ഇന്ത്യയ്ക്കകത്ത് ധാരാളം യാത്രകള്‍ പോയിട്ടുണ്ടെങ്കിലും ഒരു ഇന്‍റര്‍നാഷണല്‍ ട്രിപ്പ് എന്നും എന്‍റെ ഒരു സ്വപ്നമായിരുന്നു.  അങ്ങനെയിരിക്കെയാണ് അപ്രതീക്ഷിതമായി കളമശ്ശേരിയിലെ റോയല്‍ സ്കൈ ഹോളിഡേയ്സ് എന്ന ട്രാവല്‍ ഏജന്‍സി മുഖേന ഒരു തായ് ലാന്‍ഡ്‌ ട്രിപ്പ് തരപ്പെടുന്നത്.

കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നും തായ്‌ലാന്‍ഡിന്‍റെ തലസ്ഥാനമായ ബാങ്കോക്കിലേക്ക് ദിവസേന എയര്‍ ഏഷ്യയുടെ വിമാന സര്‍വ്വീസ് ലഭ്യമാണ്. പോകുവാനും തിരിച്ചു വരാനുമുള്ള വിമാന ടിക്കറ്റ്, On Arrival വിസയ്ക്കുള്ള ആപ്ലിക്കെഷന്‍ ഫോം, ഹോട്ടല്‍ ബുക്കിംഗിന്‍റെ വിവരങ്ങള്‍ മുതലായവ ട്രാവല്‍ ഏജന്‍സി എനിക്ക് ഇ മെയില്‍ അയച്ചു തന്നു. വിസ ആപ്പ്ളിക്കേഷന്‍ ഫോമില്‍ ഒട്ടിക്കുന്നതിനായി ഒരു പാസ്‌പോര്‍ട്ട്‌ സൈസ് ഫോട്ടോ ആവശ്യമാണ്‌. അതും വെളുത്ത പശ്ചാത്തലത്തിലായിരിക്കണം ഫോട്ടോ.

അങ്ങനെ യാത്രയുടെ ദിവസം വന്നെത്തി. വെളുപ്പിനു 12.45 നു ആയിരുന്നു ഫ്ലൈറ്റ്. എയര്‍ ഏഷ്യയുടെ കൌണ്ടറില്‍ ചെക്ക് ഇന്‍ ചെയ്യുന്നതിനു മുന്‍പായി ഇന്ത്യന്‍ രൂപ തായ് ബാത്ത് ആയി മാറ്റണമായിരുന്നു. കാരണം On Arrival വിസയ്ക്ക് 2000 തായ്‌ ബാത്ത് (4000 ത്തോളം ഇന്ത്യന്‍ രൂപ)  ചിലവു വരും. അത് നമ്മുടെ കയ്യില്‍ നിന്നും തന്നെ അടയ്ക്കണം. കൂടാതെ ഇരുപതിനായിരം തായ് ബാത്ത് അവിടെ ചിലവാക്കുന്നതിനായി നമ്മുടെ കൈവശം വേണം എന്നും നിയമം ഉണ്ട്. അങ്ങനെ ആവശ്യമുള്ള ഇന്ത്യന്‍ രൂപ ഞാന്‍ തായ് ബാത് ആക്കി മാറ്റി. കൊച്ചി എയര്‍പോര്‍ട്ടിലെ SBI കറന്‍സി എക്സ്ചേഞ്ച്‌ വഴി രൂപ മാറുന്നതാണ് ഉത്തമം.

കറന്‍സിയെല്ലാം മാറിക്കഴിഞ്ഞ് നേരെ ഇമിഗ്രേഷന്‍ ചെക്കിംഗ് കൌണ്ടറിലേക്കാണ് പോകേണ്ടത്. അവിടെ നമ്മുടെ പാസ്സ്പോര്‍ട്ട്‌, എയര്‍ ടിക്കറ്റ് മുതലായവ പരിശോധിച്ച ശേഷം ഇന്ത്യയില്‍ നിന്നും പുറത്തു കടന്നു എന്ന സീല്‍ പാസ്സ്പോര്‍ട്ടില്‍ പതിക്കും. ഞാന്‍ ക്യൂ നിന്നിരുന്ന കൌണ്ടറില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ വളരെ സൌമ്യനായാണ് കാണപ്പെട്ടത്. ഓരോ യാത്രക്കാരോടും അദ്ദേഹം കുശലം ചോദിക്കുന്നുമുണ്ടായിരുന്നു.

ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ബാഗേജ് ചെക്കിംഗ് ആയിരുന്നു. ലാപ്ടോപ്‌, മൊബൈല്‍ മുതലായവ പ്രത്യേക ട്രേയില്‍ പരിശോധനയ്ക്കായി കടത്തിവിടണം. എല്ലാ പരിശോധനയും കഴിഞ്ഞു ഞാന്‍ നേരെ മുകളിലത്തെ ലോഞ്ചില്‍ എത്തി. വിമാനത്തിലേക്കുള്ള ബോര്‍ഡിംഗ് സമയം വരെ ഞാന്‍ അവിടെ ചെലവഴിച്ചു.

അവസാനം എന്‍റെ വിമാനത്തിന്‍റെ ബോര്‍ഡിംഗ് ആരംഭിച്ചതായി അന്നൌണ്സ്‌മെന്റ് വന്നു. ടിക്കറ്റ് പരിശോധനയ്ക്ക് ശേഷം ഞാന്‍ ഗേറ്റിലൂടെ വിമാനത്തിലേക്ക് നടന്നു. അതാ ചുവന്ന നിറവും പൂശി എന്നെയും കാത്ത് എയര്‍ഏഷ്യ വിമാനം കിടക്കുന്നു. പുഞ്ചിരിയോടെ എയര്‍ഹോസ്റ്റസുമാര്‍ എല്ലാവരെയും സ്വീകരിച്ചു.

വിമാനം ഫുള്‍ ആയിരുന്നു. ഭൂരിഭാഗം യാത്രക്കാരും മലയാളികള്‍… വിമാനത്തില്‍ കയറിയതോടെ മലയാളികള്‍ തനി സ്വഭാവം കാണിച്ചു തുടങ്ങി. എയര്‍ഹോസ്റ്റസുമാരെ കമന്റ് അടിക്കുക, അവരുടെ ഫോട്ടോ എടുക്കുക തുടങ്ങി ഭയങ്കര ബഹളം… വിമാനം ടേക്ക് ഓഫിനായി റണ്‍വെയിലേക്ക് നീങ്ങുമ്പോഴും ചിലര്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് നടക്കുന്നുണ്ടായിരുന്നു. അവരെയെല്ലാം തല്‍സ്ഥാനത്ത് ഇരുത്താന്‍ എയര്‍ഹോസ്റ്റസുമാര്‍ക്ക് നന്നേ കഷ്ടപ്പെടേണ്ടി വന്നു.

കൃത്യ സമയത്തുതന്നെ വിമാനം ടേക്ക് ഓഫ്‌ ചെയ്തു. വിമാനജീവനക്കാര്‍ എല്ലാ യാത്രക്കാര്‍ക്കും തായ്ലാന്‍ഡ്‌ ഇമിഗ്രേഷന്‍ വകുപ്പിന്‍റെ ഒരു ഫോം ഊരിപ്പിക്കാന്‍ നല്‍കി. അത് വിമാനത്തില്‍ ഇരുന്നു തന്നെ ഞാന്‍ പൂരിപ്പിച്ചു. ഇമിഗ്രേഷന്‍ ക്ലിയറന്സുകള്‍ക്ക് ഈ ഫോം അത്യാവശ്യമായതിനാല്‍ എല്ലാവരും ഇത് വളരെ ഭദ്രമായി സൂക്ഷിക്കണം എന്ന മുന്നറിയിപ്പ് ട്രാവല്‍ ഏജന്‍സി എനിക്ക് ആദ്യമേ നല്‍കിയിരുന്നു.

പതിയെ മറ്റു യാത്രക്കാരെപ്പോലെ ഞാനും ഉറക്കത്തിലേക്ക് വഴുതി വീണു. അഞ്ചു മിനിട്ടിനകം ബാങ്കോക്കില്‍ ഇറങ്ങും എന്ന പൈലറ്റിന്‍റെ അറിയിപ്പ് കേട്ടാണ് പിന്നെ ഞാന്‍ ഉണര്‍ന്നത്. ആകാംഷയോടെ താഴേക്ക് നോക്കി… അതാ അവിടെ ബാങ്കോക്ക് നഗരം ഉണര്‍ന്നു തുടങ്ങുന്നു… നല്ല ഉശിരന്‍ കണി….

