എഴുത്ത് – Shanil Muhammed.

ജോലി സംബന്ധമായി യാത്രകൾ ഒഴിച്ച് കൂടാനാവാത്ത എനിക്ക്, പെട്ടെന്ന് തീരുമാനിച്ചു പുറപ്പെടുന്ന യാത്രകൾ മിക്കവാറും റോഡ് മാർഗം ആയിരിക്കും. പതിവ് പോലെ നീണ്ട അവധിക് ശേഷമുള്ള തിരക്കുള്ള തിങ്കളാഴ്ച (last Monday) ഉച്ചയോടു കൂടി ഒരു യാത്ര കൂടി ഉടൻ ചാർട്ട് ആകുന്നു. ജോലി എല്ലാം എടുപിടീന്ന് തീർത്തു 4 മണിയോട് കൂടി സാരഥിയേയും കൂട്ടി പുറപ്പെടുമ്പോ ആകാശത്തു മഴമേഘങ്ങൾ കൂട് കൂട്ടാൻ തുടങ്ങിയിരുന്നു.

സ്ഥിരം പേടി സ്വപ്നമായ കുതിരാൻ ലെ ബ്ലോക്ക് പ്രതീക്ഷിച്ചു ചെന്ന ഞങ്ങൾക്ക് ഒരുപാട് നാൾക്ക് ശേഷം ബ്ലോക്കും തിരക്കും ഇല്ലാതെ സുഗമമായി കുതിരാൻ കടക്കാൻ സാധിച്ചു. റോഡ് എല്ലാം ടാർ ചെയ്ത് കുഴിയെല്ലാം അടച്ചു സുന്ദരമാക്കിയതിനു നമ്മുടെ മന്ത്രി സുധാകരൻ സാറിന് മനസ്സിൽ നന്ദി ചൊല്ലി മല ഇറങ്ങി. വടക്കചേരി എത്തിയപ്പോൾ മുതൽ ആകാശത്തു കൂടു കൂട്ടിയിരുന്ന മഴ മേഘങ്ങൾ ഭൂമിയിലേക്ക് ഇറങ്ങി വന്നു ഞങ്ങളെ അനുഗ്രഹിച്ചു. കുറെ ദൂരം ഇടിയും മിന്നലും അകമ്പടി തീർത്ത സുന്ദര മഴ യാത്ര ശെരിക്കും ഞങ്ങളെ തണുപ്പിച്ചു.

വാളയാർ ബോർഡർ കഴിഞ്ഞതും ഉണങ്ങി ചെമ്പിച്ചു കാണേണ്ട റോഡ് വക്കുകളും മരങ്ങളും പച്ചപ്പിൽ കുളിച്ചു സുന്ദരമായിത്തന്നെ നിലകൊണ്ടത് കണ്ണിന് കുളിർമയേകി. നമുക്ക് കിട്ടിയ മഴയുടെ ബാക്കി അടുത്ത ദിവസങ്ങളിൽ തമിഴ് നാടിനും കുറച്ചു കിട്ടി എന്ന് തോന്നുന്നു. റോഡ് വക്കിൽ എല്ലാം ആ തണുപ്പ് പ്രകടമായിരുന്നു. കോയമ്പത്തൂരും അവിനാഷിയും തിരുപ്പൂരും ഭവാനിയും ശങ്കരിയും കടന്ന് സേലം ശരവണ ഭവനിൽ എത്തിച്ചേരുമ്പോ ഫിൽറ്റർ കോഫിയുടെ മണം ചെറുതായി മൂക്കിൽ അടിച്ചു തുടങ്ങിയിരുന്നു.

ഫിൽറ്റർ കോഫിയുടെയും ചോളാ പൂരിയുടെയും ബലത്തിൽ ധര്മപുരിയും കൃഷ്ണഗിരിയും ഹൊസൂർഉം താണ്ടി ബാംഗ്ലൂർ സിറ്റിയിൽ പ്രവേശിച്ചപ്പോ സിറ്റിയുടെ തിരിക്കിന് നല്ല ശമനമായിരുന്നു. സുന്ദരമായ, തട്ടു തടസ്സങ്ങളില്ലാത്ത 550 കിലോമീറ്റർ യാത്ര അന്ന് സമ്മാനിച്ചത് സുഖ നിദ്രയായിരുന്നു.

