വിവരണം – ലെജിൻ വിജയൻ.

എഴുത്തിൽ പിഴവുകൾ വന്നിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കുക. ശനിയാഴ്ച വൈകീട്ട് നാലുമണിയോടു കൂടി ഞങ്ങൾ നാലുപേരടങ്ങുന്ന സംഘം കാറിൽ ഉടുപ്പി ലക്ഷ്യമാക്കി യാത്ര തിരിച്ചു. ഗൂഗിളിലെ ചേച്ചി കാണിച്ചു തന്ന വഴി അനുസരിച്ച് കോഴിക്കോട് കണ്ണൂർ മംഗലാപുരം കടന്ന് ഉടുപ്പിയിലെ ഏതോ വീട്ടുപടിക്കൽ ഞങ്ങൾ ചെന്നെത്തി. പിന്നീട് വീണ്ടും ഉടുപ്പി ക്ഷേത്രം സെർച്ച് ചെയ്തു. ശരിയായ ഉടുപ്പി കൃഷ്ണൻ അമ്പലത്തിന്റെ പാർക്കിങ്ങിൽ പുലർച്ചെ രണ്ടു മണിയോടുകൂടി ചെന്നെത്തി.

ആ സമയത്ത് ശനിയാഴ്ചയായതിനാലും റൂം ഒന്നുംതന്നെ കിട്ടിയില്ല. അതുകൊണ്ട് വണ്ടിയിൽ തന്നെ ഒരു പൂച്ച ഉറക്കം പാസാക്കി. രാവിലെ 7 മണിയോടുകൂടി ഉണർന്നു ദേവസ്വം കംഫർട്ട് സ്റ്റേഷനിൽ തന്നെ കുളിച്ച് ഫ്രഷ് ആയി. ഉള്ളത് പറയാമല്ലോ വളരെ വൃത്തിയും വെടിപ്പുമുള്ള ബാത്ത്റൂമുകൾ ആയിരുന്നു അവിടെ. കൂടാതെ സൗജന്യവുമായിരുന്നു. അമ്പലത്തിൽ പോയി ക്ഷേത്രദർശനം നടത്തി, ചെറിയ പർച്ചേസ് നടത്തി. പ്രത്യേകിച്ച് പറയേണ്ടത് അവിടെനിന്നും വാങ്ങിച്ച ചന്ദനത്തിരി. വളരെ മണം ഉള്ളതായിരുന്നു. കൂടുതൽ പാക്കറ്റ് വാങ്ങാതിരുന്നതിൽ ഖേദിക്കുന്നു.


രാവിലെതന്നെ ഉടുപ്പി ഹോട്ടലിൽ കയറി പുലാവ് ,ദോശയും കഴിച്ചു സാമാന്യം തിരക്കുള്ള ഹോട്ടൽ ആയിരുന്നു കൂടാതെ ഭക്ഷണവും തരക്കേടില്ലായിരുന്നു.
അതിനുശേഷം ഉടുപ്പി malpe ബീച്ചിലേക്ക് യാത്രതിരിച്ചു. ഏകദേശം 20 മിനിറ്റ് കൊണ്ട് ബീച്ചിൽ എത്തിച്ചേരാൻ സാധിച്ചു. ബീച്ചിലേക്കുള്ള വഴിയിൽ അധികം വീടുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. വിശാലമായ പാർക്കിംഗ് സൗകര്യം ആണ്. അവിടെ ഒരു പയ്യൻ പറഞ്ഞു എത്രയും പെട്ടെന്ന് ബോട്ടിന്റെ അരികിലേക്ക് ചെല്ലുക. ഒരു ബോട്ട് ഐലൻഡിലേക്ക് പോകാൻ ശരിയായി കാത്തുനിൽക്കുന്നു എന്ന്.

ഐലൻഡിലേക്ക് ഉള്ള യാത്ര ഫീസ് 300 രൂപയാണ് ഒരാൾക്ക് ഈടാക്കുന്നത്. മാല്പേ ബീച്ച് നമുക്കായി ധാരാളം റൈഡിങ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് തികച്ചും അഭിനന്ദനാർഹമാണ് ടൂറിസ്റ്റുകളെ എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താമെന്ന് എന്നുള്ളതിനെ കുറിച്ച് കേരളത്തിലെ നമ്മൾ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു തീർത്തും ശുചിത്വമുള്ള ബീച്ച് ആണ് മാല്പേ ബീച്ച്. സാധാരണ നമ്മുടെ കടപ്പുറത്തെ മണ്ണിൽനിന്നും വളരെ വ്യത്യാസമുള്ള ചെറുതിരികൾ അടങ്ങിയ വെള്ള നിറത്തിലുള്ള മണ്ണാണ് malpe ബീച്ചിൽ കാണാൻ സാധിച്ചത്.

