വളരെ കുറഞ്ഞ ചെലവിൽ മനോഹരമായ കാഴ്ചകൾ കണ്ടുകൊണ്ട് കൊടുംകാട്ടിലൂടെ ഒരു കെഎസ്ആർടിസി ബസ് യാത്ര ആയാലോ? ഇത്രയും കേട്ടു കഴിഞ്ഞപ്പോൾ മുത്തങ്ങയോ കവിയോ ഒക്കെ ആണെന്ന് കരുതിക്കാണും നിങ്ങൾ. എങ്കിൽ അവയൊന്നുമല്ല, അധികമാളുകൾ (പോകുന്നവരും ഉണ്ടേ) യാത്ര പോകുവാൻ തിരഞ്ഞെടുക്കാത്ത ഒരു റൂട്ടിനെക്കുറിച്ചാണ് ഇനി പറയുവാൻ പോകുന്നത്. മലക്കപ്പാറ..!! വേറെങ്ങുമല്ല നമ്മുടെ തൃശ്ശൂർ ജില്ലയിലെ ഒരു മനോഹരമായ സ്ഥലമാണ് ഇത്. തൃശ്ശൂരും തമിഴ്‌നാടും തമ്മിൽ അതിർത്തി പങ്കുവെയ്ക്കുന്ന ഒരിടം കൂടിയാണ് മലക്കപ്പാറ. സ്വന്തം വാഹനങ്ങളിലും നമുക്ക് ഇവിടേക്ക് പോകാവുന്നതാണ്. എങ്കിലും ചെലവും റിസ്‌ക്കും കുറച്ച് ബസ്സിൽ പോകുന്നതായിരിക്കും കുറച്ചുകൂടി നല്ലത്.

യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന ദിവസം രാവിലെ ഏഴുമണിയോടെ ചാലക്കുടി കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിച്ചേരണം. ഇവിടെ നിന്നും രാവിലെ 7.50 നാണ് മലക്കപ്പാറയിലേക്കുള്ള ബസ് പുറപ്പെടുന്നത്. ദൂരദേശങ്ങളിൽ നിന്നുള്ളവർക്ക് ഏതെങ്കിലും കെഎസ്ആർടിസി ബസ്സുകളിൽ കയറി അതിരാവിലെ ചാലക്കുടിയിൽ എത്താവുന്നതുമാണ്. ബസ് പുറപ്പെടുന്നതിനു മുൻപായി രാവിലത്തെ ചായകുടിയും ബ്രേക്ക് ഫാസ്റ്റും ഒക്കെ ഇവിടുന്നു നടത്താവുന്നതാണ്.

7.50 നു കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നെടുക്കുന്ന ബസ് ചാലക്കുടി മുനിസിപ്പൽ (പ്രൈവറ്റ്) ബസ് സ്റ്റാൻഡിലും കയറിയിട്ടേ യാത്ര തുടരുകയുള്ളൂ. ചാലക്കുടി ടൌൺ പിന്നിട്ട് കുറച്ചു ദൂരം പോയാൽ പിന്നെ നല്ല നാടൻ കാഴ്ചകൾ കണ്ടുതുടങ്ങുകയായി. ഈ വഴിയിലാണ് പ്രശസ്ത തീം പാർക്കായ ഡ്രീം വേൾഡ് ഉള്ളത്. അതുകഴിഞ്ഞു പോകുന്ന വഴിയ്ക്കാണ് തുമ്പൂർമുഴി. പിന്നെയും കുറെ മുന്നോട്ടു പോയാൽ വെറ്റിലപ്പാറ എന്ന സ്ഥലത്തെത്തും. അവിടെയാണ് മറ്റൊരു തീം പാർക്കായ സിൽവർ സ്റ്റോ൦. ഇതിനു മുന്നിലായി എറണാകുളം – തൃശ്ശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന വെറ്റിലപ്പാറ പാലവും കാണാം. താഴെ ഒഴുകുന്നത് ചാലക്കുടിപ്പുഴയാണ്. നല്ലൊരു ഫോട്ടോജെനിക് ആയ പ്രദേശമാണ് ഈ പാലവും പരിസരവും.

