ്രീമിയം സർവ്വീസ് അപ്പാർട്ട്മെന്റ് ആയിരുന്നു അത്. ടിവി, ഫ്രിഡ്ജ്, കിച്ചൻ സാമഗ്രികൾ തുടങ്ങി ഒരു വീട്ടിലുള്ള എല്ലാ സാധനങ്ങളും അവിടെയുണ്ടായിരുന്നു. എന്തായാലും നല്ലൊരു സെലക്ഷൻ തന്നെയായിരുന്നു ഞങ്ങളുടേത്. ഇന്നത്തെ ദിവസം അത്യാവശ്യം നല്ലരീതിയിൽ അലയേണ്ടി വന്നതിനാൽ ഞങ്ങൾക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു. അതുകൊണ്ട് അധികം വൈകാതെ ഞങ്ങൾ കിടന്നു. ഇനി നാളെ വെളുപ്പിന് നാലു മണിക്ക് ആനക്കട്ടിയിലേക്കുള്ള യാത്ര ആരംഭിക്കണം. ആ വിശേഷങ്ങൾ പിന്നെ പറയാം. ഇപ്പോൾ ഞങ്ങൾ ഒന്നുറങ്ങട്ടെ. ഗുഡ് നൈറ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here