അധികം വൈകാതെ തന്നെ ബോട്ട് ഐലൻഡിലെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. തീർത്തും സുരക്ഷിതമായ എല്ലാകാര്യങ്ങളും ഉൾപ്പെടുത്തികൊണ്ട് തന്നെയായിരുന്നു യാത്ര ധാരാളം ഫാമിലികളും യുവാക്കളും ഒപ്പം തന്നെയുണ്ടായിരുന്നു. ഐലൻഡിൽ ചെന്നിറങ്ങുമ്പോൾ ബോട്ടുകാർ പറഞ്ഞത് ഒന്നര മണിക്കൂറാണ് കഴിഞ്ഞാൽ ബോട്ട് തിരിച്ചുപോകും പോയാലും കുഴപ്പമില്ല തുടർച്ചയായ സർവീസ് ആയതിനാൽ അടുത്ത തവണ വരുന്ന ബോട്ടിൽ നമുക്ക് തിരിച്ചു പോകാൻ സാധിക്കും.

പ്രതീക്ഷിച്ചതിനേക്കാൾ അപ്പുറം വളരെ മനോഹരമായിരുന്നു. പാറക്കെട്ടുകളിൽ കെട്ടിനിന്ന വെള്ളത്തിൽ കടലിലെ മനോഹര മത്സ്യങ്ങൾ ഓടിക്കളിക്കുന്നത് കാണാൻ തികച്ചും കൗതുകകരമായ കാഴ്ചയായിരുന്നു. വളരെ തെളിഞ്ഞ തിരമാലകൾ വളരെ മനോഹരമായിരുന്നു ശക്തമായ തിരമാലകൾ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ നമുക്ക് സധൈര്യം കടൽത്തീരത്ത് കുളിക്കാൻ സാധിക്കുന്നു.
മതിയാവോളം ഐലൻഡിൽ സമയം ചിലവഴിച്ചതിനുശേഷം ഞങ്ങൾ തിരിച്ചുപോന്നു. മല്പേ ബീച്ചിലെത്തി പത്തുരൂപ കൊടുത്ത് ശുദ്ധജലത്തിൽ കുളിച്ച് ഫ്രഷായി.

ധാരാളം തുണിത്തരങ്ങളുടെ കൂടാതെ ടാറ്റൂ ഷോപ്പുകളും വലിയ മീനുകൾ വറുത്തു തരുന്ന ഷോപ്പുകളും ചെറു ഹോട്ടലുകളും ഒരു ബാറും malpe beach ഉണ്ട്. രണ്ടു മണിയോടുകൂടി ഞങ്ങൾ യാത്ര തിരിച്ചു. വാഹനത്തിൽ കരുതിയിരുന്ന പഴവും ബിസ്ക്കറ്റും കഴിച്ച് ഞങ്ങൾ കേരളത്തിലേക്ക് യാത്രതിരിച്ചു. കാസർകോട് അതിർത്തിയിൽ നിന്നാണ് ഭക്ഷണം കഴിച്ചത്. ഉള്ളത് പറയാമല്ലോ സൂപ്പർ ഭക്ഷണമായിരുന്നു. യാത്രയിൽ ഏറ്റവും നല്ല ഭക്ഷണം കഴിക്കാൻ ലഭിച്ചത് കാസർഗോഡ് നിന്നായിരുന്നു. ഭക്ഷണത്തിന് വിലയും കുറവായിരുന്നു.

അധികം വൈകാതെ തന്നെ ബേക്കലിൽ എത്തിയതിനാൽ ബേക്കൽ കോട്ട കാണാനും സാധിച്ചു. ആറു മണിയോടുകൂടി ബേക്കൽ കോട്ട ക്ലോസ് ചെയ്യുന്നതിനാൽ പെട്ടെന്ന് കണ്ട് ഇറങ്ങേണ്ടിവന്നു. പിന്നീട് പത്തരയോടെ കൂടി കോഴിക്കോട് ഞങ്ങളെത്തി. അവിടെ കുറച്ചുസമയം ചിലവഴിച്ചതിനുശേഷം രണ്ടു മണിയോടുകൂടി വീട്ടിൽ തിരിച്ചെത്തി.

നാലു പേരടങ്ങുന്ന സംഘത്തിന് ഒരാൾക്ക് രണ്ടായിരം രൂപയോളം യാത്രയ്ക്കും ഭക്ഷണത്തിനുമായി ചെലവ് വന്നു. ഭക്ഷണകാര്യത്തിൽ എവിടെയും പിന്നിട്ട നിൽക്കാത്തതിനാൽ ഭക്ഷണത്തിന് നല്ല സംഖ്യ തന്നെ വേണ്ടിവന്നു. എന്നെക്കൊണ്ട് കഴിയാവുന്നത്ര രീതിയിൽ ഐലൻഡ് വീഡിയോ ഇതിൽ ചേർത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.