കാറ്റാടിക്കടവിലെ തുലാവെയിലും കൊളുക്കുമലയിലെ പുലർക്കാലവും

Total
1
Shares

വിവരണം – ആര്യ, ഷിജോ ഫ്രാൻസിസ്.

കാറ്റാടി കടവിലെ കോടമഞ്ഞും വെള്ളത്തുള്ളികൾ തുള്ളിച്ചാടുന്ന ആനചാടികുത്തും വെൺമേഘ കടൽ ഒഴുകുന്ന കൊളുക്കുമലയും. കുറെ നാളുകൾക്ക് ശേഷം ഞങ്ങളുടെ പുലികുട്ടി TB 350 യുമായി കാടു കയറുമ്പോൾ മനസ്സിൽ മുഴുവൻ ഇതൊക്കെ തന്നെയായിരുന്നു. കണ്ണു തുറന്നാലും മാഞ്ഞുപോകാത്ത സ്വപ്നം പോലൊരു യാത്ര, ഇടയ്ക്കിടെ യാതൊരു മുന്നറിയിപ്പുമില്ലാതെ വന്നുപോകുന്ന തുലാവർഷ മഴയെ വെല്ലുവിളിച്ച്കൊണ്ട് മഴക്കോട്ട് പോലുമില്ലാത്ത ഒരു യാത്ര.

കൊച്ചിയിൽ നിന്ന് പുറപ്പെട്ട് പോത്താനിക്കാട്, വണ്ണപ്പുറം വഴി കാറ്റാടിക്കടവ് എത്തുമ്പോൾ സമയം ഉച്ചയോടടുത്തിരുന്നു. ഉരുളൻ കല്ലുകൾ നിറഞ്ഞ കുത്തനെ കിടക്കുന്ന കാട്ടുപാതയിൽ കണ്ണും തള്ളി നിന്നെങ്കിലും വൻ കയറ്റം കയറിച്ചെന്നാൽ കണ്ണിനെ മയക്കുന്ന മായകാഴ്ചകൾ ആണെന്ന ഓർമ്മയിൽ മലകയറ്റം തുടങ്ങി. ശരീരം അനങ്ങി ജോലിചെയ്ത് ശീലമില്ലാത്ത ഞാനും വിയർപ്പിന്റെ അസുഖമുള്ള എന്റെ നല്ലപാതി ഭർത്താവും നാലടി വെച്ചപ്പോഴേക്കും തളർന്നു തുടങ്ങി. എങ്കിലും മുകളിൽ കാത്തിരിക്കുന്ന കാഴ്ച്ചയുടെ ലഹരി ഞങ്ങളെ മുന്നോട്ടു നയിച്ചു കൊണ്ടിരുന്നു. കയ്യിൽ കരുതിയിരുന്ന സ്പീക്കറിൽ നിന്ന് റഫീക്ക് അഹമ്മദിന്റെ വരികൾ കാർത്തിക്കിന്റെ സ്വരത്തിൽ ഞങ്ങൾക്കൊപ്പം ഒപ്പം ഒഴുകി നടന്നിരുന്നു.

ആയാസപ്പെട്ട് മുകളിലെത്തിയപ്പോൾ വെയിലിന്റെ കാഠിന്യം കൂടിയിരുന്നു. ആദ്യത്തെ മലയുടെ മുകളിൽ നിന്നും നോക്കുമ്പോൾ അകലെ കോടമഞ്ഞ് ഒഴുകി നടക്കുന്ന മലനിര കാണാറായി അതുകൊണ്ട് വെയിലിനെ വക വെക്കാതെ കാട്ടു ചെടികൾക്കിടയിലെ ഇടുങ്ങിയ വഴിയിലൂടെ ഇറങ്ങി നടന്നു. പൂവിതളുകൾ പോലെ പറന്നു നടക്കുന്ന ചിത്രശലഭങ്ങളുടേയും ഈർക്കിൽ തുമ്പി കളുടെയും അകമ്പടിയോടെ വളർന്നുനിൽക്കുന്ന മരങ്ങൾക്കും വള്ളികൾക്കും ഇടയിലൂടെ പാറക്കെട്ടിലും വേരുകളിലും അള്ളിപിടിച്ച് ആ മല മുകളിൽ ഞങ്ങൾ എത്തിച്ചേർന്നു.

