വിവരണം – വിഷ്‌ണു എ.എസ്. നായർ.

ചിലപ്പോഴൊക്കെ ഒരുയാത്ര പോകണം… നഗരത്തിൽ നിന്നുമകന്ന് തലപ്പൊക്കം കാണിക്കുന്ന കുന്നുകളും,സ്വാഗതം ചൊല്ലുന്ന കല്ലോലിനികൾക്ക് മറുചിരി നൽകി മണ്ണിന്റെ നിനവും നിറവും അറിഞ്ഞുകൊണ്ടുള്ള യാത്ര. സോഷ്യൽ സ്റ്റാറ്റസ്സിന്റെ ആധാരമായ തിരക്കൊഴിയാത്ത പ്രൊഫഷണൽ കരിയറിൽ നിന്നും അളന്നു കുറിച്ച കുറച്ചു സമയം മാറ്റിവച്ച് ഇതുപോലുള്ള ചില യാത്രകൾ നമുക്ക് സമ്മാനിക്കുന്നത് കണ്ടിട്ടും കൊതി തീരാത്ത പച്ചപ്പുകളും ഹൃദയം നിറയുന്ന അനുഭവങ്ങളും ‘എന്റെ നാടെന്ന’ വികാരവും പിന്നെ ഒരിക്കലും മറക്കാത്ത ചില രുചികളുമാണ് !!

അങ്ങനെ രുചികൾ തേടിയുള്ള യാത്രയിൽ ചെന്നെത്തിയത് കാട്ടാക്കടയ്ക്ക് അടുത്തുള്ള കിളിയൂർ എന്ന സ്ഥലത്തിനടുത്തുള്ള കണ്ണൂർകോണം തട്ടുകടയെന്ന ഒരിക്കലും മറക്കാത്ത രുചിയിടത്തിലേക്കാണ്. തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്തു നിന്നും ഏതാണ്ട് 32 കിലോമീറ്ററുണ്ട് ഈ രുചിയിടത്തിലേക്ക്.. കാട്ടാക്കട വഴി പോവുകയാണെങ്കിൽ, കാട്ടാക്കട ജംഗ്ഷനിൽ നിന്നും വെള്ളറട റൂട്ട് പോയാൽ ചൂണ്ടുപലക വഴി ഒറ്റശേഖരമംഗലം – ചെമ്പൂര് – മണ്ണാംകോണം കഴിഞ്ഞു രണ്ടു കിലോമീറ്റർ പോകുമ്പോൾ ഇടതു വശത്തായാണ് കണ്ണൂർകോണം തട്ടുകട..

ഒറ്റനോട്ടത്തിൽ റബ്ബർ കാടിനിടയിലെ ഒരു താത്കാലിക തട്ടിക്കൂട്ട് പോലെ തോന്നാം ഈ കട. ഓലമേഞ്ഞ മേൽക്കൂര അതിൽ ടാർപാലിൻ വിരിച്ചിരിക്കുന്നു, മണ്ണിട്ട തറ, മുൻവശം മുളച്ചീളുകൾകൊണ്ട് മറച്ചിരിക്കുന്നു , കള്ളി പേശയും വരയൻ ഷർട്ടുമായി കുറേ മാമന്മാർ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. നാട്ടുകാരിൽ കുറേപേർ കടയുടെ പുറത്തിരുന്നു ചായ കുടിക്കുന്നു ആകെപ്പാടെ കാച്ചിക്കുറുക്കി പറഞ്ഞാൽ ‘ഖസാക്കിന്റെ ഇതിഹാസത്തിൽ’ ശ്രീ.ഒ. വി. വിജയൻ പറയുന്ന ചായക്കടയുടെ ഒരു ഛായ ഓർമവന്നാൽ തെറ്റ്പറയാനില്ല. അത്രയ്ക്കുണ്ട് നാട്ട്ഭംഗിയും കടയുടെ പൊലിപ്പും !!