രണ്ടു ദിവസത്തെ തിരക്ക് ജോലികൾക്ക് ശേഷം വൈകിട്ടോടു കൂടി അടുത്ത ഡെസ്റ്റിനേഷൻ ആയ ചെന്നൈ പട്ടണത്തിലേക്ക് പുറപ്പെട്ടു. പ്രതീക്ഷിച്ച ബ്ലോക്കും തിരക്കും ഇല്ലാതെ സാവധാനം കൃഷ്ണഗിരി ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി. നല്ല മാങ്ങകൾക്ക് പേരുകേട്ട കൃഷ്ണഗിരിയിൽ നിന്നും ചെന്നൈ ഹൈവേ യിലേക്ക് തിരിഞ്ഞ ശേഷം, ബിരിയാണി മണമുള്ള അമ്പൂരും ( സ്റ്റാർ, ആമ്പൂർ എന്നീ ബ്രാൻഡിൽ ബിരിയാനികൾക്ക് പേരുകേട്ട സ്ഥലമാണ് ആംബുർ ) പട്ടിനും കസവിനും പേര്കേട്ട കാഞ്ചിപുരവും, മെഡിക്കൽ രംഗത്ത് പേരുകേട്ട വെല്ലൂരും വാഹന നിർമ്മാണ രംഗത്തു പേരുകേട്ട ശ്രീ പെരുമ്പത്തൂരും പിന്നിട്ട് ഏകദേശം 350 കിലോമീറ്റർ ആയിരുന്നു ഞങ്ങൾ പുറപ്പെട്ടിട്ട്.

രാജീവ് ഗാന്ധി വധിക്കപ്പെട്ട ശ്രീ പെരുമ്പത്തൂരിലെ സ്മാരകത്തിന് മുന്നിൽ കൂടി കടന്നു പോകുമ്പോൾ എന്നത്തേയും പോലെ അന്നും മനസ്സ് ഒരു നിമിഷം നിശ്ചലമായി. മുൻ തമിഴ്‌ നാടു മുഖ്യ മന്ത്രി ജയലളിത കോടതി, കേസ് എന്നീ കാര്യങ്ങൾക്ക് ബാംഗ്ലൂർ പോകാൻ വേണ്ടി ഉണ്ടാക്കിയിട്ടിരിക്കുന്ന ആറുവരിപ്പാത എന്ന് പലപ്പോഴായി പലരും ഞങ്ങളോട് പറഞ്ഞിരുന്നു ഈ വഴിയെപ്പറ്റി. അത്രമേൽ മനോഹരമായ റോഡ് അനുഭവമായിരുന്നു ബാംഗ്ലൂർ – ചെന്നൈ ഞങ്ങൾക്ക് നൽകിയത്. ഞങ്ങൾ ഹോട്ടലിൽ എത്തിയപ്പോഴേക്കും 10 മണി കഴിഞ്ഞിരുന്നു.

രണ്ടു ദിവസത്തെ ഓഫീസ് തിരക്കിൽ നിന്ന് ഊളിയിട്ട് ചെന്നൈ വിടുമ്പോ ഉച്ച ആയിരുന്നു. താംബരത്തിലെ തിരക്കും, ചെങ്കൽപെട്ടും, തിണ്ടിവനവും, വില്ലുപുരവും കടന്ന്, യാതൊരു മുൻവിധികളോ ഗതാഗത നിയമങ്ങൾ ഒന്നുപോലും പാലിക്കാത്ത വളരെ മോശം ട്രാഫിക്കും കടന്ന് ഉള്‌ന്ദൂർപെട്ട് എത്താൻ നല്ല സമയം എടുത്തു. സേലം ലക്ഷ്യമാക്കി തിരിഞ്ഞ ശേഷം സുഗമമായി യാത്ര മുന്നോട്ട് പോയി.

