വിവരണം – തുഷാര പ്രമോദ്.

മുന്നാറിനും ഉദുമൽപേട്ടിനും ഇടയിൽ കേരളത്തിന്റെയും തമിഴ്‌നാടിന്റേയും അതിർത്തിയിലാണ് കാന്തല്ലൂർ എന്ന വശ്യ സുന്ദര ഗ്രാമം സ്ഥിതിചെയ്യുന്നത്. നന്മയും വിശുദ്ധിയും കാത്തുസൂക്ഷിക്കുന്ന ഗ്രാമം, മണ്ണിനെ പൊന്നായി കാണുന്ന നന്മയുള്ള കുറെ മനുഷ്യർ ജീവിക്കുന്ന നാട്. ആപ്പിൾ, ഓറഞ്ച്, സ്ട്രോബെറി, ബ്ലാക്ബെറി പോലെയുള്ള നിരവധി ഫലങ്ങളും ഒട്ടുമിക്ക പച്ചക്കറികളും വിളയുന്ന കാർഷിക ഗ്രാമം കൂടിയാണ് കാന്തല്ലൂർ. കേരളത്തിൽ ആപ്പിൾ വിളയുന്ന ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് ഇവിടം.

ഹൈറേഞ്ചിലെ തണുപ്പും മഞ്ഞു വീണു കിടക്കുന്ന ആപ്പിൾ തോട്ടങ്ങളുമൊക്കെ സ്വപ്നം കണ്ടാണ് പഴനിയിൽ നിന്നും കാന്തല്ലൂരിലേക്ക് യാത്ര തിരിക്കുന്നത്. പഴനിയിൽ നിന്നും ഉദുമൽപേട്ട , ചിന്നാർ , മറയൂർ വഴി കാന്തല്ലൂരിലേക്ക്. ഉദുമൽപേട്ട റോഡ് കുറെ ദൂരം പിന്നിട്ട് കഴിയുമ്പോൾ ആനമല കടുവ സംരക്ഷണ കേന്ദ്രമാണ്. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കാടിനു നടുവിലൂടെയുള്ള റോഡിലൂടെ ആണ് കിലോമീറ്ററുകളോളം ഇനി യാത്ര ചെയ്യേണ്ടത്.

ഉച്ചവെയിൽ കനത്തു. ആ വെയിലിലും കാടിന്റെ കുളിർമ ആസ്വദിച്ചുകൊണ്ട് ഞങ്ങൾ മുന്നോട്ട് പോയി..കണ്ണും കാതും കൂർപ്പിച്ചു ചുറ്റിലും നോക്കികൊണ്ടിരുന്നു ,വല്ല ആനയായോ കടുവയെയൊ കാണാൻ പറ്റിയാലോ … നിർഭാഗ്യവശാൽ കുറച്ചു പക്ഷികളെ കാണാൻ പറ്റിയതല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു. ഒരുപക്ഷെ ഈ കടുത്ത ചൂട് കാരണം മൃഗങ്ങളൊക്കെ ഉൾക്കാട്ടിലേക്ക് ചേക്കേറിയിരിക്കണം .

കേരള തമിഴ്‌നാട് അതിർത്തിയിലെ അടുത്തടുത്ത് കിടക്കുന്ന 2 ചെക്‌പോസ്റ്റുകൾ കടന്ന് ചിന്നാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് കടന്നു. ഇനി മറയൂരിലേക്ക് കുറച്ചു ദൂരം കൂടിയേയുള്ളു.. സൈൻ ബോർഡുകൾ കാണാൻ തുടങ്ങി. ചന്ദന കാറ്റുള്ള, മറയൂർ ശർക്കരയുടെ മധുരമുള്ള ,മുനിയറകൾ ചരിത്രം പറയുന്ന നാടാണ് മറയൂർ . മലനിരകളാൽ മറയെക്കപെട്ട നാടെന്നും മറയൂർ അറിയപ്പെടുന്നു. മറവരുടെ ഊരാണ് മറയൂർ ആയി മാറിയത് എന്നും പറയപ്പെടുന്നു . മഹാശിലായുഗത്തിലെ മനുഷ്യവാസത്തിന്റെ അവശേഷിപ്പുകളായി മുനിയറകളും ഗുഹാക്ഷേത്രങ്ങളും ലിഖിതങ്ങളും ഉണ്ട് അവിടെ. സ്വാഭാവികമായി വളരുന്ന ചന്ദന മരങ്ങൾ മറയൂരിന്റെ മാത്രം പ്രത്യേകതയാണ്.