വിമാനത്തില്‍ നിന്നും ഇറങ്ങി വിസ എടുക്കുന്നതിനായി നേരെ Visa On Arrival കൌണ്ടറിലേക്ക് നടന്നു. അവിടെ വന്‍ തിരക്കായിരുന്നു. ഫോം നേരത്തെ തന്നെ പൂരിപ്പിച്ചതിനാല്‍ എനിക്ക് മറ്റു നടപടിക്രമങ്ങള്‍ക്കായി മാത്രം കാത്തുനിന്നാല്‍ മതിയാര്‍ന്നു. ക്യൂവില്‍ നില്‍ക്കവേ ഒരു ഉദ്യോഗസ്ഥ വന്നിട്ട് 200 ബാത്ത് അധികം നല്‍കിയാല്‍ തൊട്ടടുത്ത എക്സ്പ്രസ്സ് കൌണ്ടറില്‍ നിന്നും നിമിഷനേരം കൊണ്ട് വിസ ലഭിക്കുമെന്ന് പറഞ്ഞു. ഇത് കേട്ടതോടെ ഞാനും കുറച്ചു യാത്രക്കാരും അവിടേക്ക് ഓടി.

പറഞ്ഞതുപോലെ തന്നെ ഉടനടി വിസ ലഭിച്ചു. 14 ദിവസമാണ് ഈ വിസയുടെ കാലാവധി. സത്യത്തില്‍ കൂടുതല്‍ വാങ്ങുന്ന ഈ 200 ബാത്ത് ഒരു ചെറിയ കൈക്കൂലി ആണെന്നാണ്‌ പിന്നീട് എനിക്ക് അറിയുവാന്‍ സാധിച്ചത്. എന്തായാലും നമുക്ക് കാര്യം വേഗത്തില്‍ നടന്നാല്‍ മതിയല്ലോ… ബാക്കി ചെക്കിംഗും കഴിഞ്ഞു ഞാന്‍ ബാഗേജും എടുത്ത് ഞാന്‍ അവിടെ ടോയ്ലറ്റ് ലക്ഷ്യമാക്കി നടന്നു. രാവിലെയായല്ലോ.. കാര്യങ്ങളൊക്കെ ഒന്നുഷാറാക്കണ്ടേ… ടോയ്ലറ്റില്‍ കയറിയ ഞാന്‍ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കി. അവിടെ വെള്ളം ഇല്ല. പകരം ടിഷ്യൂ പേപ്പര്‍ വെച്ചിരിക്കുന്നു. വിമാനമിറങ്ങി വന്നു കയറിയ ചില മലയാളികളും അവിടെ നിന്നു നട്ടം തിരിയുന്നത് കാണുന്നുണ്ടായിരുന്നു. അവസാനം ഗതികെട്ട ഞാന്‍ അവിടെ വേസ്റ്റ് ബിന്നില്‍ നിന്നും ഒരു കുപ്പി സംഘടിപ്പിച്ച് അതില്‍ വെള്ളം നിറച്ച് കാര്യം സാധിച്ചു.

അതിനുശേഷം നേരെ എയര്‍പോര്‍ട്ടിനു വെളിയിലെത്തി. അവിടെ എന്നെയും കാത്ത് റോയല്‍ സ്കൈ ഹോളിഡെയ്സ് ഉടമ ഹാരിസ് ഇക്കയും ക്യാറ്റ് എന്ന ചെല്ലപ്പേരിലറിയപ്പെടുന്ന ഒരു തായ് വനിതാ ഗൈഡും ഉണ്ടായിരുന്നു. എയര്‍പോര്‍ട്ടിന്‍റെ മുന്‍ഭാഗത്ത് ധാരാളം മൊബൈല്‍ കണക്ഷന്‍ വില്‍ക്കുന്ന ഷോപ്പുകള്‍ സജീവമായിരുന്നു. ഏകദേശം 300 ബാത്ത് കൊടുത്ത് ഞാന്‍ ഒരു പുതിയ സിംകാര്‍ഡ് വാങ്ങി. ഏഴോ എട്ടോ ദിവസത്തേക്ക് അണ്‍ലിമിറ്റഡ് ഡാറ്റയും 100 ബാത്തിന്‍റെ മൂല്യമുള്ള കോളുകളും അതില്‍ ലഭ്യമായിരുന്നു. ശരിക്കും അത് നല്ലൊരു ഓഫര്‍ ആയിരുന്നു.

ചെറിയ കുശലാന്വേഷണങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ കാറിലേക്ക് കയറി. ഞങ്ങളുടെ കാര്‍ ഡ്രൈവര്‍ മനോല എന്നു പേരുള്ള ഒരു തായ് വനിതയായിരുന്നു.

