വിവാഹത്തിനു ആഡംബര വാഹനങ്ങൾ ഒഴിവാക്കി പകരം സാധാരണക്കാരുടെ വാഹനമായ കെഎസ്ആർടിസി ബസ് ഉപയോഗിച്ച ദമ്പതിമാരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലും മുഖ്യധാരാ മാധ്യമങ്ങളിലുമൊക്കെ വൈറലായത് നമ്മൾ കണ്ടതാണല്ലോ. ടൂറിസ്റ്റ് വാഹനങ്ങളെ ഒഴിവാക്കി ആ തുക കെഎസ്ആർടിസിയ്ക്ക് ലഭിക്കണം എന്ന ഉദ്ദേശ്യത്തോടെയായിരുന്നു പാലക്കാട് തത്തമംഗലം സ്വദേശികളായ ബൈജുവും സുസ്മിതയും തങ്ങളുടെ വിവാഹവണ്ടിയായി ആനവണ്ടിയെ തിരഞ്ഞെടുത്തത്.

സംഭവം മൊത്തത്തിൽ വൈറലായതോടെ നിരവധിയാളുകളാണ് കെഎസ്ആർടിസി ഡിപ്പോകളിൽ ഇത്തരത്തിൽ ബസ്സുകൾ വാടകയ്ക്ക് കൊടുക്കുന്നതിനെക്കുറിച്ച് വിളിച്ചു അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഇത് കെഎസ്ആർടിസിയുടെ സമൂഹത്തിലുള്ള മൈലേജ് ഒന്നുകൂടി കൂട്ടുവാൻ സഹായകവുമായി.

ആനവണ്ടിയും വിവാഹവുമെല്ലാം കെഎസ്ആർടിസിയുടെ ഉന്നത ഉദ്യോഗസ്ഥർ ഫേസ്ബുക്കിലും മറ്റു മാധ്യമങ്ങളിലൂടെയും അറിയുകയുണ്ടായി. സംഭവമറിഞ്ഞ കെഎസ്ആർടിസി എംഡി MP ദിനേശ് ഐപിഎസ് നിർദ്ദേശിച്ചതനുസരിച്ച് കെഎസ്ആർടിസിയിലെ ചില ഉദ്യോഗസ്ഥർ ബൈജു – സുസ്മിത ദമ്പതിമാരുടെ വീട്ടിലെത്തി അവരെ നേരിട്ട് അഭിനന്ദിക്കുകയും ചെയ്തു. ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ (DTO) ഉബൈദ്, ചിറ്റൂർ അസി.ട്രാൻസ്‌പോർട്ട് ഓഫീസർ (ATO) അബ്ദുൽ നിഷാദ്, വിജിലൻസ് ഇൻ-ചാർജ്ജ് കെ. വികെ.എസ്.ജയകുമാർ, വിജിലൻസ് ഇൻസ്‌പെക്ടർ കെ.എസ്. മഹേഷ് എന്നിവരാണ് ദമ്പതികളെ വീട്ടിലെത്തി അനുമോദിക്കുകയും ഫലകം കൈമാറുകയും ചെയ്തത്.

വിവാഹത്തിനു ശേഷം വധൂഗൃഹത്തിൽ നിന്നും വരന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ചടങ്ങ് നടക്കുകയായിരുന്നു തത്തമംഗലത്തുള്ള സുസ്മിതയുടെ വീട്ടിൽ. ഇതിനായി ദമ്പതിമാർ അണിഞ്ഞൊരുങ്ങി നിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ വരവ്. വീട്ടുകാരും ബന്ധുക്കളുമെല്ലാം ഇതുകണ്ട് ഒരു നിമിഷം അമ്പരക്കുകയും പിന്നീട് ആ അമ്പരപ്പ് സന്തോഷത്തിലേക്ക് വഴിമാറുകയും ചെയ്തു.

ആദരിക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി നൽകിയ ഫലകത്തിൽ “സ്നേഹദീപ്തിയിൽ ജീവിതം പൂർണ്ണശോഭ തേടുമ്പോൾ കർമ്മപഥങ്ങളിൽ ആർജ്ജിച്ചെടുത്ത കരുത്ത് ജീവിത വീഥിയിൽ തുണയാകട്ടെ.. ഒരായിരം വിവാഹമംഗളാശംസകൾ – എംപി ദിനേശ് ഐപിഎസ് (മാനേജിംഗ് ഡയറക്ടർ, കെഎസ്ആർടിസി)” എന്നാണു രേഖപ്പെടുത്തിയിരുന്നത്. ഫലകം സ്വീകരിച്ചതിനു ശേഷം ബൈജുവും സുസ്മിതയും മരങ്ങളുടെ വിത്തുകളടങ്ങിയ പാക്കറ്റുകൾ ഉദ്യോഗസ്ഥർക്ക് തിരികെ നൽകി. ഇത്തരത്തിൽ നല്ല ആശയങ്ങളുമായി ജീവിതം കുറിച്ച് തുടങ്ങിയ ദമ്പതിർക്ക് തുടർന്നുള്ള ഇത്തരം നല്ല പദ്ധതികൾക്ക് എല്ലാവിധ സഹായ സഹകരണങ്ങളും കെഎസ്ആർടിസി അധികൃതർ വാഗ്ദാനം ചെയ്തു. ദമ്പതികളുടെ ഈ ആശയങ്ങൾക്ക് പിന്തുണ നൽകിയ മാതാപിതാക്കളോടും ഉദ്യോഗസ്ഥർ നന്ദി പറയുകയുണ്ടായി.

