ബാംഗ്ലൂരില് പട്ടിണി കിടക്കാൻ തന്നെ മാസം പത്ത് പതിനയ്യായിരം രൂപ വേണം – ഇത് ഏതാണ്ട് പത്ത് കൊല്ലം മുൻപ് ഇങ്ങോട്ട് വണ്ടികേറുമ്പഴേ പലരും പറഞ്ഞിരുന്ന ഒരു കാര്യമാണ്. സംഭവം ഏറെക്കുറെ ശരിയാണ് താനും. ഇന്നലെ രാവിലെ പട്ടിണി കിടന്നിട്ടും ഉച്ചക്ക് 500 രൂപ ചെലവായി – കണക്ക് കറക്ടല്ലേ 

 

രാഹുൽ ഗാന്ധി വന്ന് ഉദ്ഘാടനം ചെയ്തിട്ട് ഒരാഴ്ചയാകാറായെങ്കിലും ഇന്നാണ് ഇന്ദിരാ കാന്റീനിൽ ഒന്ന് പോകാൻ തരം കിട്ടിയത്. ഓൾ‍ഡ് എയർപോർട്ട് റോഡിലും ഗരുഡ മാളിനടുത്തും ഇന്ദിരാ കാന്റീൻ കണ്ടിരുന്നു, നല്ല തിരക്ക്. ഇത് ജയനഗറിൽ, ഓഫീസിന് തൊട്ടടുത്ത്. ബ്രേക്ക്ഫാസ്റ്റിന് രണ്ട് ഓപ്ഷൻ കിട്ടി – പൊങ്കലും കാരാ ബാത്തും. പൊങ്കൽ കഴിച്ചു. 5 രൂപ. നല്ല രുചി. നല്ല വൃത്തി. പൊങ്കലിന് ചെറുകിട ഹോട്ടലുകളിൽ പോലും 25- 30 രൂപ കൊടുക്കണം. ശരവണഭവനിലൊക്കെ നാൽപ്പതിൽ കൂടുതൽ. ഇതിപ്പോ അഞ്ചല്ല പത്തോ പതിനഞ്ചോ രൂപ കൊടുത്താലും നഷ്ടമില്ല.

ബാംഗ്ലൂരിൽ മാത്രം നൂറോളം ഇന്ദിരാ കാൻറീനുകളുണ്ട്. ഇനിയും വരുന്നുണ്ടത്രെ. രാവിലെ 7.30 മുതൽ 9.30 വരെയാണ് ബ്രേക്ക്ഫാസ്റ്റ് ടൈം. ഇഡ്ഡലി, വട, പുളിയോഗരെ, വാംഗി ബാത്ത്, കാരാ ബാത്ത്, പൊങ്കൽ- ഇതൊക്കെയാണ് മെനു. 12.30 മുതൽ 2.30 വരെ ലഞ്ച്, ലഞ്ച് കഴിച്ച് നോക്കിയില്ല. നോക്കണം. ഉദ്ഘാടനം പ്രമാണിച്ച് അശോക പില്ലർ – ലാൽബാഗ് വെസ്റ്റ് ഗേറ്റ് മെയിൻ റോഡ് മൂന്നാല് ദിവസം അടച്ചിട്ടതിന് ചെറിയൊരു ദേഷ്യമുണ്ടായിരുന്നു. പൊങ്കല് കഴിച്ചതും അത് മാറിക്കിട്ടി.

കോൺഗ്രസിനും സിദ്ധരാമയ്യയ്ക്കും ഒരു സല്യൂട്ട് പറയാൻ മറന്നൂടല്ലോ.

By: Muralikrishna Maaloth

LEAVE A REPLY