ബാങ്കോക്കില്‍ നിന്നും പട്ടായായിലേക്കാണ് ഇനി യാത്ര… കുറച്ചു നേരത്തെ യാത്രയ്ക്ക് ശേഷം ഞങ്ങളുടെ കാര്‍ എക്സ്പ്രസ്സ് ഹൈവേയില്‍ കയറി. പിന്നീടങ്ങു ഡ്രൈവര്‍ മനോല കാര്‍ പറപ്പിക്കുകയായിരുന്നു. പക്ഷേ വണ്ടിയിലിരുന്ന ഞങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ അവര്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു.

സത്യത്തില്‍ തായ്ലാന്‍ഡ്‌ കാഴ്ചകള്‍ നമ്മുടെ കേരളം പോലെയൊക്കെയാണ്. ഹൈവേയുടെ വശങ്ങളില്‍ കണ്ട നെല്‍പ്പാടങ്ങള്‍ ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിനെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. അതുപോലെ തന്നെ എടുത്തുപറയേണ്ട ഒന്നാണ് അവിടത്തെ ഡ്രൈവിംഗ് സംസ്കാരം. നമ്മുടെ നാട്ടിലെപ്പോലെ അനാവശ്യ ഓവര്‍ടെക്കോ ഹോണടികളോ അവിടെ ഒട്ടുമേയില്ല. അങ്ങനെ ഹൈവേയിലൂടെ വളരെ ദൂരം പിന്നിട്ട ശേഷം ഞങ്ങള്‍ ഒരു സ്ഥലത്ത് ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിനായി നിര്‍ത്തി. ഹൈവേയില്‍ ഈ ഒരു സ്ഥലം മാത്രമേ ഇതുപോലെ നിര്‍ത്തുവാന്‍ സാധിക്കൂ… ഹോട്ടലുകളും മറ്റു കടകളും അവിടെ ഇരുവശങ്ങളിലും ഉണ്ടായിരുന്നു.

എയര്‍പോര്‍ട്ടില്‍ നിന്നും വ്യത്യസ്തമായി ഇവിടത്തെ ടോയ്ലറ്റില്‍ വെള്ളം ഉണ്ടായിരുന്നു. അങ്ങനെ പ്രഭാതകൃത്യങ്ങള്‍ തൃപ്തിയോടെ നടത്തിയശേഷം ഞങ്ങള്‍ ഒരു റെസ്റ്റോറന്റില്‍ കയറി. തായ് സ്റ്റൈല്‍ ഭക്ഷണമായിരുന്നു ഹാരിസ് ഇക്ക എനിക്കായി ഓര്‍ഡര്‍ ചെയ്തത്. അത്യാവശ്യം എരിവുള്ള ഭക്ഷണമായിരുന്നുവെങ്കിലും ചെറിയ മധുരം ഉണ്ടായിരുന്നു. പെപ്സി, ഫാന്റ, കൊക്കൊക്കോള മുതലായവ ഒരു പ്രാവശ്യം വാങ്ങിയാല്‍ അവിടെ പരിധിയില്ലാതെ നമുക്ക് യഥേഷ്ടം കുടിക്കാവുന്നതാണ്.

ഭക്ഷണത്തിനു ശേഷം ഞങ്ങള്‍ യാത്ര തുടര്‍ന്നു. പട്ടായയ്ക്ക് ഏകദേശം 25 കിമീ ഇപ്പുറമുള്ള ശ്രീരച ടൈഗര്‍ സൂവിലേക്കാണ് ഞങ്ങളുടെ യാത്ര…  കുറച്ചുനേരത്തെ യാത്രയ്ക്കു ശേഷം ഞങ്ങള്‍ ശ്രീരച ടൈഗര്‍ സൂവിനു മുന്നിലെത്തി. യാത്രയുടെ രസം ഇനിയങ്ങോട്ടു തുടങ്ങുന്നേയുള്ളൂ… അത് ഇനി അടുത്ത എപ്പിസോഡില്‍ കാണാം…

തായ്‌ലൻഡ് പാക്കേജിനായി ഹാരിസ് ഇക്കയെ വിളിക്കാം. ടെക് ട്രാവൽ ഈറ്റ് പ്രേക്ഷകർക്ക് സ്‌പെഷ്യൽ ഡിസ്‌കൗണ്ടും ഉണ്ടാകും: 9846571800 #TechTravelEat in #Thailand മുഴുവൻ കിടിലൻ വിഡിയോകൾ ഉടൻ വരുന്നു. Stay Tuned for full videos. Feel free to comment here for any doubts regarding this video.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here