നിലവിലുള്ള ആഢംബര കാറുകളുടെ രാജാവായാണ് റോള്‍സ് റോയ്‌സ് ലോകം മുഴുവന്‍ അറിയപ്പെടുന്നത്. 1906 ലാണ് റോള്‍സ് റോയ്‌സ് ഇംഗ്ലണ്ടില്‍ രൂപം കൊണ്ടത്. ലോകം കീഴടക്കാന്‍ റോള്‍സ് റോയ്‌സിന് അധിക കാലം വേണ്ടി വന്നില്ല. മുന്തിയ നിലവാരത്തിലും ഗുണമേന്മയിലും മറ്റ് കാറുകളേക്കാളും പിന്തള്ളിയ റോള്‍സ് റോയ്‌സ് ഇന്ന് ആഢംബരത്തിന്റെ പ്രതീകമായി മാറി. ആഢംബരം എന്ന വാക്കിനെ പൂര്‍ണ തോതില്‍ അന്വര്‍ത്ഥമാക്കുന്നത് റോള്‍സ് റോയ്‌സാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകില്ല. പ്രൗഢ ഗംഭീരമായ പാരമ്പര്യത്തിന്റെയും മികവിന്റെയും പശ്ചാത്തലത്തില്‍ പതിറ്റാണ്ടുകളായി ആഢംബരം എന്ന വാക്കിനെ തങ്ങളുടെ കുത്തകയായി നിലനിര്‍ത്താന്‍ റോള്‍സ് റോയ്‌സിന് സാധിച്ചു.

റോള്‍സ് റോയ്‌സ് നിരയില്‍ നിന്നും ഒരു കാറെങ്കിലും സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്ത ശതകോടീശ്വരന്‍മാര്‍ രാജ്യത്തെന്നല്ല, ആഗോള തലത്തില്‍ ഉണ്ടാകില്ല. സാധാരണക്കാര്‍ക്ക് കൈയ്യെത്താവുന്നതിലും മേലെയാണ് റോള്‍സ് റോയ്‌സ്. എന്നാല്‍ റോള്‍സ് റോയ്‌സ് ചരിത്രത്തില്‍ രസകരമായ കാര്യമുണ്ട്. ലോകത്തിലെ ഏറ്റവും വില കൂടിയ കാര്‍ വില്‍ക്കുന്ന കമ്പനിയുടെ അഹങ്കാരം തീര്‍ത്ത ഭാരതീയ മഹാരാജാവ് ജയ്‌സിംഗ് രാജാവിന്റെ കഥ. ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടെ ജയ്‌സിംഗ് മഹാരാജാവ് നേരിട്ട ദുരനുഭവത്തിന്റെ പകരം വീട്ടലില്‍ അലിഞ്ഞിലാതായത് ഇതേ റോള്‍സ് റോയ്‌സാണ്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അല്‍വാര്‍ രാജവംശത്തിലെ ( രാജസ്ഥാൻ ) ഒരു നാട്ടു രാജ്യം ഭരിച്ചിരുന്ന രാജാവായ ജയ്‌സിംഗ് ബ്രിട്ടന്‍ സന്ദര്‍ശിച്ചു. ഹോട്ടലില്‍ നിന്നും സാധാരണ വസ്ത്രം ധരിച്ച്, ലണ്ടനിലെ തെരുവിലൂടെ നടക്കുമ്പോഴാണ് റോള്‍സ് റോയ്‌സ് കമ്പനിയുടെ ഷോറൂം കാണാന്‍ ഇടവന്നത്. കൗതുകം തോന്നിയ അദ്ദേഹം അവിടെ കയറി അതിന്റെ വില വിവരങ്ങള്‍ അന്വേഷിച്ചു. എന്നാല്‍ ഷോറൂമില്‍ നിന്നും അദ്ദേഹത്തിന് നേരിടേണ്ടി വന്നത് വളരെ ധിക്കാരപരമായ പെരുമാറ്റം. ഒരു സാധാരണ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അല്‍പ്പം പോലും പരിഗണന കാട്ടാന്‍ അവര്‍ കൂട്ടാക്കിയില്ല. എന്നാല്‍ അവിടെ ഉള്ള ഇംഗ്ലീഷ്‌കാര്‍ അദ്ദേഹത്തെ മറ്റൊരു ദരിദ്രന്‍ ആയ ഇന്ത്യന്‍ എന്ന് കരുതി അവഹേളിച്ചു. വെറും അഞ്ചു പൌണ്ട് മാത്രമേ ഉള്ളൂ എന്നും ഇപ്പോള്‍ തന്നെ തന്നു വിട്ടാല്‍ തലയില്‍ കൊണ്ട് പോകുമോ എന്നും ചോദിച്ച് വീണ്ടും വീണ്ടും അവഹേളിച്ചു. അവസാനം കടയില്‍ നിന്നും പുറത്തേക്ക് തള്ളി ഇറക്കുന്ന പോലുള്ള അവസ്ഥ ആയി.