ധാരാളമായി കരിമ്പിൻ കൃഷി ആണ് മറയൂരിൽ കാണപ്പെടുന്നത്.ശർക്കര ഉണ്ടാക്കുവാൻ വേണ്ടിയാണു കരിമ്പ് കൃഷി ചെയ്യുന്നത്. മറയൂർ ശർക്കര വളരെ പ്രസിദ്ധിയാർജ്ജിച്ച ഒന്നാണ്. ഉപ്പ് ഇല്ല എന്നതാണ് ഇതിന്റെ പ്രത്യേകത.മറയൂരിൽ നിന്ന് കാന്തല്ലൂരിലേക്കുള്ള വഴികളിലെല്ലാം ഓലപ്പുരകൾ പോലെ ശർക്കര ഉണ്ടാക്കുന്ന സ്ഥലങ്ങൾ കാണാം. ശർക്കര ഉണ്ടാക്കുന്നതും കാണേണ്ട കാഴ്ച തന്നെയാണ്. അതിനായി ഒരു ശർക്കര പ്ലാന്റിൽ കയറി അന്വേഷിച്ചു. ഈസ്റ്റർ അടുത്തത് കൊണ്ട് പണിക്കാരെല്ലാം ലീവ് ആണ്. ഇനീപ്പോ 2 -3 ദിവസം കഴിഞ്ഞിട്ടേ പണി നടക്കുകയുള്ളൂ എന്ന് അവിടെ ഉള്ള ചേച്ചി പറഞ്ഞു.

റോഡിന് എതിർവശം വിശാലമായ കരിമ്പിൻ പാടമാണ് .അതിനപ്പുറം ഒരു ശർക്കര പ്ലാന്റ് കൂടി ഉണ്ട്. അവിടേം ഒന്നു നോക്കാമെന്നുകരുതി കരിമ്പിൻ തോട്ടത്തിലൂടെ ഞങ്ങൾ നടന്നു. അവിടെ എത്തി നോക്കിയപ്പോൾ അതും ആളൊഴിഞ്ഞു കിടക്കുന്നു. അപ്പോഴാണ് തൊട്ടപ്പുറത്തു ഒരു കള്ളുഷാപ്പ് കണ്ടത്. അവിടെ ഉണ്ടായിരുന്ന ചേട്ടന്മാരോട് കാര്യങ്ങൾ ചോദിച്ചു. കാന്തല്ലൂരിലേക്കുള്ള വഴിയിൽ ഇനിയും ഒത്തിരി ശർക്കര പ്ലാന്റുകൾ ഉണ്ടെന്നും ചിലപ്പോൾ ഏതിലെങ്കിലും പണി നടക്കുന്നുണ്ടാകുമെന്നു പറഞ്ഞു. ചേട്ടന്മാർ അവിടെ നല്ല ചൂട് കപ്പയും ചിക്കനും കഴിച്ചോണ്ടിരിക്കുകയാണ്. എന്നിട്ടങ്ങനെ ചുമ്മാ പോകാൻ പറ്റുമോ.. ഞങ്ങളും വാങ്ങി ചൂട് കപ്പയും ചിക്കനും പാർസൽ. ചേട്ടന്മാർക്ക് നന്ദി പറഞ്ഞു അവിടെ നിന്നും ഇറങ്ങി .

