വയനാട്ടിലെ ഞങ്ങളുടെ മൂന്നാമത്തെ ദിവസമാണ് ഇന്ന്. തലേദിവസം ക്യാമ്പ് ഫയറും പാര്‍ട്ടിയുമൊക്കെയായി വൈകിയായിരുന്നു കിടന്നത്. രാവിലെ എഴുന്നേറ്റപ്പോള്‍ ഏകദേശം 8.30 ആയിക്കാണും. വേഗം റെഡിയായി ഞങ്ങള്‍ പോകുവാന്‍ തയ്യാറായി. അപ്പോഴേക്കും ഹൈനാസ് ഇക്ക തന്‍റെ താര്‍ ജീപ്പും കൊണ്ട് എത്തിയിരുന്നു.

ബ്രേക്ക്ഫാസ്റ്റ് കഴിച്ചതിനുശേഷം ഞങ്ങള്‍ യാത്രയാരംഭിച്ചു. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെയായിരുന്നു ഞങ്ങളുടെ ആദ്യത്തെ ചുറ്റല്‍. മൂന്നാറിലെപ്പോലെയായിരുന്നില്ല വയനാട്ടിലെ തേയിലത്തോട്ടങ്ങള്‍. എന്തൊക്കെയോ വ്യത്യാസങ്ങള്‍ നമുക്ക് കാണുമ്പോള്‍ തന്നെ ഫീല്‍ ചെയ്യും.

സണ്‍റൈസ് വാലി എന്നൊരു പ്രകൃതിമനോഹരമായ സ്ഥലം കാണുവാന്‍ ആയിരുന്നു ഞങ്ങളുടെ പ്ലാന്‍. പക്ഷേ ഐടെ ചെന്നപ്പോളാണ് അറിയുന്നത് അവിടെക്കുള്ള പ്രവേശനം വനംവകുപ്പ് നിരോധിച്ചിരിക്കുകയാണ്. സത്യത്തില്‍ വളരെ വിഷമം തോന്നി. നല്ല രീതിയില്‍ സംരക്ഷണയോടെ ഒരു ടൂറിസ്റ്റ് സ്പോട്ട് ആക്കാവുന്ന ഒരു സ്ഥലമായിരുന്നു അത്. ടൂറിസം വികസിക്കും എന്ന വിശ്വാസത്തില്‍ പക സംരംഭങ്ങളും തുടങ്ങിയ പരിസരവാസികളും ഇപ്പോള്‍ ആപ്പിലായിരിക്കുകയാണ്. നാട്ടുകാര്‍ക്കും ഇവിടെ തുറന്നുകൊടുക്കണം എന്ന അഭിപ്രായമാണ്. പക്ഷേ ആര് കേള്‍ക്കാന്‍? നമ്മുടെ വനംവകുപ്പിനും ടൂറിസം പ്രമോഷന്‍ ഡിപ്പാര്‍ട്ട്മെന്റിനും ഈ കാര്യത്തില്‍ യാതൊരു കൂസലുമില്ല.

അങ്ങനെ നിരാശയോടെ ഞങ്ങള്‍ അവിടെ നിന്നും മടങ്ങിപ്പോരുകയാണുണ്ടായത്. അടുത്ത് കാന്തന്‍ പാറ എന്നൊരു വെള്ളചാട്ടം ഉണ്ടെന്നു ഹൈനാസ് ഇക്ക പറഞ്ഞതനുസരിച്ച് ഞങ്ങള്‍ പിന്നെ അവിടേക്ക് നീങ്ങി. അങ്ങനെ ഞങ്ങള്‍ കാന്തന്‍പാറ വെള്ളച്ചാട്ടത്തിലേക്കുള്ള കവാടത്തില്‍ എത്തി. അവിടെ നിന്നും ടിക്കറ്റ് എടുക്കണം വെള്ളച്ചാട്ടം കാണുന്നതിന്. ടിക്കറ്റ് എടുത്തശേഷം കുറച്ചു നടന്നാലേ വെള്ളച്ചാട്ടത്തിനു സമീപത്ത് എത്തിച്ചേരാനാകൂ.

മേപ്പാടിക്ക് 8 കിലോമീറ്റർ കിഴക്കായി ആണ് ഈ വെള്ളച്ചാട്ടം. ഏകദേശം 30 മീറ്റർ ആണ് ഈ വെള്ളച്ചാട്ടത്തിന്റെ ഉയരം. അധികം വിനോദസഞ്ചാരികൾ സന്ദർശിച്ചിട്ടില്ലാത്ത ഈ വെള്ളച്ചാട്ടവും പരിസരവും വളരെ മനോഹരമാണ്. പ്രധാന നിരത്തിൽ നിന്നും എളുപ്പത്തീൽ നടന്ന് എത്തിച്ചേരാവുന്ന ഇവിടം വിനോദയാത്രകൾക്ക് അനുയോജ്യമാണ്. സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്നും നോക്കിയാൽ ഒരു വെള്ളിനൂലുപോലെ കാന്തപ്പാറ വെള്ളച്ചാട്ടം കാണാം.

ഇക്കാലമത്രയും ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം കിട്ടിയിരുന്നില്ല കാന്തൻപാറയ്ക്ക്. എങ്കിലും ഒരിക്കൽ കണ്ടവരുടെ വിവരണങ്ങളിലൂടെ കേട്ടറിഞ്ഞ് നിരവധി സഞ്ചാരികൾ കാന്തൻപാറയിലെത്തുന്നു. സഞ്ചാരികളുടെ വരവ് ഏറിയതോടെ അടിസ്‌ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കി കാന്തൻപാറയെ പരിസ്‌ഥിതി സൗഹൃദ–സാഹസിക വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുകയാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ.

എന്തായാലും വയനാട്ടില്‍ വരുന്നവര്‍ കണ്ടിരിക്കേണ്ട ഒരുഗ്രന്‍ സ്ഥലമാണ് കാന്തന്‍പാറ വെള്ളച്ചാട്ടം. അടുത്ത തവണ നിങ്ങള്‍ ഫാമിലിയായി വരുമ്പോള്‍ ഇവിടെയും സന്ദര്‍ശിക്കാന്‍ ശ്രമിക്കുമല്ലോ അല്ലേ?

വെള്ളച്ചാട്ടത്തിലെ കാഴകളൊക്കെ ആസ്വദിച്ച് ഞങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ സമയം ഉച്ചയ്ക്ക് രണ്ടുമണിയായിരുന്നു. തിരികെ മടങ്ങുന്ന വഴി കണ്ടൊരു ഹോട്ടലില്‍ കയറി നല്ലൊരു ചിക്കന്‍ ബിരിയാണിയൊക്കെ കഴിച്ചശേഷം ഞങ്ങള്‍ കല്‍പ്പറ്റയിലേക്ക് യാത്ര തുടര്‍ന്നു…

കാന്തൻപാറ വെള്ളച്ചാട്ടം – എക്സ്പ്ലോറിംഗ് വയനാട് ഭാഗം 4, വീഡിയോ കാണുക, ഷെയർ ചെയ്യുക. അബാഫ്റ്റ് വില്ലകൾ ബുക്ക് ചെയ്യാൻ വിളിക്കാം: 9072299665

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.