അറിയാതെ പോലും ഒരു തുള്ളി ചൊരിയാത്ത തുലാമഴയോട് പരിഭവിച്ച് ജയചന്ദ്രന്റെ മാസ്മരികസംഗീതവും ആസ്വദിച്ച് ആകാശത്തെ വെള്ള തൂവലുകളും നോക്കി ആ പാറക്കെട്ടിൽ കിടന്നപ്പോഴേക്കും വഴിതെറ്റിവന്ന പോലൊരു മഞ്ഞുപാട കവിളിൽ തട്ടി കടന്നുപോയി, കുസൃതിയോടെ, കൊതിപ്പിച്ചു കടന്നുകളഞ്ഞ പുകമഞ്ഞിന്റെ കുളിരിൽ കാറ്റാടികടവിന്റെ സൗന്ദര്യം നുകർന്ന് ഞാൻ സ്വയം മറന്നിരുന്നു.

പിന്നെയും ഏറെ നേരം ചെലവഴിച്ച് അവിടെ നിന്ന് വിട പറയുമ്പോഴേക്കും വെയിൽ കൊണ്ട് മനസ്സും ശരീരവും ചൂട് പിടിച്ചിരുന്നു. വെയിലിനോട് വാശി തീർക്കാൻ എന്നപോലെ ആനചാടികുത്തിൽ എത്തി തുള്ളിച്ചാടുന്ന വെള്ളത്തിലേക്കിറങ്ങി നിൽക്കുമ്പോൾ ശരീരത്തിനൊപ്പം മനസും കുളിർത്തിരുന്നു. അധികം ആഴമില്ലാത്തതുകൊണ്ട് പാറക്കെട്ടിൽ നിന്നും ഒഴുകിവരുന്ന വെള്ളാരം മുത്തുകൾ ധാരപോലെ ശിരസ്സിൽ ഏറ്റുവാങ്ങുമ്പോൾ കാറ്റാടികടവിനോടുഉള്ള പരിഭവവും പോയിമറഞ്ഞിരുന്നു.

വണ്ണപ്പുറത്തെ ബിസ്മി ഹോട്ടൽ നിന്നും ബീഫ് വരട്ടിയതും കൂട്ടി നാടൻ ഊണ് കഴിച്ച് സൂര്യനെല്ലിയിലേക്ക് പായുമ്പോൾ തുലാവർഷം പടയൊരുക്കം തുടങ്ങിയിരുന്നു. കാർമേഘം മലമുകളിലെ കാഴ്ച മറയ്ക്കുമ്പോഴും മനസ്സിൽ നിറഞ്ഞു നിന്നത് കൊളുക്കുമലയിലെ തങ്കസൂര്യോദയം മാത്രമായിരുന്നു. ഗൂഗിൾ മാപ്പ് നോക്കി മുന്നോട്ടു പോകുംതോറും മഴക്കോട്ട് എടുക്കാതെ വന്നതിനു പകരംവീട്ടാൻ എന്നപോലെ തുലാമഴ ഇടയ്ക്കിടെ വെള്ളത്തുള്ളികൾ വാരി എറിയാൻ തുടങ്ങിയിരുന്നു. ഇടിവെട്ടിനെയും മിന്നലിനെയും കൂടെ കൂട്ടി ഞങ്ങൾക്ക് മുകളിൽ മഴ പെയ്തിറങ്ങുമ്പോൾ മറ്റു വഴിയില്ലാതെ മുന്നിൽ കണ്ടൊരു കള്ളുഷാപ്പിൽ അഭയം പ്രാപിച്ചു.

സത്യം പറയാല്ലോ യഥാർത്ഥ സോഷ്യലിസം കാണണമെങ്കിൽ കള്ളുഷാപ്പിൽ പോകണം എന്ന് തോന്നിപ്പോയി. കൊച്ചിയിൽ നിന്നും ഇത്ര ദൂരം ബൈക്കിൽ വന്നതുകൊണ്ടും കൂടെ ഞാൻ ഒരു പെൺകൊച്ച് ഉള്ളതുകൊണ്ടും ആകാം വിശേഷങ്ങൾ ചോദിച്ചും വഴി പറഞ്ഞു തന്നും ”കള്ളുകുടിയന്മാർ” എന്ന് പരദൂഷണക്കാർ മുദ്രകുത്തുന്ന ഒരു പറ്റം നല്ല മനുഷ്യൻ ഞങ്ങൾക്കൊപ്പം കൂടി. മഴ പോയി മാനം തെളിഞ്ഞപ്പോൾ ഞങ്ങൾ പിന്നെയും മുന്നോട്ട് പാഞ്ഞു. കോടമഞ്ഞും രാത്രിയുo പ്രണയിക്കാൻ തുടങ്ങിയപ്പോൾ ചാർജില്ലാത്ത ഫോണും വഴിതെറ്റിക്കുന്ന മാപ്പും ഞങ്ങളെ കളിയാക്കാൻ തുടങ്ങി.