കിലോമീറ്റര് നീളുന്ന പാതക്കിരുവശവും കൃഷി ഭൂമികളും തരിശു സ്ഥലങ്ങളും അധ്വാനിക്കുന്ന കർഷകരും കന്നു മാടുകളും എല്ലാം കാഴ്ചക്ക് വസന്തമൊരുക്കി. ചെന്നൈ നഗരത്തിന്റ പകിട്ടും പത്രാസും ഒന്നും ബാധിക്കാത്ത തമിഴ് നാടിന്റ ഉൾപ്രദേശത്തു കൂട്ടിയുള്ള യാത്ര നമുക്ക് സമ്മാനിക്കുന്ന അനുഭവം ഒന്ന് വേറെ തന്നെ ആണ്. പതിവ് പോലെ സേലം കോയമ്പത്തൂർ റോഡ് കേറി എറണാകുളം ലക്ഷ്യമാക്കി ഞങ്ങൾ ഓടി. എത്രയും വേഗം നാട് പിടിക്കാനുള്ള ലക്ഷ്യവുമായി.

കുഴപ്പമില്ലാതെ വാളയാറും കുതിരാനും കഴിഞ്ഞു കഴിഞ്ഞു പതിവ് സ്പോട് ആയ തൃശൂർ ടോൾ പ്ലാസ ക്കടുത്തുള്ള ഷിബുവിന്റെ തട്ടുകടയിൽ നിന്ന് പൊടിക്കട്ടൻ അടിക്കുമ്പോൾ ഏകദേശം 1600 കിലോമീറ്റർ കഴിഞ്ഞിട്ടുണ്ടാരുന്നു അന്നേക്ക് യാത്ര പുറപ്പെട്ടിട്ട്. ” ഏതൊക്കെ സ്റ്റാർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചാലും ഷിബുവിന്റെ തട്ടുകടയിലെ ഭക്ഷണത്തോളം തൃപ്തി മനസ്സിന് വരില്ല ” എന്ന് ഷിബുവിനെ പറ്റി എന്നും പറയുന്ന ഡയലോഗ് വീണ്ടും ഒന്നുകൂടി സാരഥിയോട് പറഞു അവിടുന്ന് എഴുന്നേറ്റ് വീട് ലക്ഷ്യമാക്കി നീങ്ങി. ഏകദേശം 55 കിലോമീറ്റർ കൂടി….

യാത്രയെ ഗാഡമായി പ്രണയിക്കുന്ന, അതിൽ തന്നെ റോഡ് യാത്രയെ ഇത്രമേൽ ഇഷ്ടപ്പെടുന്ന എനിക്ക്, പിന്നിടുന്ന ഓരോ ദൂരവും, കണ്ടു തീർക്കുന്ന ഓരോ കാഴ്ചകളും വീണ്ടും വീണ്ടും യാത്ര ചെയ്യാനുള്ള പ്രേരണ പിന്നെയും പിന്നെയും കൂട്ടി കൊണ്ടിരിക്കുന്നു.ഓരോ യാത്രയും, അത് ബിസിനസ് എന്നോ വിനോദം എന്നോ വേർതിരിവില്ലാതെ, എന്നെ സംബന്ധിച്ചു എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ അടങ്ങിയ പ്ലേ ലിസ്റ്റ് പോലെ, അടുത്ത അടുത്ത ഗാനത്തിനായി, സന്തോഷത്തോടെ ഞാൻ കാത്തു കാത്തിരിക്കുന്നു.

പിന്നിട്ട ദൂരങ്ങൾ മനസ്സിന്റെ പുസ്തകത്താളിൽ ഭദ്രമായി അടച്ചു സൂക്ഷിച്ചുകൊണ്ട്, അടുത്തടുത്ത ഗാനത്തിനായി വീണ്ടും മനസ്സിനെ തയ്യാറാക്കി കൊണ്ട് വീണ്ടും വീണ്ടും…കാരണം പ്രണയമാണ് യാത്രകളോട് ….. 💝

NB : രാത്രി ഒരു മണി മുതൽ സൂര്യൻ ഉദിക്കുന്നത് വരെ ഉള്ള സമയത്തെ ഡ്രൈവിംഗ് ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കുന്നതല്ല.

LEAVE A REPLY

Please enter your comment!
Please enter your name here