Photo © Kochi Metro

കൊച്ചി മെട്രോ യാത്രികർക്ക് സഹായകമാകാൻ വേണ്ടി പുറത്തിറക്കിയതാണ് എടിഎം മാതൃകയിലുള്ള ‘കൊച്ചി വൺ കാർഡ്.’ മെട്രോയിലെ സ്ഥിര യാത്രക്കാരെ ഉദ്ദേശിച്ചാണ് ഇത്തരമൊരു സംവിധാനം കൊണ്ടുവന്നത്. 150 രൂപ നൽകി മെട്രോ സ്റ്റേഷനുകളിൽ നിന്നും കൊച്ചി വൺ സ്മാർട് കാർഡ് കൈപ്പറ്റാം. ഓരോ യാത്രയ്ക്കും ഈ കാർഡ് സ്വൈപ്പ് ചെയ്ത് ഉപയോഗിക്കാം. മാത്രമല്ല ബാങ്കിൽ നിന്നും പണം പിൻവലിക്കൽ ഒഴികെ ഷോപ്പിംഗ് അടക്കം എല്ല കാര്യങ്ങൾക്കും ഈ കാർഡ് റീച്ചാർജ്ജ് ചെയ്ത് ഉപയോഗിക്കാം. ആക്‌സിസ് ബാങ്കിന്റെ നേതൃത്വത്തിലാണ് കൊച്ചി വണ്‍ സ്മാര്‍ട്ട് കാര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്.

മെട്രോ യാത്രയ്ക്കായി പുറത്തിറക്കിയ ഈ കൊച്ചി വൺ കാർഡ് ഇനി മുതൽ കൊച്ചിയിലെ സ്വകാര്യ ബസ്സുകളിൽ യാത്ര ചെയ്യുവാനും ഉപയോഗിക്കാം. മെട്രോയുടെ ഭാഗമായി രൂപീകരിച്ച ബസ് കൂട്ടായ്മയ്ക്ക് കീഴിലുള്ള ബസ്സുകളിൽ കഴിഞ്ഞ ദിവസം മുതൽ കാർഡ് സ്വീകരിച്ചു തുടങ്ങി. സ്വകാര്യ ബസ്സുകളുമായി ചേർന്ന് കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (KMTC), പെര്‍ഫെക്ട് ബസ് മെട്രോ സര്‍വീസസ്, കൊച്ചി വീല്‍സ് യുണൈറ്റഡ്, മൈ മെട്രോ, മുസിരിസ്, പ്രതീക്ഷ ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍, ഗ്രേറ്റര്‍ കൊച്ചിന്‍ ബസ് ട്രാന്‍സ്‌പോര്‍ട്ട് എന്നിങ്ങനെ ഏഴു കൂട്ടായ്മകളാണ് കൊച്ചി മെട്രോ രൂപീകരിച്ചിരിക്കുന്നത്. ഈ കൂട്ടായ്മകൾക്ക് കീഴിലായി ഏകദേശം 980 ഓളം ബസ്സുകളാണുള്ളത്. തുടക്കത്തിൽ നൂറോളം സിറ്റി ബസ്സുകളിലാണ് ഈ സൗകര്യം നിലവിൽ വന്നിരിക്കുന്നത്. ബാക്കിയുള്ള ബസ്സുകളിൽ ഘട്ടം ഘട്ടമായി ഈ സംവിധാനം കൊണ്ടുവരും. കാര്‍ഡുകള്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി ബസുകളിലെല്ലാം ജി.പി.എസ്. ഘടിപ്പിക്കല്‍ പൂര്‍ത്തിയായി.
ബസ് സമയവിവരങ്ങളും മുന്‍കൂട്ടി യാത്ര ആസൂത്രണം ചെയ്യുന്നതിനുള്ള സൗകര്യവുമെല്ലാം ഇതുവഴി യാഥാര്‍ത്ഥ്യമാകും. കൊച്ചി വണ്‍ ആപ്ലിക്കേഷനിലൂടെ യാത്രയെ സംബന്ധിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ മൊബൈലില്‍ കിട്ടും.

