എഴുത്ത്: ടി.ജെ.ശ്രീജിത്ത്, ഫോട്ടോ: സിദ്ദിഖുല്‍ അക്ബര്‍ (മാതൃഭൂമി).

‘മലക്കപ്പാറ’ എന്ന അതിര്‍ത്തിഗ്രാമം പ്രളയകാലത്ത് കേരളത്തില്‍നിന്ന് ഒറ്റപ്പെട്ടുപോയത് പതിനാലു ദിവസമാണ്. തോട്ടം തൊഴിലാളികളും ആദിവാസികളും അനുഭവിച്ച വിഷമങ്ങള്‍ക്ക് അതിരില്ലായിരുന്നു. ഉരുള്‍പൊട്ടലും മലവെള്ളവും തകര്‍ത്തെറിഞ്ഞ വഴികളിലൂടെ അതിര്‍ത്തി ഗ്രാമത്തിലേക്ക് പ്രളയശേഷം കെ.എസ്.ആര്‍.ടി.സി. ബസില്‍ ഒരു യാത്ര…..

തേയിലക്കൊളുന്തിലും കോടമഞ്ഞിലും കോര്‍ത്തിട്ട ‘മലക്കപ്പാറ’ തേടി മുമ്പും പോയിട്ടുണ്ട്… ഒടുവില്‍ പോയത് അഞ്ചു കൊല്ലം മുമ്പായിരുന്നു. അന്ന് തേയിലയ്‌ക്കൊപ്പം ടൂറിസവും നുള്ളാന്‍ തുടങ്ങിയിരുന്നു മലക്കപ്പാറ.തമിഴിനും മലയാളത്തിനുമിടയില്‍ ഞെരുങ്ങിപ്പോയ ഇടംതേടി ആദ്യം പോയത് 2009ല്‍ ആയിരുന്നു. ഒന്നോ രണ്ടോ ചായക്കടകളും കുട്ടിപ്പീടികകളും മാത്രമുള്ള ഒരു കുട്ടിഗ്രാമം മാത്രമായിരുന്നു അന്നത്. പിന്നെയും മാടിവിളിച്ചുകൊണ്ടിരുന്നു മലക്കപ്പാറ. അപ്പോഴൊക്കെയും മടിയുടെ പുതപ്പെടുത്തുമാറ്റി കാടുകടന്ന് മലനാട്ടിലേക്കു പോയി.

ഇപ്പോള്‍ വീണ്ടും പോകുന്നു ആ നാട്ടിലേക്ക്. പ്രളയവും ഉരുളും ഉഴുതുമറിച്ച കാട്ടുവഴികളിലൂടെ. പ്രളയശേഷം അധിക നാളായിട്ടില്ല കെ.എസ്.ആര്‍.ടി.സി. ബസ് ഈ വഴികളിലൂടെ ഓടാന്‍ തുടങ്ങിയിട്ട്. രാവിലെ ചാലക്കുടിയില്‍നിന്ന് വണ്ടിയെടുക്കുമ്പോഴേ സീറ്റുകള്‍ നിറഞ്ഞുകവിഞ്ഞ് ആളുകള്‍ കമ്പിയില്‍ തൂങ്ങി നില്‍പ്പുതുടങ്ങി.

എലഞ്ഞിപ്ര കഴിഞ്ഞപ്പോള്‍ മുന്‍ സീറ്റിലിരുന്ന സ്ത്രീ കണ്ടക്ടറോട് എന്തോ പറഞ്ഞു. ‘പെട്ടെന്ന് വരാന്‍ പറാ…’ കണ്ടക്ടര്‍ സുധീഷ് അവരോടു പറഞ്ഞു. വണ്ടി അല്‍പ്പനേരം നിര്‍ത്തിയിട്ടു. ഓട്ടോറിക്ഷയിലെത്തിയ ഒരു സ്ത്രീ വിയര്‍പ്പൊക്കെ തുടച്ച്, കൂട്ടുകാരിയിരുന്ന സീറ്റിനരികില്‍ ചാരി നിന്നു. ‘വൈകിപ്പോയി…’ ആരോടെന്നില്ലാതെ അവര്‍ പറഞ്ഞു. മലക്കപ്പാറയ്ക്ക് വിരലിലെണ്ണാവുന്ന ബസുകളേയുള്ളു. ഒരു ബസ് വിട്ടുപോയാല്‍ ഒരു ദിവസം പോക്കാണ്…!

