എറണാകുളം ജില്ലയിലെ തട്ടേക്കാട് ഭാഗത്തുള്ള VKJ ഇന്റർനാഷണൽ ഹോട്ടലിലായിരുന്നു ഞങ്ങളുടെ താമസം. രണ്ടാം ദിവസം ഞങ്ങൾ ഹോട്ടലിൽ നിന്നുള്ള ജീപ്പ് സഫാരിയ്ക്കായി ഇറങ്ങി. കാടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ക്ണാചേരി അമ്പലത്തിലേക്ക് ആയിരുന്നു ഞങ്ങൾ പോയത്.

കാടിനുള്ളിലൂടെ ആയിരുന്നു ജീപ്പ് യാത്ര. ആനയിറങ്ങുന്ന സ്ഥലമാണെന്ന് ഡ്രൈവർ ചേട്ടൻ ഞങ്ങളോട് പറഞ്ഞു തരികയുണ്ടായി. മണ്ണും പാറയും നിറഞ്ഞ വഴിയിലൂടെ ജീപ്പ് ഇളകിയാടി യാത്ര തുടർന്നു. പോകുന്ന വഴിയിൽ ഒരിടത്ത് ഒരു ചെറിയ അരുവി കടക്കേണ്ടതായി വന്നു. അതിലൂടെ വെള്ളവും ചീറ്റിച്ചുകൊണ്ട് ജീപ്പ് കടന്നുപോകുന്ന ദൃശ്യം മനോഹരം തന്നെയാണ്.

അങ്ങനെ കാട്ടുവഴിയിലൂടെ യാത്ര ചെയ്തു ഞങ്ങൾ ക്ണാച്ചേരി അമ്പലത്തിൽ എത്തിച്ചേർന്നു. രണ്ടായിരം വർഷത്തോളം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. ക്ഷേത്രക്കമ്മറ്റി അംഗമായ രാജു ചേട്ടൻ ഞങ്ങൾക്ക് ക്ഷേത്രത്തിന്റെ ചരിത്രവും വിശേഷങ്ങളുമൊക്കെ പറഞ്ഞു തന്നു. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ദുർഗ്ഗാദേവിയാണ്. കൂടാതെ മറ്റു ഉപപ്രതിഷ്ഠകളും ഉണ്ട്.

ഇവിടത്തെ ഒരു പ്രത്യേകത എന്തെന്നാൽ വർഷത്തിലൊരിക്കൽ ആനയെ പീഠത്തിൽ ഇരുത്തി ഗണപതി പൂജ ഈ ക്ഷേത്രത്തിൽ നടക്കാറുണ്ട്. ആന എന്നു പറയുമ്പോൾ നല്ല ഒറിജിനൽ ആന തന്നെയാണ്. ഫെബ്രുവരി മാസത്തിലാണ് ഇവിടത്തെ ഉത്സവം. അതിനിടയിൽത്തന്നെയാണ് ഈ ആന പൂജയും.

ക്ഷേത്രപരിസരത്തു നിന്നും ഞങ്ങൾ പിന്നീട് പോയത് പന്തപ്ര ആദിവാസി കോളനിയിലേക്ക് ആയിരുന്നു.ആദിവാസികളുടെ ജനവാസമേഖല ആയതിനാൽ കോൺക്രീറ്റ് റോഡ് ആയിരുന്നു അവിടേക്ക്. കൊടുംകാട്ടിലൂടെയുള്ള ആ റോഡ് മാമലക്കണ്ടം ഭാഗത്തേക്ക് ഉള്ളതാണ്. പുലിമുരുകൻ, ശിക്കാർ തുടങ്ങിയ ഹിറ്റ് സിനിമകളിലെ ഭാഗങ്ങളെല്ലാം ഈ മേഖലയിൽ ചിത്രീകരിച്ചതാണ്. കോട്ടയം – മാമലക്കണ്ടം റൂട്ടിലോടുന്ന ഒരു കെഎസ്ആർടിസി ബസ് ഇതുവഴി സർവ്വീസ് നടത്തുന്നുണ്ട്. ആ ബസ്സിലെ യാത്ര അടിപൊളി ആയിരിക്കും അല്ലേ?

