ഒന്നോ അതിലധികമോ കെട്ടിടങ്ങളിലായി നിരവധി വ്യാപാരസ്ഥാപനങ്ങളെ ഒന്നിച്ചു ചേർത്ത് പ്രർത്തിക്കുന്ന വ്യാപാരസമുച്ചയമാണ് മാൾ അഥവാ ഷോപ്പിംഗ് മാൾ. വിശാലമായ പാർക്കിംഗ് സൗകര്യം, ശീതീകരിച്ച ഇടനാഴികൾ, തദ്ദേശ വിദേശ ബ്രാന്റുകളുടെ ലഭ്യത, ഒരു വ്യാപാരസ്ഥാപനത്തിൽ നിന്നും മറ്റൊന്നിലേക്ക് വേഗത്തിൽ പോകനുള്ള സൗകര്യം എന്നിവ മാളുകളുടെ പ്രത്യേകതയാണ്. ഹൈപ്പർ മാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ, ഫുഡ് കോർട്ട്, ഫൺ സോൺ (കുട്ടികൾക്കായുള്ളവ), മൾട്ടിപ്ലക്സുകൾ (തിയേറ്ററുകൾ) എന്നിവയാണ് ഒരു മാളിന്റെ പ്രത്യേകതകൾ.

ഇന്നത്തെ കാലത്ത് ഷോപ്പിംഗ് മാളുകൾ എന്നത് കൊച്ചുകുട്ടികൾക്കു വരെ അറിയാവുന്ന കാര്യമാണ്. ഏതു നേരത്തും തിരക്കായിരിക്കും മിക്കവാറും മാളുകളിലും. കേരളത്തിൽ വനിതകൾ നടത്തുന്ന ബസ് സർവ്വീസുകളുണ്ട്, ടാക്സികളുണ്ട്, ഹോട്ടലുകളുണ്ട്.. പക്ഷേ ഒരു വനിതാ സ്പെഷ്യൽ മാൾ മാത്രമാണ് ഇല്ലാതിരുന്നത്. കുറെ നാളുകളായി ഈ പരാതി ഉയർന്നു കേൾക്കുകയായിരുന്നു. ഇപ്പോഴിതാ അതിനും ഒരു പരിഹാരമായിരിക്കുകയാണ്. വനിതാ ജീവനക്കാര്‍ മാത്രമുള്ള ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ സൗഹൃദ ഷോപ്പിങ് മാള്‍ കോഴിക്കോട് തുറന്നിരിക്കുകയാണ്. വനിതാ ജീവനക്കാര്‍ മാത്രമുള്ള ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ സൗഹൃദ ഷോപ്പിങ് മാള്‍ കൂടിയാണിത്.

കോര്‍പറേഷന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വയനാട് റോഡില്‍ ഫാത്തിമ ആശുപത്രിക്കു മുന്‍വശത്തായി അഞ്ചു കോടി രുപ ചെലവഴിച്ച് അഞ്ചു നിലയില്‍ നിര്‍മിച്ചതാണ് പുതിയ മഹിളാ മാള്‍. തികച്ചും സ്ത്രീസൗഹൃദമായി ‘പെണ്‍കരുത്തിന്റെ കയ്യൊപ്പ്’ എന്ന മുദ്രാവാക്യവുമായാണ് മഹിളാമാൾ കോഴിക്കോട് നഗരത്തിൽ പ്രവർത്തനം തുടങ്ങുന്നത്. കെട്ടിടത്തിന്റെ സുരക്ഷാജീവനക്കാര്‍ മുതല്‍ കച്ചവടക്കാരും മറ്റ് ജോലിക്കാരുമെല്ലാം സ്ത്രീകള്‍ ആയിരിക്കുമെന്നതാണ് ഈ മാളിന്റെ പ്രത്യേകത.

കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉല്‍പാദിപ്പിക്കുന്ന സാധന സാമഗ്രികളും യൂണിറ്റ് സംരംഭങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടു വരികയെന്ന ആശയത്തിന്റെ ഭാഗമായാണ് മഹിളാ മാള്‍ ഒരുക്കിയിരിക്കുന്നത്. സര്‍ക്കാരില്‍നിന്നും ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളെല്ലാം രാത്രി പത്തുവരെ ഇവിടെനിന്നു ലഭ്യമാക്കാനാകും.

സ്ത്രീകള്‍ക്കായി സ്പാ, ബ്യൂട്ടി പാര്‍ലര്‍, ഫാന്‍സി ഐറ്റങ്ങളുടെ വിപുലമായ ശേഖരം, ഡിസൈനര്‍ വസ്ത്രങ്ങളുടെ ഷോറൂമുകള്‍, മിനി സൂപ്പര്‍മാര്‍ക്കറ്റായ മിനി കിച്ചണ്‍ മാര്‍ട്ട്, മൈക്രോ ബസാര്‍, ഫാമിലി കൗണ്‍സലിങ് സെന്റര്‍, സോഫ്റ്റ് സ്‌കില്‍ ട്രെയിനിങ് സെന്റര്‍, യോഗാ സെന്റര്‍, കണ്‍സ്ട്രക്ഷന്‍ കമ്ബനി, ജൈവ പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും സ്റ്റാള്‍, കുട്ടികള്‍ക്കായി കളി സ്ഥലം, കാര്‍ വാഷിങ് സെന്റര്‍, ജിഎസ്ടി സെന്റര്‍ തുടങ്ങി എഴുപത്തി ഒമ്പത് സ്ഥാപനങ്ങളാണ് മഹിളാ മാളിലുള്ളത്. വനിതാ വികസന കോർപറേഷൻ ഹെൽപ‌് ഡെസ‌്ക‌്, വനിതാ കോ‐ഓപറേഷൻ ബാങ്ക‌്, കുടുംബ കൗൺസലിങ‌് സെന്റർ തുടങ്ങിയവയും മാളിൽ പ്രവർത്തിക്കും.

നൂറു ശതമാനം വനിതകള്‍ നടത്തുന്ന മാളില്‍ വിശാലമായ കാർ പാര്‍ക്കിങ് സൗകര്യം ലഭ്യമാണ്. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് മഹിളാ മാളിന്റെ പ്രവൃത്തി സമയം. ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 11 വരെ മാള്‍ പ്രവര്‍ത്തിക്കും.

വിവരങ്ങൾക്ക് കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here