പല വിലയേറിയ പാഠങ്ങളും പഠിക്കാനും ലോകമെങ്ങുമുള്ളവര്‍ക്ക് ചില മാതൃകകള്‍ കാണിച്ചുകൊടുക്കാനും മലയാളിയ്ക്ക് സാധിച്ച ഏതാനും ദിവസങ്ങളാണ് കഴിഞ്ഞു പോയത്. പേമാരിയോ പെരുവെള്ളമോ പ്രളയമോ ഒന്നും വന്നാല്‍ അണഞ്ഞു പോവുന്നതല്ല തങ്ങളുടെ ആത്മവിശ്വാസവും പ്രതീക്ഷയും ഐക്യവുമെന്ന് കേരളവും മലയാളികളും ലോകത്തോട് വിളിച്ചു പറഞ്ഞു.

ഇക്കാലയളവില്‍ നിരവധി നന്മ വാര്‍ത്തകളും കാഴ്ചകളുമാണ് കേരളത്തിലെ വിവിധയിടങ്ങളില്‍ നിന്ന് മാധ്യമങ്ങളിലൂടെ പുറത്തു വന്നത്. അതില്‍ പ്രധാനമാണ് എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്ന പലരും, തങ്ങളുടെ ആത്മവിശ്വാസത്തെ വെള്ളത്തില്‍ ഒഴുക്കി വിടാതെ കൂടെക്കൂട്ടിയെന്നത്. ഇതിനെ തങ്ങള്‍ അതിജീവിക്കും എന്നതാണ് മലയാളികളുടെ നിലവിലെ സുകൃതജപം തന്നെ. നമ്മള്‍ അതിജീവിക്കും എന്ന വാചകത്തോട് നൂറുശതമാനവും നീതി പുലര്‍ത്തുന്ന വീഡിയോയാണ് ഇപ്പോള്‍ മലയാളികളുടെ ആത്മവിശ്വാസത്തിന് വീണ്ടും ഊര്‍ജം പകരുന്നത്.

പ്രളയദുരന്തത്തിൽനിന്ന് കരകയറി പുതിയൊരു കേരളം സൃഷ്ടിക്കാനായുള്ള മുന്നേറ്റത്തിലാണ് നാടൊന്നാകെ. കേരളത്തിന്‍റെ അതിജീവനത്തിന് കരുത്തേകി ന്യൂസ് 18 കേരളം പ്രിൻസിപ്പൽ കറസ്പോണ്ടന്‍റ് ജോയ് തമലം രചിച്ച ‘കരളുറപ്പുള്ള കേരളം’ എന്ന ഗാനം ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത ഗായകനായ ഇഷാൻ ദേവാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പേജിൽ ഈ ഗാനം ഷെയർ ചെയ്തതോടെ സംഭവം കൂടുതൽ വൈറലായി മാറി. ജാതി മത രാഷ്ട്രീയ ഭേദമന്യേ കേരളജനത ഈ ഗാനം നെഞ്ചിലേറ്റി. പ്രളയദിനങ്ങൾ കടന്നുപോയിട്ടും വല്ലാത്തൊരു ആത്മവിശ്വാസം മനസ്സിൽ നിറയ്ക്കുന്ന ഈ ഗാനം ഇന്നും മലയാളികളുടെയുള്ളിൽ നിലനിൽക്കുന്നു. മഹാപ്രളയത്തെ ഒന്നിച്ച് ഒറ്റമനസ്സായി നേരിട്ട കേരളത്തിനുള്ള അംഗീകാരമായി ഈ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം ഒന്നു കണ്ടുനോക്കൂ…

യൂട്യൂബിൽ ഈ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. അതിലെ ചില കമന്റുകൾ ഇങ്ങനെയാണ് – “”നന്മയുള്ള ലോകമേ.. കാത്തിരുന്നു കാണുക..കരളുടഞ്ഞു വീണിടില്ലിത്.. കരളുറപ്പുള്ള കേരളം..” കണ്ണ് നിറഞ്ഞു പോയി.. അഭിമാനം തോന്നുന്നു ഈ മണ്ണിൽ ജനിച്ചതിന്‌…!”, “വല്ലാത്ത വരികള്‍… ആത്മവിശ്വാസം താനേ വരും… ഈ ഗാനം ഇടക്കിടക്ക് വരുന്നത് കൊണ്ട് ന്യൂസ് 18 മാറ്റാന്‍ തോന്നുന്നില്ല”, “പാട്ടു ഒരു മാജിക്‌ ആയി തോന്നിയത് ഇത് കേട്ടപ്പോൾ ആണ്… വരി എഴുതിയത് ആരായാലും സൂപ്പർ സൂപ്പർ..”, “എജ്ജാതി വരികളും, ആലാപനവും…😍😍ഹെഡ് ഫോൺ വെച്ച് കേട്ടു നോക്കൂ.ശരിക്കും രോമാഞ്ചം എന്താണെന്നറിയാം…..” കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഏതൊരു മലയാളിയിലും രോമാഞ്ചം ഉണർത്തുന്ന മനോഹരമായ ഈ Inspirational ഗാനത്തിന് Dislike അടിച്ചവരും നമുക്കിടയിൽ ഉണ്ടെന്നു വേദനയോടെ പറയട്ടെ.

ഈ ഗാനം സൂചിപ്പിക്കുന്നത് പോലെ നമ്മൾ ഒറ്റക്കെട്ടായി നിൽക്കും. ഏതു ദുഷ്കര സാഹചര്യങ്ങളിലും പ്രത്യാശ കൈവിടാതെ പൊരുതി നിൽക്കുന്നവരാണ് നമ്മൾ മലയാളികൾ. ഈ സമീപനം ഇപ്പോഴുള്ള പ്രശ്നങ്ങൾക്കപ്പുറത്തേക്കു നോക്കാനും ധൈര്യത്തോടും സന്തോഷത്തോടുംകൂടെ ഭാവിയെ നേരിടാനും നമ്മെ സഹായിക്കുന്നു. അതാണ് മലയാളികളുടെ ശീലം. നമ്മൾ തിരികെ വരും!!!. അതെ, നമ്മൾ തിരിച്ചു വരും. പൂർവ്വാധികം ശക്തിയോടെ..അതെ തിരിച്ചു വന്നിരിക്കുന്നു….

കടപ്പാട് – ന്യൂസ് 18 , രാഷ്ട്രദീപിക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.