കൊന്നക്കുഴിയിലെ കുമ്പളാന്‍മുടിയില്‍ ഉരുള്‍പൊട്ടി പാറക്കൂട്ടങ്ങളും മരങ്ങളുമെല്ലാം താഴേക്ക് പോന്നതെല്ലാം വെയിലേറ്റ് വാടിയിരിക്കുന്നു. ഈയൊരറ്റ ഉരുള്‍പൊട്ടലില്‍ വെറ്ററിനറി സര്‍വകലാശാലയുടെ തുമ്പൂര്‍മുഴി ഫാമിലെ നാല്‍പ്പത് പശുക്കളാണ് മണ്ണിനടിയിലായത്, നാലരക്കോടിയുടെ നഷ്ടം. അങ്ങനെയാരു ഫാം അവിടെയുണ്ടായിരുന്നെന്ന് ആദ്യമായി ഈ വഴി പോകുന്ന ആര്‍ക്കുമിപ്പോള്‍ തോന്നില്ല.

ഇനിയങ്ങോട്ട് വഴിയുടെ വലതുവശം നിറയെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എണ്ണപ്പന തോട്ടമാണ്. തൊഴിലാളികള്‍ എത്തിത്തുടങ്ങുന്നതേയുള്ളു. അതിനുമപ്പുറം ഒളിഞ്ഞും തെളിഞ്ഞുമൊഴുകുന്ന ചാലക്കുടിപ്പുഴ… ഒരു നാടിനെയാകെ മുക്കിയതാണെന്ന ഭാവമൊക്കെ ഒഴുകിപ്പോയിരിക്കുന്നു… ‘വിനീതയായ ഞാന്‍’ എന്ന നാണം വാരിച്ചുറ്റിയിരിക്കുന്നു.

മുമ്പത്തെ ‘വെറ്റിലപ്പാറ’ പഞ്ചായത്ത് ഇപ്പോള്‍ ‘അതിരപ്പിള്ളി’ പഞ്ചായത്ത് എന്ന പുത്തനുടുപ്പിട്ടിരിക്കുന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനരികിലെത്തിയപ്പോള്‍ ഒമ്പത് മണി. പ്രളയത്തില്‍ തിളച്ചൊഴുകിയ പോലെയല്ല, വെള്ളച്ചാട്ടം ചെറുതായൊന്നു മെലിഞ്ഞിട്ടുണ്ട്. അതിരപ്പിള്ളിയില്‍ സഞ്ചാരികള്‍ നന്നേ കുറവ്. പ്രളയം കഴിഞ്ഞ് കണ്ണുതുറക്കാത്ത കടകളിലേറെയും അടഞ്ഞുതന്നെ. മണ്ണിടിഞ്ഞ് വഴികള്‍ അപകടത്തിലായതിനാല്‍ ഇതിനപ്പുറം വിനോദസഞ്ചാരികളുടെ വണ്ടികള്‍ കടത്തിവിടുന്നില്ല.

ഇതള്‍ കൊഴിയും പോലെ ബസിലെ തിരക്കൊഴിയാന്‍ തുടങ്ങി. വാഴച്ചാലും ചാര്‍പ്പയും കടന്ന് ‘പെരിങ്ങല്‍ക്കുത്തി’ല്‍ എത്തിയപ്പോഴേക്കും ‘ചായ സ്റ്റോപ്പ്’ ആയി. ഇനി പത്ത് മിനിറ്റു കഴിഞ്ഞേ ബസ് പുറപ്പെടൂ. കണ്ടക്ടര്‍ സുധീഷും ഡ്രൈവര്‍ ബെന്നറ്റും ചായയ്ക്കായി ചാടിയിറങ്ങി. പെരിങ്ങല്‍ക്കുത്ത് കഴിഞ്ഞതോടെ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമായി ബസില്‍. ‘നേരത്തെ ഫോട്ടോ എടുത്തപ്പോള്‍ ഞാന്‍ ചിരിച്ചില്ല, റീടേക്ക് വേണ്ടിവരും’ ചെറുചിരിയോടെ ഡ്രൈവര്‍ ബെന്നറ്റ് വണ്ടിയെടുത്തു.