കാർഡുമായി യാത്ര ചെയ്യുന്നവർ ബസ്സിൽ കയറിയാൽ ടിക്കറ്റ് തുക പണമായി നൽകുന്നതിനു പകരം കണ്ടക്ടറുടെ പക്കൽ ഈ കാർഡ് നൽകിയാൽ മതി. ഇതിനായുള്ള പ്രത്യേക ടിക്കറ്റ് മെഷീനുകൾ ഈ സൗകര്യം നിലവിലുള്ള ബസ്സുകളിൽ നൽകിയിട്ടുണ്ട്. യാത്രക്കാർക്ക് സഞ്ചരിക്കേണ്ട റൂട്ട് (From – To) തിരഞ്ഞെടുത്തതിനു ശേഷം കണ്ടക്ടർ കാർഡ് വാങ്ങി മെഷീനിൽ സ്വൈപ്പ് ചെയ്യുമ്പോൾ ടിക്കറ്റ് നിരക്ക് എത്രയാണോ അത്രയും തുക കാർഡിലെ ബാലൻസിൽ നിന്നും കുറയും. ഒപ്പം തന്നെ മെഷീനിൽ നിന്നും യാത്രക്കാർക്ക് പ്രിന്റഡ് ടിക്കറ്റ് ലഭിക്കുകയും ചെയ്യും. ഈ സൗകര്യം മൂലം ചില്ലറയെ ചൊല്ലിയുള്ള തർക്കങ്ങളും പരാതികളുമൊന്നും ഇനി ബസ്സിൽ ഉണ്ടാകുകയില്ല. കണ്ടക്ടറും ഹാപ്പി, യാത്രക്കാരും ഹാപ്പി. മെട്രോയിലെ യാത്രയ്ക്കായി ഇതുവരെ 20,000 പേര്‍ കൊച്ചി വണ്‍ കാര്‍ഡുകള്‍ വാങ്ങിയിട്ടുണ്ട്. ബസ് യാത്രയ്ക്കു കൂടി കാർഡ് ഉപയോഗിക്കാമെന്ന നില വരുന്നതോടെ കാർഡ് ഉപയോക്താക്കളുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ.

നിലവിൽ ഈ കാർഡ് ഉപയോഗിക്കുന്നവർക്ക് കൊച്ചി മെട്രോയിൽ യാത്ര ചെയ്യുമ്പോൾ 20 % ഇളവ് ലഭിക്കുന്നുണ്ട്. കാർഡിലെ തുക കുറയുന്നതനുസരിച്ച് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് യാത്രക്കാർക്ക് ടോപ്പ് അപ്പ് റീചാർജ്ജ് ചെയ്യാവുന്നതുമാണ്. സ്വകാര്യ ബസ്സുകൾക്ക് പുറമെ കെഎസ്ആർടിസി സിറ്റി ബസ്സുകൾ, ഓട്ടോറിക്ഷകൾ തുടങ്ങിയവയിലും കൊച്ചി വൺ കാർഡ് ഉപയോഗിച്ചു യാത്ര ചെയ്യുവാനുള്ള സൗകര്യം വരുത്തുവാൻ പദ്ധതിയുണ്ട്. കൂടാതെ ഭാവിയിൽ വരുന്ന വാട്ടർ മെട്രോയിലും ഇതേ കാർഡ് തന്നെ ഉപയോഗിക്കുവാനും സാധിക്കും. തിരഞ്ഞെടുത്ത റസ്റ്ററന്റുകളില്‍ കൊച്ചി വണ്‍കാര്‍ഡ് ഉപയോഗിച്ച്‌ 15% ഇളവുനേടാം. വര്‍ഷത്തില്‍ 8 പ്രാവശ്യം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ലോഞ്ചില്‍ കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ചു പ്രവേശിക്കാം. ചുരുക്കിപ്പറഞ്ഞാൽ കാർഡിന്റെ പേരു പോലെ തന്നെ കൊച്ചിയിൽ മൊത്തം കാര്യങ്ങൾക്കും ഈ ഒരൊറ്റ കാർഡ് ഉപയോഗിക്കുവാൻ സാധിക്കും. അതാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നതിന്റെ പ്രധാന ലക്ഷ്യവും.

LEAVE A REPLY

Please enter your comment!
Please enter your name here