അകത്ത് കയറി കൈകഴുകി ഒരു മേശയിൽ സ്ഥാനം പിടിച്ചു. കഴിക്കാൻ എന്തു വേണമെന്നുള്ള ഹെൻറി പാപ്പന്റെ ചോദ്യത്തിന് കപ്പയും പന്നിതോരനും ചപ്പാത്തിയും വാങ്കോഴി റോസ്റ്റും പറഞ്ഞു. പ്രായത്തിന്റെ പരാധീനതമൂലം കാല് വലിച്ചു നടന്ന്‌ പാപ്പൻ ഞൊടിയിട കൊണ്ട് വിഭവങ്ങൾ വാഴയിലയുടെ മേലാപ്പ് ചാർത്തി മുന്നിലെത്തിച്ചു..

നല്ല ഒന്നാംതരം കപ്പ പുഴുങ്ങിയത്.. ഇത്തിരി കട്ടി കൂടുതലെങ്കിലും രുചിയുടെ കാണാപ്പുറങ്ങൾ കാണിക്കുന്ന പന്നിതോരൻ. സാധാരണ കടയിൽ കിട്ടുന്ന കടലാസ് കനത്തിലുള്ള ചപ്പാത്തിക്ക് ബദലായി വീട്ടിലുണ്ടാക്കുന്നത്പോലെ കട്ടിയുള്ള ചപ്പാത്തി. വാങ്കോഴി റോസ്റ്റ് വെടിച്ചില്ല് ഐറ്റം.. ഒരു രക്ഷയില്ല… കിണ്ണം കാച്ചിയ രുചിയിടം…

ചെറുചൂടുള്ള കപ്പ പെരുവിരൽ കൊണ്ട് പരുവം വരുത്തിയിട്ട് ഒരു കഷ്ണം പന്നിയിറച്ചിയും ചെറിയുള്ളിയുടെ അരപ്പും വച്ചിട്ട് കൂടെത്തന്ന പച്ചമുളകിന്റെ ഒരു തൊട്ടുകൂട്ടാനുണ്ട് അതും കൂടെ കൂട്ടി കഴിക്കണം. അന്യായ രുചി.. ഒരു നിമിഷത്തേക്ക് രുചിയുടെ മാസ്മരിക തലങ്ങളിലേക്ക് നമ്മളെ കൊണ്ടുപോകുന്ന അനുഭൂതി. അണപ്പല്ലിനു നാമ മാത്രമായ ജോലിഭാരം നൽകി നാവിന്റെ ഇനിയും തുറക്കാത്ത രസമുകുളങ്ങളെ മുട്ടി വിളിക്കുന്ന രുചി. പന്നിത്തോരനെന്നു പറഞ്ഞാൽ എണ്ണയുടെ അമിതപ്രഭാവമൊന്നുമില്ലാത്ത സെമി-ഡ്രൈ തരത്തിലുള്ള തോരൻ.. ഇറച്ചിക്ക് കട്ടിയുണ്ടായിരുന്നേലും അതിലെ അരപ്പും മസാലക്കൂട്ടും.. അദ്വിതീയം..!! ആ മുളക് കറി മാത്രം മതി ഒരു ലോഡ് കപ്പ കഴിക്കാൻ. അതിനുവരെ ഒടുക്കത്തെ ടേസ്റ്റ്. അതിനാൽ മാത്രം വീണ്ടും വീണ്ടും അത് വാങ്ങേണ്ടി വന്നു. അതിന്റെകൂടെ കടുപ്പം കൂട്ടിയൊരു ചൂട് കട്ടനും.. ഒന്നും പറയാനില്ല.. കൈപ്പുണ്യത്തിന്റെ അങ്ങേയറ്റം…

ചപ്പാത്തിയും വാങ്കോഴിയും.. അടുത്ത കിടുക്കാച്ചി കോംബോ. നല്ല ഹോംലി ചപ്പാത്തിയായിരുന്നെങ്കിലും ചൂടില്ലായിരുന്നതിനാൽ കുറച്ചധികം പണി വിരലുകൾക്ക് അനുഭവപ്പെട്ടു. പക്ഷേ ആ വാങ്കോഴി റോസ്റ്റും അതുംകൂട്ടി കഴിക്കുമ്പോൾ ഉള്ളൊരു രുചി !! ഹാ.. എവിടായിരുന്നു ഇത്രയും നാൾ ഈ ഭക്ഷണശാല !!