താടിയും ചന്ദനക്കുറിയുമായി വെളുത്തു മെലിഞ്ഞൊരു ചെറുപ്പക്കാരന്‍ അടുത്തുവന്നിരുന്നു. ഗുരുവായൂര്‍ സ്വദേശി സുബീഷ്. ‘ഈ സേക്കല്‍മുടി സ്‌കൂള്‍ എവിടെയാ…?’ അതിര്‍ത്തിയും കടന്ന് പോകണം ‘സേക്കല്‍മുടി’ക്ക്, വാല്‍പ്പാറയുടെ ഭാഗമായ സ്ഥലം. വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചുപോയ അമ്മമ്മ അമ്മാളുവിന്റെ പെന്‍ഷന്‍ വിഷയത്തിലെ നൂലാമാല തീര്‍ക്കാന്‍ പോവുകയാണ്. തോട്ടം തൊഴിലാളികളുടെ മക്കളെ മലയാളം പഠിപ്പിക്കുന്ന വാധ്യാരായിരുന്നു അമ്മാളു. സുബീഷ് ജനിക്കുന്നതിന് മുമ്പേ അമ്മാളു വിരമിച്ചിരുന്നു. അമ്മമ്മയില്‍നിന്ന് കേട്ട കഥകളാണ് സുബീഷിന് മലക്കപ്പാറയും വാല്‍പ്പാറയും. ആദ്യമായാണ് മലക്കപ്പാറയ്ക്ക് വരുന്നതുതന്നെ. അബുദാബിയില്‍ ജോലിക്കാരനാണ്. പതിനഞ്ചു ദിവസത്തെ അവധിക്കെത്തിയതായിരുന്നു.

കാട്ടുവഴികളില്‍ കണ്ണമര്‍ത്തി സുബീഷ് പറഞ്ഞു: ”അമ്മമ്മയുടെ കാലത്ത് ഒരു ബസോ മറ്റോ ആയിരുന്നു ഈ വഴികളിലൂടെ. വീടുകള്‍ക്കു മുന്നില്‍ നിര്‍ത്തി, വിളിച്ചു ചോദിച്ചായിരുന്നു യാത്രക്കാരെ കയറ്റിപ്പോയിരുന്നത്. ആനകളെ ഓടിക്കാന്‍ വലിയ തകിലും പടക്കവുമൊക്കെ ബസിലുണ്ടാകും.

ഇപ്പോഴും വലിയ വ്യത്യാസമൊന്നുമില്ല, ആനക്കാര്യത്തില്‍. വഴിയിലെപ്പോഴും ആനയെ പ്രതീക്ഷിക്കാം. രണ്ടാള്‍ പൊക്കത്തില്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന ഈറ്റക്കാടുകളെ തഴുകിയാണ് ബസ് പോകുന്നത്. ഇടയ്ക്ക് ഈറ്റയുടെ നല്ല അടിയും കിട്ടുന്നുണ്ട്.

