അന്തർസംസ്ഥാന സ്വകാര്യ കോൺട്രാക്ട് കാര്യേജ് ബസ്സുകളുടെ സമരവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി അധിക സർവീസുകൾ നടത്തുന്നു. കെഎസ്ആർടിസിയുടെ 14 അധിക സർവീസുകളാണ് കഴിഞ്ഞ ദിവസം കേരളത്തിൽ നിന്ന് ബെംഗലൂരുവിലേക്ക് നടത്തിയത്. അതോടൊപ്പം അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യബസുകൾ നടത്തി വരുന്ന സമരം തുടരുകയാണ്. പെർമിറ്റ് പരിശോധനയുടെ പേരിൽ അന്തർസംസ്ഥാന ബസുകളിൽ നിന്ന് അന്യായമായി പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. ബസ് ഉടമകളുമായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ കഴിഞ്ഞ ദിവസം നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരം തുടർന്നുകൊണ്ടുപോകാൻ ബസ്സുടമകൾ തീരുമാനിച്ചത്.

സ്വകാര്യ ബസ്സുകളെ ആശ്രയിക്കുന്നവർ കൂടുതലും വടക്കൻ കേരളത്തിൽ ആയതിനാൽ, പ്രസ്തുത യാത്രക്കാർക്കായി വരും ദിവസങ്ങളിലും ബെംഗളൂരിലേക്ക് പ്രത്യേക സർവീസുകൾ കെഎസ്ആർടിസി ക്രമീകരിച്ചിരിച്ചുണ്ട്. നിലവിൽ ദിവസേന കെഎസ്ആർടിസി 49 ഷെഡ്യൂളുകൾ ആണ് ബാംഗ്ലൂരിലേക്ക് സർവീസ് നടത്തി വരുന്നത്. ഇതു കൂടാതെ കണ്ണൂർ, തലശ്ശേരി, തൃശ്ശൂർ, കോട്ടയം എന്നീ ഡിപ്പോകളിൽ നിന്നും പ്രതിദിനം രണ്ട് സർവ്വീസുകൾ വീതവും കോഴിക്കോട്, എറണാകുളം എന്നീ ഡിപ്പോകളിൽ നിന്നും മൂന്ന് സർവീസുകൾ വീതവും ചേർന്ന് ആകെ 14 സർവീസുകൾ ബാംഗ്ലൂരിലേക്ക് നടത്തുന്നതാണ്.

കെഎസ്ആർടിസിയുടെ മുഴുവൻ കർണാടക ഇൻറർ സ്റ്റേറ്റ് പെർമിറ്റുള്ള ബസ്സുകളും ഈ പ്രത്യേക സർവീസുകളുടെ നടത്തിപ്പിനായി ഉപയോഗിക്കും. ഇതിനുവേണ്ടി 31 അധിക ബസ്സുകൾക്ക് കെഎസ്ആർടിസി അന്തർസംസ്ഥാന പെർമിറ്റുകൾ ലഭ്യമാക്കി കഴിഞ്ഞു.

കോഴിക്കോട് നിന്നാണ് ബാംഗ്ലൂരിലേക്ക് ഏറ്റവും കൂടുതൽ യാത്രക്കാരുള്ളത് എന്നതിനാൽ നിലവിൽ 14 സർവീസുകൾ വിവിധ ഡിപ്പോകളിൽ നിന്നും അധികമായി ഓപ്പറേറ്റ് ചെയ്യുന്നതിനോടൊപ്പം, മതിയായ യാത്രക്കാർ ഉണ്ടെങ്കിൽ അവർ ആവശ്യപ്പെടുന്ന സമയങ്ങളിൽ കോഴിക്കോട് നിന്നും പ്രത്യേക സർവീസുകൾ ബാംഗ്ലൂരിലേക്ക് അയയ്ക്കുവാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിക്കഴിഞ്ഞു. അതുപോലെതന്നെ ബാംഗ്ലൂർ നിന്നും തിരിച്ച് കേരളത്തിൻറെ വിവിധ സ്ഥലങ്ങളിലേക്ക് ഏതുസമയവും യാത്രക്കാർ ആവശ്യപ്പെടുന്ന മുറയ്ക്ക് സർവീസുകൾ നടത്തുവാനായി 8 ബസ്സുകൾ ക്രൂ സഹിതം സജ്ജമാക്കിയിട്ടുണ്ട്.

ഈ പ്രത്യേക സാഹചര്യത്തിൽ അധികമായി ഓപ്പറേറ്റ് ചെയ്യുന്ന സർവീസുകൾ അടക്കം യാത്രക്കാർക്ക് ഓൺലൈനായി മുൻകൂട്ടി സീറ്റുകൾ റിസർവ് ചെയ്യാവുന്നതാണ്.ഈ സർവീസുകളെ കുറിച്ചുള്ള അന്വേഷണങ്ങൾക്കും നിർദേശങ്ങൾക്കും നവമാധ്യമങ്ങളിലൂടെയും ഫോൺ മുഖേനയും ബന്ധപ്പെടാവുന്നതാണ്.

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7) വാട്സാപ്പ് നമ്പർ – 8129562972. മൊബൈൽ & SMS -7025041205. കെഎസ്ആർടിസി, കൺട്രോൾറൂം (24×7) : മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799.

ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനായി online.keralartc.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.കെഎസ്ആർടിസി എന്നും ജനങ്ങൾക്കായി… ജനങ്ങളുടെ സ്വന്തം കെഎസ്ആർടിസി…സുഖയാത്ര…സുരക്ഷിതയാത്ര…

കടപ്പാട് – കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.