കോൺക്രീറ്റ് പണി നടക്കുന്നതിനാൽ ഞങ്ങൾ പോയപ്പോൾ അവിടെ റോഡ് ബ്ലോക്ക് ആക്കിയിട്ടിരിക്കുകയായിരുന്നു. ഞങ്ങൾ അങ്ങനെ റോഡിൽ നിന്നും കാട്ടിലേക്ക് ഇറങ്ങി യാത്രയായി. അവിടെ അടുത്തൊരു വ്യൂപോയിന്റ് ഉണ്ടായിരുന്നു. അവിടേക്ക് ആയിരുന്നു ഞങ്ങളുടെ ജീപ്പ് യാത്ര. അതും റോഡ് അല്ലാത്ത, പാറക്കല്ലുകൾ നിറഞ്ഞ കാട്ടിലൂടെ. പലയിടത്തും പാറക്കല്ലുകൾ കാരണം ജീപ്പ് വളരെ കഷ്ടപ്പെട്ടിട്ടായിരുന്നു കടന്നുപോയിരുന്നത്.

വ്യൂപോയിന്റിലെ കാഴ്ചകൾ കണ്ടതിനു ശേഷം ഞങ്ങൾ തിരികെ യാത്രയായി. പോകുന്ന വഴി പ്രശസ്തമായ പൂയംകുട്ടി ചപ്പാത്ത് കടന്നായിരുന്നു പോയത്. ചപ്പാത്തിലൂടെ ബസ്സുകൾ കടന്നുപോകുന്ന കാഴ്ച അത്ഭുതകരമായിരുന്നു. മഴക്കാലത്ത് ചപ്പാത്ത് കവിഞ്ഞു പുഴയൊഴുകും. ആ സമയത്ത് അതുവഴിയുള്ള യാത്ര അത്യന്തം അഡ്വഞ്ചറസ് ആയിരിക്കും.

ചപ്പാത്ത് കഴിഞ്ഞു കുറച്ചുകൂടി പോയാൽ പുഴയിലൂടെ അക്കരയിലേക്ക് ഒരു കടത്ത് കാണാം. രണ്ടു വലിയ വള്ളങ്ങൾ കൂട്ടിക്കെട്ടി അതിൽ പലക അടിച്ച് വാഹനങ്ങൾ കയറ്റാൻ പാകത്തിലാക്കിയ ഒരു ചങ്ങാടമായിരുന്നു അവിടെ. ബ്ളാവന കടത്ത് എന്നാണു ഇതിന്റെ പേര്. കടവിനപ്പുറം ജനവാസമേഖലയുണ്ടെങ്കിലും ഫോറെസ്റ്റ് ഏരിയ ആയതിനാൽ അവിടെ കൂടുതലായി അകത്തേക്ക് (കാട്ടിൽ) കടക്കുവാൻ പെർമിഷൻ വേണം എന്നാണ് അറിയുവാൻ സാധിച്ചത്.

സമയം ഉച്ചയായി. ആ പരിസരപ്രദേശങ്ങളിലെ കാഴ്ചകളെല്ലാം ആസ്വദിച്ചതിനു ശേഷം മനസ്സ് നിറഞ്ഞുകൊണ്ട് ഞങ്ങൾ തിരികെ ഹോട്ടലിലേക്ക് യാത്രയായി. കുട്ടമ്പുഴ, പൂയംകുട്ടി, കാട്ടിനുള്ളിലെ ക്ണാചേരി അമ്പലം, അങ്ങനെ തട്ടേക്കാടിന് സമീപമുള്ള കിടിലൻ സ്ഥലങ്ങളും സിനിമാ ലൊക്കേഷനുകളും സന്ദർശിക്കുവാനായി നിങ്ങൾക്ക് VKJ ഇന്റർനാഷണൽ ഹോട്ടലിൽ താമസിക്കാം. ബുക്കിംഗിന്: 9446487500.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.