പൊകലപ്പാറയും വാച്ചുമരവുമൊക്കെ കഴിഞ്ഞ് ‘ആനക്കയം’ എത്തിയപ്പോഴേക്കും ബസിനുള്ളില്‍ നിന്നുള്ള കണ്ണുകളെല്ലാം പുറത്തേക്കു തള്ളി. ഉരുള്‍പൊട്ടി റോഡും കടന്ന് കിലോമീറ്ററുകളോളം താഴേക്ക് കാടിന്റെ പച്ചപ്പില്‍ ചോരപടര്‍ത്തിയ ചെമ്മണ്ണ്. കഷ്ടിച്ചൊരു ബസിന് കടന്നുപോകാമെന്ന നിലയ്ക്കാക്കിയിട്ടുണ്ട് റോഡ്. വാഴച്ചാലില്‍നിന്ന് കയറിയ ചില ആദിവാസികളെ ഇറക്കാനായി ആനക്കയം കോളനിയുടെ വഴിയെ ബസ് വഴിമാറി ഇറങ്ങി. ആദിവാസികള്‍ ഇപ്പോഴവിടെ താമസിക്കുന്നില്ല. പേടി അവരെ കുടിയൊഴിപ്പിച്ചിരിക്കുന്നു. ആദ്യം കാട്ടിലെ പാറപ്പുറത്തായിരുന്നു താമസം, സര്‍ക്കാര്‍ കോടികള്‍ മുടക്കിയ കോളനിയില്‍ അവരെ തിരിച്ചെത്തിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇനി വരില്ലെന്ന് അവര്‍ ഒരു വരവരച്ചു. അതോടെ, ഷോളയാര്‍ പവര്‍ഹൗസിന്റെ ക്വാര്‍ട്ടേഴ്‌സുകളിലേക്ക് അവരെ മാറ്റി.

ആനക്കയം കോളനിയില്‍നിന്ന് തിരികെ മലക്കപ്പാറ പാതയിലേക്ക് കയറി. സിദ്ധന്‍പോക്കറ്റും കുമ്മാട്ടിയും ഷോളയാര്‍ പവര്‍ഹൗസും കഴിഞ്ഞ് ‘അമ്പലപ്പാറ’ എത്തി. അഗാധമായ താഴ്ചയ്ക്ക് മുകളിലൂടെ കറുകറെ കറുത്തൊരു നൂല്‍പ്പാലമായിരിക്കുന്നു റോഡ്. കുതിരവട്ടം പപ്പു താമരശ്ശേരി ചുരത്തെക്കുറിച്ച് പറഞ്ഞതുപോലെ ‘ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ ഒരിഞ്ച് മാറിയാല്‍ തീര്‍ന്നു കഥ…’ കുത്തിയൊലിച്ചു പോയ റോഡിന്റെ മറുപാതിയിലൂടെ വളരെ സൂക്ഷിച്ച് ഡ്രൈവര്‍ ബെന്നറ്റ് റോഡിനെ അപ്പുറം കടത്തി.

അധികം പോയില്ല, കുത്തനെയുള്ള ചുരം കാണാറായി. ഹെയര്‍പിന്‍ ബെന്‍ഡില്‍ ആനവണ്ടി ഒറ്റയൊടിക്കൊന്നും കയറ്റം കയറില്ല. ”കയറ്റത്തില്‍ നിര്‍ത്തി ഒന്ന് ആട്ടിവേണം കയറ്റാന്‍, സര്‍ക്കാര്‍ വണ്ടിയല്ലേ…”  ഡ്രൈവര്‍ ബെന്നറ്റ് പറഞ്ഞു. പാറക്കൂട്ടത്തില്‍ മുട്ടി, മുട്ടിയില്ല എന്ന രീതിയില്‍ ബസ് ആ കൊടിയ വളവ് തിരിഞ്ഞു. പിന്നെയുള്ള വഴികളില്‍ അവിടവിടെയായി ഇടത്തരം കല്ലുകള്‍ റോഡരികില്‍ അടയാളങ്ങളായി നിരത്തിയിരിക്കുന്നു. അതിനപ്പുറത്തേക്ക് വണ്ടി നീങ്ങിയാല്‍ റോഡ് ഇടിയും.

