മുണ്ടയ്യകത്തിനടുത്ത് 35 ൽ കെഎസ്ആർടിസി ബസ് മറിഞ്ഞു നിരവധിയാളുകൾക്ക് പരിക്കേറ്റു. പെരുവന്താനത്തിന് സമീപം മരുതുംമൂട്ടില്‍ നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് കുഴിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഏകദേശം ഇരുപതോളം ആളുകൾക്ക് പരിക്കേറ്റതായി കണക്കാക്കുന്നു. ഇന്ന് വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടമുണ്ടായത്.

കുമളിയിൽ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന RAE 944 എന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. കുമളി ഡിപ്പോയുടേതാണ് ഈ ബസ്. നേരിയ ചാറ്റല്‍ മഴയില്‍ ബസ് നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു വെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. റോഡില്‍ നിന്നും വട്ടം മറിഞ്ഞ് താഴേക്ക് പതിച്ചെങ്കിലും റബര്‍ മരത്തില്‍ തട്ടി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. സംഭവം കണ്ടു ആളുകൾ ഓടിക്കൂടിയപ്പോൾ തലകീഴായി കിടക്കുന്ന നിലയിലായിരുന്നു ബസ്. പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

ഏറെ വളവും തിരിവുകളുമുള്ള റൂട്ടാണ് മുണ്ടക്കയം മുതൽ കുമളി വരെയുള്ളത്. ഇതിലൂടെ ശ്രദ്ധയോടെ വാഹനമോടിച്ചില്ലെങ്കിൽ അപകടസാധ്യത വളരെ കൂടുതലാണ് എന്ന് ഡ്രൈവർമാർ അടക്കമുള്ളവർ അഭിപ്രായപ്പെടുന്നു. അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ്സിന്റെ ടയറുകൾ ഗ്രിപ്പ് പോയ അവസ്ഥയിലാണ് ഉള്ളതെന്നാണ് അപകടസ്ഥലത്തുണ്ടായിരുന്നവർ സാക്ഷ്യപ്പെടുത്തുന്നത്. ഇതുമൂലമാകാം മഴ പെയ്തു തെന്നിക്കിടക്കുന്ന റോഡിൽ ബസ് നിയന്ത്രണം വിട്ടു മറിയുവാൻ ഇടയായത്. ഹൈറേഞ്ച് മേഖലകളിലേക്ക് കാലപ്പഴക്കം ചെന്ന ബസ്സുകൾ തേഞ്ഞു തീർന്ന ടയറുമായി സർവ്വീസ് നടത്തുന്നത് പൊതുജനത്തിന്റെയും ജീവനക്കാരുടെയും ജീവൻ വെച്ചു കളിക്കുന്നതിനു തുല്യമാണെന്നാണ് യാത്രക്കാരും ജനങ്ങളും പറയുന്നത്. ഇതുകൂടാതെ ഒരു കാറിനെ അപകടത്തിൽ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ബസ്സിന്റെ നിയന്ത്രണം പോയതെന്നും പറയപ്പെടുന്നുണ്ട്.

ഡ്രൈവർമാർ പൊതുവെ ഏറ്റവുമധികം വെല്ലുവിളികൾ നേരിടുന്നത് മഴക്കാലത്താണ്. കനത്ത മഴയുണ്ടാക്കുന്ന അവ്യക്തമായ കാഴ്ചയും വഴുക്കലുള്ള റോഡുമെല്ലാം സുരക്ഷിതമായ ഡ്രൈവിങ്ങിനു വെല്ലുവിളിയാകും. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാകെ മഴക്കാലത്തുണ്ടാകുന്ന വാഹനാപകടങ്ങൾ ഒഴിവാക്കാം. അടുപ്പിച്ച് കുറച്ചു ദിവസത്തെ വെയിലിനുശേഷം പെയ്യുന്ന മഴയിൽ വാഹനം ഓടിക്കുമ്പോൾ കൂടുതൽ സൂക്ഷിക്കണം. വെയിലിന്റെ ചൂടുമൂലം റോഡിലെ ടാറിൽ നിന്നും പുറത്തുവരുന്ന എണ്ണ പോലെയുള്ള പാടയും വാഹനങ്ങളിൽ നിന്നും വീഴുന്ന ഓയിൽ, ഇന്ധനം എന്നിവയും റോഡിലുണ്ടാകും. പെട്ടെന്ന് മഴ പെയ്യുന്ന അവസരത്തിൽ ഇവ വെള്ളവും ചെളിയുമായി കൂടിച്ചേർന്നു റോഡിൽ ഏറെ വഴുക്കലുള്ള ഒരു ആവരണം സൃഷ്ടിക്കും. ഇത് റോഡിന്റെ പ്രതലം കൂടുതൽ വഴുക്കലുള്ളതാക്കുന്നതിനാൽ വാഹനങ്ങളുടെ ടയറുകൾ തെന്നി അപകടം സംഭവിക്കാനുള്ള സാധ്യത വളരെയേറെയാണ്. ഇതു തന്നെയായിരിക്കണം ഇന്നത്തെ ബസ് മറിയലിനും കാരണമായിത്തീർന്നത്. കൂട്ടത്തിൽ ബസ്സിന്റെ ടയറുകൾക്ക് ഗ്രിപ്പ് ഇല്ലാതിരുന്നതും വിനയായി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.