പിന്നീട് നമ്മൾ അതിരപ്പിള്ളിയിലേക്ക് ആണ് എത്തിച്ചേരുന്നത്. വലതു ഭാഗത്തേക്ക് നോക്കിയാൽ വെള്ളച്ചാട്ടത്തിന്റെ ദൃശ്യം ചിലയിടങ്ങളിൽ നന്നായി കാണുവാൻ സാധിക്കും. അതിരപ്പിള്ളിയിൽ പോകുവാൻ താല്പര്യമുള്ളവർക്ക് അവിടെ ടിക്കറ്റ് കൗണ്ടറിൽ ഇറങ്ങി അവിടെ നിന്നും ടിക്കറ്റ് എടുത്തു വെള്ളച്ചാട്ടത്തിലേക്ക് നടന്നു പോകാം. പക്ഷേ നമ്മുടെ യാത്ര മലക്കപ്പാറയിലേക്കല്ലേ. അതിരപ്പിള്ളിയിലേക്ക് അടുത്ത തവണ പോകാം.

അതിരപ്പിള്ളി വരെ ചുറ്റും വീടുകളും കടകളും ആളുകളും ഇഷ്ടം പോലെ കാണും. അതിരപ്പിള്ളി വിട്ടാൽ പിന്നെ കൊടുംകാട് ആരംഭിക്കുകയായി. പോകുന്ന വഴിയിൽ ആനത്താരകൾ (ആന വഴി ക്രോസ്സ് ചെയ്യുന്ന സ്ഥലം) ധാരാളം കാണാവുന്നതാണ്. ഇവിടെ ഇത് സൂചിപ്പിച്ചുള്ള ബോർഡുകൾ വനംവകുപ്പ് വെച്ചിട്ടുണ്ട്. പിന്നെയൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. യാത്രയിൽ നിങ്ങൾ കഴിക്കുവാൻ ബിസ്ക്കറ്റോ വെള്ളമോ ഒക്കെ കരുതുമല്ലോ. ഇതിന്റെ പ്ലാസ്റ്റിക് പാക്കറ്റുകളോ കുപ്പികളോ ഒരു കാരണവശാലും കാട്ടിൽ അറിയുവാൻ പാടില്ല. എല്ലാം നിങ്ങളുടെ ബാഗിൽ സൂക്ഷിച്ചു വെച്ചിട്ട് പിന്നീട് ഏതെങ്കിലും വെയിസ്റ്റ് ബോക്സിലോ മറ്റോ നിക്ഷേപിക്കുക.

അതിരപ്പിള്ളിയിൽ നിന്നും കുറച്ചു ദൂരം പോയിക്കഴിഞ്ഞാൽ ഇടതു വശത്തായി ഒരു വെള്ളച്ചാട്ടം കാണാം. റോഡിനോട് ചേർന്നാണ് ചാർപ്പ എന്നു പേരുള്ള ഈ വെള്ളച്ചാട്ടം. മഴക്കാലത്ത് ആയിരിക്കും ചാർപ്പ അതിന്റെ രൗദ്രഭാവം പുറത്തെടുക്കുന്നത്. യൂട്യൂബിൽ ഒന്നു സെർച്ച് ചെയ്‌താൽ കാണാൻ കഴിയും അത്. അവിടെ നിന്ന് കുറച്ചു കൂടി പോയാൽ വാഴച്ചാൽ വെള്ളച്ചാട്ടവും ഉദ്യാനവും. ശരിക്കും ഇവിടെ വരെ മാത്രമായിരിക്കും ടൂറിസ്റ്റുകളുടെ തിരക്ക്. വാഴച്ചാലിൽ ഒരു ഫോറസ്റ്റ് ചെക്ക് പോസ്റ്റ് ഉണ്ട്. ഈ ചെക്ക് പോസ്റ്റിനു അപ്പുറം രാത്രി യാത്രാ നിരോധനം ഉള്ള സ്ഥലമാണ്.