ശർക്കര പ്ലാന്റുകൾ നോക്കി മുന്നോട്ടേക്ക്. എല്ലായിടത്തും ഇതുതന്നെ അവസ്ഥ. ഒടുവിൽ ഒരു സ്ഥലത്തു ചോദിച്ചപ്പോൾ നാളെ ഉച്ചക്ക് വന്നാൽ ശർക്കര ഉണ്ടാക്കുന്നത് കാണാമെന്നു പറഞ്ഞു.നാളെ തിരിച്ചുവരുമ്പോൾ കാണാമെന്നു തീരുമാനിച്ചു കാന്തല്ലൂരിലേക്ക് പുറപ്പെട്ടു. മേഘങ്ങളെ തൊട്ടുകൊണ്ടെന്നപോലെ വളഞ്ഞു പുളഞ്ഞു പോകുന്ന മുന്നോട്ടുള്ള റോഡ്.. കാന്തല്ലൂരിലുള്ള ശ്രീജിത്തിട്ടെന്റെ നമ്പർ കയ്യിൽ ഉണ്ടായിരുന്നു. ചേട്ടനെ കോണ്ടാക്ട് ചെയ്താൽ അവിടെ താമസം ശരിയാക്കാം. അങ്ങനെ ചേട്ടനെ വിളിച്ചു,പുള്ളിക്കാരൻ ഞങ്ങളോട് മിനിസ്റ്റർസ് മാന്ഷൻ ബംഗ്ലാവിലേക്ക് എത്താൻ പറഞ്ഞു,വഴിയും പറഞ്ഞു തന്നു .

വൈകുന്നേരത്തോടെ മിനിസ്റ്റർസ് മാന്ഷനിൽ എത്തി. കവാടത്തിൽ തന്നെ ഉള്ള രണ്ടു വെളുത്ത സിംഹ പ്രതിമകൾ ഉണ്ട് മിനിസ്റ്റർസ് മാന്ഷന്. അവിടെ കെയർ ടേക്കർ പൗലോസേട്ടൻ ഞങ്ങളെ കാത്തു നിൽപ്പുണ്ടായിരുന്നു. നിറയെ ചെടികളും പൂക്കളും ഒക്കെ ഉണ്ട് അവിടെ. പ്ലം മരം കായ്ച്ചു നിൽക്കുന്നു. മുറ്റത്തെ പുൽത്തകിടികൾക്കിടയിൽ കുറച്ചു മരത്തടികൾ ഇരിക്കാൻ തക്കവണ്ണം ഉറപ്പിച്ചിരിക്കുന്നു. അതിനടുത്തെല്ലാം ചെറിയ പൂക്കൾ വിരിഞ്ഞിരിക്കുന്നു.മുന്നോട്ട് നോക്കിയാൽ മലനിരകൾ. എല്ലാംകൊണ്ടും ആർക്കും ഇഷ്ട്ടമാവുന്ന അന്തരീക്ഷം. മാത്രമല്ല നല്ല വൃത്തിയുള്ള മുറികളും 24 മണിക്കൂറും ലഭ്യമാകുന്ന ചൂട് വെള്ളവും.

