കെഎസ്ആർടിസിയുടെ പുത്തൻ ഇലക്ട്രിക് ബസ്സുകളിലൊന്ന് ദേശീയപാതയിൽ അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് സർവ്വീസ് നടത്തുകയായിരുന്ന ബസ്സാണ് അരൂർ – കുമ്പളം ബൈപ്പാസിൽ വെച്ച് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണം വിട്ടു റോഡരികിലെ കൈവരിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കൈവരി തകർത്ത് ബസ് താഴേക്ക് മറിയാതിരുന്നത് വൻ അപകടം ഒഴിവാക്കി. സംഭവത്തിൽ ബസ്സിന്റെ ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കുകളുണ്ട്, എങ്കിലും ഗുരുതരമല്ല എന്നാണു വിവരം. യാത്രക്കാർക്കാരും പരിക്കുകളോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടായിട്ടില്ല.

ടോമിൻ ജെ തച്ചങ്കരി കെഎസ്ആർടിസി എം.ഡിയായി ചുമതലയേറ്റതോടെയാണ് ഇലക്ട്രിക് ബസുകൾ എന്ന ആശയത്തിന് പ്രാമുഖ്യം ലഭിക്കുന്നത്. ജൂൺ 18ന് പരീക്ഷണാടിസ്ഥാനത്തിൽ ഇലക്ട്രിക് ബസ് KSRTC ഓടിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലായിരുന്നു പരീക്ഷണ ഓട്ടം. മുന്നിലും പിന്നിലും എയര്‍ സസ്പെന്‍ഷന്‍ ബക്കറ്റ് സീറ്റുകള്‍, ഓരോ കമ്പിയിലും സ്റ്റോപ്പ് ബട്ടണുകള്‍, പിടിച്ചുനില്‍ക്കാന്‍ ആവശ്യത്തിലേറെ ഹാംഗറുകള്‍, വെളിച്ചമേകാൻ ഉള്ളിൽ എല്‍.ഇ.ഡി. ലൈറ്റുകള്‍, കാറുകളെ അനുസ്മരിപ്പിക്കുന്ന ഉള്‍വശം, നിശബ്ദമായ എഞ്ചിൻ പ്രവർത്തനം എന്നിവയായിരുന്നു ഇലക്ട്രിക് ബസുകളുടെ പ്രധാന സവിശേഷതകൾ.

കേരളത്തിൽ ഇലക്ട്രിക് ബസ്സുകൾ ഉപയോഗിച്ച് സ്ഥിരമായ സർവ്വീസ് കെഎസ്ആർടിസി ആരംഭിച്ചത് ഒരു മാസം മുൻപായിരുന്നു. ഇതോടെ ദക്ഷിണേന്ത്യയിൽ ആദ്യം ഇലക്ട്രിക് ബസ് ഓടിക്കുന്ന പൊതുഗതാഗത വകുപ്പിന് കീഴിലുള്ള ട്രാൻസ്പോർട്ട് കോർപറേഷൻ എന്ന നേട്ടം KSRTC സ്വന്തമാക്കുകയും ചെയ്തു. മാതൃകാപരമായി ഇ-വെഹിക്കിള്‍ നയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കെ.എസ്.ആര്‍.ടി.സിയില്‍ ഈ പദ്ധതി നടപ്പാക്കിയത്. ഒറ്റയടിക്ക് മാറുന്നതിന് പകരം പരീക്ഷണാടിസ്ഥാനത്തില്‍ ഇ-ബസ് സര്‍വീസ് നടത്തി ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് കെഎസ്ആർടിസിയുടെ ഇപ്പോഴത്തെ പ്രവർത്തനം. ഇലക്ട്രിക് ബസ്സുകൾ ശബരിമല സീസണിൽ നിലയ്ക്കൽ – പമ്പ റൂട്ടിൽ ഓടിച്ചുകൊണ്ടായിരുന്നു ആദ്യ പരീക്ഷണം നടത്തിയത്. അത് കൂടാതെ രണ്ട് ബസുകള്‍ തിരുവനന്തപുരത്ത് നിന്നും ആലുവ വരെ വിജയകരമായി ട്രയല്‍ റണ്‍ നടത്തുകയും ചെയ്തിരുന്നു.

ശബരിമല സീസൺ കഴിഞ്ഞതോടെ തിരുവനന്തപുരം – എറണാകുളം റൂട്ടിലാണ് അതിവേഗ സർവ്വീസ് എന്ന നിലയ്ക്ക് ഇ-ബസ്സുകൾ 2019 ഫെബ്രുവരി പകുതിയോടെ സർവ്വീസ് ആരംഭിച്ചത്. തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കുള്ള കന്നിയോട്ടത്തിൽ തന്നെ രണ്ടു ബസ്സുകൾ ചാർജ്ജ് തീർന്ന് വഴിയിൽ കിടക്കേണ്ടി വന്നത് അന്ന് വലിയ വാർത്തയായിരുന്നു. ഇലക്ട്രിക് ബസുകളുടെ ഓപ്പറേറ്റിംഗ് കമ്പനി ലഭ്യമാക്കിയ ഡ്രൈവര്‍മാരുടെ പരിചയക്കുറവ് മൂലം അധികം ചാര്‍ജ് ഉപയോഗിച്ചതാണ് വണ്ടിയുടെ ട്രിപ്പ് മുടങ്ങാന്‍ പ്രധാനകാരണമെന്നാണ് ഈ സംഭവത്തിൽ കെഎസ്ആർടിസിയുടെ ന്യായീകരണം. ഒപ്പം സർവ്വീസ് നടത്തിയിരുന്ന മറ്റ് ബസുകളെല്ലാം സര്‍വീസ് വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

നിലവിൽ കേരളത്തിൽ ഓടുന്ന ലോ ഫ്ലോർ ബസുകൾക്ക് സമാനമായി ഡ്രൈവർ നിയന്ത്രിക്കുന്ന ന്യൂമാറ്റിക് ഡോർ, ഓട്ടോമാറ്റിക് ഗിയർ, ABSഓട് കൂടിയ ഡിസ്ക്ക് ബ്രേക്ക് എന്നിവയുള്ള ഇലക്ട്രിക് ബസുകളിൽ 31 സീറ്റുകളാണുള്ളത്. ഒരു കിലോമീറ്ററിന് ഒരു യൂണിറ്റ് വൈദ്യുതിയാണ് ഇ-ബസിനു വേണ്ടിവരുന്നത്. ഒരു തവണ ചാർജ് ചെയ്യാൻ 3.5-4 മണിക്കൂർ വേണ്ടിവരും. ഒരുതവണ ചാർജ് ചെയ്താൽ ഏകദേശം 350 കിലോമീറ്റര്‍ ഓടും.

വിവരങ്ങൾക്ക് കടപ്പാട് – News 18.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.