സൂര്യനെല്ലിയിൽ ഞങ്ങളെ കാത്തിരിക്കുന്ന ടെന്റിനെയും മനസ്സിലോർത്ത് മനസ്സാന്നിധ്യം കൈവിടാതെ തെരുവ് വിളക്കുകളും സൈൻ ബോർഡുകളും ഇല്ലാത്ത റോഡിലൂടെ ഞങ്ങൾ മുന്നോട്ടു പോയി. ഏതൊക്കെയോ വഴിയിലൂടെ മുന്നോട്ടു പോയി പേരറിയാത്തൊരു കവലയിൽ എത്തിയപ്പോൾ എളുപ്പവഴിയും ആയി ഒരു ഹൈറേഞ്ച്കാരൻ സഹായത്തിനെത്തി അദ്ദേഹം പറഞ്ഞുതന്ന വഴിയിൽ നിന്ന് വഴിമാറി ഞങ്ങൾ വേറെ വഴിയിലേക്ക് വണ്ടി തിരിച്ചപ്പോൾ സ്വന്തം വണ്ടിയുമായി പുറകെ വന്നു ഞങ്ങൾക്ക് വഴികാട്ടിയായി.

അദ്ദേഹത്തിന് നന്ദിയും പറഞ്ഞു, ഇരുട്ടുവീണ വഴിയിലൂടെ ഞങ്ങൾ ചെന്നുപെട്ടത് ആൾതാമസം പോലും ഇല്ലാത്ത ഒരു കാട്ടുവഴിയിലും. കുത്തനെയുള്ള ഇറക്കത്തിൽ വീട്ടിലിരിക്കുന്ന അമ്മച്ചിയുടെ പ്രാർത്ഥനയാൽ ബ്രേക്ക് പിടിച്ചു നിർത്തുമ്പോൾ കണ്ടത് മുന്നിലുള്ള കുഴിയിൽ നിന്ന് ഞങ്ങൾക്ക് മുന്നേ എത്തിയൊരു യാത്രികനെ വണ്ടി ഉൾപ്പെടെ എടുത്തുയർത്താൻ സഹായിക്കുന്ന നാട്ടുകാരെയും. ഗൂഗിൾ മാപ്പ് നോക്കി തിരുവനന്തപുരത്തേക്ക് പോകാൻ ഇറങ്ങിയ മഹാനാണ് ആ കുഞ്ഞുകൊക്കയിൽ നിന്നും കരകയറുന്നത് എന്ന് അറിയാൻ കഴിഞ്ഞു.

എന്തായാലും ആചേട്ടന്മാർ തന്നെ ഞങ്ങളുടെ വണ്ടി വളക്കാൻ സഹായിച്ചും വഴി പറഞ്ഞു തന്നും യാത്രയാക്കി. പിന്നെ ആനച്ചാൽ, ബൈസൺവാലി, മുട്ടുകാട്, ചിന്നക്കനാൽ… വഴി ചോദിച്ചും പറഞ്ഞും കടത്തിണ്ണയിൽ കയറിനിന്നും നനഞ്ഞു കുളിച്ച് സൂര്യനെല്ലിയിലെത്തി. അവിടെനിന്നും മുന്നോട്ടുപോയി Yellago ഏർപ്പെടുത്തിയ ടെന്റ്ക്യാമ്പിൽ എത്തുമ്പോൾ രാത്രി ഒമ്പത് കഴിഞ്ഞിരുന്നു.

ക്യാമ്പിൽ ഉള്ളവരെ ചെറുതായി ഒന്നു പരിചയപ്പെട്ടു ഭക്ഷണവും കഴിച്ച് ട്രാവൽ ബാഗിൽ നിന്ന് നനഞ്ഞു കുതിർന്ന ഡ്രസ്സും ഇട്ട് കിടന്നപ്പോൾ 12 മണി കഴിഞ്ഞു. പക്ഷേ അപ്പോഴും ക്യാമ്പ്ഫയറും പാട്ടും ആട്ടവുമായി ക്യാമ്പ് ഉണർന്നിരുന്നു. ക്ഷീണാധിഖ്യം മൂലം ടെന്റിനു മുകളിൽ പെയ്തിറങ്ങുന്ന മഴ താളത്തിനു കാതോർത്ത് ഞങ്ങൾ ആ കുഞ്ഞു കൂട്ടിൽ തല ചായ്ച്ചു.