കണ്ണൂർകോണം ഭക്ഷണശാലയുടെ പ്രധാന വിഭവമായ എമു റോസ്റ്റ് അന്വേഷിച്ചെങ്കിലും സീസൺ അല്ലാത്തതിനാൽ ഇപ്പോൾ ലഭ്യമല്ലെന്നറിഞ്ഞു. വിഷണ്ണനായി തിരികെ കപ്പയിൽ കപ്പലോടിച്ചിരുന്ന എന്റെ നിരാശ കണ്ടായിരിക്കണം കടയുടമയായ ജോണച്ചായൻ മുയലിറച്ചിയുണ്ട് എടുക്കട്ടെയെന്നു ചോദിച്ചു. പിന്നെന്താ ആവാലോ എന്ന് ഞാനും. അവിടെയും വിധിയെന്നെ തോൽപ്പിക്കാൻ ശ്രമിച്ചു ഒരു ഹാഫ് മുയൽ റോസ്റ്റ് മാത്രമേയുള്ളു. ഹാഫെങ്കിൽ ഹാഫ്.. ഉള്ളത് പോരട്ടെന്നു ഞാനും.

നാടൻ കോഴിയിറച്ചി, മുയലിറച്ചി, വാങ്കോഴി തുടങ്ങിയ വിഭവങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടൊരു കാര്യമുണ്ട്. മറ്റൊന്നുമല്ല കഴിക്കാൻ നേരം നല്ല ക്ഷമ വേണം. കാരണം എല്ലുപറ്റാത്ത ഒരു കഷ്ണം പോലും ഇവറ്റകളിൽ ഉണ്ടാകാറില്ല. അക്കാര്യം മുയലിറച്ചിയുടെ കാര്യത്തിലും വിഭിന്നമല്ല. പക്ഷേ എന്റെ ജീവിതത്തിൽ കഴിച്ചിട്ടുള്ള ഏറ്റവും നല്ല മുയലിറച്ചി വിഭവം. ആ അരപ്പൊക്കെ വേറെ ലെവൽ. കപ്പയിൽ ചേരുംപടി ചേർത്ത മുയൽ റോസ്റ്റും ചേർത്തൊരു പിടി പിടിക്കണം. നാടനെന്നു പറഞ്ഞാൽ പക്കാ നാടൻ. ഓരോ വിഭവത്തിനും അതിനു ചേർന്ന അരപ്പ്, അതിനു മാത്രമുള്ള മസാല കൂട്ടും, അതൊക്കെ കൊണ്ടാകും രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന കാര്യത്തിൽ ഈ രുചിയിടത്തിന്റെ സ്ഥാനം വേറിട്ട് നിൽക്കുന്നതും..

വിലവിവരം : കപ്പ :- ₹.30/-, പന്നിത്തോരൻ :- ₹.80/-, മുയൽ റോസ്റ്റ് :- ₹.100/- (അളവ് കുറവായതിനാൽ എന്റെകൈയ്യിൽ നിന്നും കാശ് വാങ്ങിയില്ല), വാങ്കോഴി റോസ്റ്റ് :- ₹.100/-, ചപ്പാത്തി :- ₹.5/-, കട്ടൻ ചായ :- ₹.5/-, ദോശ 3/-, ഇടിയപ്പം-5/-, പൊറോട്ട – 6/- എന്നിങ്ങനെ പോകുന്നു മറ്റ് പലഹാരങ്ങളുടെ വിലകൾ. ചില വിഭവങ്ങൾക്ക് ചൂട് കുറവായിരുന്നു എന്നൊരു പോരായ്മയൊഴിച്ചാൽ രുചിയുടെ കാര്യത്തിൽ നൂറ്റിയൊന്നേ ദശാംശം ഒന്നേയൊന്നേ ശതമാനം സംതൃപ്തനാണ്..
ആ മുളക് കറിയുടെ രുചി കിടുക്കാച്ചി..!!

