രാജ്യത്തെ മൊത്തം ഞെട്ടിക്കുകയും കണ്ണീരിലാഴ്ത്തുകയും ചെയ്ത പുൽവാമ ആക്രമണത്തിന് പാകിസ്ഥാന് കനത്ത തിരിച്ചടി നൽകി ഇന്ത്യ. പാകിസ്ഥാനിലേക്ക് കടന്ന് കയറി ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഭീകര ക്യാമ്പുകൾ തകര്‍ന്നു. പാകിസ്ഥാനിലെ ജയ്ഷെ മുഹമ്മദ് കേന്ദ്രങ്ങളിൽ  ഇന്ന് പുലർച്ചെയാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. മൂന്ന് കേന്ദ്രങ്ങളിലായി നടത്തിയ ആക്രമണത്തിൽ 300 ഓളം ഭീകരർ കൊല്ലപ്പെട്ടതായാണ് സൂചന. എന്നാൽ സാധാരണക്കാരായ പൗരന്മാർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കിയിട്ടില്ലെന്നു അധികൃതർ അറിയിച്ചു. ‘സർജിക്കൽ സ്ട്രൈക്ക് 2.0’ എന്നാണു മാധ്യമങ്ങൾ ഈ ആക്രമണത്തിനു നൽകിയിരിക്കുന്ന പേര്.

ഹരിയാനയിലെ അംബാലയിലെ എയര്‍ബേസിൽ നിന്നാണ് 12 മിറാഷ് 2000 വിമാനങ്ങളോടെ വ്യോമസേന സംഘം പുറപ്പെട്ടത്. ജയ്ഷെ മുഹമ്മദിന്‍റെ ക്യാംമ്പുകള്‍ക്ക് നേരായാണ് ആക്രമണം ഉണ്ടായത്. ബാലകോട്ട്, ചകോട്ടി, മുസാഫര്‍ബാദ് എന്നിവിടങ്ങളിലെ ഭീകരതാവളങ്ങളാണ് ബോംബുകള്‍ വര്‍ഷിച്ച് ഇന്ത്യ തകര്‍ത്ത് തരിപ്പണമാക്കിയത്. പലര്‍ച്ചെ മൂന്നരയോടെ നടന്ന ആക്രണത്തില്‍ 1000 കിലോയിലേറെ ബോംബുകള്‍ വര്‍ഷിച്ചതായാണ് സൂചന. ലേസര്‍ ഗെെഡഡ് ബോംബുകള്‍ ഉപയോഗിച്ചുള്ള പ്രത്യാക്രമണമാണ് ഇന്ത്യ നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 21 മിനിറ്റ് നീണ്ട ഓപ്പറേഷന്‍ ആണ് പാക് മണ്ണിൽ വ്യോമസേന നടത്തിയത്. ഇന്ത്യൻ സൈന്യം നടക്കിയ വ്യോമാക്രമണത്തിന്‍റെ ചിത്രങ്ങൾ പാകിസ്ഥാൻ പുറത്ത് വിട്ടിട്ടുണ്ട്. പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങൾ മിറാഷിനെ പിന്തുടർന്നെങ്കിലും,ഇന്ത്യൻ യുദ്ധവിമാനങ്ങൾക്ക് മുന്നിൽ ഒന്നും ചെയ്യാനാകാത്ത വിധത്തിൽ പിൻവാങ്ങുകയായിരുന്നു.

പാർലമെന്റ് ഭീകരാക്രമണം മുതൽ ഇന്ത്യ ഭീകരരെ കുറിച്ചുള്ള മുന്നറിയിപ്പ് പാകിസ്ഥാന് നൽകുന്നുണ്ട്.എന്നാൽ നടപടിയെടുക്കുന്നതിനു പകരം അവരെ കൂടുതൽ സംരക്ഷിക്കുകയാണ് പാകിസ്ഥാൻ ചെയ്തത്. 2016ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഇന്ത്യ ഉപയോഗിച്ച ആയുധങ്ങളെക്കാൾ പലമടങ്ങ് കരുത്തുള്ളതാണ് ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക് 2.0’ന് ഇക്കുറി ഇന്ത്യ തിരഞ്ഞെടുത്തത്. ആക്രമണം നടന്നതിന്റെ തലേ ദിവസം രാത്രി “സുഖമായി ഉറങ്ങിക്കോളൂ പാകിസ്ഥാൻ വ്യോമസേന ഉണർന്നിരിക്കുന്നുണ്ട്” എന്ന ട്വീറ്റ് ചെയ്തിരുന്നു പാകിസ്ഥാൻ. എന്നാൽ വെളുപ്പിന് 3:30 ന് ഇന്ത്യൻ വ്യോമസേനയുടെ ആക്രമണം പ്രതിരോധിക്കാൻ അവർക്ക് കഴിഞ്ഞില്ല. 

2016 ൽ ഉറിക്കു മറുപടിയായി സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഉണ്ടായതുപോലെ ഏതു നിമിഷവും ഇന്ത്യയുടെ മറുപടി ഉണ്ടാകുമെന്ന് പാക്കിസ്ഥാന് അറിയാമായിരുന്നു. അതുകൊണ്ട് അവർ സുരക്ഷാകവചം നന്നായി ഒരുക്കിയിരുന്നു. പാക്കിസ്ഥാൻ സേന ഇത്രയും സുരക്ഷയൊരുക്കിയിട്ടും അവയെല്ലാം മറികടന്നുകൊണ്ട് ഇന്ത്യൻ എയർഫോഴ്സ് പാകിസ്ഥാനിൽ കടന്നു ‘പണി നടത്തി’ വിജയകരമായി തിരിച്ചെത്തിയ ഇന്ത്യയുടെ മിടുക്കു കണ്ട് ലോകം കോരിത്തരിച്ചിരിക്കുകയാണ്.

പുൽവാമ ആക്രമണത്തിനു പകരമായി ഇന്ത്യ തിരിച്ചടിച്ചാൽ പാക്കിസ്ഥാൻ വെറുതെയിരിക്കില്ലെന്നു പാക്ക് പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻഖാൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. ഇതേത്തുടർന്നു ഇമ്രാൻ ഖാന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ ഇന്ത്യക്കാരുടെ സൈബർ ആക്രമണമാണ് ഇപ്പോൾ നടക്കുന്നത്. പൊങ്കാലയിടാൻ എക്കാലവും മിടുക്ക് തെളിയിച്ച മലയാളികൾ തന്നെയാണ് ഇത്തവണയും മുന്നിൽ. ഇന്ത്യയുടെ തിരിച്ചടി വാർത്തകൾ വന്നതോടെ പാക്കിസ്ഥാൻ പ്രധാനമന്ത്രിയ്ക്ക് ‘ഹാപ്പി ദീപാവലി’ ആശംസിച്ചു കൊണ്ടാണ് ഇന്ത്യക്കാർ പരിഹസിക്കുന്നത്.

ഭീരുക്കളെപ്പോലെയല്ല നേർക്ക് നേർ തന്നെ നേരിടാൻ തയ്യാറെന്ന് പ്രഖ്യാപിച്ച് ഇന്ത്യ ചുട്ട മറുപടി നൽകുമ്പോൾ ഒന്നും പറയാനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ് പാക്കിസ്ഥാൻ.

വാർത്തകൾക്ക് കടപ്പാട് – ഏഷ്യാനെറ്റ് ന്യൂസ് , മനോരമ ഓൺലൈൻ & വിവിധ ഓൺലൈൻ മാധ്യമങ്ങൾ.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.