കേരളത്തിലെ കെഎസ്ആർടിസി ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുകയും ഇതിനായി എൻസിസി, സ്‌കൗട്ട്, സ്റ്റുഡന്റ് പോലീസ്, ഹരിതസേന എന്നിവയുടെ സഹായം ഉറപ്പാക്കി മുന്നോട്ടു പോകുവാനുമാണ് ദമ്പതികളുടെ പദ്ധതി. ബസ് സ്റ്റാന്റുകളിൽ സ്‌കൂൾ കുട്ടികളെ വെയിലത്ത് പുറത്തു കാത്തുനിർത്തിക്കുന്ന പ്രൈവറ്റ് ബസ്സുകാർക്കെതിരെ നിയമപരമായി നടപടികൾ എടുക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും (തങ്ങളാൽ കഴിയുന്ന) സഹായങ്ങൾ നൽകുക എന്നതായിരിക്കും തങ്ങളുടെ ആദ്യ ലക്ഷ്യമെന്നും ബൈജുവും സുസ്മിതയും പറഞ്ഞു.

സർക്കാർ ഫണ്ടുകൾ ഉപയോഗിച്ചുള്ള എല്ലാ വകുപ്പുകളുടെയും പഠനയാത്രകളെല്ലാം കെഎസ്ആർടിസി ബസ്സുകളിൽ ആക്കുന്നതിനായി സർക്കാർ ഉത്തരവിറക്കിയാൽ അത് കെഎസ്ആർടിസിയ്ക്ക് ഒരു വരുമാനമാർഗ്ഗം കൂടിയാകുമെന്നും ഇതുമൂലം സാമ്പത്തിക തകർച്ചകളിൽ നിന്നും കുറെയെങ്കിലും കരകയറുവാൻ നമ്മുടെ ആനവണ്ടിയ്ക്കാകുമെന്നും പ്രതീക്ഷിക്കുന്നതായി ബൈജുവും സുസ്മിതയും അഭിപ്രായപ്പെട്ടു.

2019 മെയ് 26 നായിരുന്നു ബൈജുവിന്റെയും സുസ്മിതയുടെയും വിവാഹം. വിവാഹയാത്രയ്ക്കായി കെഎസ്ആർടിസി ബസ് ഉൾപ്പെടുത്തിയത് കൂടാതെ വേറെയും ചില വ്യത്യസ്തതകൾ ഇവരുടെ വിവാഹത്തിനുണ്ടായിരുന്നു. തെങ്ങിൻ മടല് കൊണ്ട് പൊതിഞ്ഞ കവാടവും, പനനൊങ് തൂങ്ങിയാടുന്നതിനിടയിൽ പലകയിൽ എഴുതി തൂക്കിയ വരവേൽപ് ബോർഡും, കടലാസ് പൂക്കൾ കൊണ്ട് അലങ്കരിച്ച മണ്ഡപവും, ഫ്ളക്സിനു പകരം ഓലയിൽ എഴുതിയ സൂചനാ ബോർഡും, മധുരം വിളമ്പാൻ ഇല കുമ്പിളും, അതിഥികൾക്ക് സമ്മാനമായി പച്ചക്കറി വിത്തും പിന്നെ ചെറിയൊരു സ്നേഹ സന്ദേശവും ഒക്കെയായി വിവാഹപ്പരിപാടി അങ്ങ് ഉഷാറായി. ഒടുവിൽ ബാക്കി വന്ന ഇലയും ജൈവ മാലിന്യവും അടുത്തുള്ള പാടത്ത് തന്നെ ഉഴുത് മറിച്ച് വളമാക്കി മാറ്റുകയും ചെയ്തു ഈ ദമ്പതികൾ.

ബൈജുവും സുസ്മിതയും വരുന്ന തലമുറയ്ക്ക് ഒരു മാതൃകയാണ്. വിവാഹച്ചടങ്ങുകൾക്കായി ലക്ഷങ്ങൾ പൊടിക്കുന്ന ഈ കാലഘട്ടത്തിൽ ചെലവ് വളരെ ചുരുക്കുകയും, വ്യത്യസ്തത പുലർത്തുകയും, എല്ലാവർക്കും മാതൃകയാവുകയും, അതോടൊപ്പം തന്നെ വിവാഹം സോഷ്യൽ മീഡിയ വഴിയും മാധ്യമങ്ങൾ വഴിയും വൈറലാകുകയും ചെയ്തു. ഇനിയും ബൈജു – സുസ്മിതമാരെപ്പോലെ ദമ്പതികൾ ഈ സമൂഹത്തിൽ ഉണ്ടാകട്ടെ. പ്രകൃതിയ്ക്കും സമൂഹത്തിനും ഉത്തമ മാതൃകയാകട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.