ഭാരതത്തിന്റെ മുഖമുദ്രയായ ബി.എസ്.എൻ.എല്ലിലെ കോൺട്രാക്ട് പണികൾ ചെയ്യുന്ന ജോലിയായിരുന്നു ജോണച്ചായന് മുൻപ് . എന്നാൽ കാലക്രമേണ ബി.എസ്.എൻ.എല്ലിന് പലരും ചേർന്ന് ഇസ്തിരിയിടാൻ തുടങ്ങിയപ്പോൾ ജോണച്ചായന്റെ കാര്യവും കഷ്ടത്തിലായി. ബാങ്കിൽ നിന്നും കൂടാതെ മറ്റുള്ളവരിൽ നിന്നും കടം വാങ്ങിയ പണം പല കാരണങ്ങളാൽ മുടങ്ങി. അവസാനം അഞ്ചേക്കറിൽ കൂടുതൽ പുരയിടമുണ്ടായിരുന്ന ‘കണ്ണൂർകോണത്തിന്റെ ജന്മി’ അവ വിറ്റ് കടമൊക്കെ ഒരു വിധം ഒതുക്കി കഴിഞ്ഞപ്പോഴേക്കും ‘വീട്ടിലെ ജിമ്മിയായി’ മാറിയിരുന്നു.

പാചകത്തിൽ കുറച്ചേറെ അഭിനിവേശമുണ്ടായിരുന്നതിനാൽ ഇനിയെന്ത് എന്നുള്ള ചോദ്യത്തിന് ഭക്ഷണശാല എന്നൊരു ഉത്തരമായിരുന്നു മുന്നിൽ. അങ്ങനെ 2009ൽ ഊരും പേരുമൊന്നുമില്ലാതെ ഒരു നാടൻ ഭക്ഷണശാല കണ്ണൂർകോണത്ത് തുടങ്ങി. നാട്ടിമ്പുറത്തെ നന്മയും കഠിനാധ്വാനവും കൈപ്പുണ്യവും ഒത്തുചേർന്നപ്പോൾ നാട്ടുകാരും മറുനാട്ടിൽ നിന്നും തേടിവന്ന ഭക്ഷണപ്രേമികളും ഈ രുചിയടത്തിന് കണ്ണൂർകോണം തട്ടുകടയെന്ന പേരും നൽകി… ആ പേരാണ് ഇപ്പോഴും കൊണ്ട് നടക്കുന്നത്.. “ആളുകൾ ഇഷ്ടപ്പെട്ടു ഇട്ട പേരല്ലേ, അതു തന്നെ മതി” പേരിന്റെ പ്രസക്തിയെക്കുറിച്ചു ചോദിച്ചാൽ ഒരു നാടൻ ചിരിയോടെ ജോണച്ചായന്റെ മറുപടിയാണ്.

രാവിലെ 8 മണിക്ക് തുടങ്ങുന്ന ഈ രുചിയിടത്തിൽ 9-9.30യോടെ ഇറച്ചി വിഭവങ്ങളെല്ലാം തയ്യാറാകും. ‘മാർത്താണ്ഡൻകടവ്’ എന്ന സ്ഥലത്തെ ഫാമിൽ നിന്നാണ് മാംസം വാങ്ങുന്നത്. പാചകമെല്ലാം വിറകടുപ്പിലാണ്, പെട്ടെന്ന് ചൂടാക്കാൻ മാത്രമായി ഗ്യാസടുപ്പുമുണ്ട്. പിന്നെ ജോണച്ചായന്റെ നേതൃത്വത്തിലുള്ള നാടൻ രുചികളുടെ കൈപ്പുണ്യം നിറഞ്ഞ പാചകവും. കൂടുതലെന്ത് വേണം. മനസ്സും വയറും നിറച്ച ഹോട്ടലുകളുടെ പട്ടികയിലേക്ക് ഒരെണ്ണം കൂടെ !!

