വിവരണം – Vysakh Kizheppattu.

നീലക്കുറിഞ്ഞി കാണാൻ ആദ്യം മനസ്സിൽ വന്നത് രാജമല ആണെങ്കിലും കൊളുക്കുമലയിലെ പൂക്കളുടെ സാന്നിധ്യം അറിഞ്ഞപ്പോൾ മനസ് മെല്ലെ അങ്ങോട്ട് ചാടി. അധികം വൈകിയാൽ ഒരുപക്ഷെ ആ കാഴ്ചയുടെ കാത്തിരിപ്പിന് ഇനിയും ഒരു വ്യാഴവട്ടക്കാലം വേണ്ടി വന്നെങ്കിലോ എന്ന് ഓർത്തപ്പോൾ മറ്റൊന്നും ചിന്തിക്കാതെ ഇറങ്ങി. പക്ഷെ ഇത്തവണ സഹയാത്രികൻ പുതിയ ആളായിരുന്നു. ഭാവി അളിയൻ. അതിനാൽ തന്നെ സ്ഥിരം റൂട്ടിൽ നിന്നും മാറിയാണ് യാത്ര പ്ലാൻ ചെയ്തതും. ഇടുക്കിയുടെ മലയോര മേഖല വഴി ഒരു യാത്ര. വൈകുന്നേരത്തോടെ തൊടുപുഴയിലേക്കു നീങ്ങി അവിടെ നിന്ന് വണ്ണപ്പുറം മുള്ളരിങ്ങാട് ഒരു ബന്ധു വീട്ടിൽ തങ്ങി പുലർച്ചെ പോകാൻ ആണ് പദ്ധതി. ഉയർന്ന സ്ഥലമായതിനാൽ നല്ല തണുപ്പ് ആയിരുന്നു. പുലർച്ചെ രണ്ടു മണിക്ക് അവിടെ നിന്ന് ഇറങ്ങണം. ചീവിടിന്റെ ഗാനത്തിനൊത്തു താളം പിടിക്കുന്ന കാട്ടരുവി ഉറക്കത്തിന്റെ സുഖം കൂട്ടി.

കഞ്ഞിക്കുഴി,കീരിത്തോട്,കല്ലാർകുട്ടി,ആനച്ചാൽ,ബൈസൺ വലി, ചിന്നക്കനാൽ, സൂര്യനെല്ലി ഇതാണ് ലക്ഷ്യത്തിലേക്കുള്ള സഞ്ചാര പാത. ഡാമുകളും മലകളും കടന്ന് ഒരു അടിപൊളി യാത്ര. ചിന്നക്കനാൽ എത്തുന്ന വരെ റോഡിൽ അകെ കണ്ടത് വിരലിൽ എണ്ണാവുന്ന വാഹനങ്ങൾ മാത്രം. പരിചയം ഇല്ലാത്ത വഴിയായതിനാലും വഴിയിൽ ചോദിയ്ക്കാൻ ആരും ഇല്ലാത്തതിനാലും ഇടക്ക് ഗൂഗിൾ മാപ്പിനെ ആശ്രയിചാണ് സൂര്യനെല്ലി എത്തിയത്. അതിനാൽ തന്നെ ഉദ്ദേശിച്ച സമയത്തിന് ഉദ്ദേശിച്ച ദൂരം താണ്ടാൻ കഴിഞ്ഞില്ല. ശക്തമായ കോടയുടെ സാന്നിധ്യം മൂലം വേഗതയിൽ കുറവ് വരുത്താൻ നിർബന്ധിതനായി. സൂര്യനെല്ലി എത്തുന്നതിനു മുൻപേ വഴിയിൽ വെച്ച് ജീപ്പ് ഡ്രൈവർ മണിയേട്ടനെ കണ്ടതിനാൽ പിന്നീട് അങ്ങോട്ട് കാര്യങ്ങൾ എളുപ്പമായി. രണ്ടുപേരുമായി പോകുന്നത് സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതിനാൽ പിന്നീട് വന്ന കാറിലെ യുവാക്കളെ കൂടി കയറ്റി 7 പേരായി കൗണ്ടറിലേക്ക് പോയി. കൗണ്ടറിൽ സഞ്ചാരികളുടെ പേര് എഴുതിക്കൊടുത്തു 2000 രൂപയും അടച്ച് ഉള്ളിലേക്കുള്ള യാത്ര തുടങ്ങി..