ഇടതുവശത്തെ കാട് പെട്ടെന്ന് തീര്‍ന്നപോലെ വെളിച്ചം കടന്നുവന്നു. ഷോളയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശം നിറഞ്ഞുകിടക്കുന്നു. നീലജലാശയത്തില്‍ നിന്നുയര്‍ന്നുവന്ന പച്ചക്കാടുകള്‍… വരച്ചുവെച്ചൊരു പ്രകൃതിദൃശ്യം പോലുണ്ട്. ഒച്ചയുണ്ടാക്കി മരച്ചില്ലകള്‍ തോറും ചാടി മറയുന്ന കരിങ്കുരങ്ങുകള്‍…

ചൊരിങ്ങലും പെരുമ്പാറയും കടന്ന് മുന്നോട്ട്. കാടിനിപ്പോള്‍ നല്ല തലക്കനം. അതിക്രമിച്ചുകയറാന്‍ വന്ന നട്ടുച്ചവെയിലിനെ കാടടച്ചു കളഞ്ഞിരിക്കുന്നു. വഴികളില്‍ വീണ പെരിയ മരങ്ങള്‍ ആദിവാസികള്‍ തന്നെ മുറിച്ചുമാറ്റിയിരിക്കുന്നു.

ചണ്ടന്‍തോട്ടിലാണ് ഉരുള്‍പൊട്ടലിന്റെ മറ്റൊരു ഭീകരദൃശ്യം കണ്ടത്. മലക്കപ്പാറയെ കേരളത്തില്‍നിന്ന് ഒറ്റപ്പെടുത്തിയ വലിയൊരു മണ്ണുമല റോഡില്‍ പ്രത്യക്ഷപ്പെട്ടത് ഇവിടെയാണ്, ഒപ്പം വന്‍മരങ്ങളും. ദിവസങ്ങളോളം പണിയെടുത്തിട്ടാണ് ഇവിടെ നിന്ന് മരങ്ങളും മണ്ണും നീക്കിയത്. ബസ് കടന്നുപോകുമ്പോള്‍ ഒരാള്‍ക്കുപോലും നില്‍ക്കാനിടമില്ലാത്ത രീതിയിലായിരിക്കുന്നു റോഡ്… എന്തിന് ഡോര്‍ പോലും തുറക്കാനാവില്ല…!

റോപ്പാമട്ടവും കടന്ന് കടമട്ടമെത്തിയപ്പോള്‍ കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം തകര്‍ത്ത കട കണ്ടു. കറുപ്പുസ്വാമിയുടെ പൂട്ടിയിട്ടിരുന്ന കടയായിരുന്നു അത്. ആദിവാസികള്‍ക്ക് കിട്ടിയ റേഷനരി സൂക്ഷിച്ചിരുന്നതാണ്. അരിയുടെ മണം പിടിച്ചെത്തിയ ആനകള്‍ ഷട്ടര്‍ തകര്‍ത്ത് അരി തിന്ന് സ്ഥലം വിട്ടു.

തൊട്ടപ്പുറത്താണ് മലക്കപ്പാറ ചെക്‌പോസ്റ്റ്. പോസ്റ്റിന്റെ ഒരറ്റം ആന വളച്ചുവെച്ചിരിക്കുകയാണ്. മലക്കപ്പാറ പതിമൂന്നും കഴിഞ്ഞതോടെ ‘കീഴ്പരട്ട്’ എത്തി അതായത്, മലക്കപ്പാറ ടൗണ്‍. വഴിയിലെല്ലാം കടകളാണ്. ഒന്നോ രണ്ടോ എണ്ണമൊഴിച്ച് എല്ലാം തന്നെ അടഞ്ഞുകിടക്കുന്നു. പ്രളയം കാരണം വിനോദസഞ്ചാരികള്‍ എത്താതായതോടെ പലരുടെയും കഞ്ഞികുടി മുട്ടിയ അവസ്ഥയിലാണ്.

ബസിറങ്ങി തേയിലത്തോട്ടങ്ങള്‍ക്ക് നടുവില്‍നിന്ന് കൃഷ്‌ണേട്ടന്റെ കടയില്‍നിന്ന് കടുപ്പത്തിലൊരു ചായ കുടിച്ചു. രാത്രി ഭക്ഷണവും ഇവിടെത്തന്നെ. ആനപ്പേടിയും പുലിപ്പേടിയും മാറി മാറി വരുന്ന മലക്കപ്പാറയില്‍ അന്തിയുറക്കം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.