ചെക്ക്പോസ്റ്റ് കഴിഞ്ഞു കുറച്ചുദൂരം മുന്നോട്ടു പോയിക്കഴിഞ്ഞാൽ പിന്നെ ജനവാസകേന്ദ്രങ്ങളുടെ അവസാനമാണ്. ഇനിയാണ് കാഴ്ചയുടെ പൂരം. നിബിഡമായ വനത്തിനു നടുവിലൂടെയുള്ള ചെറിയ പാതയിലൂടെയായിരിക്കും ഇനിയങ്ങോട്ടു ബസ്സിന്റെ സഞ്ചാരം. ചിലപ്പോൾ ആനയൊക്കെ വഴിയിൽ നിൽക്കുന്നതും കാണാം. പേടിക്കേണ്ട, ആനയും ആനവണ്ടിയും തമ്മിൽ നല്ല സൗഹൃദമാണുള്ളത്, അതിനാൽ ബസ്സിന്‌ നേർക്ക് അവർ പരാക്രമം കാണിക്കാറില്ല. കെഎസ്ആർടിസി കൂടാതെ തോട്ടത്തിൽ ട്രാവൽസ് എന്ന പ്രൈവറ്റ് ബസ്സു കൂടി ഈ റൂട്ടിൽ സർവ്വീസ് നടത്തുന്നുണ്ട്. ഡോൺ എന്നു വിളിപ്പേരുള്ള ഈ ബസ്സും വന്യമൃഗങ്ങളുടെ ചങ്ങാതിയാണ്.

കുറെ ദൂരം യാത്ര ചെയ്തതിനു ശേഷം ബസ് ഷോളയാർ പവർ ഹൗസ് ഏരിയയിലേക്ക് കടക്കും. കുറച്ചു കഴിഞ്ഞു നമുക്ക് ഷോളയാർ ഡാമിന്റെ മനോഹരമായ വ്യൂ കാണാം. അങ്ങനെ പോയിപ്പോയി രാവിലെ 11.50 നു ബസ് മലക്കപ്പാറയിൽ എത്തിച്ചേരും. തൃശൂർ ജില്ലയിൽ സ്ഥിതിചെയ്യുന്നതും അതിരപ്പള്ളി പഞ്ചായത്തിനു കീഴിലുള്ളതുമായ ഒരു ചെറുഗ്രാമമാണ് മലക്കപ്പാറ അഥവാ മാലാഖപ്പാറ (Malakkappara). സമുദ്രനിരപ്പിൽനിന്ന് ഏകദേശം 9 മീറ്ററാണ് ഈ പ്രദേശത്തിൻറെ ശരാശരി ഉയരം. സ്ഥിതി ചെയ്യുന്നത് ത്യശ്ശൂർ ജില്ലയിൽ ആണെങ്കിലും തൃശ്ശൂർ നഗരത്തിൽ നിന്നും ഇവിടേക്ക് ഏകദേശം 110 കിലോമീറ്റർ ദൂരമുണ്ട്. ഏറെ ജനശ്രദ്ധ ആകർഷിച്ചിട്ടില്ലാത്ത ഒരു വിനോദസഞ്ചാരകേന്ദ്രമായ മലക്കപ്പാറയിലേയ്ക്ക് ചാലക്കുടിയിൽനിന്ന് സംസ്ഥാന ഹൈവേ-21 ലൂടെ തുമ്പൂർമൂഴി, അതിരപ്പള്ളി, വാഴച്ചാൽ, ഷോലയാർ വഴി 86 കിലോമീറ്റർ ദൂരമുണ്ട്. ടാറ്റാ ടീയുടെ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടം, വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷൻറേയും മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻറെയും കീഴിലുള്ള കേരള വനം വകുപ്പിൻറെ വനപ്രദേശം എന്നിവയുൾപ്പെട്ടതാണ് ഈ പ്രദേശം. വംശനാശഭീഷണി നേരിടുന്ന നിരവധിയിനം സസ്യജന്തുജാലങ്ങളെ ഈ പ്രദേശത്തു കണ്ടെത്തിയിട്ടുണ്ട്.

