വിവരണം – ശിവകുമാർ.

തിരുവനന്തപുരം നഗരത്തിൽ നിന്ന് 66 കിലോമീറ്റർ അകലെയായി തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു എർത്ത് (ഗ്രാവിറ്റി) ഡാമാണ് മാമ്പഴതുറയാർ. തമിഴ്നാട് അവസാനമായി നിർമ്മിച്ചതാണ് എന്ന ഒരു പ്രത്യേക ഈ ഡാമിനുണ്ട്. 2011-ലാണ് നിർമ്മാണം പൂർത്തിയാക്കിയത്.

നാഗർകോവിൽ റൂട്ടിൽ യാത്ര ചെയ്യുന്നവർ റോഡിനു കുറുകെ കടന്നു പോകുന്ന വില്ലുക്കുറിയിലെ അക്വാഡക്റ്റ് കണ്ടിട്ടുണ്ടാവും. അതിനു തൊട്ടുമുന്നെ ഇടത്തേയ്ക്ക് തിരിയണം. ഇനി മൂന്നര കിലോമീറ്ററുണ്ട്. മൊത്തം പൊട്ടിപ്പൊളിഞ്ഞ ചെറിയ റോഡാണ്.

ഒരുപാട് കരിങ്കൽ ക്വാറികൾ ഇവിടെ പ്രവർത്തിക്കുന്നു. മലകൾ ഇടിച്ചു മാറ്റിയതിന്റെ ബാക്കി കൽത്തൂണുകളായി പലയിടത്തും കാണാം. വസ്തുവിന്റെ അതിരുകല്ലാണത്. തുടർച്ചയായി പാറ പൊട്ടിക്കുന്നതുകാരണം ഡാമിന് ചോർച്ചയുണ്ട്. അതുപോലെ പാറപൊട്ടിക്കുന്ന ശബ്ദം കാരണം വന്യമൃഗങ്ങളും ഏറെക്കുറെ ഇവിടം ഉപേക്ഷിച്ചുപോയതായി പറയപ്പെടുന്നു.

റോഡിന്റെ വലതുവശത്തായി ഡാമിലെ വെള്ളം ഒഴുകിപ്പോകുന്ന കനാൽ. ഇടതുവശത്ത് കൃഷിസ്ഥലങ്ങളാണ്. വാഴകളും നെല്ലും കൃഷി ചെയ്തിരിക്കുന്നു. ഇപ്പോൾ കുറെ ദൂരം പുതിയതായി ടാർ ചെയ്തിരിക്കുന്നു. എന്നാലും വശങ്ങളിൽ പുതിയതായി നിരത്തിയ മണ്ണാണ്. അതിനാൽ എതിരെ വാഹനം വന്നാൽ കഷ്ടമാവും.

മുന്നിലായി മലകൾ ഉയർന്നു നിൽക്കുന്നു. ഈ മലനിരകൾക്കുമുണ്ട് ഒരു പ്രത്യേകത. പശ്ചിമഘട്ടത്തിലെ 39 സൈറ്റുകളെ യുണെസ്കോ വേൾഡ് ഹെരിറ്റേജ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പശ്ചിമഘട്ടത്തിന്റെ വാലറ്റമായ ഈ മലകളും അതിൽപ്പെടുന്നു.

യാത്ര ചെയ്തു കൊണ്ടിരിക്കുന്ന റോഡിൽ നിന്ന് വലത്തേയ്ക്ക് തിരിഞ്ഞ് കയറുമ്പോൾ പ്രവേശനകവാടം കാണാം. വാഹനം പാർക്ക് ചെയ്യാൻ അവശ്യം സ്ഥലമുണ്ട്. ടിക്കറ്റൊന്നുമില്ല. എന്നാലും ചിലസമയങ്ങളിൽ പ്രവേശനം അനുവദിക്കില്ല. വെറുതെ കുറെ സമയം നോക്കി നിന്നാൽ മതി, മേഘങ്ങളിറങ്ങിവന്ന് മലകളെ തൊടുന്നത് കാണാം, അതും തൊട്ടു മുന്നിൽ, കയ്യെത്തും ദൂരത്ത്. മലനിരകൾ ആകാശത്തോളം ഉയരുകയാണോ അതോ ആകാശം മലനിരകളിലേയ്ക്കിറങ്ങി വരികയാണോ എന്ന് തോന്നിക്കുംവിധം മേഘങ്ങൾ വന്നുമൂടുന്ന മലനിരകൾ.

വെയിലും നിഴലും ഇടകലർന്ന് കിടക്കുന്ന മലനിരകൾ ഒരു പ്രത്യേക അനുഭവമാണ്. ഏതുസമയത്തും മഴ പ്രതീക്ഷിക്കാം. കൊടുംവെയിലിൽ നടന്നുകയറി വന്ന് മഴയിൽ നനഞ്ഞ് തിരികെപ്പോകാം. കൂടുതലൊന്നും പറയുന്നില്ല. പറഞ്ഞാലോ ക്യാമറയിൽ പകർത്തിയാലോ ഒന്നുമാകില്ല. അപ്പോൾ അടുത്ത പ്രാവശ്യം കന്യാകുമാരിയിലോ വേളിമലയിലെ കുമാരകോവിലിലോ വരുന്നവർ ഈ സ്ഥലം കൂടി വിസിറ്റ് ചെയ്യാൻ ശ്രമിക്കുക.

റൂട്ട്: തിരുവനന്തപുരം – തക്കല – വില്ലുക്കുറി – മാമ്പഴതുറയാർ. ലൊക്കേഷന് ഈ ലിങ്ക് ഉപയോഗിക്കുക : https://maps.app.goo.gl/ZPX2pQySiqn9EG958. NB: കടകളൊന്നുമില്ല. നിലവിൽ നല്ല വൃത്തിയുള്ള സ്ഥലമാണ്. ഇനിയും അങ്ങനെ തുടരാൻ അനുവദിക്കുക. എല്ലാവർക്കും നല്ലൊരു യാത്ര ആശംസിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.