മധ്യ – തെക്കൻ കേരളത്തിലെ യാത്രക്കാരുടെ ഏറെനാളായിട്ടുള്ള ഒരു ആഗ്രഹമായിരുന്നു ഊട്ടിയിലേക്ക് ഒരു കെഎസ്ആർടിസി സർവ്വീസ് എന്നത്. സൗത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ ഊട്ടിയിലേക്ക് വളരെ സാധാരണക്കാരായവർക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യണമെങ്കിൽ ഇത്തരത്തിൽ ഒരു ബസ് സർവ്വീസ് കൂടിയേ തീരൂ എന്നായിരുന്നു. ഇതിനായി പല പ്രദേശങ്ങളിൽ നിന്നും, പ്രത്യേകിച്ച് മധ്യ കേരളത്തിലെ പ്രധാന സ്ഥലങ്ങളായ തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിലെ യാത്രക്കാരും കെഎസ്ആർടിസി പ്രേമികളും കെഎസ്ആർടിസി ജീവനക്കാരുമെല്ലാം വളരെയേറെ പ്രയത്നിച്ചിട്ടുണ്ട്. അപ്പോഴെല്ലാം തമിഴ്‌നാട്ടിലെ പെർമിറ്റ് പ്രശ്നങ്ങൾ ആയിരുന്നു പുതിയ സർവ്വീസ് തുടങ്ങുവാൻ വിലങ്ങുതടിയായി നിന്നിരുന്നത്.

അതിനിടെ പാലക്കാട് നിന്നും ഊട്ടിയിലേക്ക് കെഎസ്ആർടിസി സർവ്വീസ് ആരംഭിക്കുമെന്ന് രാഷ്ട്രീയ നേതാക്കളടക്കം ഉറപ്പു പറയുകയുമുണ്ടായി. പാലക്കാട് നിന്നും ഊട്ടിയിലേക്ക് തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസ്സുകൾ നല്ല കളക്ഷനോടെ സർവ്വീസ് നടത്തുന്നുമുണ്ട്. എന്നാൽ ആ ഉറപ്പെല്ലാം വെറുതെയായ കാഴ്ചയായിരുന്നു പിന്നീട് നാം കണ്ടത്.

ഇപ്പോഴിതാ തമിഴ്നാടുമായി ഏർപ്പെട്ട പുതിയ പെർമിറ്റ് കരാർ പ്രകാരം ഊട്ടിയിലേക്ക് ഒരു കെഎസ്ആർടിസി സർവ്വീസ് തുടങ്ങുവാൻ പോകുകയാണ്. പാലക്കാട് നിന്നും ഊട്ടി സർവ്വീസ് തുടങ്ങുമെന്ന് കരുതിയെങ്കിലും ഇത്തവണ സർവീസിനായി നറുക്ക് വീണത് തൃശ്ശൂർ ഡിപ്പോയ്ക്ക് ആയിരുന്നു. ഇതു സംബന്ധിച്ച കുറിപ്പ് കെഎസ്ആർടിസി ചീഫ് ഓഫീസിൽ നിന്നും ബന്ധപ്പെട്ട യൂണിറ്റ് അധികാരികൾക്കും മേഖലാ അധികാരികൾക്കും ലഭിച്ചു കഴിഞ്ഞു.

തൃശ്ശൂരിൽ നിന്നും പാലക്കാട്, വാളയാർ, കോയമ്പത്തൂർ, മേട്ടുപ്പാളയം വഴിയാണ് കെഎസ്ആർടിസിയുടെ ഊട്ടി സർവ്വീസ്. ഈ സർവ്വീസ് നടത്തുന്നതിനായി പത്തനാപുരം ഡിപ്പോയിൽ നിന്നും AT 313 എന്ന ബസ് തൃശ്ശൂർ ഡിപ്പോയ്ക്ക് നൽകിയിട്ടുണ്ട്. നിലവിൽ പത്തനാപുരം – ചന്ദനക്കാംപാറ റൂട്ടിലായിരുന്നു ഈ കൊണ്ടോടി നിർമ്മിത സൂപ്പർഫാസ്റ്റ് ബസ് സർവ്വീസ് നടത്തിയിരുന്നത്. ഇനി തൃശ്ശൂർ – ഊട്ടി സൂപ്പർഫാസ്റ്റ് ആയിട്ടായിരിക്കും AT 313 ൻ്റെ പുതിയ ഓട്ടം.

