ട്രാഫിക് സിനിമയിലേതുപോലെ ഒരു ആംബുലൻസ് റണ്ണിന് കേരളം ഒരിക്കൽക്കൂടി സാക്ഷിയാകുകയാണ്. 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്‌ത്രക്രിയക്കായ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കാണ് കൊണ്ടു വരുന്നത്. ഇന്ന് രാവിലെ 10 ന് മംഗലാപുരത്ത് നിന്ന് ആംബുലന്‍സ് പുറപ്പെട്ടിട്ടുണ്ട്. കാസർഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീചിത്രയിലേക്ക് കൊണ്ടുവരുന്നത്.

KL-60 – J 7739 എന്ന നമ്പർ ആംബുലൻസിലാണ് കൊണ്ടുവരുന്നത്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഏതാണ്ട് 620 കിലോമീറ്റര്‍ ദൂരമുണ്ട്. ഇത്രയും ദൂരം സഞ്ചരിക്കാന്‍ ഏതാണ്ട് 15 മണിക്കൂറിന് മേലെ സമയമെടുക്കും. എന്നാല്‍ പത്ത് മുതല്‍ പന്ത്രണ്ട് വരെ മണിക്കൂർ കൊണ്ട് കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിക്കാമെന്ന് കരുതുന്നതായി ചൈല്‍ഡ് പ്രോട്ടക്റ്റ് ടീം പറഞ്ഞു. ആംബുലന്‍സിന് വഴിയൊരുക്കാനായി ടീം അംഗങ്ങള്‍ റോഡുകളില്‍ ജാഗരൂഗരായി നിലകൊള്ളും. ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും ടീം അംഗങ്ങള്‍ അറിയിച്ചു.

ആംബുലന്‍സ് വരുമ്പോള്‍ റോഡില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ : ദൂരെ നിന്നും ആംബുലന്‍സ് സൈറണ്‍ കേള്‍ക്കുമ്പോള്‍ത്തന്നെ ജാഗരൂഗരായിരിക്കുക. അടുത്തു വരുമ്പോള്‍ നോക്കാം എന്ന മനോഭാവം കാണിക്കരുത്. ആംബുലന്‍സ് നിങ്ങളുടെ വാഹനത്തെ പിന്നില്‍ നിന്നും സമീപിച്ചാല്‍ വണ്ടി ഒതുക്കുന്നതിനു മുന്‍പ് മറക്കാതെ റിയര്‍ വ്യൂ മിററില്‍ (പിന്‍വശം കാണാനുള്ള കണ്ണാടി ) നോക്കി ഏത് സൈഡിലൂടെയാണ് ആംബുലന്‍സ് വരുന്നത് എന്ന് ശ്രദ്ധിക്കുക. ഏത് സൈഡിലൂടെയാണോ ആംബുലന്‍സ് വരുന്നത് അതിന്റെ എതിര്‍വശത്തേക്ക് വാഹനം ഒതുക്കി ആംബുലന്‍സിനു പോകാന്‍ വഴിയൊരുക്കുക. യാതൊരു കാരണവശാലും വേഗത കൂട്ടാന്‍ ശ്രമിക്കുകയോ, അങ്ങോട്ടും ഇങ്ങോട്ടും വെട്ടിക്കുകയോ ചെയ്യരുത്.

സൈറണ്‍ ഇട്ടു വരുന്ന ആംബുലന്‍സിന് ഒരു പൈലറ്റ് വാഹനം ആവശ്യമില്ല. ഇത്തരത്തില്‍ ആംബുലന്‍സിന് മുന്നില്‍ അതിവേഗം വാഹനമോടിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും. ട്രാഫിക് സിഗ്‌നലുകളില്‍ വലതുവശം ഒഴിവാക്കി ഒരു വാഹനത്തിന് കടന്നുപോകാവുന്ന രീതിയില്‍ നിര്‍ത്തുക. നിങ്ങള്‍ ട്രാഫിക് സിഗ്‌നലില്‍ കിടക്കുമ്പോള്‍ പിന്നില്‍ ആംബുലന്‍സ് ബ്ലോക്കില്‍ പെട്ടാല്‍ ഇരുവശത്തേക്കും നോക്കി സുരക്ഷിതമാണെങ്കില്‍ നിങ്ങള്‍ക്ക് മുന്നോട്ട് പോയി ആംബുലന്‍സിനു വഴിയൊരുക്കാം. നിങ്ങള്‍ ട്രാഫിക്കില്‍ കിടക്കുമ്പോള്‍ മറ്റു റോഡില്‍ നിന്നും ആംബുലന്‍സ് വരുന്നുണ്ടെങ്കില്‍ ഒന്ന് ശ്രദ്ധിക്കുക. ആംബുലന്‍സിനു വഴി ഒരുക്കാന്‍ മറ്റു വാഹനങ്ങള്‍ ഒരുപക്ഷെ സിഗ്‌നല്‍ ലംഘിച്ചേക്കാം.

യാതൊരു കാരണവശാലും ഓടുന്ന ആംബുലന്‍സിനു തൊട്ടുപിന്നാലെ വണ്ടിയുമായി പായരുത്. ആംബുലന്‍സ് ബ്രേക്കിട്ടാല്‍ വലിയ അപകടത്തിന് സാധ്യതയേറെയാണ്. രാത്രിയില്‍ നിങ്ങള്‍ക്കെതിരെ ഒരു ആംബുലന്‍സ് വന്നാല്‍ തീര്‍ച്ചയായും ഹെഡ്ലൈറ്റ് ഡിം ചെയ്തു കൊടുക്കുക.ആംബുലന്‍സ് ഡ്രൈവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവരുത്. വാഹനം ഇടതുവശത്തേക്കോ വലതുവശത്തേക്കോ തിരിക്കുമ്പോള്‍ മുന്നില്‍ നിന്നോ, പിന്നില്‍ നിന്നോ വശങ്ങളില്‍ നിന്നോ മറ്റു വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തുക. രോഗിയെ എടുക്കാന്‍ പോകുന്ന ആംബുലന്‍സുകളും വേഗതയിലാകാം വരുന്നത്.

കടപ്പാട് – ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.