പിന്നെ നാട്ടിമ്പുറത്തെ ഹോട്ടലാണ്, വൃത്തിയില്ല, ഈച്ച ശല്യം, ടിപ്പ്-ടോപ്പായ ജീവനക്കാരില്ല ഇത്യാദികൾ കൂടാതെ ആമ്പിയൻസിന്റെ സാമുദ്രികലക്ഷണങ്ങൾ എന്നിവ നോക്കി പോകുന്നവർ തീർത്തും നിരാശപ്പെടേണ്ടി വരും. പേരറിയാത്ത കിളികളുടെ ചലപില കൂട്ടലും, എണ്ണച്ചായങ്ങളിൽ ഇക്കാലത്ത് തളച്ചിട്ട പഴയ ചായക്കടയുടെ ആൾക്കൂട്ടവും, മണ്ണിന്റെ നനവും, ഇലകളെ തഴുകി വരുന്ന കാറ്റും ‘കറയറ്റരൊസ്സൽ’ ഗ്രാമഭംഗിയും ഒരിക്കൽ നാവിൽ പറ്റിയാൽപ്പിന്നെ ഒരിക്കലും മറക്കാത്ത നാടൻ രുചിയും ഇവയൊക്കെയാണ് കണ്ണൂർകോണത്തെ ഭക്ഷണശാലയുടെ ഭാഗഭാക്കുകൾ.

ഇനി ഈ ഭക്ഷണശാലയെക്കുറിച്ചു ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിൽ വല്ല പരാതിയും കൊടുക്കണമെന്ന് തോന്നിയാൽ ഗൂഗിളിൽ നമ്പർ തപ്പി പണിപ്പെടേണ്ട. ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിൽ നിന്നും വിരമിച്ച ശേഷം കഴിഞ്ഞ നാലു വർഷമായി ജോണച്ചായന്റെ കൂടെ ഈ ഭക്ഷണശാലയുടെ ‘ചീഫ് മാനേജരെന്ന്’ നാട്ടുകാർ കളിയാക്കി വിളിക്കുന്നൊരു മനുഷ്യനുണ്ടിവിടെ. ഹെൻറി പാപ്പൻ. കള്ളി കൈലിയും ഷർട്ടിന്റെ മേൽ ബട്ടൻസുകൾ തുറന്നിട്ട വേഷവും ചീകിയൊതുക്കാത്ത തലമുടിയുമായി ഉണ്ടും ഊട്ടിയും ഭക്ഷണത്തെ സ്നേഹിക്കുന്നൊരാൾ. പുള്ളി തരും വേണ്ടപ്പെട്ടവരുടെ നമ്പർ..

നാടനെന്ന പേരും വച്ച് ‘മാടൻ’ പരുവത്തിലുള്ള ആഹാരം കൊടുക്കുന്ന ഭക്ഷണശാലകളിൽ ആഹാരം കഴിച്ചു മടുത്തെങ്കിൽ സ്മരണയിലിരിക്കട്ടെ ഈ രുചിയിടത്തിന്റെ പേര് – കണ്ണൂർകോണം നാടൻ ഭക്ഷണശാല. രാത്രി പത്തുമണിവരെയാണ് പ്രവർത്തനസമയമെങ്കിലും മിക്ക വിഭവങ്ങളും അതുവരെ പോകാറില്ല അതിനാൽ പോകാൻ ആഗ്രഹിക്കുന്നവർ വിളിച്ചു ചോദിച്ചിട്ട് പോകുന്നതാകും ഉചിതം.

എമു വിഭവങ്ങൾ ഈ വർഷം മാർച്ച് വരെ ലഭ്യമായിരുന്നെങ്കിലും ഇറച്ചിയുടെ ലഭ്യതക്കുറവ് മൂലം ഇപ്പോൾ ലഭ്യമല്ല. അടുത്തിടെ ആന്ധ്രാപ്രദേശിൽ നിന്നും എമു ഇറക്കി വിഭവങ്ങൾ തയ്യാറാക്കാനുള്ള കൂലംകഷിതമായ ആലോചന നടക്കുന്നുണ്ട്.

ലൊക്കേഷൻ :- Kannoorkonam Nadan Food Court, Chempoor Rd, Kiliyoor, Kerala 695124, 094971 55132, https://maps.app.goo.gl/XBtu7YqDqkzCsUoe9 .

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.