കേരളത്തിലെ സാധാരണക്കാരൻ്റെ വാഹനം എന്ന വിളിപ്പേരുള്ളത് വേറാർക്കുമല്ല നമ്മുടെ സ്വന്തം ഓട്ടോറിക്ഷയ്ക്ക് ആണ്. പഴയകാലത്തെ തുള്ളിച്ചാടി ഓടുന്ന ‘ലാമ്പി’ എന്ന ലാംബ്രട്ട മോഡലുകളിൽ നാം കണ്ടു ശീലിച്ച ഓട്ടോറിക്ഷ പിന്നീട് പല രൂപഭാവങ്ങളിലും നിരത്തിലിറങ്ങി. കൂടുതലാളുകൾക്ക് സഞ്ചരിക്കുവാൻ സാധിക്കുന്ന ആപ്പേ മോഡൽ ആയിരുന്നു അവസാനമായി വിജയിച്ച ഓട്ടോറിക്ഷ മോഡൽ. ഇപ്പോഴിതാ കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് മോഡൽ ഓട്ടോറിക്ഷ നിരത്തിലിറങ്ങുവാൻ പോകുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം ജനങ്ങളെ അറിയിച്ചിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോ മൊബൈല്‍ ലിമിറ്റഡ് നിര്‍മ്മിച്ച ഇ – ഓട്ടോ സിഎംവിആര്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി പോസ്റ്റിൽ സൂചിപ്പിക്കുന്നുണ്ട്. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചാല്‍ ഇ – ഓട്ടോ ഉടൻതന്നെ വിപണിയില്‍ എത്തിക്കും.

സംസ്ഥാനസര്‍ക്കാറിന്റെ ഇ – വെഹിക്കിള്‍ നയത്തിന്റെ അടിസ്ഥാനത്തിലാണ് വായു മലിനീകരണവും ശബ്ദമലിനീകരണവും കുറഞ്ഞ ഇ – ഓട്ടോയ്ക്ക് രൂപം നല്‍കിയത്. ഒരു കിലോ മീറ്ററിന് അമ്പത് പൈസയില്‍ താഴെ മാത്രമേ ചെലവു വരൂ എന്നതാണ് ഇ- ഓട്ടോയുടെ പ്രത്യേകത. ഒരു പ്രാവശ്യം പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്താല്‍ നൂറ് കിലോ മീറ്റര്‍ വരെ യാത്ര സാധ്യമാകും. മൂന്ന് മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്യാനും സാധിക്കും. സ്റ്റാന്റുകളിലും മറ്റും ചാര്‍ജ്ജിംഗ് സംവിധാനം ഒരുക്കിയാല്‍ തടസങ്ങളില്ലാതെ ഓട്ടം സാധ്യമാക്കാം. ഇതിനായി സോളാർ മേൽക്കൂരയുള്ള ഓട്ടോസ്റ്റാന്റുകൾ സ്ഥാപിച്ച് ചാർജിംഗ് പോയിന്റും സ്ഥാപിച്ചാൽ മതിയാകും എന്നാണു വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. മണിക്കൂറിൽ 55 കി.മീ. ആണ് ഇ – ഓട്ടോയുടെ പരമാവധി വേഗത. ഇതിന്റെ ഭാരമാകട്ടെ 295 കിലോയും.

ഇലക്ട്രിക് ഓട്ടോറിക്ഷയുടെ വില എത്രയായിരിക്കും എന്നതിന് യാതൊരു സൂചനകളും ഔദ്യോഗികമായി കമ്പനി പുറത്തു വിട്ടിട്ടില്ല. എന്നിരുന്നാലും ഏകദേശം രണ്ടു ലക്ഷം രൂപയോളം ഇതിനു വില വരുവാൻ സാധ്യതയുണ്ടെന്നാണു വിദഗ്ദ്ധരുടെ നിഗമനം. അതോടോപ്പം തന്നെ വൈദ്യുത വാഹനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന 30,000 രൂപ സബ്‌സിഡി കേരളത്തിന്റെ ‘ഇ-ഓട്ടോ’യിലും ഉപഭോക്താക്കള്‍ക്ക് നേടാന്‍ കഴിയും.

സംസ്ഥാനസര്‍ക്കാറിന്റെ പുതിയ വൈദ്യുതി നയത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഇനി ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് മാത്രമെ പുതിയ പെര്‍മിറ്റ് ലഭിക്കുകയുള്ളൂ. ഈ ഉത്തരവ് പ്രകാരമുള്ള വിപണി സാധ്യതകളെ മുൻനിർത്തിയാണ് കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് ഇ – ഓട്ടോകളുമായി വിപണിയിലേക്ക് ചുവടുവെയ്ക്കുന്നത്. അഞ്ചു മാസം കൊണ്ടു തന്നെ ഇ – ഓട്ടോ സജ്ജമാക്കാന്‍ കേരളാ ഓട്ടോ മൊബൈല്‍സ് ലിമിറ്റ‍‍ഡിന് കഴിഞ്ഞു. ഇലക്ട്രിക് വാഹന വികസനത്തിനു വേണ്ടി കേരളാ ഓട്ടോമൊബൈല്‍സിന് കഴിഞ്ഞ ബജറ്റില്‍ 10 കോടി രൂപ നീക്കി വെച്ചിരുന്നു. ഇത് ഉപയോഗിച്ച് കൂടുതല്‍ ഇലക്ട്രിക് ഓട്ടോ രംഗത്തിറക്കാനാണ് തീരുമാനം.

എന്തായാലും പുക മലനീകരണവും ശബ്ദമലിനീകരണവും ഇല്ലാത്ത വാഹനങ്ങളുമായി നമ്മുടെ കേരളം എല്ലാവർക്കും മാതൃകയായി മാറട്ടെ..

വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട് – മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.