ബാഗുകളെല്ലാം റൂമിൽ വച്ച ശേഷം കാന്തല്ലൂരിന്റെ വഴിത്താരകളിലേക്ക് ഞങ്ങൾ ഇറങ്ങി. നേരിയ തണുപ്പ് വന്നുതുടങ്ങി. തണുപ്പിനെ താലോലിച്ചുകൊണ്ട് ചെറിയ കാറ്റ് അവിടെയെല്ലാം ഒഴുകി നടന്നു. കേരളത്തിൽ മറ്റെവിടെയും കാണാത്ത കൃഷി രീതികളാണ് കർഷകർ ഇവിടെ പിന്തുടരുന്നത്. പാശ്ച്യാത്യ രാജ്യങ്ങളിലേതിനു സമാനമായ കാലാവസ്ഥയും ഭൂപ്രകൃതിയും കാന്തല്ലൂരിന്റെ പ്രത്യേകതയാണ്. കാർഷിക ഗ്രാമമായ കാന്തല്ലൂരിൽ കുറെയധികം ഫാമുകൾ ഉണ്ട്.ബാബു ചേട്ടന്റെ ഷോലയിൻ ഫ്രൂട്സ് ഗാർഡനിലേക്ക് ആദ്യം പോയി. ഓറഞ്ച്, പാഷൻ ഫ്രൂട്ട്, സ്ട്രൗബെറി , ബ്ലാക്ബെറി ,പ്ലം, പീച്ച് അങ്ങനെ ഒത്തിരി ഫ്രൂട്സ് ഉണ്ടായിട്ടുണ്ട്. തണുപ്പ് കൂടി വരുന്നു. റൂമിലേക്ക് തിരിച്ചു പോകാൻ നേരം ഒരു പയ്യൻ കുറച്ചു ക്യാരറ്റ്സ് വിൽക്കാൻ കൊണ്ടുവന്നു. ഫാം ഫ്രഷ് ക്യാരറ്റ് ആണ്.കയ്യോടെ വാങ്ങിച്ചു. പിന്നീട് നേരെ റൂമിലേക്ക് .

ഫ്രഷ് ആയതിനുശേഷം ഭക്ഷണം കഴിക്കാനായി പുറത്തേക്കിറങ്ങി. വളരെ കുറച്ചു കടകൾ മാത്രമുള്ള സ്ഥലമാണ് .ഹോട്ടലുകൾ ഒന്നും അധികം ഇല്ല. ഈ തണുപ്പത്തു ചൂട് കഞ്ഞി കിട്ടിയിരുന്നെങ്കിൽ നല്ലതായിരുന്നു എന്ന് മനസ്സിൽ വിചാരിച്ചു.അങ്ങനെ ഇഷ്ടമുള്ളത് സെലക്ട് ചെയ്യ്ത് വാങ്ങാൻ മാത്രം കടകൾ ഒന്നും ഇല്ലാലോ. തൊട്ടടുത്ത് കണ്ട ഗുരുജി ഹോട്ടലിൽ കയറി. അകത്തു കയറിയപ്പോൾ ടീവി വച്ചിരിക്കുകയാണ്, ആരേം കാണുന്നില്ല. ഞങ്ങൾ വിളിച്ചു നോക്കി. ഒരു ചേട്ടൻ പുറത്തേക്ക് വന്നു,പിന്നാലെ ഒരു ചേച്ചിയും. അവർ ഭക്ഷണം കഴിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് ഞങ്ങൾ എത്തിയത്.

വളരെ സ്നേഹത്തോടെ ഇരിക്കാൻ പറഞ്ഞിട്ട് ,ഞങ്ങളോട് എന്താ വേണ്ടെന്നു ചോദിച്ചു. കഞ്ഞി കിട്ടുമോയെന്നു ഞാൻ ചോദിച്ചു. ചോറിരിപ്പുണ്ട് കഞ്ഞി ആക്കിത്തരട്ടെയെന്നു ചേച്ചി. പുഞ്ചിരി വിടർന്നത് ഹൃദയത്തിലായിരുന്നു. വീട്ടിൽ നിന്ന് അമ്മ ചോദിക്കുംപോലെ.. ആവേശത്തോടെ അതുമതിയെന്നു പറഞ്ഞു. കഞ്ഞിയും കറിയും തോരനും ഓംലറ്റ് പിന്നെ ഒരു സ്പെഷ്യൽ ഐറ്റം കരി നെല്ലിക്ക. ദിവസങ്ങളോളം അടുപ്പിലെ ചെറുതീയിൽ കുടുക്കയിൽ ഉണ്ടാക്കി എടുക്കുന്ന നെല്ലിക്ക കൊണ്ടുള്ള ഒരു വിഭവം. ഒരു തരാം പുളി രസമാണ് അതിനു.
ഭക്ഷണം കഴിക്കുന്നതിനിടയിൽ ചേട്ടനോടും ചേച്ചിയോടും ഒത്തിരി സംസാരിച്ചു .സുകുമാരേട്ടനും രമണിയേച്ചിയും.. അവരുടെ വീടിനോട് ചേർന്നുകിടക്കുന്ന കടയാണത്.