തമിഴ്‌നാട്ടിലെ തേനി ജില്ലയിൽ ആണ് കൊളുക്കുമല സ്ഥിതി ചെയ്യുന്നത്.സമുദ്ര നിരപ്പിൽ നിന്ന് 7200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൊളുക്കുമലയിലെ തേയില എസ്റ്റേറ്റ് ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തേയില എസ്റ്റേറ്റ് കൂടെയാണ്. അതിനാൽ തന്നെ ഇവിടത്തെ തേയിലയുടെ സ്വാദ് മറ്റെല്ലാത്തിൽ നിന്നും വിത്യസ്ഥമാണ്. സംഭവം തമിഴ്‌നാട്ടിൽ ആണെങ്കിലും അങ്ങോട്ടുള്ള വാഹന യാത്ര സൂര്യനെല്ലി വഴി മാത്രമേ സാധിക്കു.കോട്ടഗുഡി പ്ലാന്റേഷൻ ആണ് ഇപ്പോൾ അതിന്റെ ഉടമസ്ഥർ. 8651 അടി ഉയരമുള്ള മീശപുലിമല, 6988 അടി ഉയരമുള്ള തിപ്പാടമല എന്നീ മലകൾ കൊളുക്കുമലയുടെ പ്രാന്തപദേശത്താണ്. ഹാരിസൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഉള്ള തേയില എസ്റ്റേറ്റ് വഴിയാണ് കൊളുക്കുമല യാത്ര സാധ്യമാകുക.14 km ദൂരമുള്ള ഈ സഞ്ചാര പാതയിൽ 7 KM ദൂരം ഓഫ്‌റോഡ്‌ ആണ് അതിനാൽ ജീപ്പുകൾ അല്ലാതെ മറ്റു വാഹനങ്ങൾ അങ്ങോട്ട് കയറ്റിവിടില്ല.

കൊച്ചിയിൽ നിന്ന് കോളേജ് വിദ്യാർത്ഥികൾ ആണ് ഞങ്ങളുടെ കൂടെ ഉള്ള യാത്രികർ. പച്ച വിരിച്ച തേയില തോട്ടത്തിനു നടുവിലൂടെ യാത്ര തുടങ്ങി. ദൂരെ കോടയിൽ പുതഞ്ഞു കിടക്കുന്ന മലനിരകളുടെ കാഴ്ച യാത്രയുടെ സൗന്ദര്യം വർധിപ്പിക്കുന്നു. ആദ്യ ഏഴു കിലോമീറ്റര് ദൂരം ടാർ ചെയ്തതാണ് പിന്നീട് അങ്ങോട്ടാണ് ദുർഘട പാത. പണ്ട് ബ്രിട്ടീഷ്കാര് ഉണ്ടായ സമയത് പാകിയ കല്ലുകൾ ആണ് ഇപ്പോഴും അവിടെയുള്ളത് എന്നാണ് മണിയേട്ടൻ പറഞ്ഞത്. അല്പം മണ്ണ് ഇടാനോ മറ്റൊന്നിനും എസ്റ്റേറ്റ് അധികൃതർ മുതിരാറില്ല അതിനാൽ സാഹസിക ജീപ്പ് യാത്ര അവിടേക്കുള്ള യാത്രയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി ഇന്നും നിലകൊള്ളുന്നു. ചാടി ചാടി ഒടുവിൽ മുകളിൽ എത്തി. എസ്റ്റേറ്റ് തീരുന്ന സ്ഥലം മുതൽ പിന്നെ തമിഴ്‌നാടാണ്.