ഈ അപമാനം സഹിച്ചു അദ്ദേഹം തിരിച്ച് ഹോട്ടലില്‍ വന്നു. നേരിട്ട അനുഭവത്തിന് മറുപടി കൊടുക്കുവാന്‍ രാജാവ് തീരുമാനിച്ചു. ശേഷം തന്റെ സഹായിയോട് പറഞ്ഞു. റോള്‍സ് റോയ്‌സ് ഷോറൂമിലേക്ക് ഉടന്‍ വിളിച്ചു പറയുക അല്‍വാര്‍ രാജവംശം നിങ്ങളുടെ കാറുകള്‍ വാങ്ങുവാന്‍ താത്പര്യമുണ്ടെന്ന് അറിയിക്കാന്‍ ഉത്തരവ് നല്‍കി. അദ്ദേഹം കുറച്ചു സമയത്തിനു അവിടെക്ക് പുറപ്പെട്ടു. എന്നാല്‍ അദ്ദേഹം ഇത്തവണ രാജകീയ രീതിയിലാണ് പോയത്. വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, വാഹനം, അകമ്പടികള്‍, എന്നുവേണ്ട എല്ലാം തികഞ്ഞ രാജകീയ സന്ദര്‍ശനം. രാജാവ് ചെല്ലുന്നതിന് മുമ്പ് തന്നെ ഷോറൂം ചുവന്ന പരവതാനി വിരിച്ചു. പടിവാതിലില്‍ പരിചാരകര്‍ എല്ലാമുണ്ട്. രാജാവ് ആറു കാറുകള്‍ വാങ്ങുകയും അത് നാട്ടില്‍ എത്തിക്കുന്നതിന് ആവശ്യമായ പണവും നല്‍കി.

തിരിച്ച് ഇന്ത്യയില്‍ എത്തിയ ജയ്‌സിംഗ് ആദ്യം ചെയ്തത് കമ്പനിയുടെ ആറ് കാറുകള്‍ നേരെ നഗര വികസനത്തിന്റെ മാലിന്യ നിര്‍മാര്‍ജന വിഭാഗത്തില്‍ എത്തിക്കാൻ ഉത്തരവിടുകയായിരുന്നു. ഇനി മുതല്‍ ഈ കാറുകളില്‍ മാലിന്യം കൊണ്ടുപോകുന്നതിനും നഗരം ക്ലീന്‍ ചെയ്യുന്നതിനും ഉപയോഗിക്കുക എന്നും ഉത്തരവിട്ടു. അന്ന് മുതല്‍ റോള്‍സ് റോയ്‌സില്‍ മാലിന്യം കൊണ്ടുപോകുവാന്‍ തുടങ്ങി. ഇത് വാര്‍ത്തയായി ലോകം മുഴുവന്‍ പടര്‍ന്നു. അമേരിക്കയിലും ബ്രിട്ടനിലും എന്ന് വേണ്ടാ, എവിടെ ഈ കാറ് ഉപയോഗിക്കുന്നുവോ, അത് കണ്ടു ജനങ്ങള്‍ ഇങ്ങനെ പറയാന്‍ തുടങ്ങി: “ഈ കാറ് തന്നെയല്ലേ ഇന്ത്യയില്‍ വേസ്റ്റ് കൊണ്ട് പോകാന്‍ ഉപയോഗിക്കുന്നത്” എന്ന്. ലോകത്തിലെ വിലപിടിപ്പുള്ള കാറ് മാലിന്യം കൊണ്ടുപോകുന്നതിന് ഉപയോഗിക്കുന്നു എന്നതിനാൽ റോള്‍സ് റോയ്‌സ് കമ്പനിയുടെ മൂല്യം ഇടിഞ്ഞു. ലോകം മുഴുവന്‍ കാറിന്റെ വില്‍പ്പന കുറഞ്ഞു. വന്‍ നഷ്ടം കമ്പനിക്കുണ്ടായി.

കമ്പനി ഉടനെ രാജാവിനു ടെലഗ്രാം അയച്ച് രാജാവിനുണ്ടായ മാനഹാനിയ്ക്ക് ക്ഷമ പറഞ്ഞു. ദയവു ചെയ്ത്‌ ഞങ്ങളുടെ കാറ് ഇന്ത്യയില്‍ വെസ്റ്റ് കൊണ്ട് പോകാന്‍ ഉപയോഗിക്കരുത് എന്ന് അപേക്ഷിച്ചു. രാജാവിനു സൗജന്യമായി ആറ് കാറും ഉടൻ അയയ്ക്കുന്നു എന്നും അറിയിച്ചു. റോള്‍സ് റോയ്‌സ് അവരുടെ തെറ്റ് തിരിച്ചറിഞ്ഞത് കൂടാതെ ക്ഷമയും ചോദിച്ചിരിക്കുന്നുവെന്ന് മനസ്സിലായപ്പോൾ രാജാവ് ഇപ്രകാരം ഉത്തരവിട്ടു: “ഇനി മുതല്‍ റോള്‍സ് റോയ്‌സ് വേസ്റ്റ് കൊണ്ട് പോകാന്‍ ഉപയോഗിക്കേണ്ട”. ഈ സംഭവത്തോടെ വാഹന ലോകത്തെ രാജാവ് എന്നറിയപ്പെട്ടിരുന്ന റോള്‍സ് റോയ്‌സ് പാഠം പഠിക്കുകയായിരുന്നു. തന്നെയുമല്ല ഇംഗ്ലീഷുകാര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങളിലുള്ള അമിത ആത്മ വിശ്വാസവും കുറഞ്ഞുവെന്ന് തന്നെ പറയാം.

കടപ്പാട് – നാരദ ന്യൂസ്, വിവിധ ഓൺലൈൻ മാധ്യമങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.