വീട്ടുവിശേഷങ്ങളും ഞങ്ങളുടെ യാത്രയെപ്പറ്റിയും പഴനിയിലെ അനുഭവത്തെ പറ്റിയുമൊക്കെ സംസാരിച്ചു. അതേപോലത്തെ അനുഭവങ്ങൾ അവർക്കും പഴനിയിൽ ഉണ്ടായതിനെപ്പറ്റി ഒക്കെ പറഞ്ഞു . വിശേഷങ്ങളൊക്കെ പറഞ്ഞു അവിടെ നിന്ന് ഇറങ്ങുബോൾ വളരെ പ്രീയപ്പെട്ട ഒരു ബന്ധു വീട്ടിൽ പോയതുപോലെ തോന്നി. എത്ര പെട്ടന്നാണ് ചിലർ നമുക്കു പ്രീയപെട്ടവരാകുന്നത്. നാളെ ബ്രേക്‌ഫാസ്റ് കഴിക്കാൻ വരാമെന്നു പറഞ്ഞു ഞങ്ങൾ ഇറങ്ങി .

ശരീരത്തിലേക്ക് ഊർന്നിറങ്ങുന്ന പോലെ ഉള്ള തണുപ്പാണ് ഇപ്പോൾ. ഈ മാർച്ച് മാസത്തിൽ ഈ തണുപ്പാണെങ്കിൽ മഞ്ഞുകാലത്തെ കാര്യം പറയണ്ടാലോ.. കോടമഞ്ഞു ഇരുട്ടിന്റെ കാഠിന്യം കൂട്ടി.സമയം അത്ര ഒന്നും ആയിട്ടില്ല.പക്ഷെ കടകൾ ഒക്കെ അടച്ചു തുടങ്ങി. ആളുകളെല്ലാം വീടുകളിലേക്ക് മടങ്ങുന്നു. കവലയിൽ കുറച്ചുപേർ മാത്രം സംസാരിച്ചു നിക്കുന്നു . ഈ ഇരുട്ടിൽ കോടയിൽ പുതച്ച കാന്തല്ലൂരിനെ അറിയാൻ വേണ്ടി വെറുതെ കുറച്ചു ദൂരം ഡ്രൈവ് ചെയ്തു. മുന്നോട്ട് പോകുന്തോറും ഇരുട്ടിനു കട്ടി കൂടിവന്നു.. കാടിന്റെ നിഴലും കൂട്ടിനുണ്ട്..

കോടമഞ്ഞു ചുറ്റും പരന്നു കിടക്കുന്നു. ആ ഇരുട്ടിൽ മരവിപ്പിക്കുന്ന തണുപ്പിൽ ഒരു മനുഷ്യൻ വെളിച്ചം പോലും ഇല്ലാതെ വേഗത്തിൽ നടന്നുപോകുന്നത് ഹെഡ്‍ലൈറ് വെളിച്ചത്തിൽ കാണാമായിരുന്നു.അദ്ദേഹം ഞങ്ങളെ ഒന്ന് തിരിഞ്ഞു നോക്കി. ഇനി അങ്ങോട്ട് കൂറ്റാക്കൂറ്റിരിട്ടാണ്‌.. കാന്തല്ലൂരിന്റെ വഴികളിൽ നാളത്തെ പ്രഭാതത്തെയും പ്രതീക്ഷിച്ചു ഞങ്ങൾ മിനിസ്റ്റർസ് മാന്ഷനിലേക്ക് മടങ്ങി .

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.