തൃശ്ശൂർ – ഊട്ടി സർവ്വീസിന്റെ സമയവിവരങ്ങൾ തൃശ്ശൂർ ഡിപ്പോ അധികാരികൾ തീരുമാനിച്ച് ഉടൻ തന്നെ കെഎസ്ആർടിസി അധികൃതരെ അറിയിക്കും. കൃത്യമായ സമയവിവരങ്ങൾ പുറത്തു വിട്ടിട്ടില്ലെങ്കിലും അതിരാവിലെ തൃശ്ശൂരിൽ നിന്നും ഊട്ടിയിലേക്ക് പോകുകയും അവിടുന്ന് തിരികെ ഓടി രാത്രിയോടെ തൃശ്ശൂരിൽ എത്തുന്ന രീതിയിലായിരിക്കും സമയക്രമം. ഇത്തരത്തിൽ ഒരു ദിവസംകൊണ്ട് പോയി വരാവുന്ന ഷെഡ്യൂൾ ആയതിനാലാണ് പെയർ ഇല്ലാതെ ഒരു ബസ് മാത്രം അനുവദിച്ചിരിക്കുന്നതും.

നിലവിൽ കെഎസ്ആർടിസി കണ്ണൂർ, സുൽത്താൻ ബത്തേരി, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഊട്ടിയിലേക്ക് സർവ്വീസുകൾ നടത്തുന്നുണ്ട്. ഇനി ഇവരുടെ കൂട്ടത്തിൽ തൃശ്ശൂർ കൂടി ചേരും. പുതിയ സർവ്വീസ് ആരംഭിക്കുന്നതോടെ എറണാകുളം, തൃശ്ശൂർ തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്ക് മേട്ടുപ്പാളയം, ഊട്ടി തുടങ്ങിയയിടങ്ങളിലേക്ക് നേരിട്ട് ബസ്സിൽ യാത്ര ചെയ്യുവാൻ സാധിക്കും. എറണാകുളത്തുള്ളവർക്ക് ഏതെങ്കിലും ബസ്സിലോ ട്രെയിനിലോ കയറി തൃശ്ശൂർ എത്തിച്ചേരുവാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലതാനും.

തൃശ്ശൂർ – ഊട്ടിയ്‌ക്കൊപ്പം മാന്തവാടി – ഊട്ടി – കോയമ്പത്തൂർ, സുൽത്താൻ ബത്തേരി – ഊട്ടി – കോയമ്പത്തൂർ, എറണാകുളം – മൂന്നാർ – പഴനി, കോട്ടയം – തേനി – പഴനി, അർത്തുങ്കൽ – വേളാങ്കണ്ണി, കണ്ണൂർ – കോയമ്പത്തൂർ, കോഴിക്കോട് – ഗൂഡല്ലൂർ എന്നീ സർവ്വീസുകളും തുടങ്ങുന്നുണ്ട്. ഇതിനായി വിവിധ ഡിപ്പോകളിൽ നിന്നും ബസ്സുകൾ പുതിയ സർവ്വീസുകൾ നടത്തുവാൻ ചുമതലയുള്ള അതാത് ഡിപ്പോകളിലേക്ക് ട്രാൻസ്‌ഫർ ചെയ്തിട്ടുണ്ട്.

ചിത്രങ്ങൾക്ക് കടപ്പാട് – Udayaditya Kashyap, Faizy.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.