കൊളുക്കുമലയിലെ സൂര്യോദയം ഒരു പ്രത്യേക അനുഭവം തന്നെയാണ് പക്ഷെ കോടയുടെ സഹകരണം കൂടെ ഉണ്ടെങ്കിൽ മാത്രമേ ആ കാഴ്ച സാധ്യമാകൂ. തൊട്ടടുത്തുള്ള ആളുകളെ കൂടെ കാണാൻ കഴിയാത്ത രീതിയിൽ മലയെ കോട വിഴുങ്ങിയിരുന്നു. ചെറിയ ചെറിയ ഇടവേളകളിൽ മാത്രമേ ദൂര കാഴ്ച കാണാൻ സാധിക്കൂ. പുലിപ്പാറ ആണ് അവിടത്തെ മറ്റൊരു ആകർഷണം .മലയുടെ വശങ്ങളിൽ ചെറിയ രീതിയിൽ കുറിഞ്ഞി പൂത്തത് കാണാൻ സാധിക്കും പക്ഷെ നല്ലപോലെ ആസ്വദിക്കണമെങ്കിൽ എസ്റ്റേറ്റ് ഉള്ളിലേക്ക് കയറണം.അതിന് അവിടെ നിന്ന് 100 രൂപ ടിക്കറ്റ് എടുത്താൽ മാത്രമേ അത് സാധിക്കു. അവിടത്തെ കാഴ്ചകൾ അവസാനിപ്പിച്ച് ഉള്ളിലേക്കു കയറി.അവിടെ നിന്നും ഒന്നര കിലോമീറ്റർ ദൂരം ഇനിയും പോകണം..

മണിയേട്ടൻ കാണിച്ച വഴിയിലൂടെ ഇറങ്ങി നടന്നു. കുത്തനെയുള്ള ഒരു കയറ്റം കയറണം കുറിഞ്ഞി കാണാൻ. ഒരു 300 മീറ്റർ ദൂരമേ കാണൂ. അത് കയറി ചെന്നാൽ മലയുടെ അറ്റത്തു പൂത്തു നിൽക്കുന്ന കുറിഞ്ഞിയെ കാണാം. പക്ഷെ അവിടെയും കോട വില്ലനായി നിന്ന് ദൂര കാഴ്ച്ചകൾ മറച്ചുവെച്ചു. മലയുടെ വശങ്ങളിൽ നിൽക്കുന്ന പൂക്കൾ ആയതിനാൽ സൂക്ഷിച്ചു ഇറങ്ങിയില്ലെങ്കിൽ പണിയാകും എന്ന് അവിടെ ഉള്ള ആളുകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. വിഷമം തോന്നിയ മറ്റൊരു കാര്യം സഞ്ചാരികളുടെ പ്രവർത്തിയാണ്.വേരോടെ പിഴുതും മുറിച്ചെടുത്തും അവിടെ നിന്ന് കുറിഞ്ഞികൾ കൊണ്ടുപോകുന്നുണ്ട്. നമ്മുക് എത്താവുന്ന സ്ഥലങ്ങളിൽ നിന്നെല്ലാം ഇതുപോലെ ആളുകൾ കൊണ്ടുപോകുന്നു. സഞ്ചാരികൾ കാഴ്ച ആസ്വദിക്കുകയാണ് വേണ്ടത് അല്ലാതെ കാഴ്ചകൾ ഇല്ലാതാക്കുകയല്ല എന്ന് അവിടെ പോകുന്ന ഓരോരുത്തരും മനസിലാക്കണം. കുറിഞ്ഞിയുടെ കുറച്ചു ചിത്രങ്ങൾ എടുത്ത് തിരിച്ചിറങ്ങി.