മലക്കപ്പാറയിൽ ബസ് ഇറങ്ങിയിട്ട് നിങ്ങൾക്ക് തമിഴ്‌നാടിന്റെ ബസ്സിലോ അതോ ഓട്ടോയിലോ കുറച്ചു ദൂരം സഞ്ചരിച്ച് അപ്പർ ഷോളയാർ ഡാമിൽ എത്തിച്ചേരാം. നമ്മൾ വരുന്ന വഴിയിൽ കണ്ടത് ലോവർ ഷോളയാർ ഡാം ആണ്. ഇനി കാണുവാൻ പോകുന്നത് മലക്കപ്പാറയിൽനിന്ന് വാൽപ്പാറയിലേക്കുള്ള വഴിയിൽ ഏകദേശം 5 കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്ന അപ്പർ ഷോളയാർ ഡാമിലേക്ക് ആണ്. അവിടെ ചെന്ന് ഡാമും റിസർവോയറും മറ്റു കാഴ്ചകളും ഒക്കെ നന്നായി സമയമെടുത്ത് കാണാം. ഇനി വേറൊരു മാർഗ്ഗം കൂടിയുണ്ട്. വേണമെങ്കിൽ നിങ്ങൾക്ക് ഇവിടെ നിന്നും തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസ്സിൽ കയറി വാൽപ്പാറയിൽ പോകാവുന്നതാണ്. അവിടെ നിന്നും പൊള്ളാച്ചി വഴി തിരികെ കേരളത്തിലേക്ക് കടക്കുവാനും കഴിയും. പക്ഷേ വന്ന വഴി തന്നെ തിരികെ പോകുന്നതായിരിക്കും നല്ലത്. അങ്ങനെ കാഴ്ചകൾ കണ്ടശേഷം വൈകീട്ട് നാലുമണിയോടെ തിരികെ മലക്കപ്പാറയിൽ എത്തിച്ചേരുക. അവിടെ ഒരു ചായയൊക്കെ കുടിച്ചു വിശ്രമിക്കാം.

ഇനി അവിടെ നിന്നും ചാലക്കുടിയിലേക്ക് വൈകീട്ട് 5 മണിക്കാണ് ബസ്. നാലേമുക്കാലോടെ മലക്കപ്പാറയിൽ എത്തിച്ചേരുന്ന തമിഴ്‌നാട് കണക്ഷൻ ബസ്സിൽ നിന്നുള്ള ആളുകളെയും കയറ്റി ബസ് അഞ്ചുമണിയോടെ ചാലക്കുടിയിലേക്ക് യാത്ര തിരിക്കും. വന്ന പോലെയല്ല ഇനി കാഴ്ചകൾ. ഇരുട്ട് വീണു തുടങ്ങുമ്പോൾ ആയിരിക്കും നിങ്ങൾ കാട് കയറുവാൻ തുടങ്ങുന്നത്. വഴിയിൽ വന്യമൃഗങ്ങളെയൊക്കെ കാണുവാൻ സാധ്യതയേറെയാണ്. അങ്ങനെ കൊടും കാട്ടിലൂടെ ഈ കൊമ്പൻ കുലുങ്ങി കുലുങ്ങി 7 മണിക്ക് പുളിയിലപ്പാറ എത്തും. ഇവിടെ അഞ്ച് മിനിറ്റ് ബസ് കിടക്കും. രാത്രിയിലെ കാടിന്റെ ഭയാനകമായ കാഴ്ചകൾ കണ്ടു പേടിച്ചവർക്ക് വേണമെങ്കിൽ ഇവിടെ നിന്നും ഒരു ചായയൊക്കെ കുടിക്കാം. അവിടെ നിന്നും പിന്നെ സാധാരണ പോലെ അതിരപ്പിള്ളിയും കടന്നു രാത്രി 8. 40 ന് ബസ് ചാലക്കുടിയിൽ എത്തിച്ചേരും.

അങ്ങനെ ചുരുങ്ങിയ ചിലവിൽ അനേകം കാഴ്ചകളും അനുഭവങ്ങളുമായി നിങ്ങളുടെ ഒരു ദിവസത്തെ യാത്ര ഇവിടെ പൂർണ്ണമാകുകയാണ്.ചാലക്കുടി – മലക്കപ്പാറ ബസ് ചാർജ്ജ് ഏകദേശം 80 രൂപ മാത്രമേയുള്ളൂ എന്ന കാര്യവും മറക്കല്ലേ. ഒരു തവണ പോയവർക്ക് പിന്നെയും പിന്നെയും പോകുവാൻ തോന്നിപ്പിക്കുന്ന ചുരുക്കം ചില റൂട്ടുകളിൽ ഒന്നാണ് ചാലക്കുടി – മലക്കപ്പാറ റൂട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.