പല്ല് കൂട്ടിയിടിക്കുന്ന തണുപ്പിലും വെളുപ്പിന് മൂന്നുമണിക്ക് തന്നെ എണീറ്റ് കൊളുക്കുമല കയറാൻ ഞങ്ങൾ തയ്യാറായി ഇറങ്ങി. ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം എത്തിച്ചേർന്ന അശോകൻ ചേട്ടന്റെ ജീപ്പിൽ കയറി ഞങ്ങൾ മലകയറ്റം തുടങ്ങി. ഉരുളൻകല്ലുകൾ കുത്തനെ കൂട്ടിയിട്ടിരിക്കുന്ന പാതയിലൂടെ 4×4 ജീപ്പ് പായിച്ച് അശോകൻ ചേട്ടൻ തന്റെ വൈദഗ്ധ്യം തെളിയിച്ചു.

ഒന്നര മണിക്കൂർ യാത്രയ്ക്കുശേഷം മല മുകളിലെത്തിയപ്പോൾ വയറ്റിൽ കിടക്കുന്ന കുടലുവരെ കുലുങ്ങിക്കുലുങ്ങി ഒരു പരുവമായിരുന്നു. എങ്കിലും ക്ഷീണം മറന്ന് മുന്നേ നടക്കുന്ന സഞ്ചാരികളെ പിൻതുടർന്ന് കാട്ടുചെടികൾക്കിടയിലൂടെ ഇരുട്ട് വീണ വഴിയിൽ നടക്കുമ്പോൾ മായ കാഴ്ചകളേക്കാൾ പ്രിയപ്പെട്ടതെന്തോ കാണാനുള്ള ആവേശമായിരുന്നു ഉള്ളിൽ.

സഞ്ചാരികളുടെ തിരക്ക് ഉണ്ടെങ്കിലും മലമുകളിലെ സൂര്യോദയത്തിനായുള്ള കാത്തിരിപ്പിനും ഇളം കാറ്റിന്റെ സുഖമുണ്ടായിരുന്നു. അല്പാല്പമായി വെളിച്ചം വീണു തുടങ്ങിയപ്പോൾ, ഒരു വശത്ത് തല ഉയർത്തി നില്ക്കുന്ന മലനിരകളും അടിവാരത്തെ തേയില തോട്ടങ്ങളും കൺമുന്നിൽ തെളിഞ്ഞു വന്നു. പൊൻവെട്ടം മലയിറങ്ങിവന്നിട്ടും സൂര്യൻ നിദ്ര വിട്ടെത്തിയിട്ടുണ്ടായിരുന്നില്ല. പിന്നെയും കാത്തിരുന്നപ്പോഴാണ് സ്വർണ്ണതളിക ആ പൊൻ വെളിച്ചത്തിനുള്ളിൽ നിന്നും ദർശനം നൽകിയത്. പഞ്ഞിക്കെട്ടുപോലുള്ള മേഘസമുദ്രം കാണാൻ കൊതിയുണ്ടായിരുന്നെങ്കിലും പുകമഞ്ഞ് മാത്രം കണ്ട് തൃപ്തി അടയേണ്ടിവന്നു. ഒരു പക്ഷേ അതു കാണാനുള്ള യോഗം മറ്റേതെങ്കിലും മലമുകളിൽ നിന്നായിരിക്കും.

പുലിപ്പാറയെ കയ്യെത്തിപ്പിടിച്ച് ഒരു ഫോട്ടോയും പകർത്തി മലയിറങ്ങി. കൊളുക്കുമലയിലെ തേയില ഫാക്ടറിയിൽ കയറി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഓർഗാനിക്ക് Tea Garden ൽ നിന്ന് സ്വർണ്ണ നിറമുള്ള ചായ കുടിച്ചപ്പോൾ തോന്നി കുറച്ച് തേയില വാങ്ങി കൊണ്ടു പോയാലോ എന്ന്. വീടിന്റെ ഉമ്മറത്ത് അറബിക്കടലിൽ നിന്നടിക്കുന്ന പടിഞ്ഞാറൻ കാറ്റും കൊണ്ട് ചായ കുടിക്കുന്നതാലോചിച്ചപ്പോൾ ഒരു സുഖമൊക്കെ തോന്നിയെങ്കിലും വേണ്ടാന്നു വെച്ചു. അങ്ങനെ ഈ ചായയുടെ രുചി അറിയണമെന്നു തോന്നുമ്പോൾ ഇനിയും വരാല്ലോ എന്നോർത്ത് ഈ യാത്രയും അവസാനിപ്പിച്ച് ഞങ്ങൾ തിരിച്ചിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post