അപ്പോഴാണ് കൂട്ടത്തിൽ പലരെയും അട്ട കടിച്ച കാര്യം ശ്രദ്ധയിപ്പെട്ടത്. നമ്മുടെ സഹയാത്രികനും കിട്ടി നല്ല പണി. തൊട്ടടുത്ത് തന്നെയാണ് തേയില ഫാക്ടറി. അവിടെയും കയറി. പോളിടെക്‌നിക് പഠിക്കാത്തതിനാൽ അവിടത്തെ യന്ത്രങ്ങളുടെ പ്രവർത്തനം എല്ലാം ഒന്ന് ചോദിച്ചു മനസിലാക്കി. അതിനുള്ളിലെ മണം ഒരു പ്രത്യേക സുഖം തരുന്ന ഒന്നാണ്. ലോകത്തിലെ ഏറ്റവും ഉയർത്തിൽ ഉണ്ടാകുന്ന തേയിലയല്ലേ. ലാലേട്ടൻ പറഞ്ഞപോലെ ഉയരം കൂടും തോറും ചായയുടെ രുചിയും കൂടും. ആ രുചി അറിഞ്ഞ് അല്പം പൊടിയും വാങ്ങിയാണ് തിരിച്ചു ഇറങ്ങിയത്. പോകുമ്പോൾ മുന്നിൽ ആയതിനാൽ ഇറങ്ങുമ്പോൾ പിന്നിൽ ആണ് ഇരുന്നത്. അതിനാൽ കുറച്ചു കഠിനമായി തിരിച്ചുള്ള യാത്ര. ഒന്നും കഴിക്കാതെ ഉള്ള യാത്രയായതിനാൽ വിശപ്പും നല്ലപോലെ ഉണ്ടായിരുന്നു. വണ്ടി പാർക്ക് ചെയ്തതിനടുത്തുള്ള ഹോട്ടലിൽ നിന്നും അല്പം ഭക്ഷണം കഴിച്ചപ്പോൾ ആണ് കുറച്ചു ആശ്വാസമായത്. അവിടെ നിന്ന് തന്നെ കൂടെ ഉണ്ടായിരുന്ന സഹയാത്രികരോട് യാത്രയും പറഞ്ഞു.

ഇനി തിരിച്ചുള്ള യാത്ര. വന്ന വഴിക്കു പകരം മറ്റൊരു വഴിയാണ് തിരഞ്ഞെടുത്തത്. പോകുന്ന വഴിയിൽ ചിന്നക്കനാൽ ഉള്ള വെള്ളച്ചാട്ടവും ഒന്നും കണ്ടാണ് പോയത്. മനോഹരമായ കാഴ്ചകൾ നൽകുന്ന പൂപ്പാറ റോഡ്‌. കോടയിൽ നിറഞ്ഞ മലകളും.ആനയിറങ്ങൽ ഡാമും എല്ലാം കണ്ടൊരു യാത്ര. പൂപ്പാറ രാജകുമാരി രാജാക്കാട് വെള്ളത്തൂവൽ കല്ലാർകുട്ടി. പൊന്മുടി ഡാമിന് മുകളിലൂടെ ഉള്ള യാത്ര മനോഹരമാണ്. ഡാം തുറന്നതിനാൽ പാറയിൽക്കൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് മറ്റൊരു കാഴ്ച്ചയാണ്.

ഇടുക്കിയിൽ ഉണ്ടായ ദുരന്തത്തിന്റെ കാഴ്ചകൾ ആ യാത്രയിൽ കാണാൻ കഴിഞ്ഞു. മനസ്സിൽ വിചാരിച്ചതിനേക്കാൾ കൂടുതൽ ഭീകരമായിരുന്നു അതെല്ലാം. അതുപോലെ തന്നെയാണ് കല്ലാർകുട്ടി ഡാമിൽ നിന്നുള്ള വെള്ളം പോകുന്ന പുഴ. മണ്ണെല്ലാം പോയി മുഴവൻ പാറയിൽ നിറഞ്ഞാണ് ഇപ്പോൾ നിക്കുന്നത്. ഇത്രയും പാറ നിറഞ്ഞുള്ള പുഴ ആദ്യ അനുഭവമാണ്. ലോവർ പെരിയാർ പവർ ഹൗസും കടന്നുള്ള യാത്ര ഒരു പ്രത്യേക അനുഭവം തന്നെയാണ് നൽകിയത്.തൊടുപുഴ അടുക്കും തോറും മഴ ശക്തിപ്രാപിച്ചിരുന്നു..രാത്രിയോടെ വീട് എത്തിയപ്പോൾ എന്നും ഓർക്കാൻ പോന്ന മറ്റൊരു യാത്രയായി അപ്പോഴേക്കും ഇത് മാറിയിരുന്നു….

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.